Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു വാഹനം സ്വന്തമായി വാങ്ങണം എന്ന് സ്വപ്നം പോലും കാണാത്ത ഒരാളായിരുന്നു ഞാൻ; ആലത്തൂരിലെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമേ ഇത് ഉപയോഗിക്കൂ എന്നും പെങ്ങളൂട്ടി; ഇതുവരെ കിട്ടിയ ശമ്പളത്തിൽ നിന്ന് മിച്ചം പിടിച്ച ഒരു ലക്ഷം ആദ്യ ഗഡുവായി നൽകി; പ്രതിമാസം അടയ്ക്കേണ്ടത് 43,000 രൂപ; ഇന്നോവ ക്രിസ്റ്റയുടെ പരിസ്ഥിതി സൗഹാർദ മോഡൽ ലോണെടുത്ത് സ്വന്തമാക്കി രമ്യാ ഹരിദാസ്; ആലത്തൂരിലെ ജനപ്രതിനിധി വിവാദങ്ങൾ ഒഴിവാക്കി 'കാർ' ഉടമയാകുമ്പോൾ

ഒരു വാഹനം സ്വന്തമായി വാങ്ങണം എന്ന് സ്വപ്നം പോലും കാണാത്ത ഒരാളായിരുന്നു ഞാൻ; ആലത്തൂരിലെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമേ ഇത് ഉപയോഗിക്കൂ എന്നും പെങ്ങളൂട്ടി; ഇതുവരെ കിട്ടിയ ശമ്പളത്തിൽ നിന്ന് മിച്ചം പിടിച്ച ഒരു ലക്ഷം ആദ്യ ഗഡുവായി നൽകി; പ്രതിമാസം അടയ്ക്കേണ്ടത് 43,000 രൂപ; ഇന്നോവ ക്രിസ്റ്റയുടെ പരിസ്ഥിതി സൗഹാർദ മോഡൽ ലോണെടുത്ത് സ്വന്തമാക്കി രമ്യാ ഹരിദാസ്; ആലത്തൂരിലെ ജനപ്രതിനിധി വിവാദങ്ങൾ ഒഴിവാക്കി 'കാർ' ഉടമയാകുമ്പോൾ

ആർ പീയൂഷ്

ആലത്തൂർ: പിരിവെടുത്ത് എംപി രമ്യാ ഹരിദാസിന് കാറുവാങ്ങി നൽകാൻ സഹപ്രവർത്തകർ തുനിഞ്ഞപ്പോൾ വലിയ വിവാദമായിരുന്നു. വിവാദം കത്തിപടർന്നതോടെ കാർ തനിക്ക് വേണ്ട എന്ന് രമ്യ സ്നേഹത്തോടെ അറിയിച്ചു. മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്കായി എംപി കെപിസിസി മെമ്പർ പാളയം പ്രദീപിന്റെ കാർ എടുത്തായിരുന്നു ഓടി നടന്നിരുന്നത്. എന്നാൽ കൂടുതൽ കാര്യങ്ങൾക്കായി ഉപയോഗിക്കാൻ സ്വന്തമായി ഒരുവാഹനം വാങ്ങണം എന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ കഴിഞ്ഞ ദിവസം രമ്യ ഒരു കാർ വാങ്ങി, ഇന്നോവ ക്രിസ്റ്റ. പരിസ്ഥിതി സൗഹാർദ്ധ മോഡലായ ബി എസ് 6 ആണ് വാഹനം. ഈ മോഡലിലെ കേരളത്തിൽ ആദ്യ വാഹനം സ്വന്തമാക്കിയതും രമ്യ ഹരിദാസ് ആണ്.

23 ലക്ഷം രൂപ വിലയുള്ള കാർ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ലോൺ മുഖേനയാണ് വാങ്ങിയത്. ഇത് വരെ കിട്ടിയ ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ച ഒരു ലക്ഷം രൂപ ആദ്യ ഗഡു നൽകിയാണ് കഴിഞ്ഞദിവസം വാഹനം സ്വന്തമാക്കിയത്. എംഎ‍ൽഎ മാർക്ക് പലിശ രഹിത ലോൺ ബാങ്കുകൾ നാൽകാറുണ്ട്. എന്നാൽ എംപിമാർക്ക് അത്തരത്തിൽ ലോൺ ലഭിക്കില്ല എന്നാണ് അറിയാൻ കഴിഞ്ഞത് എന്ന് രമ്യ പറഞ്ഞു. ആലത്തൂരിലെ എച്ച്.ഡി.എഫ്.സി ബാങ്ക് മാനേജർ വളരെ പെട്ടെന്ന് തന്നെയാണ് ലോൺ ശരിയാക്കിയത്. ഒറ്റ ദിവസം കൊണ്ട് ലോൺ അനുവദിക്കുകയും അന്ന് തന്നെ കാർ വാങ്ങുകയും ചെയ്തു. പുതിയ മോഡൽ കാർ കേരളത്തിൽ 16 നായിരുന്നു ഇറങ്ങിയത്.

'ഒരു വാഹനം സ്വന്തമായി വാങ്ങണം എന്ന് സ്വപ്നം പോലും കാണാത്ത ഒരാളായിരുന്നു ഞാൻ. ആലത്തൂരെത്തിയപ്പോൾ അത് നടന്നു. ആലത്തൂരിലെ ജനങ്ങൾക്കൊപ്പം എന്ത് കാര്യത്തിനും എത്താൻ വേണ്ടിയാണ് വാഹനം വാങ്ങാൻ തീരുമാനിച്ചത്. ആലത്തൂരിലെ ആവിശ്യങ്ങൾക്ക് വേണ്ടി മാത്രമേ ഇത് ഉപയോഗിക്കുകയുമുള്ളൂ. ഞാൻ എന്നാണ് ആലത്തൂരിൽ നിന്നും പോകുന്നത് അന്ന് ഈ വാഹനവും ആലത്തൂരിൽ തന്നെയുണ്ടാവും. കാരണം ഈ വാഹനം ആലത്തൂരുകാരുടെ നികുതിപണം കൊണ്ട് വാങ്ങിയതാണ്' എന്നും രമ്യ ഹരിദാസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

മുൻ എംപി വി എസ് വിജയരാഘവന്റെ കൈയിൽ നിന്നാണ് രമ്യ താക്കോൾ ഏറ്റുവാങ്ങിയത്. ആദ്യയാത്ര മുൻ എംപി, പാളയം പ്രദീപ് ആലത്തൂരിൽ ഇപ്പോൾ താമസിക്കുന്ന വീട്ടിലെ കുടുംബാംഗങ്ങൾ എന്നിവർക്കൊപ്പമായിരുന്നു. ഇന്നലെ നിരവധി പ്രോഗ്രാമുകൾ ഉണ്ടായിരുന്നു. അവിടെയെല്ലാം പുത്തൻ കാറിലാണ് എംപി എത്തിയത്. കാർ കണ്ട് അടുത്തു കൂടിയവരോട് പറഞ്ഞത് ഇത് നിങ്ങളുടെ കാറാണ് എന്നാണ്.ആലത്തൂരിലെ എംപി രമ്യ ഹരിദാസിന് വാഹനം വാങ്ങി നൽകാനുള്ള യൂത്ത് കോൺഗ്രസിന്റെ നീക്കം നേരത്തെ ഏറെ വിവാദങ്ങൾക്കാണ് വഴിവച്ചത്. 2019 ജൂലൈയിലായിരുന്നു ഈ വിവാദങ്ങളെല്ലാം. മഹീന്ദ്രയുടെ മരാസോ എന്ന കാർ വാങ്ങി നൽകാൻ പിരിവ് നടത്താനുള്ള യൂത്ത് കോൺഗ്രസിന്റെ നീക്കമാണ് വൻവിവാദമായത്. എംപി എന്ന നിലയിൽ പ്രതിമാസം ശമ്പളവും അലവൻസുമടക്കം 1.90 ലക്ഷം രൂപ ലഭിക്കുമ്പോൾ കാർ വാങ്ങാൻ പണപ്പിരിവ് എന്തിനാണെന്ന ചോദ്യങ്ങളാണ് അന്ന് സോഷ്യൽ മീഡിയയിൽ ഉയർന്നത്.

1000 രൂപയുടെ കൂപ്പൺ ഉപയോഗിച്ച് 14 ലക്ഷം രൂപ പിരിക്കാനായിരുന്നു തീരുമാനം. എന്നാൽ 6.13 ലക്ഷം രൂപ പിരിച്ചപ്പോഴേയ്ക്കും പിരിവിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. കെപിസിസി അധ്യക്ഷൻ കൂടി ഇടഞ്ഞതോടെ പിരിച്ച പണം മടക്കി നൽകി യൂത്ത് കോൺഗ്രസുകാർ തടിയൂരി. ബുക്ക് ചെയ്‌തെന്ന് പറയപ്പെടുന്ന മഹീന്ദ്ര മരാസോയും രമ്യയുടെ വാഹന മോഹവുമൊക്കെ അതോടെ വാർത്തകളിൽ നിന്നും മറഞ്ഞു. ഇന്ത്യൻ എംപിവി വിപണിയിലെ രാജാവ് ഇന്നോവ ക്രിസ്റ്റയാണ് രമ്യ ഹരിദാസ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. 21 ലക്ഷത്തോളം വിലവരുന്ന വാഹനത്തിന് പ്രതിമാസം 43,000 രൂപ അടവുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ടയുടെ ക്വാളിസിനു പകരക്കാരനായാണ് 2005 ൽ ഇന്നോവ വിപണിയിലെത്തിയത്. 2004ൽ ഇന്തോനേഷ്യൻ വിപണിയിലാണ് ഇന്നോവയെ ആദ്യമായി അവതരിപ്പിക്കുന്നത്. തുടർന്ന് 12 വേരിയന്റുകളിലാണ് ആദ്യതലമുറ ഇന്നോവ ഇന്ത്യൻ വിപണിയിലെത്തിയത്. പുറത്തിറങ്ങിയ കാലം മുതൽ എംപിവി വിപണിയിലെ ഒന്നാം സ്ഥാനക്കാരനായിരുന്നു ഇന്നോവ. 2016ലെ ഡൽഹി ഓട്ടോ എക്‌സോപയിലാണ് രണ്ടാം തലമുറ ഇന്നോവയായ ക്രിസ്റ്റയെ ടൊയോട്ട അവതരിപ്പിക്കുന്നത്. ഈ കാറാണ് രമ്യയും സ്വന്തമാക്കുന്നത്. കാർ വാങ്ങിയത് ആരോടും പറഞ്ഞില്ലെന്ന് ഇനി പരാതിയും വിവാദവുമാക്കരുതെന്നാണ് എംപിയുടെ അഭ്യർത്ഥന. നേരത്തെ പിരിച്ച പണമൊക്കെ ഒരോരുത്തർക്കും തിരിച്ചുനൽകിയ ആലത്തൂരിലെ യൂത്തുകോൺഗ്രസുകാരും ആശ്വാസത്തിലാണ്.

ദിവസവേതനക്കാരിയായ അമ്മയുടെ മകളായ രമ്യ, എല്ലാ പ്രതിസന്ധികളേയും മറികടന്നായിരുന്നു ആലത്തൂരിൽ വിജയം നേടിയത്. സിപിഎം കോട്ടയാണ് ആലത്തൂർ. ദീപാ നിശാന്തിനെ പോലുള്ള ഇടത് സൈബർ സഖാക്കളുടെ എതിർപ്പുകളേയും അതിജീവിക്കുന്നതായിരുന്നു വിജയം. ഇടത് കൺവീനർ എ വിജയരാഘവന്റെ സ്ത്രീ വിരുദ്ധ പരാമർശത്തേയും രമ്യ നേരിട്ടു. അപ്പോഴൊന്നും ചെറു പുഞ്ചിരിയിൽ എല്ലാം ഒതുക്കി ജനങ്ങലിലേക്ക് അടുക്കുകയായിരുന്നു ദീപ. പാട്ടു പാടിയും പ്രസംഗിച്ചും അവർ ആലത്തൂരിന്റെ പെങ്ങളൂട്ടിയായി. അവിശ്വസനീയ വിജയവുമായി ലോക്സഭയിലേക്കും. കഷ്ടപാടുകളുടെ കുട്ടിക്കാലത്ത് നിന്ന് ഇന്ത്യൻ പാർലമെന്റിലേക്ക് ഈ കൊച്ചു മിടുക്കി ദേശീയ രാഷ്ട്രീയത്തിലും ചർച്ചയായി.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു രമ്യാ ഹരിദാസ്. 29ാമത്തെ വയസിലാണ് രമ്യ ഈ പദവിയിൽ എത്തുന്നത്. ആറ് വർഷം മുൻപ് ഡൽഹിയിൽ നടന്ന ടാലന്റ് ഹണ്ട് വഴിയാണ് രമ്യയുടെ നേതൃത്വ മികവ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തിരിച്ചറിയുന്നത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേയ്ക്കിറങ്ങിയ രമ്യ ആലത്തൂരിൽ പുതുചരിത്രമെഴുതി. കേരളത്തിലെ ആകെയുള്ള 2 സംവരണ മണ്ഡലങ്ങളിലൊന്നാണ് ആലത്തൂർ. 2009ലാണ് ആലത്തൂർ മണ്ഡലം രൂപീകരിക്കുന്നത്. സിപിഎമ്മിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ആലത്തൂർ. ഇവിടെയായിരുന്നു രമ്യയുടെ വിജയം. ജഹവർ ബാലജനവേദിയിലൂടെയാണ് രമ്യ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. പഠനകാലത്ത് കെഎസ്‌യുവിലൂടെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവയായി. പിന്നീട് യൂത്ത് കോൺഗ്രസിന്റെ കോഴിക്കോട് പാർലമെന്റ് സെക്രട്ടറിയായി.

കോഴിക്കോട് നെഹ്‌റു യുവ കേന്ദ്രയുടെ 2007ലെ പൊതുപ്രവർത്തക അവാർഡും കരസ്ഥമാക്കിയിട്ടുണ്ട് രമ്യ. ഏകതാ പരിഷത്ത് പ്രവർത്തക ഗാന്ധിയൻ സംഘടനയായ ഏകതാ പരിഷത്തിന്റെ മുഖ്യ പ്രവർത്തകയായി രമ്യ. സബർമതി ആശ്രമത്തിലെ ശിക്ഷണത്തെ തുടർന്നായിരുന്നു ഇത്. ആദിവാസി-ദളിത് സമരങ്ങളിൽ പങ്കെടുത്തു. കേരളത്തിൽ മാത്രമല്ല രാജ്യത്തിന്റെ പലഭാഗങ്ങളിൽ നടന്ന സമരങ്ങളിൽ അണിചേർന്നിട്ടുണ്ട് രമ്യ. 2012ൽ ജപ്പാനിൽ നടന്ന ലോക യുവജന സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്. കുന്ദമംഗലം കുറ്റിക്കാട്ടൂരിലെ കൂലിത്തൊഴിലാളിയായ പിപി ഹരിദാസിന്റെയും രാധയുടെയും മകളാണ് രമ്യ. പൊതുപ്രവർത്തനത്തിൽ മാത്രമല്ല കലാരംഗത്തും മികവ് തെളിയിച്ചയാളാണ് ബിഎ മ്യൂസിക് ബിരുദധാരിയായ രമ്യാ ഹരിദാസ്. ജില്ലാ-സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിലും നൃത്തവേദികളിലും രമ്യ മികവ് തെളിയിച്ചിട്ടുണ്ട്. ഇടയ്ക്ക് നൃത്താധ്യാപികയുടെ വേഷവും അണിഞ്ഞിട്ടുണ്ട് ഈ യുവ നേതാവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP