Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാംനാഥ് കോവിന്ദിലൂടെ വിജയം തുടരാൻ ബിജെപി; എൻ ഡി എ നേടിയത് പ്രതീക്ഷിച്ചതിലും വലിയ വിജയം; കണക്കുകൂട്ടൽ പിഴച്ച് പ്രതിപക്ഷം; വോട്ടുചോർച്ച കോൺഗ്രസ്സിന് കൂനിൽമേൽ കുരുവായി; നില ഭദ്രമാക്കി നരേന്ദ്ര മോദിയും അമിത്ഷായും; മഹാസഖ്യങ്ങൾ മാറിമറിഞ്ഞപ്പോൾ

രാംനാഥ് കോവിന്ദിലൂടെ വിജയം തുടരാൻ ബിജെപി; എൻ ഡി എ നേടിയത് പ്രതീക്ഷിച്ചതിലും വലിയ വിജയം; കണക്കുകൂട്ടൽ പിഴച്ച് പ്രതിപക്ഷം; വോട്ടുചോർച്ച കോൺഗ്രസ്സിന് കൂനിൽമേൽ കുരുവായി; നില ഭദ്രമാക്കി നരേന്ദ്ര മോദിയും അമിത്ഷായും; മഹാസഖ്യങ്ങൾ മാറിമറിഞ്ഞപ്പോൾ

ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് രാംനാഥ് കോവിന്ദ് തെരഞ്ഞെടുക്കപ്പെടുമ്പോൾ ഒരു ദളിത് സമുദായാംഗം രാഷ്ട്രപതിഭവനിലേക്കെത്തുന്നു എന്നതിനെക്കാളപ്പുറം ദേശീയ രാഷ്ട്രീയം എങ്ങനെ മാറുന്നുവെന്നും ബിജെപിയും കോൺഗ്രസ്സുമടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ ഭാവിയെ ഏതുരീതിയിൽ ബാധിക്കുന്നുവെന്നതിന്റെ സൂചന കൂടിയായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. കോവിന്ദിനു മുന്നണിക്കു പുറത്തു നിന്നും പിന്തുണ ലഭിച്ചിരുന്നു. വൻ ഭൂരിപക്ഷത്തിൽ രാഷ്ട്രതലവനായി കോവിന്ദ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാർത്ഥിയായ മീരാ കുമാറിന് വൻ തിരിച്ചടി നേരിട്ടു.

ഗുജറാത്തിലും, ഗോവയിലും കോൺഗ്രസിന് വോട്ടു ചോർച്ചയുണ്ടായി. ഗുജറാത്തിൽ 60 ൽ 49 പേരുടെയും ഗോവയിൽ 17 എംഎൽഎമാരിൽ 11 പേരുടെയും പിന്തുണയാണ് മീരാ കുമാറിന് ലഭിച്ചത്. മറ്റു പല സംസ്ഥാനങ്ങളിലും കോവിന്ദിന് അനുകൂലമായി ക്രോസ് വോട്ടിങ്ങ് നടന്നു. പഞ്ചാബിൽ നേരത്തെ തന്നെ ആം ആദ്മി കോൺഗ്രസിനെ പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഗോവയിൽ ബിജെപിക്കെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നുവെങ്കിലും കോവിന്ദിനനകൂലമായി വോട്ട് മറിഞ്ഞത് കോൺഗ്രസിനെ ഞെട്ടിച്ചു. ഗോവയിൽ ആറു പേരുടെ വോട്ടാണ് കോവിന്ദിനനുകൂലമായി മറിഞ്ഞത്. ഗുജറാത്തിൽ 11 പേരാണ് ക്രോസ് വോട്ടിങ്ങ് നടന്നത്. അതേസമയം 21 എംപി മാരുടെ വോട്ട് അസാധുവായതും ശ്രദ്ധേയമായി.

ആന്ധ്രപ്രദേശിൽ നിന്നുള്ള മുഴുവൻ വോട്ടും സ്വന്തമാക്കിയ രാംനാഥ് കോവിന്ദ് അരുണാചൽ പ്രദേശിൽ നിന്നുള്ള 94.9 ശതമാനം വോട്ടും, അസമിൽ നിന്നുള്ള 95.8 ശതമാനം വോട്ടും നേടി. ആന്ധ്രപ്രദേശിൽ നിന്നുള്ള മുഴുവൻ വോട്ടും സ്വന്തമാക്കിയ രാംനാഥ് കോവിന്ദ് അരുണാചൽ പ്രദേശിൽ നിന്നുള്ള 94.9 ശതമാനം വോട്ടും, അസമിൽ നിന്നുള്ള 95.8 ശതമാനം വോട്ടും നേടി. ബീഹാറിൽ ആർജെഡി കോൺഗ്രസ് പിന്തുണ ലഭിച്ച മീരാകുമാറിന് 45.7 ശതമാനം വോട്ട് നേടി

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലം

റാം നാഥ് കോവിന്ദ് 2930 വോട്ട് (വോട്ടുമൂല്യം 7,02,044)
മീരാ കുമാർ 1,844 വോട്ട് (വോട്ടുമൂല്യം 3,67,314)

തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരമനുസരിച്ച് 65.65 ശതമാനം വോട്ടുകൾ കോവിന്ദിനും 34.35 ശതമാനം വോട്ടുകൾ മീരാ കുമാറിനും ലഭിച്ചിട്ടുണ്ട്. 77 വോട്ടുകൾ അസാധുവായി.

ഹെന്ദവ ദേശീയത പ്രോജ്വലിപ്പിക്കുന്നതിൽ ബിജെപി. എക്കാലത്തും നേരിട്ടിട്ടുള്ള വലിയൊരു കടമ്പ ദളിത് പ്രതിരോധമാണ്. ദളിത് സമൂഹത്തെ എങ്ങിനെ കൂടെനിർത്താനാവും എന്ന ചോദ്യം ബിജെപിയെ നിഴൽ പോലെ വിടാതെ പിന്തുടരുന്ന ഒന്നാണ്. തൊലിപ്പുറമേയുള്ള ചികിത്സയാണെങ്കിലും കെ.ആർ. നാരായണനുശേഷം വീണ്ടുമൊരു ദളിത് രാഷ്ട്രപതി എന്ന മുദ്രാവാക്യം ബിജെപി. ഉയർത്തിയതിന് പിന്നിൽ തീർച്ചയായും ഈ ചോദ്യത്തിനുള്ള ഉത്തരമുണ്ട്. 2019 ലെ തിരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിലെ ദളിത് സമൂഹത്തിന്റെ വോട്ടുകൾ ബിജെപിക്ക് ഒഴിച്ചുനിർത്താനാവില്ല. യു.പിയിൽ മായാവതി - അഖിലേഷ് രാഹുൽ സഖ്യമുണ്ടായാൽ അതിനെ ചെറുക്കുന്നതിനും ദളിത് പിന്തുണ ബിജെപിക്ക് അനിവാര്യമാണ്.

2019ൽ ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ദളിത്‌ക്ഷേമത്തിൽ പാർട്ടി ശ്രദ്ധാലുവാണെന്ന് ബോധ്യപ്പെടുത്താനും ദളിത് വിരുദ്ധതയുടെ പേരിൽ ബിജെപി.ക്കുനേരേ ഉയരാറുള്ള വിമർശനത്തെ വലിയതോതിൽ മറയിടാനും ഈ തീരുമാനംകൊണ്ട് അമിത് ഷായുടെ പാർട്ടിക്ക് കഴിയുമെന്ന് ഉറപ്പാണ്. ഉത്തർപ്രദേശ് സംസ്ഥാന തിരഞ്ഞെടുപ്പിൽ ദളിത് വോട്ടുകളെ നല്ലപോലെ ആകർഷിക്കാൻ സാധിച്ച ബിജെപി.ക്ക് തുടർന്നും പിന്നാക്കവോട്ടുകൾ നിലനിർത്താനുള്ള ശ്രദ്ധേയനീക്കമായി ഈ തന്ത്രത്തെ കാണാം.

ദളിത് നേതാവിനെ രാഷ്ട്രപതിയാക്കാൻ യത്‌നിച്ച പാർട്ടിയെന്ന് സ്വാഭാവികമായും ബിജെപി.ക്കും ആർ.എസ്.എസിനും വരുന്ന തിരഞ്ഞെടുപ്പുകളിൽ പ്രചാരണം നടത്താൻ ഈ തീരുമാനം ഉപകരിക്കും. രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുന്നതോടെ കെ.ആർ.നാരായണനുശേഷം രാജ്യത്തെ പ്രഥമപൗരന്റെ പദവിയിലെത്തുന്ന ദളിതൻ എന്ന ഖ്യാതിയും കോവിന്ദിലേക്ക് വന്നുചേരും. അമിത് ഷായും മോദിയും ഉൾപ്പെട്ട പ്രമുഖനേതാക്കൾ ഏറെക്കാലമായി യു.പി.യിലെ ദളിത്വോട്ട് രാഷ്ട്രീയത്തിൽ സമർഥമായി നടത്തുന്ന ഇടപെടലുകൾ ഗുണംകണ്ട തിരഞ്ഞെടുപ്പാണ് യു.പി.യിൽ നടന്നത്. ദളിത് വീടുകളിൽനിന്ന് ഭക്ഷണം കഴിക്കുന്നത് ഒരു പ്രധാന ഇനമായിത്തന്നെ അവർ നിറവേറ്റി.

യോഗി ആദിത്യനാഥ് നൂറുദിനം പിന്നിടുന്നതിന് മുന്നോടിയായി കഴിഞ്ഞദിവസം ഗൊരക്പുരിൽ സംഘടിപ്പിച്ച ചടങ്ങിലും ദളിത് വീടുകളിൽനിന്നാണ് ഭക്ഷണം കഴിച്ചത്. ദളിതന്റെ വീട്ടിൽനിന്ന് കഴിക്കുന്ന ഭക്ഷണം എന്നത് യു.പി.യെ സംബന്ധിച്ച് ഒരു ആശ്ചര്യസാമൂഹികചിഹ്നമാണ് ഇപ്പോഴും. ദളിത് ക്ഷേമത്തിലൂടെയും പന്തിഭോജനത്തിന്റെ പേരിലുള്ള ഭക്ഷണരാഷ്ട്രീയത്തിലൂടെയും അതിനെ നേരിടാൻ ബിജെപി. നടത്തുന്ന ശ്രമങ്ങൾ വിജയിച്ചത് യു.പി. സംസ്ഥാന തിരഞ്ഞെടുപ്പിൽ നാം കണ്ടതാണ്.

മറ്റ് സംസ്ഥാനങ്ങളിൽ സാന്നിധ്യമുണ്ടെങ്കിലും 2011-ലെ സെൻസസ് പ്രകാരം യു.പി.യിലെ 22 ശതമാനം വരുന്ന ദളിത് ജനസംഖ്യയിൽ ഏതാണ്ട് രണ്ടുശതമാനം മാത്രമാണ് കോലി സമുദായം. മായാവതിയുടെ ബി.എസ്‌പി.യുടെ വോട്ടുബാങ്കിൽ നിർണായക വിള്ളൽവീഴ്‌ത്തുന്നതിൽ വിജയിച്ച പാർട്ടിയായി യു.പി.യിൽ മാറിക്കഴിഞ്ഞിട്ടുള്ള ബിജെപി.ക്ക് രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി പദത്തിലെത്തിക്കാനുള്ള തീരുമാനത്തിലൂടെ രാജ്യത്തെ ദളിത് അനുകൂല വോട്ട് രാഷ്ട്രീയതന്ത്രം സമർഥമായി നിലനിർത്താൻ കഴിയും.

കോവിന്ദിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോൾ തന്നെ എൻ ഡി എ സ്ഥാനാർത്ഥിക്ക് കിട്ടിയത് അപ്രതീക്ഷിത പിന്തുണകളായിരുന്നു. ബിഹാറിലെ ഭരണകക്ഷിയായ ജെ.ഡി.യുവിന്റെ പിന്തുണ അവിടുത്തെ ബിജെപി വിരുദ്ധ മഹാസഖ്യത്തിൽ വിള്ളലുണ്ടാക്കുന്നതായിരുന്നു. പല ദേശീയ വിഷയങ്ങളിലും ബിജെപിയെ നഖശിഖാന്തം എതിർത്തിരുന്ന ശിവസേനയുടെ പിന്തുണ നേടാനായതും കോവിന്ദിന്റെ വിജയമായി.തമിഴ്‌നാട്ടിലെ മൂന്ന് അണ്ണാ ഡി എം കെ വിഭാഗങ്ങളുടെയും പിന്തുണനേടാനായത് ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ ഏറെക്കാലമായി കണ്ണുവച്ചിരിക്കുന്ന ബിജെപിക്ക് ഇനി ധൈര്യപൂർവം കരുക്കൾ നീക്കാനുള്ള ഊർജമേകും.

എന്നാൽ പ്രതിപക്ഷപാർട്ടികളുടെ പ്രത്യേകിച്ച് കോൺഗ്രസ്സിന്റെ മുന്നോട്ടുപോക്ക് ഇനിയെന്താകും എന്നുള്ളത് വലിയൊരു ചോദ്യം തന്നെയാണ്.ചെറുതല്ലാത്ത പ്രതിസന്ധിയാണ് കോൺഗ്രസ് അഭിമുഖീകരിക്കുന്നത്. രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കാനുള്ള കൂടിയാലോചനകൾ സജീവമാകുന്നതിനിടെയാണ് രാഷ്്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച കോൺഗ്രസ്സിന് ഇടിത്തീയായി വന്നു വീഴുന്നത്.സംസ്ഥാന നേതൃത്വങ്ങളെപ്പോലും വിശ്വാസത്തിലെടുക്കാനാകാതെ പാർട്ടിക്ക് എങ്ങനെ മുന്നോട്ടു പോകാനാകും എന്നത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഉറക്കം കെടുത്തുമെന്ന് ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP