Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അന്ന് സരിത എങ്കിൽ ഇന്ന് സ്വപ്‌നയോ? സ്വർണ്ണക്കടത്ത് വിവാദം മുറുകുമ്പോൾ സോഷ്യൽ മീഡിയയുടെ ചോദ്യം ഇങ്ങനെ; ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന സ്ത്രീക്ക് എങ്ങനെ ഐടി വകുപ്പിൽ ജോലി ലഭിച്ചുവെന്ന് ചെന്നിത്തല; സിബിഐ അന്വേഷിക്കണമെന്നും ആവശ്യം; കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണം നേരിടുന്നത് ആദ്യമായാണ്; സ്വപ്‌ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന്റെ ബന്ധമെന്തെന്ന് പിണറായി വിശദീകരിക്കണമെന്നും പ്രതിപക്ഷ നേതാവ്

അന്ന് സരിത എങ്കിൽ ഇന്ന് സ്വപ്‌നയോ? സ്വർണ്ണക്കടത്ത് വിവാദം മുറുകുമ്പോൾ സോഷ്യൽ മീഡിയയുടെ ചോദ്യം ഇങ്ങനെ; ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന സ്ത്രീക്ക് എങ്ങനെ ഐടി വകുപ്പിൽ ജോലി ലഭിച്ചുവെന്ന് ചെന്നിത്തല; സിബിഐ അന്വേഷിക്കണമെന്നും ആവശ്യം; കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണം നേരിടുന്നത് ആദ്യമായാണ്; സ്വപ്‌ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന്റെ ബന്ധമെന്തെന്ന് പിണറായി വിശദീകരിക്കണമെന്നും പ്രതിപക്ഷ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഡിഎഫ് സർക്കാറിനെ പിടിച്ചു കുലുക്കിയ സോളാർ വിവാദത്തിന്റെ വഴിയേ ആണോ പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന ഇടതു സർക്കാറിന്റെയും പോക്ക്. യുഡിഎഫ് കാലത്ത് സോളാർ വിവാദത്തിൽ സർക്കാറിനെ പിടിച്ചു കുലുക്കിയത് സരിത എസ് നായർ ആണെങ്കിൽ ഇപ്പോൾ സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണ വിധേയരാകുമ്പോൾ അന്ന് സരിത എങ്കിൽ ഇന്ന് സ്വപ്‌നയോ? എന്നചോദ്യമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. സരിതയെന്ന വന്മരം വീണു ഇനി സ്വപ്‌നയുടെ കാലം എന്നിങ്ങനെയുള്ള നിരവധി പോസ്റ്റുകളാണ് ഫേസ്‌ബുക്കിൽ അടക്കം ഉയരുന്നത്. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും സമാനമായ ആരോപണമാണ് ഉന്നയിച്ചത്.

അതേസമയം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് കാർഗോ വഴി സ്വർണം കടത്തിയ കേസിന് രാജ്യാന്തര മാനമുള്ളതുകൊണ്ട് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. രാജ്യാന്തര കള്ളക്കടത്ത് സംഘവുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെ ആർക്കാണ് ബന്ധമെന്ന് ചെന്നിത്തല ചോദിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന സ്്ത്രീക്ക് എങ്ങനെ ഐടി വകുപ്പിൽ ജോലി ലഭിച്ചു?. ഇവരുടെ നിയമനവുമായി ബന്ധപ്പെട്ട് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന്റെ ബന്ധമെന്ത് തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരം പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ അഴിമതിയുടെയും പ്രഭവ കേന്ദ്രമായി മാറി. കുറ്റവാളികളുടെ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറുന്നു. കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണം നേരിടുന്നത് ആദ്യമായാണ്. ഇതിൽ മുഖ്യമന്ത്രിക്ക് ധാർമ്മിക ഉത്തരവാദിത്തമുണ്ട്. ഇതിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയുകയില്ല. വസ്തുതകൾ എന്താണ് എന്ന് അറിയാൻ ജനങ്ങൾക്ക് താത്പര്യമുണ്ട്. ഇത് വിശദമാക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും ചെന്നിത്തല പറഞ്ഞു.

സ്വപ്ന സുരേഷുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐടി സെക്രട്ടറിക്കും മറ്റൊരു പ്രമുഖനും ബന്ധമുണ്ട്. രണ്ടാമത്തെയാളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്പ്രിങ്ക്ളർ കേസുമായി ബന്ധപ്പെട്ട് ഐടി സെക്രട്ടറിയെ വിമർശിച്ചപ്പോൾ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇപ്പോൾ മുഖ്യമന്ത്രി തന്നെ ധാർമ്മികമായി ഈ കൊള്ളയ്ക്ക് കൂട്ടുനിന്നു എന്ന് പറഞ്ഞാൽ നിഷേധിക്കാൻ കഴിയുമോ എന്നും ചെന്നിത്തല ചോദിച്ചു.

കേസിൽ വിവാദം മുറുകിയതോടെ സ്വർണം കടത്തിയ സംഭവത്തിൽ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന സ്വപ്ന സുരേഷിനെ പിരിച്ചു വിട്ടതായി ഐ.ടി വകുപ്പ് അറിയിച്ചിരുന്നു. ഐ.ടി വകുപ്പിലെ ജീവനക്കാരിയായ സ്വപ്ന നേരത്തെ യു.എ.ഇ കോൺസുലേറ്റിൽ ഓപ്പറേഷണൽ മാനേജർ ആയിരുന്നു. സ്വർണക്കടത്ത് പിടികൂടിയതിനെ തുടർന്ന് സ്വപ്ന സുരേഷ് ഒളിവിലാണെന്നാണ് റിപ്പോർട്ട്. അതേസമയം, മറ്റൊരു പ്രതിയും യു എ ഇ കോൺസുലേറ്റിലെ മുൻ പി ആർ ഒയും ആയിരുന്ന സരിത്ത് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലാണ്.

സ്വപ്ന സുരേഷാണ് സ്വർണക്കടത്തിലെ മുഖ്യപ്രതിയെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക നിഗമനം. സ്വപ്ന എയർപോർട്ട് ഉദ്യോഗസ്ഥരുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെയും വാട്‌സ്ആപ് ചാറ്റിന്റെയും വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഐ.ബി, റോ ഉദ്യോഗസ്ഥർ സരിത്തിനെ ചോദ്യം ചെയ്യുകയാണ്. സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (KSITIL) എന്ന സ്ഥാപനത്തിലെ ഓപ്പറേഷൻസ് മാനേജരാണ് സ്വപ്ന സുരേഷ്. സ്‌പേസ് പാർക്ക് പ്രോജക്ട് മാനേജരായും ഇവർ പ്രവർത്തിച്ചിരുന്നു.

കഴിഞ്ഞദിവസമാണ് യു എ ഇ കോൺസുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്ന് 30 കിലോ സ്വർണം പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരിൽ എത്തിയ ഡിപ്ലോമാറ്റിക് ബാഗേജ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് സരിത്തിനെ കസ്റ്റഡിയിൽ എടുത്തത്.

ഇരുവരും ആദ്യമായല്ല സ്വർണക്കടത്ത് നടത്തുന്നതെന്ന വിവരമാണ് അന്വേഷസംഘം പങ്കുവയ്ക്കുന്നത്. ഓരോ കള്ളക്കടത്തിനും സരിത്തിന് 25 ലക്ഷത്തിലധികം രൂപ പ്രതിഫലമായി ലഭിച്ചെന്നാണ് സൂചന. കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു എക്‌സ്‌പോർട്ടിങ് കമ്പനിയും സ്വർണക്കടത്തിന് പിന്നിൽ പ്രവർത്തിച്ചതായ വിവരം കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണം ഉന്നതരിലേക്ക് നീങ്ങുമെന്ന സൂചനയാണ് ഇവർ നൽകുന്നത്. യു.എ.ഇ കോൺസുലേറ്റിൽ നിന്നും പുറത്താക്കപ്പെട്ടതിനു പിന്നാലെയാണ് സ്വപ്ന ഐ.ടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെത്തുന്നത്. ഐ.ടി മേഖലയിൽ മുൻപരിചയമില്ലാതിരുന്നിട്ടും ഇവരെ സുപ്രധാന തസ്തകയിൽ നിയമിക്കാൻ കാരണം ഉന്നതരുടെ ഇടപെടലാണെന്നും ആരോപണമുണ്ട്. ഈ സ്ഥാപനത്തിലെത്തി മാസങ്ങൾക്കകം തന്നെ സ്‌പേസ് പാർക്ക് പ്രോജക്ട് മാനേജരായും ഇവർ പ്രവർത്തിച്ചു തുടങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP