Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബ്രൂവറികൾ അനുവദിച്ചത് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ; മദ്യനിരോധനമല്ല, മദ്യവർജ്ജനമാണ് എൽഡിഎഫ് നയമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവിന്റെ അഴിമതി ആരോപണം നിഷേധിച്ച് എക്‌സൈസ് മന്ത്രി; അപേക്ഷ ക്ഷണിക്കാതെയും താത്പര്യ പത്രം സ്വീകരിക്കാതെയും ഇഷ്ടക്കാർക്ക് രഹസ്യമായി നൽകി എന്നത് മന്ത്രി ടി പി രാമകൃഷ്ണൻ തന്നെ സമ്മതിച്ചെന്ന് രമേശ് ചെന്നിത്തലയും: ബ്രൂവറി ചലഞ്ചിൽ വിവാദം കൊഴുക്കുന്നു

ബ്രൂവറികൾ അനുവദിച്ചത് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ; മദ്യനിരോധനമല്ല, മദ്യവർജ്ജനമാണ് എൽഡിഎഫ് നയമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവിന്റെ അഴിമതി ആരോപണം നിഷേധിച്ച് എക്‌സൈസ് മന്ത്രി; അപേക്ഷ ക്ഷണിക്കാതെയും താത്പര്യ പത്രം സ്വീകരിക്കാതെയും ഇഷ്ടക്കാർക്ക് രഹസ്യമായി നൽകി എന്നത് മന്ത്രി ടി പി രാമകൃഷ്ണൻ തന്നെ സമ്മതിച്ചെന്ന് രമേശ് ചെന്നിത്തലയും: ബ്രൂവറി ചലഞ്ചിൽ വിവാദം കൊഴുക്കുന്നു

ആവണി ഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചതിനുപിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണം വീണ്ടും ശക്തമാകുന്നു. പ്രതിപക്ഷ നേതാവിന് മറുപടിയുമായി എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനും രംഗത്തെത്തി. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതസമാണെന്നും സർക്കാർ നടപടികൾ എല്ലാം പരസ്യമായാണെന്നും വ്യക്തമാക്കിയ എക്‌സൈസ് മന്ത്രി ഇതിലൂടെ സർക്കാർ ലക്ഷ്യമിട്ടത് സംസ്ഥാനത്ത് തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കു എന്നതാണെന്നും അഭിപ്രായപ്പെട്ടു.

എന്നാൽ, ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചതിനെപ്പറ്റിയുള്ള എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ മറുപടി അദ്ദേഹത്തിന്റെ കുറ്റസമ്മതമാണെന്നായിരുന്നു രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. പത്രത്തിൽ പരസ്യപ്പെടുത്തിയിട്ടാണോ ഇതൊക്കെ ചെയ്യേണ്ടതെന്നാണ് മന്ത്രി ചോദിക്കുന്നത്. അത് തന്നെയാണ് പ്രതിപക്ഷ നേതാവും പറഞ്ഞത്. അപേക്ഷ ക്ഷണിക്കാതെയും താത്പര്യ പത്രം സ്വീകരിക്കാതെയും ഇഷ്ടക്കാർക്ക് രഹസ്യമായി നൽകി എന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഇത് മന്ത്രി തന്നെ സമ്മതിച്ചെന്നും ചെന്നിത്തല പറഞ്ഞു.

ഈ വിഷയത്തിൽ മന്ത്രി ടി പി രാമകൃഷ്ണൻ പ്രതികരണം ഇങ്ങനെ:

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണ്. എൽഡിഎഫ് സർക്കാരിനെതിരെ വസ്തുതകൾക്ക് നിരക്കാത്ത ആരോപണങ്ങൾ ഉന്നയിച്ച് പുകമറ സൃഷ്ടിക്കുകയാണ് പ്രതിപക്ഷനേതാവ്. സംസ്ഥാനത്ത് മദ്യം ഉൽപ്പാദിപ്പിക്കുന്ന ഒരു ഡിസ്റ്റിലറിയും നിലവിൽ പ്രവർത്തിക്കുന്നില്ല. മൂന്ന് ബ്രൂവറികളും(ബിയർ ഉൽപ്പാദനകേന്ദ്രം) ഒരു ബ്‌ളെൻഡിങ് കോമ്പൗണ്ടിങ് ആൻഡ് ബോട്‌ലിങ് യൂണിറ്റും അനുവദിച്ചത് നടപടിക്രമങ്ങൾ അനുസരിച്ചും നിയമവും ചട്ടങ്ങളും പാലിച്ചുമാണ്. ഇതുസംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾ ആർക്കും പരിശോധിക്കാവുന്നതേയുള്ളൂ. അവ ഒരുതരത്തിലും രഹസ്യസ്വഭാവമുള്ളവയല്ല. സർക്കാർ ഉത്തരവുകൾ ഇറങ്ങുന്ന മുറയ്ക്ക് സർക്കാരിന്റെ വെബ് ആൻഡ് ന്യൂസ് മീഡിയയിൽ പ്രസിദ്ധപ്പെടുത്തുന്നുമുണ്ട്. സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും ഒളിച്ചുവെക്കാനില്ല. സുതാര്യമായാണ് അപേക്ഷകളിൽ തീരുമാനമെടുത്തത്.

സംസ്ഥാനത്ത് തൊഴിലവസരം വർധിപ്പിക്കാനും വരുമാനവർധനവിനും ഉതകുന്ന തീരുമാനം വന്ന ഘട്ടത്തിൽ അഴിമതി ആരോപണവുമായി ഇറങ്ങിത്തിരിച്ചത് ഇതരസംസ്ഥാന മദ്യലോബികളെ സഹായിക്കാൻ വേണ്ടി മാത്രമാണ്. 1999 സെപതംബർ 29ലെ സർക്കാർ ഉത്തരവിലൂടെയാണ് പുതുതായി ഡിസ്റ്റിലറികൾക്കും ബോട്‌ലിങ് യൂണിറ്റുകൾക്കും നിയന്ത്രണം കൊണ്ടുവന്നത്. ആ ഉത്തരവിൽ ബ്രൂവറികളെക്കുറിച്ച് പരാമർശമില്ല. വിശദമായ പഠനത്തിനും പരിശോധനകൾക്കും ശേഷമാണ് 2017 ജൂണിൽ എൽഡിഎഫ് സർക്കാരിന്റെ മദ്യനയം പ്രഖ്യാപിച്ചത്. യുഡിഎഫിന്റെ വികലമായ മദ്യനയം തിരുത്തിയാണ് ത്രീസ്റ്റാറിനു മുകളിൽ പദവിയുള്ള ഹോട്ടലുകൾക്ക് ബാർലൈസൻസ് അനുവദിക്കുന്നതടക്കമുള്ള തീരുമാനങ്ങളെടുത്തത്.

സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്ന വിദേശമദ്യം, ബിയർ എന്നിവ വലിയ തോതിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് വാങ്ങുന്നത്. വിദേശമദ്യത്തിന്റെ എട്ട് ശതമാനവും ബിയറിന്റെ നാൽപ്പത് ശതമാനവും ഇതരസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരികയാണ്. ഇത് സംസ്ഥാനത്തിന് വലിയ സാമ്പത്തികബാധ്യത വരുത്തുന്നു. നികുതിവരുമാനത്തിലെ നഷ്ടവും തൊഴിൽനഷ്ടവും സർക്കാർ പരിഗണിച്ച വിഷയങ്ങളിൽ പെടുന്നു.

സംസ്ഥാനത്തിനകത്ത് തന്നെ വിദേശമദ്യവും ബിയറും ഉൽപ്പാദിപ്പിച്ചാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുന്നത് ഒഴിവാക്കാനും നേരിട്ടും അല്ലാതെയും അനേകം പേർക്ക് തൊഴിൽലഭ്യമാക്കാനും സാധിക്കും. ഡ്യൂട്ടിയിനത്തിൽ അധികവരുമാനവും ലഭ്യമാകും. ഈ വസ്തുതകൾ ചൂണ്ടിക്കാട്ടി എക്‌സൈസ് കമ്മീഷണർ സമർപ്പിച്ച ശുപാർശ പരിഗണിച്ചാണ് ബ്രൂവറികൾക്കും ബോട്‌ലിങ് യൂണിറ്റിനും അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചത്. കണ്ണൂർ, പാലക്കാട്, എറണാകുളം ജില്ലകളിലാണ് മൂന്ന് ബ്രൂവറി തുടങ്ങാൻ തത്വത്തിൽ അനുമതി നൽകിയത്. ആവശ്യമായ ബിയറിന്റെ നാൽപ്പത് ശതമാനവും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുന്ന സാഹചര്യത്തിൽ ബ്രൂവറി യൂണിറ്റിന് അനുമതി നൽകുന്നതിലൂടെ സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കുന്നതിനാണ് സർക്കാർ പ്രാധാന്യം നൽകിയത്.

പാലക്കാട് ചിറ്റൂർ ഷുഗേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി (ചികോപ്‌സ്) ലിമിറ്റഡ് പ്രവർത്തിച്ച സ്ഥലത്ത് വിദേശമദ്യനിർമ്മാണത്തിന് മലബാർ ഡിസ്റ്റിലറീസ് മാനേജർ സമർപ്പിച്ച അപേക്ഷപ്രകാരം അഞ്ച് ലൈൻ ബോട്‌ലിങ് യൂണിറ്റിന് 2018 ഓഗസ്റ്റ് 31ന് അനുമതി നൽകിയിരുന്നു. തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ അഡീഷണൽ ബോട്‌ലിങ് ലൈൻ തുടങ്ങാൻ 2018 ജൂലൈ 24ന് അനുമതി നൽകിയിട്ടുണ്ട്. ഇതോടൊപ്പമാണ് തൃശൂരിൽ ബോട്‌ലിങ് യൂണിറ്റ് ആരംഭിക്കാൻ 2018 ജൂലൈ 12ന് അനുമതി നൽകിയത്.

ചട്ടപ്രകാരം ബാർലൈസൻസുകൾ അനുവദിച്ചതിന് അനുസൃതമായാണ് ആവശ്യകത പരിഗണിച്ച് ബ്രൂവറി യൂണിറ്റിനും ബോട്‌ലിങ് യൂണിറ്റിനും അനുമതി നൽകിയത്. യുഡിഎഫിലെ തമ്മിലടിയുടെയും അഴിമതിയുടെയും പ്രതിഫലനമായാണ് ബാർലൈസൻസുകൾ റദ്ദാക്കിയതും അധികം വൈകാതെ ബിയർവൈൻ പാർലറുകളാക്കി ഉത്തരവിറക്കുകയും ചെയ്തത്. ഈ കാപട്യത്തിന് സംസ്ഥാനം വലിയ വില നൽകേണ്ടിവന്നു. സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്കു പകരം വ്യക്തിതാൽപര്യങ്ങൾക്ക് ഊന്നൽ നൽകിയത് വലിയ പ്രത്യാഘാതങ്ങളാണ് അക്കാലത്തുണ്ടാക്കിയത്.

മാധ്യമങ്ങളിൽ പരസ്യം ചെയ്ത് അപേക്ഷ ക്ഷണിച്ചല്ല ബ്രൂവറികളും ഡിസ്റ്റിലറികളും തുടങ്ങുന്നതെന്ന് പ്രതിപക്ഷനേതാവ് മനസ്സിലാക്കണം. എക്‌സൈസ് കമ്മീഷണറുടെ പരിഗണനക്ക് സമർപ്പിച്ച അപേക്ഷകളിലാണ് സർക്കാർ തീരുമാനം എടുത്തിരിക്കുന്നത്. ബ്രൂവറി, ബോട്‌ലിങ് യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള വ്യക്തമായ ശുപാർശ കമ്മീഷണർ നൽകിയിരുന്നു. കേരള ഫോറിൻ ലിക്വർ(കോമ്പൗണ്ടിങ് ബ്‌ളെൻഡിങ് ആൻഡ് ബോട്‌ലിങ്)റൂൾസ് 1975, കേരള ബ്രൂവറി റൂൾസ് 1967 എന്നിവ പ്രകാരം എക്‌സൈസ് കമ്മീഷണറാണ് ലൈസൻസിങ് അഥോറിറ്റി. സർക്കാർ അനുമതി നൽകിയ യൂണിറ്റുകളുടെ കാര്യത്തിൽ നിയമപരമായ പരിശോധനകളും മറ്റ് നിബന്ധനകളും പരിഗണിച്ച് തുടർനടപടി സ്വീകരിക്കേണ്ടത് കമ്മീഷണറാണ്.

1999ലെ ഉത്തരവ് പുറപ്പെടുവിച്ചത് അന്ന് നിലവിലുണ്ടായിരുന്ന സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇത് ഒരു എക്‌സിക്യൂട്ടീവ് ഉത്തരവ് മാത്രമാണ്. അത് നിയമത്തിന്റെയോ ചട്ടത്തിന്റെയോ ഭാഗമായി മാറിയിട്ടില്ല. അതുകൊണ്ടുതന്നെ 1999ലെ ഉത്തരവിൽ നിന്ന് വ്യത്യസ്തമായ തീരുമാനം ചട്ടഭേദഗതിയോ നിയമഭേദഗതിയോ ആവശ്യപ്പെടുന്നില്ല. ബ്രൂവറിയുടെ കാര്യത്തിൽ 1999ലെ ഉത്തരവ് എന്തെങ്കിലും പരാമർശം നടത്തിയിട്ടുമില്ല. പുതിയ ബ്രൂവറിക്ക് അനുമതി നൽകിയതിൽ 1999ലെ ഉത്തരവിൽ നിന്ന് വ്യതിചലിക്കുന്ന ഒന്നുമില്ല. നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും പാലിച്ച് സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് ഇപ്പോൾ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. ബ്രൂവറിക്ക് അനുമതി നൽകുന്നതിൽ ഒരുതരത്തിലുള്ള പ്രത്യേക പരിഗണനയും നൽകിയിട്ടില്ല. നിലവിൽ സംസ്ഥാനത്ത് മൂന്ന് ബ്രൂവറികൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇവ മൂന്നും യുഡിഎഫ് ഭരണകാലത്താണ് അനുവദിച്ചതും.

മദ്യനിരോധനമല്ല, മദ്യവർജ്ജനമാണ് എൽഡിഎഫ് നയം. ശക്തമായ ബോധവത്കരണത്തിലൂടെ മദ്യപരെ അതിൽ നിന്ന് വിമുക്തമാക്കണം. വിമുക്തി അടക്കമുള്ള പദ്ധതികളിലൂടെ ആ കാര്യം നല്ല നിലയിൽ നടക്കുന്നുണ്ട്. മദ്യത്തിന്റെ ആവശ്യകത കുറയ്ക്കണമെങ്കിൽ തന്നെ മദ്യവർജ്ജനമാണ് വേണ്ടത്.- മന്ത്രി പറഞ്ഞു.

മന്ത്രിക്ക് ചെന്നിത്തല നൽകിയ മറുപടി:

ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചതിനെപ്പറ്റിയുള്ള എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ പത്രസമ്മേളനം അദ്ദേഹത്തിന്റെ കുറ്റസമ്മതമാണ്.പത്രത്തിൽ പരസ്യപ്പെടുത്തിയിട്ടാണോ ഇതൊക്കെ ചെയ്യേണ്ടതെന്നാണ് മന്ത്രി ചോദിക്കുന്നത്. അത് തന്നെയാണ് പ്രതിപക്ഷ നേതാവും പറഞ്ഞത്. അപേക്ഷ ക്ഷണിക്കാതെയും താത്പര്യ പത്രം സ്വീകരിക്കാതെയും ഇഷ്ടക്കാർക്ക് രഹസ്യമായി നൽകി എന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. മന്ത്രി അത് സമ്മതിച്ചിരിക്കുന്നു.

1996 ൽ ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള അന്നത്തെ ഇടതുപക്ഷ സർക്കാർ അപേക്ഷ ക്ഷണിച്ചിരുന്നു എന്ന കാര്യം മന്ത്രി മറന്നു പോയോ? അന്ന് അപേക്ഷകളുടെ എണ്ണം കൂടിയത് മൂലം ഷോർട്ടി ലിസ്റ്റ് ചെയ്യാനായി സെക്രട്ടറി തല കമ്മിറ്റിയെ രൂപീകരിച്ചതും ഓർമ്മയില്ലേ? ഈ കമ്മിറ്റിയാണ് ഇനി പുതിയ ഡിസ്റ്റിലറികൾ വേണ്ടെന്ന ഉത്തരവിറക്കിയത്. ഇതൊന്നും പരസ്യമായി ചെയ്യാനാവില്ലെന്ന മന്ത്രിയുടെ നിലപാട് ശരിയാണ്. പരസ്യമായി ചെയ്യാൻ കഴിയുന്ന കാര്യമല്ല അഴിമതി.പ്രതിപക്ഷ നേതാവ് അക്കമിട്ട് നിരത്തി ചോദിച്ച ചോദ്യങ്ങൾക്കൊന്നും മന്ത്രി മറുപടി നൽകിയിട്ടില്ല. പകരം ഉരുണ്ടു കളിക്കുകയാണ് ചെയ്തത്. 99 മുതലുള്ള നയത്തിൽ മാറ്റം വരുത്തിയപ്പോൾ അത് എന്തിന് രഹസ്യമാക്കി വച്ചു എന്നതിന് മന്ത്രിക്ക് മറുപടി ഇല്ല.

99 ലെ ഉത്തരവ് എക്സിക്യൂട്ടീവ് ഉത്തരവ് മാത്രമാണെന്നും അതിനാൽ അതിൽ നിന്ന് വ്യത്യസ്ഥമായ തീരുമാനമെടുക്കാൻ ചട്ടഭേദഗതിയോ നിയമ ഭേദഗതിയോ വേണ്ടെന്ന് മന്ത്രി പറയുന്നു. അങ്ങനെയെങ്കിൽ എന്തു കൊണ്ട് 99ന് ശേഷം മാറി മാറി വന്ന ഇടതു മുന്നണിയുടെ ഉൾപ്പടെയുള്ള സർക്കാരുകൾ അത് മറി കടന്ന് പുതിയ ഡിസ്റ്റിലറികൾക്ക് അനുവാദം നൽകിയില്ല.മാത്രമല്ല ഇപ്പോൾ പുറപ്പെടുവിച്ച ഉത്തരവുകളിലെല്ലാം 99 ലെ ഉത്തരവ് ക്വാട്ട് ചെയ്തിട്ടുമുണ്ട്. 99ലെ ഉത്തരവ് ബ്രൂവറിക്ക് ബാധകമല്ലെന്നാണ് മന്ത്രി പറയുന്നത്. എങ്കിൽ എന്തിനാണ് ബ്രുവറി അനുവദിച്ചു കൊണ്ടുള്ള ഉത്തരവുകളിൽ 99ലെ അതേ ഉത്തരവ് പരാമർശിച്ചിരിക്കുന്നത്.

എന്തു കൊണ്ട് ഇടതു മുന്നണിയിൽ ചർച്ച ചെയ്തില്ല എന്ന ചോദ്യത്തിനും മന്ത്രി മറുപടി നൽകുന്നില്ല. എന്തു കൊണ്ട് മന്ത്രിസഭയിൽ ചർച്ച ചെയ്തില്ല എന്ന ചോദ്യത്തിനും മറുപടി ഇല്ല. ഇതിന്റെ ആവശ്യമില്ലെന്ന് ഒഴുക്കൻ മട്ടിൽ പറയുന്നു. ഈ മറുപടി സിപിഐയ്ക്കും മറ്റ് ഘടക കക്ഷികൾക്കും സ്വീകാര്യമാണോ?സർക്കാരിന് കിട്ടിയ അപേക്ഷകളിൽമേലാണ് തീരുമാനമെടുത്തതെന്ന് മന്ത്രി പറയുന്നു. ഈ നാല് പേർ മാത്രം ഇവ അനുവദിക്കാൻ പോവുകയാണെന്ന് എങ്ങനെയാണ് അറിഞ്ഞത്?ഇഷ്ടക്കാരിൽ നിന്ന് അപേക്ഷ എഴുതി വാങ്ങി അനുവദിക്കുകയല്ലേ ചെയതത്.?

പുതിയ ബ്രുവറിക്കും ഡിസ്റ്റിലറിക്കും തത്വത്തിൽ അംഗീകാരം നൽകയതേ ഉള്ളൂ എന്നും ലൈസൻസ് നൽകിയില്ലെന്നും മന്ത്രി പറയുന്നു. ഇവർക്ക് ലൈസൻസ് നൽകാൻ അനുമതി നൽകിക്കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സർക്കാറിന്റെ അനുമതിയില്ലാതെ എക്സൈസ് കമ്മീഷണർക്ക് സ്വന്തമായി ലൈസൻസ് നൽകാൻ കഴിയുമോ?
ലൈസൻസ് നൽകുന്നത് വെറും സാങ്കേതിക കാര്യം മാത്രമാണ്.

കേരളത്തിനാവശ്യമായ വിദേശ മദ്യത്തിന്റെ 8% വും ബീയറിന്റെ 40% വും പുറത്തു നിന്നാണ് വാങ്ങുന്നതെന്നും അത് ഇവിടെ തന്നെ ഉല്പാദിപ്പിച്ചാൽ നികുതി വരുമാന വർദ്ധനവും തൊഴിലവസങ്ങളിലെ വർദ്ധനവും ഉണ്ടാവുമെന്ന് മന്ത്രി പറയുന്നു. അത് ശരിയാണ്. തർക്കമില്ല. പക്ഷേ അതിന് രഹസ്യമായി അനുവദിക്കണോ? അത് പരസ്യമായി ചർച്ച ചെയ്ത് മന്ത്രി സഭയിൽ വച്ച് അനുവദിക്കുന്നതിന് എന്തായിരുന്നു തടസ്സം? അഴിമതി നടത്താൻ വേണ്ടിയല്ലേ ഘടക കക്ഷികളെപ്പോലും അറിയിക്കാതെ രഹസ്യമായി ചെയ്തത്?

മദ്യനയത്തിന് അനുസൃതമായാണ് അനുമതി നൽകിയതെന്ന് മന്ത്രി പറയുന്നു. പുതിയ ബ്രൂവറികളും ഡിസ്റ്റിലറിയും തുടങ്ങാൻ അനുമതി നൽകുമെന്ന് മദ്യനയത്തിൽ എവിടെയാണ് പറയുന്നത്. എങ്കിൽ ആ മദ്യനയം പരസ്യമാക്കാമോ?ഇടതു മുന്നണിയുടെ പ്രകടന പത്രികയിൽ എവിടെയാണ് സംസ്ഥാനത്ത് പുതുതായി ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കാമെന്ന് പറയുന്നത്?- ചെന്നിത്തല ചോദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP