Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രളയം നാടിനെ മുക്കിയിട്ടും സർക്കാർ ധൂർത്ത് തുടരുന്നു; കേസ് നടത്തിപ്പിനായി ലക്ഷങ്ങൾ ശമ്പളം നിശ്ചയിച്ച് സെപ്ഷ്യൽ ലെയ്സൺ ഓഫീസറെ നിയമിച്ച നടപടി തികഞ്ഞ അനാസ്ഥ; കഴിഞ്ഞ പ്രളയകാലത്ത് സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായംപോലും ദുരിതബാധിതർക്ക് ലഭിച്ചിട്ടില്ല; വേലപ്പൻ നായരെ നിയമിച്ച നടപടി ഉടൻ പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ്; അഡ്വക്കേറ്റ് ജനറലും നിയമോപദേഷ്ടാവും ഉണ്ടായിട്ടും 1,10,000 രൂപ ശമ്പളത്തിലുള്ള നിയമനം വിവാദത്തിൽ; സർക്കാറിന്റെ ഖജനാവ് കൊള്ളയ്‌ക്കെതിരെ കടുത്ത അമർഷം

പ്രളയം നാടിനെ മുക്കിയിട്ടും സർക്കാർ ധൂർത്ത് തുടരുന്നു; കേസ് നടത്തിപ്പിനായി ലക്ഷങ്ങൾ ശമ്പളം നിശ്ചയിച്ച് സെപ്ഷ്യൽ ലെയ്സൺ ഓഫീസറെ നിയമിച്ച നടപടി തികഞ്ഞ അനാസ്ഥ; കഴിഞ്ഞ പ്രളയകാലത്ത് സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായംപോലും ദുരിതബാധിതർക്ക് ലഭിച്ചിട്ടില്ല; വേലപ്പൻ നായരെ നിയമിച്ച നടപടി ഉടൻ പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ്; അഡ്വക്കേറ്റ് ജനറലും നിയമോപദേഷ്ടാവും ഉണ്ടായിട്ടും 1,10,000 രൂപ ശമ്പളത്തിലുള്ള നിയമനം വിവാദത്തിൽ; സർക്കാറിന്റെ ഖജനാവ് കൊള്ളയ്‌ക്കെതിരെ കടുത്ത അമർഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വേതനമായി ലഭിക്കുന്നത് 76,000 രൂപ, ടെലിഫോണിനും ഇന്റർനെറ്റിനുമായി ബത്ത ഇനത്തിൽ മാത്രം നൽകുന്നത് ആയിരം രൂപയും. യാത്രയ്ക്ക് 19,000 രൂപയും പ്രസിദ്ധീകരണത്തിനും പുസ്തകങ്ങൾ വാങ്ങി വായിക്കുന്നതിനുമായി 14,000 രൂപയും. എല്ലാം അക്കം പ്രതിമാസം വേലപ്പൻ നായർക്ക് ലഭിക്കുക 1,10,000 രൂപ! അഡ്വക്കേറ്റ് ജനറലും നിയമ ഉപദേശം നൽകാൻ ഉപദേഷ്ടാവു ഉണ്ടായിട്ടും കേസ് നടത്താൻ ഹൈക്കോടതിയിൽ സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസറെ നിയമിക്കാനുള്ള പിണറായി സർക്കാറിന്റെ തീരുമാനം അറിഞ്ഞവർ അന്തംവിടുകയാണ്. സർക്കാറിന്റെ ധൂർത്ത് തുറന്നു കാണിക്കുന്ന വാർത്തകൾ പോലും വളച്ചൊടിച്ചു നുണകൾ പ്രചരിപ്പിക്കുന്ന സൈബർ വിഭാഗം പോലും പുതിയ നിയമന ഉത്തരവ് പുറത്തിറങ്ങിയതോടെ പ്രതിരോധത്തിലായി.

അതേസമയം പ്രളയകാലത്തിനിടയിലെ ഈ ധൂർത്തിനെതിരെ കടുത്ത അമർഷം സോഷ്യൽ മീഡിയയിലും ഉയർത്തു തുടങ്ങി. ഇതുവരെ ഇല്ലാത്ത തസ്തിക സൃഷ്ടിച്ചു കൊണ്ടുള്ള ധൂർത്തിനെതിരെ പ്രതികരിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ഹൈക്കോടതിയിലെ കേസുകളുടെ ഏകോപനത്തിനെന്ന പേരിൽ ലക്ഷങ്ങൾ ശമ്പളം നിശ്ചയിച്ച് സെപ്ഷ്യൽ ലെയ്സൺ ഓഫീസറെ നിയമിച്ച സർക്കാരിന്റെ നടപടി തികഞ്ഞ ധൂർത്തും അനാസ്ഥയുമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാനം വീണ്ടും വലിയ പ്രളയക്കെടുതി യുടെ നടുവിലാണ്.

കഴിഞ്ഞ പ്രളയത്തെത്തുടർന്ന് സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായം പോലും ദുരന്ത ബാധിതരിൽ പലർക്കും ലഭിച്ചിട്ടില്ല. ഈ പ്രളയത്തിൽ ദുരന്ത ബാധിതരായവർക്ക് ഇതുവരെ യാതൊരു സഹായങ്ങളും നൽകിത്തുടങ്ങിയിട്ടുമില്ല. എന്നിട്ടും ഒരു ലക്ഷത്തി പതിനായിരം രൂപ മാസശമ്പളം നൽകുന്ന ഒരു തസ്തിക തികച്ചും അനാവിശ്യമായി സൃഷ്ടിച്ച് സർക്കാർ ഖജനാവ് ധൂർത്തടിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സ്‌പെഷ്യൽ ലെയ്സൺ ഒഫീസറെ നിയമിച്ച നടപടി ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭരണഘടനാ സ്ഥാപനമായ അഡ്വക്കറ്റ് ജനറൽ ഓഫീസും, അതിന് കീഴിലുള്ള 140 ഓളം സർക്കാർ അഭിഭാഷകരും നിലനിക്കെയാണ് ഹൈക്കോടതിയിലെ കേസുകൾക്കായി ഒരു സ്പെഷ്യൽ ലെയ്സൺ ഓഫീസറുടെ തസ്തിക സൃഷ്ടിച്ചത്. സർക്കാരിന് നിയോമപദേശം നൽകുക, ഹൈക്കോടതിയിൽ സർക്കാർ കക്ഷിയായിരിക്കുന്ന കേസുകൾ നടത്തുകയും, അവയുടെ പുരോഗതി വിലയിരുത്തുകയും ചെയ്യുക എന്നിവയാണ് അഢ്വക്കറ്റ് ജനറൽ ഓഫീസിന്റെയും സർക്കാർ അഭിഭാഷകരുടെയും പ്രധാന കർത്തവ്യം. അതിനിടയിൽ ലെയ്സൺ ഓഫീസർ എന്ന തസ്തികയുണ്ടാക്കി ധൂർത്ത് നടത്തിയതെന്തിനായിരുന്നുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

അഡ്വക്കറ്റ് ജനറൽ ഓഫീസ് എന്ന ഭരണഘടനാ സ്ഥാപനത്തെയും, സർക്കാർ തന്നെ നിയമിച്ച അഭിഭാഷകരെയും വിശ്വാസമില്ലാത്തതുകൊണ്ടാണോ പുതിയ തസ്തികസൃഷ്ടിച്ച് ഒരാളെ കുടിയിരുത്തിയതെന്ന് വ്യക്തമാക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാത്രമല്ല അഡ്വക്കറ്റ് ജനറലിനെ കൂടാതെ ഡോ. എൻ കെ ജയകുമാറിനെ നിയമോപദേശകനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിച്ചിട്ടുമുണ്ട്.ഡൽഹിയിൽ കേരളത്തിൻെ ലെയ്സൺ ഓഫീസറായി മുൻ എം പി സമ്പത്തിനെ ക്യാബിനറ്റ് റാങ്കിൽ ശമ്പളത്തോടെ നിയമിച്ച നടപടിക്ക് പിന്നാലെയാണ് ലക്ഷങ്ങൾ ശമ്പളം നൽകി ഹൈക്കോടതിയിൽ ഒരു ലെയ്സണ് ഓഫീസറെ നിയമിച്ചത്.

ന്യൂഡൽഹിയിൽ കേരളാ ഹൗസിൽ റസിഡൻസ് കമ്മീഷണറുടെ മേൽ നോട്ടത്തിൽ 2007 മുതൽ ഒരു എം പി സെൽ പ്രവർത്തിക്കുന്നുണ്ടന്ന് എം എൽ എമാരായ പി കെ അബ്ദുൾ റബ്ബ്, എം ഉമ്മർ, ഡോ എം കെ മുനീർ എന്നിവരുടെ ചോദ്യത്തിന് നിയമസഭയിൽ സർക്കാർ ഉത്തരം നൽകിയിരുന്നു. ഇത് നിലനിൽക്കെയാണ് വീണ്ടും മുൻ എം പി സമ്പത്തിന് കാബിനറ്റ് റാങ്കും ശമ്പളവും, ജീവനക്കാരുമായി പുതിയ നിയമനം നൽകിയത്. സംസ്ഥാനം പ്രളയക്കെടുതിയിൽ നട്ടം തിരിയുകയും സാമ്പത്തിക പ്രതിസന്ധിമൂലം കാര്യമായ സഹായങ്ങൾ ഒന്നും ദുരിതബാധിതർക്ക് നൽകാൻ സർക്കാരിന് കഴിയാതിരിക്കുകയും ചെയ്യുന്ന അവസരത്തിലാണ് ലക്ഷക്കണക്കിന് രൂപ പുതിയ തസ്തികകൾ നിർമ്മിച്ച് കൊണ്ട് സർക്കാർ ധൂർത്തടിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമോപദേഷ്ടാവിനു പുറമേ സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസറുടെ തസ്തിക സൃഷ്ടിക്കാൻ കഴിഞ്ഞമാസം മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണ് പുതിയ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. കൊച്ചിയിലെ അഡ്വക്കേറ്റ് ജനറൽ ഓഫീസുമായി ബന്ധപ്പെട്ടാണ് സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസർ പ്രവർത്തിക്കുക. അവിടെ പ്രത്യേക ഓഫീസും ഒരുക്കും. ഇതിന് വേറെ ചെലവുകളും വരും. രണ്ട് നിയന്ത്രണ കേന്ദ്രങ്ങളും ഫലത്തിൽ ഉടലെടുക്കും. ഇതെല്ലാം കേസുകളെ പ്രതികൂലമായി ബാധിക്കും. ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡറുടെ സേവന, വേതന വ്യവസ്ഥകളാണ് ലെയ്‌സൺ ഓഫീസർക്കും നിശ്ചയിച്ചിട്ടുള്ളത്. വേതനമായി 76,000, ടെലിഫോൺ, ഇന്റർനെറ്റ് ബത്ത എന്നിവയായി ആയിരം, യാത്രാബത്തയായി 19,000, അനുകാലിക പ്രസിദ്ധീകരണങ്ങൾക്കും പുസ്തകങ്ങൾക്കുമായി 14,000 രൂപയും അടങ്ങുന്നതാണ് മൊത്തശമ്പളം. എന്തിനാണ് ഈ നിയമനം എന്ന ചോദ്യത്തിന് ഇനിയും സർക്കാരിന് കൃത്യമായ ഉത്തരമില്ല.

സാധാരണ കേരളത്തിലെ മുഖ്യമന്ത്രിമാർ നിയമോപദേഷ്ടാവിനെ നിയമിക്കുക പതിവില്ല. അഡ്വക്കേറ്റ് ജനറലിനെയാണ് നിയമിക്കാറുള്ളത്. ഈ പതിവ് തെറ്റിച്ചാണ് ഡോ എൻകെ ജയകുമാറാണ് നിയമോപദേഷ്ടാവ്. കോലിയക്കോട് കൃഷ്ണൻ നായരുടെ അടുത്ത ബന്ധവുമാണ് ഇദ്ദേഹം. തുടക്കത്തിൽ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ഇദ്ദേഹം. പിന്നീട് നിയമോപദേഷ്ടാവായി മാറി. ഇത്തരത്തിലൊരു വ്യക്തിയുള്ളപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമോപദേഷ്ടാവിനു പുറമേ സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസറുടെ തസ്തിക സൃഷ്ടിച്ചത്. എന്നാൽ ഇയാൾക്ക് ഓഫീസ് അനുവദിച്ചതുകൊച്ചിയിലെ അഡ്വക്കേറ്റ് ജനറൽ ഓഫീസിലും. അഡ്വക്കേറ്റ് ജനറലുള്ളപ്പോൾ ഇതിന്റെ ആവശ്യമില്ലെന്ന് ഏവരും സമ്മതിക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായണ് അഡ്വ എ വേലപ്പൻ നായർ.

കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന അഡ്വ. എ. വേലപ്പൻ നായരെ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ലെയ്സൺ ഓഫീസറായി നിയമിക്കാൻ ജൂലൈ ഏഴിനാണ് തീരുമാനിച്ചത്. ഇതിന്റെ ഉത്തരവാണ് ഇപ്പോൾ പുറത്തു വന്നത്. ഖജനാവിന് നഷ്ടമുണ്ടാക്കാമെന്നല്ലാതെ മറ്റൊന്നിനും ഇത് ഗുണകരമാകില്ലെന്നതാണ് വസ്തുത. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ക്യാബിനറ്റ് റാങ്കോടെ സമ്പത്തിനെ ഡൽഹിയിൽ നിയമിച്ചത് രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു. നിയമനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തു. സമ്പത്ത് പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്‌കരിക്കുമെന്നാണ് യുഡിഎഫ് എംപിമാരുടെ നിലപാട്. ഇതിന് സമാനമാണ് ഇപ്പോഴത്തെ നിയമനവും. നേരത്തെ ചീഫ് വിപ്പ് പദവി സിപിഐ ഏറ്റെടുത്തതും ചർച്ചയായിരുന്നു. സാമ്പത്തിക ദുരിതത്തിന്റെ പേരിൽ ഒരിക്കൽ വേണ്ടെന്ന വച്ച പദവിയാണ് സിപിഐ പിന്നീട് ഏറ്റെടുത്തത്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫ് നിമയനവും വിവാദത്തിലാണ്. മാധ്യമ പ്രവർത്തന മേഖലയിൽ നിന്നുള്ള നാലു പേർ സ്റ്റാഫിലുണ്ട്. ഉപദേഷ്ടാക്കളായി ജോൺ ബ്രിട്ടാസും പ്രഭാ വർമ്മയും. ഇതിൽ ജോൺ ബ്രിട്ടാസ് ശമ്പളമോ മറ്റ് ആനുകൂല്യമോ വാങ്ങുന്നില്ല. ദേശാഭിമാനിയിലെ മുൻ ജീവനക്കാരായ പിഎം മനോജ്, പ്രഭാവർമ്മ, അബൂബേക്കർ എന്നിവർക്ക് വേതനമുണ്ട്. ഇത്രയേറെ മാധ്യമ പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഓഫീസിന് ആവശ്യമുണ്ടോ എന്ന ചോദ്യം പല ഘട്ടത്തിലും സജീവമായിരുന്നു. എന്നാൽ മറുപടി പറയാതെ അവഗണിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇതിന് പുറമേയാണ് ഇപ്പോൾ നിയമ ലെയ്സൺ ഓഫീസറുടെ നിയമനവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP