Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ചരിത്രത്തിലാദ്യമായി മക്കയിലെ വിശുദ്ധ പള്ളിയിൽ ജനത്തിരക്കില്ലാതെ റമദാൻ നമസ്‍കാരം; പള്ളികളിലെ നമസ്‍കാരവും കൂട്ട പ്രാ‍ർഥയും ഇല്ല; റമദാനിലെ പ്രധാന ചടങ്ങുകളിൽ ഒന്നായ സമൂഹ നോമ്പ് തുറയും ഇക്കുറി പഴങ്കഥ; ലോകത്തിന്റെ രക്ഷയ്ക്കായി വീടുകളിരുന്ന് പ്രാർത്ഥിക്കാൻ നിർദ്ദേശിച്ച് മതനേതാക്കൾ; ​ഗൾഫ് നാടുകളിൽ ഇന്ന് ആരംഭിച്ചത് സമാനതകളില്ലാത്ത റമദാൻ മാസം

ചരിത്രത്തിലാദ്യമായി മക്കയിലെ വിശുദ്ധ പള്ളിയിൽ ജനത്തിരക്കില്ലാതെ റമദാൻ നമസ്‍കാരം; പള്ളികളിലെ നമസ്‍കാരവും കൂട്ട പ്രാ‍ർഥയും ഇല്ല; റമദാനിലെ പ്രധാന ചടങ്ങുകളിൽ ഒന്നായ സമൂഹ നോമ്പ് തുറയും ഇക്കുറി പഴങ്കഥ; ലോകത്തിന്റെ രക്ഷയ്ക്കായി വീടുകളിരുന്ന് പ്രാർത്ഥിക്കാൻ നിർദ്ദേശിച്ച് മതനേതാക്കൾ; ​ഗൾഫ് നാടുകളിൽ ഇന്ന് ആരംഭിച്ചത് സമാനതകളില്ലാത്ത റമദാൻ മാസം

മറുനാടൻ മലയാളി ബ്യൂറോ

ജിദ്ദ: സമാനതകളില്ലാത്ത റമദാൻ മാസമാണ് ആരംഭിച്ചിരിക്കുന്നത്. കൊവിഡ്29 വ്യാപനം ഭയന്ന് ആചാരങ്ങളിലും പ്രാർത്ഥനാ രീതികളിലും പോലും മാറ്റം വരുത്താൻ ലോകമെമ്പാടുമുള്ള വിശ്വാസ സമൂഹം നിർബന്ധിതരായിരിക്കുകയാണ്. സമൂഹ പ്രാർത്ഥനകളും നോമ്പ്തുറകളും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളും ഇല്ലാതെയാണ് ഈ നോമ്പുകാലം. ലോകത്തിന്റെ രക്ഷയ്ക്കായി വീടുകളിരുന്ന് പ്രാർത്ഥിക്കാനാണ് മതനേതാക്കളും ആഹ്വാനം ചെയ്‍തിരിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ ഗൾഫ് നാടുകളും കടുത്ത നിയന്ത്രണത്തിലാണ്. റമദാൻ പ്രമാണിച്ച് ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും അതൊന്നും മുൻകാലങ്ങളിലെ പുണ്യമാസത്തിലേതിന് തുല്യമല്ലെന്നാണ് വിശ്വാസികൾ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം ഒരു നോമ്പ് കാലം ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും ഇനിയൊട്ട് ഉണ്ടാകാൻ സാധ്യതയില്ലെന്നും അവർ പറയുന്നു.

ഇസ്ലാമിന്റെ ചരിത്രത്തിലാദ്യമായി മക്കയിലെ വിശുദ്ധ പള്ളിയിൽ ജനത്തിരക്കില്ലാതെ റമദാൻ നമസ്‍കാരം ഇന്ന് രാവിലെ നടന്നു. നമസ്‍കാരത്തിന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്‍ദുറഹ്മാൻ അൽസുദൈസ് നേതൃത്വം നൽകി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ടിരുന്ന മക്കയിലെയും മദീനയിലെയും വിശുദ്ധ പള്ളികളിൽ റമദാനിൽ നമസ്‍കാരത്തിന് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ പള്ളികളിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും മാത്രമാണ് പങ്കെടുക്കാൻ അനുമതിയുള്ളത്. പതിവ് റംസാനുകളിൽ നിന്ന് വ്യത്യസ്തമായി റക്അത്തുകളുടെ എണ്ണം പകുതിയായി കുറച്ചിട്ടുണ്ട്. ഖുനൂത്തിൽ കൊവിഡിൽ നിന്ന് രക്ഷതേടി പ്രത്യേക പ്രാർത്ഥനയും നടത്തി.

യുഎഇയിൽ ഇളവുകൾ

യുഎഇയിൽ ഓഫീസുകൾ ഭാഗികമായി തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ശാരീരിക അകലം പാലിച്ചുകൊണ്ടായിരിക്കണം പ്രവർത്തിക്കുന്നത്. അത്യാവശ്യ ജോലികൾക്ക് മാത്രമാണ് ഓഫീസ് തുറക്കാൻ അനുമതിയുള്ളത്. അല്ലാത്തവർ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് തുടരണം. തുറക്കുന്ന ഓഫീസുകളുടെ പ്രവേശനത്തിൽ ആരോഗ്യ പരിശോധന നടത്തണം. ജീവനക്കാരും സന്ദർശകരും ഉൾപ്പെടെ എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കണം. എല്ലാവരും മാസ്‍ക് ധരിക്കണം. കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് ശുചിയാക്കണം. ആളുകൾ തമ്മിൽ രണ്ട് മീറ്ററെങ്കിലും അകലം പാലിക്കണം. 30 ശതമാനം ജീവനക്കാർ മാത്രമെ ഓഫീസുകളിൽ എത്താവൂ.

ദുബായ് മെട്രോ ഉൾപ്പെടെ പൊതുഗതാഗതം ഞായാറാഴ്‍ച പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്‍സ് ആൻഡ് ട്രാൻസ്‍പോർട്ട് അഥോറിറ്റി അറിയിച്ചു. ശനിയാഴ്‍ച മുതൽ വ്യാഴാഴ്‍ച വരെ രാവിലെ ഏഴ് മുതൽ രാത്രി 11 വരെയായിരിക്കും മെട്രോ സർവീസ്. വെള്ളിയാഴ്‍ചകളിൽ രാവിലെ 10 മുതൽ 11 വരെയാണ് സർവീസ് ഉണ്ടാകുക. മെട്രോ ട്രെയിനുകളിലും സാമൂഹിക അകലം കർശനമായി പാലിക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളുടെ പ്രവേശനത്തിൽ ആളുകളെ നിയന്ത്രിക്കാൻ സംവിധാനമുണ്ടാകും. ജീവനക്കാരും യാത്രക്കാരും നിർബന്ധമായും മാസ്‍ക് ധരിക്കണം.

ദുബായിലും അബുദാബിയിലും മാളുകളും ഷോപ്പിങ് സെൻററുകളും നിയന്ത്രണ വിധേയമായി തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. ആളുകൾക്ക് മുൻകരുതൽ പാലിച്ചുകൊണ്ട് പുറത്തിറങ്ങാനും റംസാൻ മാസത്തിൽ അനുവാദമുണ്ട്. മാളുകളിൽ കുട്ടികൾക്കും പ്രായമായവർക്കും പ്രവേനശമുണ്ടാകില്ലെന്ന് ദുബായ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് ഉന്നതസമിതി അറിയിച്ചു. മാളുകളും ഷോപ്പിങ് സെൻററുകളും ദിവസവും 10 മണിക്കൂറാണ് തുറക്കു. മാളുകളിൽ വിനോദ പരിപാടികളൊന്നും ഉണ്ടാകില്ല. മാസ്‍ക് ധരിക്കാത്തവർക്ക് പ്രവേശനം അനുവദിക്കില്ല. ഉൾക്കൊള്ളാവുന്നതിന്റെ 30 ശതമാനം ആളുകളെ മാത്രമെ പ്രവേശിപ്പിക്കാവൂ എന്നും നിർദേശമുണ്ട്. ദുബായ് ഫൗണ്ടൻ ഉൾപ്പെടെയുള്ള സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രങ്ങൾ അടച്ചിടുന്നത് തുടരും.

അണുവിമുക്തമാക്കൽ സമയം മാറ്റി

റമദാൻ മാസത്തിൽ ആളുകൾക്ക് പുറത്തിറങ്ങാൻ ദുബായിൽ പ്രത്യേക അനുമതി വേണ്ട. ഈ സാഹചര്യത്തിൽ ദേശീയ അണുനശീരകണ പദ്ധതിയുടെ സമയം മാറ്റി. രാത്രി എട്ട് മുതൽ രാവിലെ ആറ് വരെയായിരുന്നു അണുവിമുക്തമാക്കൽ നടന്നത്. റമദാൻ മാസത്തിൽ ഇത് രാത്രി 10 മുതൽ രാവിലെ ആറ് വരെയാണ് നടക്കുകയെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുൻകരുതൽ നടപടികൾ സ്വീകരിച്ചുകൊണ്ട് ദുബായിലെ വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. കോഓപ്പറേറ്റീവ് സൊസൈറ്റികളും ഗ്രോസറി ഷോപ്പുകളും ഫാർമസികളും സൂപ്പർമാർക്കറ്റുകളും 24 മണിക്കൂറും തുറക്കും. മാംസം, മത്സ്യം, പച്ചക്കറി, പഴങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ വിൽക്കുന്ന കടകൾ രാവിലെ ആറ് മുതൽ രാത്രി 10 വരെ തുറക്കും. എന്നാൽ സാമൂഹിക അകലം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം പ്രവർത്തിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അത്യാവശ്യമില്ലെങ്കിൽ വീടുകളിൽ നിന്ന് പുറത്തിറങ്ങാതിരിക്കാൻ ആളുകൾ ശ്രദ്ധിക്കണമന്നും നിർദേശിച്ചിട്ടുണ്ട്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണം. പുറത്തിറങ്ങേണ്ട അത്യാവശ്യമുണ്ടായാൽ മാസ്‍കും ഗ്ലൗവ്സും ധരിച്ച് മാത്രമേ പോകാവൂ.

വ്യത്യസ്തമായ നോമ്പുകാലം

മുസ്ലിങ്ങളെ സംബന്ധിച്ച് വ്യത്യസ്‍തമായ വ്രതകാലത്തിനാണ് വെള്ളിയാഴ്‍ച തുടക്കം കുറിച്ചത്. പള്ളികളിലെ നമസ്‍കാരവും കൂട്ട പ്രാ‍ർഥയും റമദാനിൽ ഏറെ പ്രധാനമാണ്. മഹാമാരിയിൽ ലോകത്തെ രക്ഷിക്കുന്നതിനുള്ള കടുത്ത പോരാട്ടത്തിനിടയിൽ വീടുകളിലാണ് ഇത്തവണ ആളുകൾ നമസ്‍കാരവും പ്രാർത്ഥനയും നടത്തുന്നത്. ഇഫ്‍താർ വിരുന്നുകളിൽ വീട്ടിലുള്ളവർ മാത്രമെ പങ്കെടുക്കാവൂ എന്ന് നിർദേശമുണ്ട്. അടുത്ത ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഒരുമിച്ച് നോമ്പ് തുറക്കാം. എന്നാൽ 10 പേരിൽ കൂടുതൽ ഒത്തുകൂടരുത്. ഹസ്‍തദാനവും ആശ്ലേഷവും ഒഴിവാക്കണം. പ്രാർത്ഥനകൾക്കായി പൊതുസ്ഥലത്ത് ഒത്തുകൂടരുതെന്ന് നിർദേശമുണ്ട്. ഒരു വീട്ടിൽ താമസിക്കുന്നവർ മാത്രമെ ഒരുമിച്ച് പ്രാർത്ഥിക്കാവൂ. ഭക്ഷണം പങ്കുവെച്ച് കഴിക്കരുതെന്നും പുറത്തുള്ളവർക്ക് നൽകരുതെന്നും നിർദേശമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP