Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202305Tuesday

ചില ഗാനങ്ങൾ ചവറാണെന്ന് രഞ്ജിത് പറഞ്ഞതായും മറ്റ് ചിലത് കേട്ടുനോക്കാൻ സമ്മർദം ചെലുത്തിയതായും ജൂറി അംഗം ജെൻസി; ഇത്തവണത്തെ അവാർഡിൽ സർവ്വത്ര ഇടപെടൽ; 'വിശ്വവിഖ്യാത സംവിധായകർ' പറയുന്നതു വിശ്വസിക്കരുതെന്ന് സർക്കാരിനോട് വിനയൻ; ഇനിയും തെളിവ് പുറത്തു വന്നേക്കും; ചലച്ചിത്ര അക്കാഡമിയിൽ നിന്നും രഞ്ജിത്ത് രാജിവയ്ക്കും?

ചില ഗാനങ്ങൾ ചവറാണെന്ന് രഞ്ജിത് പറഞ്ഞതായും മറ്റ് ചിലത് കേട്ടുനോക്കാൻ സമ്മർദം ചെലുത്തിയതായും ജൂറി അംഗം ജെൻസി; ഇത്തവണത്തെ അവാർഡിൽ സർവ്വത്ര ഇടപെടൽ; 'വിശ്വവിഖ്യാത സംവിധായകർ' പറയുന്നതു വിശ്വസിക്കരുതെന്ന് സർക്കാരിനോട് വിനയൻ; ഇനിയും തെളിവ് പുറത്തു വന്നേക്കും; ചലച്ചിത്ര അക്കാഡമിയിൽ നിന്നും രഞ്ജിത്ത് രാജിവയ്ക്കും?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ വിവാദം പുതിയ തലത്തിലേക്ക്. ചലച്ചിത്ര അവാർഡ് നിർണയ വിവാദത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് പിന്തുണയുമായി മന്ത്രി സജി ചെറിയാൻ എത്തിയിരുന്നു. അതിന് ശേഷവും കൂടുതൽ വെളിപ്പെടുത്തൽ ഉണ്ടായി. അതിനിടെ ചലച്ചിത്ര അവാർഡ് നിർണയ വേളയിൽ ജൂറി അംഗങ്ങളോടു ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ആശയവിനിമയം നടത്തിയിരുന്നതായി ജൂറി അംഗവും ഗായികയുമായ ജെൻസി വെളിപ്പെടുത്തി. നേരത്തെ ജുറി അംഗമായിരുന്ന നേമം പുഷ്പരാജിന്റെ ശബ്ദരേഖയും പുറത്തു വന്നിരുന്നു. ഇതെല്ലാം രഞ്ജിത്തിന് കുടുക്കാണ്. രഞ്ജിത്തിന്റെ രാജി ആവശ്യത്തിന് സമ്മർദ്ദം കൂടുകയാണ്.

സംവിധായകൻ വിനയന്റെ സിനിമയെ അവഗണിക്കാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ഇടപെട്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് വിവാദം തുടങ്ങിയത്. രഞ്ജിത്തിനു ക്ലീൻ ചിറ്റ് നൽകും മുൻപ് മന്ത്രി സജി ചെറിയാൻ കാര്യങ്ങൾ അന്വേഷിക്കണമെന്നു വിനയൻ പറഞ്ഞു. 'വിശ്വവിഖ്യാത സംവിധായകർ' പറയുന്നതു വിശ്വസിക്കാതെ മന്ത്രി നിയമവും ചട്ടവും നോക്കണമെന്നും അഭിപ്രായപ്പെട്ടു. താൻ സംവിധാനം ചെയ്ത 'പത്തൊൻപതാം നൂറ്റാണ്ടി'നെ ബോധപൂർവം തഴയാൻ രഞ്ജിത് ജൂറി അംഗങ്ങൾക്കിടയിൽ ആശയവിനിമയം നടത്തിയെന്ന ആരോപണത്തെ സാധൂകരിക്കാൻ ജൂറി അംഗം നേമം പുഷ്പരാജിന്റെ ഫോൺ സംഭാഷണം വിനയൻ പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിൽ രഞ്ജിത്ത് രാജിവയ്ക്കുമെന്നും സൂചനയുണ്ട്. എന്നാൽ സിപിഎം അനുമതിയോടെ മാത്രമേ രാജിയുണ്ടാകൂ. വിനയൻ സമ്മർദ്ദം തുടരുന്നത് സർക്കാരിനും തലവേദനയാണ്.

വിവാദത്തിനിടെ, ജൂറിയംഗമായ ഗായിക ജെൻസി ഓൺലൈൻ മാധ്യമത്തോട് സംസാരിക്കുന്ന ഓഡിയോകൂടി ചൊവ്വാഴ്ച രാത്രി വിനയൻ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചു. ചില ഗാനങ്ങൾ ചവറാണെന്ന് രഞ്ജിത് പറഞ്ഞതായും മറ്റ് ചിലത് കേട്ടുനോക്കാൻ സമ്മർദം ചെലുത്തിയതായും ജെൻസി പറയുന്നത് ഓഡിയോയിലുണ്ട്. അതിനിടെ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സാംസ്‌കാരികമന്ത്രിക്കും വിനയൻ പരാതിയും നൽകി. നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി. ഇതെല്ലാം കണക്കിലെടുത്ത് രഞ്ജിത്ത് രാജിവയ്ക്കുമെന്നാണ് പൊതു വിലയിരുത്തൽ.

''അവാർഡ് നിർണയത്തിനായി സിനിമ കാണിക്കുമ്പോഴും ചർച്ച നടക്കുമ്പോഴും മന്ത്രി ഒപ്പമില്ലല്ലോ. പിന്നെയെങ്ങനെയാണ് ചെയർമാൻ ഇടപെട്ടിട്ടില്ലെന്നു മന്ത്രി പറയുന്നത്. രഞ്ജിത്തിന്റെ ഇടപെടൽ തുടക്കദിവസങ്ങളിൽത്തന്നെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മനു സി.പുളിക്കലിനോട് നേമം പുഷ്പരാജ് ചൂണ്ടിക്കാട്ടിയിരുന്നു. മനു അതു നിയന്ത്രിക്കാനും ശ്രമിച്ചു. ജൂറി അംഗം ജെൻസിയും ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും മന്ത്രിയറിഞ്ഞില്ലെന്നു പറഞ്ഞാൽ കഷ്ടമാണ്. അവാർഡ് നിർണയത്തിനെതിരെ കോടതിയിൽ പോകില്ല. അതു കലാകാരന്മാർക്കു കിട്ടിയ അംഗീകാരമാണ്. എന്നാൽ, രഞ്ജിത്തിന്റെ ഇടപെടലിനെതിരെ കോടതിയെ സമീപിക്കും'' വിനയൻ പറഞ്ഞു.

ചലച്ചിത്ര അവാർഡ് നിർണയ വേളയിൽ ജൂറി അംഗങ്ങളോടു ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ആശയവിനിമയം നടത്തിയിരുന്നതായി ജൂറി അംഗവും ഗായികയുമായ ജെൻസി വെളിപ്പെടുത്തിയത് രഞ്ജിത്തിന് കൂടുതൽ തിരിച്ചടിയായി. താൻ പറഞ്ഞ ചില പാട്ടുകൾ കേൾക്കണമെന്നും ചില പ്രമുഖരെഴുതിയതു ചവറാണെന്നും രഞ്ജിത് പറഞ്ഞിരുന്നു. ചെയർമാനെന്ന നിലയിൽ അത്തരമൊരു ഇടപെടൽ രഞ്ജിത്തിൽനിന്നു പ്രതീക്ഷിച്ചതല്ല -ജെൻസി പറഞ്ഞു. റഫീഖ് അഹമ്മദിന് അവാർഡ് കൊടുക്കണമെന്നാണ് എല്ലാ പാട്ടുകളും കേട്ടശേഷം താൻ നിശ്ചയിച്ചിരുന്നതെന്നും ജെൻസി പറഞ്ഞു.

'ആരോപണങ്ങളെപ്പറ്റി ജൂറി അംഗം നേമം പുഷ്പരാജുമായി ചർച്ച നടത്തും. ചെയർമാനെന്ന നിലയിൽ എന്നെ ആരും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ല. ഇടപെടലുണ്ടായെന്ന് എനിക്കു പരാതിയും കിട്ടിയിട്ടില്ല. കിട്ടിയാൽ പരിശോധിക്കും.'-ഇതാണ് ജൂറി ചെയർമാൻ ഗൗതം ഘോഷിന്റെ പ്രതികരണം. സംഭവത്തിൽ സിപിഐയും രോഷത്തിലാണ്. സിപിഐ നേതാവ് കൂടിയാണ് വിനയൻ. എഐവൈഎഫ് പരസ്യമായി തന്നെ വിനയനെ പിന്തുണയ്ക്കുന്നു. 'രഞ്ജിത്തിന്റേത് മാടമ്പി ശൈലിയാണ്. 'ചവറ്' എന്നൊക്കെ ഒരു സിനിമയെപ്പറ്റി പറയുന്നത് ചലച്ചിത്ര അക്കാദമി ചെയർമാനു യോജിച്ച ഭാഷയോ പ്രയോഗമോ അല്ല. ആരോപണത്തെപ്പറ്റി സർക്കാർ അന്വേഷിക്കണം. ജൂറി അംഗങ്ങളുടെ ശബ്ദരേഖ പരിശോധിക്കണം. സംവിധായകൻ വിനയൻ അവാർഡിനു പിറകെ പോകുന്ന ആളാണെന്നു കരുതുന്നില്ല.' -എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP