Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാലിൽ കുളിക്കുന്ന റാം പാൽ; മരിച്ചിട്ടും തിരിച്ചു വരവിനായി ഫ്രീസറിൽ കഴിയുന്ന അശുതോഷ്: അടിപൊളി വേഷത്തിൽ വിശ്വാസികളെ അനുഗ്രഹിക്കുന്ന രാധേമാ: ആയിരം കോടിയിലധികം ആസ്തിയുള്ള ആസാറാം ബാപ്പു: റോക്കിങ് സാമി റാം റഹിമിന്റെ മുൻഗാമികളുടെ കഥകൾ കേട്ടാൽ ആരും ഞെട്ടും

പാലിൽ കുളിക്കുന്ന റാം പാൽ; മരിച്ചിട്ടും തിരിച്ചു വരവിനായി ഫ്രീസറിൽ കഴിയുന്ന അശുതോഷ്: അടിപൊളി വേഷത്തിൽ വിശ്വാസികളെ അനുഗ്രഹിക്കുന്ന രാധേമാ: ആയിരം കോടിയിലധികം ആസ്തിയുള്ള ആസാറാം ബാപ്പു: റോക്കിങ് സാമി റാം റഹിമിന്റെ മുൻഗാമികളുടെ കഥകൾ കേട്ടാൽ ആരും ഞെട്ടും

വിശ്വാസത്തിന്റെ പേരിൽ ആളുകളെ കയ്യിലെടുക്കാൻ സ്വാമിമാരോളം കഴിവ് മറ്റാർക്കുമില്ല. വിശ്വാസവും ഭക്തിയും പറഞ്ഞ് അനുയായികുളെ സൃഷ്ടിക്കുകയും ഇത് വഴി കോടികൾ മുക്കുകയും ചെയ്യുന്ന അനേകം സ്വാമിമാർ നമ്മുടെ രാജ്യത്തുണ്ട്. പലർക്കും ഇത് തങ്ങളുടെ അഴിമതിയും വൃത്തികേടുകളും മറക്കാനുള്ള ഒരു മാർഗമാണ്. പീഡനവും വേശ്യാവൃത്തിയും കൂട്ടിക്കൊടുപ്പിനും മറയാക്കി ചിലർ ഇതിനെ മാറ്റുന്നു.

പലപ്പോഴും നമ്മുടെ നീതി പീഠവും ഭരണ കൂടവും ഇതിന് മുമ്പിൽ കാഴ്‌ച്ചക്കാരായി നിൽക്കാറുണ്ട്. ഈ ആൾദൈവങ്ങൾക്കെതിരെ ആരെങ്കിലും തിരിഞ്ഞാൽ ചാകാനും ഈ അനുയായികൾ തയ്യാറാണ്. ഇത്തരത്തിൽ ഭക്തർക്കിടയിൽ വലിയ സ്വാധീനമുള്ള ആൾ ദൈവമായിരുന്നു ദേര സച്ചാ സൗദ തലവനുമായ ഗുർമീത് റാം റഹിം സിങ് മാനഭംഗക്കേസിൽ കുറ്റക്കാരനാണെന്നു വെള്ളിയാഴ്ച പ്രത്യേക സിബിഐ കോടതി വിധിച്ചു. ഹരിയാനയിലെ സിർസയിലെ ദേര ആശ്രമത്തിൽ 15 വർഷം മുൻപ് വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണു ഇയാൾ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. ഗുർമീത് പിടിയിലായതോടെ ഇന്നലെ രാജ്യത്തെ തന്നെ ചുട്ട് ചാമ്പലാക്കാൻ ഉറച്ചാണ് അനുയായികൾ ആയുധങ്ങളുമായി ഇറങ്ങിയത്.

ആൾ ദൈവങ്ങൾ നമ്മുടെ രാജ്യത്ത് വാഴുന്നത് ഇന്നും ഇന്നലെയോ അല്ല. ഇവർ ഒന്നോ രണ്ടോ പേരിൽ ഒതുങ്ങുന്നുമില്ലെന്നതാണ് സത്യം. പീഡനകേസുകളിലും തട്ടിപ്പുകളിലും പെട്ട് നിരവധി ആൾ ദൈവങ്ങളാണ് പലയിടങ്ങളിലും ജയിലിൽ കഴിയുന്നത്. ഇവരിൽ 1896ൽ ജനിച്ച നേതാജിയുടെ അവതാരം എന്ന് സ്വയം വിശേഷിപ്പിച്ച ജയ് ഗുരുദേവ് മുതൽ അടിപൊളി മേക്ക് അപ്പിൽ എത്തുന്ന രാധേ മാ വരെ പെടുന്നു.

വിശ്വാസവും ഭക്തിയുമായിരുന്നു അവരുടെ ആൾമറ. ആ കപടതയുടെ കോട്ടയ്ക്കകത്ത് അവർ ദൈവങ്ങളെപ്പോലെ വാണരുളി. സ്വാധീനവും പണവും ഇഷ്ടംപോലെ. മരിക്കാനും കൊല്ലാനും തയാറായി ചുറ്റിലും പതിനായിരങ്ങൾ. പിന്നെന്തുവേണം? അപ്പക്കഷണങ്ങൾ കൊടുത്ത് അനുയായികളെ പ്രീണിപ്പിച്ചു. പല കൊള്ളരുതായ്മകൾക്കും വിശ്വാസത്തെ മറയാക്കി.

പക്ഷേ, പ്രതീക്ഷയുടെ പച്ചതുരുത്തായി കോടതിയും നിയമവും പലപ്പോഴും വെളിച്ചംകാട്ടി; ആൾദൈവങ്ങളുടെ പൊയ്മുഖങ്ങൾ അഴിഞ്ഞുവീണു. ആൾദൈവവും ദേര സച്ചാ സൗദ തലവനുമായ ഗുർമീത് റാം റഹിം സിങ് മാനഭംഗക്കേസിൽ കുറ്റക്കാരനാണെന്നു വെള്ളിയാഴ്ച പ്രത്യേക സിബിഐ കോടതി വിധിച്ചു. ഹരിയാനയിലെ സിർസയിലെ ദേര ആശ്രമത്തിൽ 15 വർഷം മുൻപ് വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണു ഇയാൾ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. കുപ്രസിദ്ധ ആൾദൈവങ്ങളുടെ പട്ടികയിലേക്ക് ഒരാൾ കൂടി. ആളുകളെ വെടിപ്പായി പറ്റിച്ച വ്യാജസിദ്ധരിൽ ചിലരെ പരിചയപ്പെടാം.

പാലിൽ കുളിക്കും എതിർക്കുന്ന വരെ ചോരലിയും കുളിപ്പിക്കുന്ന റാംപാൽ മഹാരാജ്
സ്വന്തം നിയമാവലികളുമായി ഹിസാറിലെ ആയിരം ഏക്കർ ആശ്രമ സമുച്ചയത്തിലാണ് റാംപാൽ മഹാരാജ് ചക്രവർത്തിയായി വാണത്. ഹരിയാന വൈദ്യുതി വകുപ്പിലെ ജോലി നഷ്ടപ്പെടുത്തിയാണ് റോഹ്തക് ജില്ലക്കാരനായ റാംപാൽ ആത്മീയതയിലേക്കു കൂടുമാറിയത്. നിത്യവും പാലിൽ കുളി. എതിർക്കുന്നവരെ കൊന്ന് ചോരയിൽ കുളിപ്പിക്കും.

സർക്കാർ ജോലിയിൽ നിന്നും ആത്മീയതയിലേക്ക് ചുവട് മാറിയ റാം പാലിന്റെ തീരുമാനം തെല്ലും പിഴച്ചില്ല. നിരവധി അനുയായികൾ, കോടികളുടെ സ്വത്ത്. സർവ്വ സൗഭാഗ്യങ്ങൾക്കിടയിലും കാട്ടിക്കൂട്ടിയത് ചില്ലറ അനീതികളല്ല. 2014 മുതൽ കക്ഷി ഹിസാർ സെൻട്രൽ ജയിലിലാണ്. കൊലപാതകം ഉൾപ്പെടെ 30 കേസുകളിലെ പ്രതി. ആരെയും പേടിയില്ലാത്ത ആൾദൈവമായി റാംപാൽ വളർന്നത് 26 വർഷത്തിനുള്ളിൽ. ഹരിയാനയിലെ മറ്റൊരു ഭരണസ്ഥാനമായിരുന്നു റാംപാലിന്റെ ആശ്രമം.

ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഐടിഐ സർട്ടിഫിക്കറ്റുള്ള റാംപാൽ ആദ്യം ഹരിയാന സർക്കാരിൽ ജൂനിയർ എൻജിനീയറായി. പിന്നീടു കബീർ പാന്ഥി അനുയായി. അവസാനം റോഹ്തക്കിന് അടുത്തുള്ള ഗ്രാമം കേന്ദ്രീകരിച്ച് ആത്മീയ പ്രവർത്തനം. ഇതിന്റെ മറവിൽ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, വൻ കവർച്ചകൾ തുടങ്ങിയ കേസുകളിലെ പ്രതികളുടെ ഒളിത്താവളമാണ് ആശ്രമം.

ഏകദേശം 4000 പേരുടെ കമാൻഡോ സംഘം ആശ്രമസമുച്ചയത്തിനു കാവലൊരുക്കി. രാഷ്ട്രീയ സമാജ് സേവാ സമിതി (ആർഎസ്എസ്എസ്) എന്നാണു റാംപാൽ സേനയുടെ പേര്. 2014 നവംബറിലെ വിവാദങ്ങളാണു റാംപാലിനെ വാർത്തകളിൽ നിറച്ചത്. അറസ്റ്റു ചെയ്യാനുള്ള കോടതിവിധി നടപ്പാക്കാനെത്തിയ പൊലീസ് സംഘത്തെ റാംപാലിന്റെ കമാൻഡോകൾ ആട്ടിപ്പായിച്ചു. അർധസൈനിക വിഭാഗങ്ങൾക്കൊപ്പമാണു പിന്നീടു പൊലീസ് എത്തിയത്. അനുയായികളെ മതിലാക്കിയാണ് റാംപാൽ പ്രതികരിച്ചത്. ഒടുവിൽ സ്വാമിയുമായേ പൊലീസ് പുറത്തുവന്നുള്ളൂ. അക്രമത്തിന്റെ പേരിൽ അനുയായികളോടു മാപ്പിരന്നാണു റാംപാൽ ഹിസാർ ജയിലിലേക്കു പോയത്.

അടിപൊളി ലുക്കിൽ മേക്കപ്പ് റാണി രാധേ മാ
മുംബൈയിൽ രാധേ മായെ അറിയാത്തവർ കുറവായിരിക്കും. മേക്കപ്പ് വാരി തേച്ച് അടിപൊളി ലുക്കിൽ ഭക്തരെ അനുഗ്രഹിക്കുന്ന രാധേമായ്കത്ക് വിശ്വാസികൾ ഏറെയാണ്. പഞ്ചാബിലെ ഹോഷിയാർപുർ ജില്ലക്കാരിയായ സുഖ്വിന്ദർ കൗറാണു ചുവപ്പു വസ്ത്രങ്ങളണിഞ്ഞ മുംൈബയിലെ രാധേ മാ. വിവാഹത്തിനു ശേഷം തയ്യൽക്കാരിയായി. പിന്നീട് ആത്മീയതയിലേക്ക്. വിവാദത്തിൽപ്പെട്ടതോടെ മുംബൈയിലേക്ക് ചുവടു മാറ്റി.

ഭക്തരുടെ സ്വന്തം രാധേ മാ, ആടിപ്പാടുന്നതിലും മിടുക്കിയാണ്. സ്ത്രീധനം വാങ്ങാൻ പരാതിക്കാരുടെ ഭർത്താവിന്റെ വീട്ടുകാരെ രാധേ മാ നിർബന്ധിക്കുന്നതായാണു പരാതി. രാധേ മായുടെ ത്രിശൂലം വിമാനത്തിൽ കയറ്റാൻ അനുമതി നൽകാതിരുന്ന വിവാദവുമുണ്ടായി. സിനിമാഗാനങ്ങൾക്കു നൃത്തം ചെയ്യുന്നതും ഭക്തരെ വാരിപ്പുണരുന്നതുമാണു രാധേ മായുടെ രീതി.

രാഷ്ട്രീയക്കാരുടെ സ്വന്തം ചിത്രകൂടം സ്വാമി
രാഷ്ട്രീയക്കാരുടെയും വ്യവസായികളുടെയും കണ്ണിലുണ്ണിയാണ് ചിത്രകൂടം സ്വാമി. ഇച്ഛാധാരി സന്ത് സ്വാമി ഭീമാനന്ദ് മഹാരാജ് എന്നാണ് മുഴുവൻ പേരെങ്കിലും ചിത്രകൂടം സ്വാമിയെന്നു പറഞ്ഞാലേ എല്ലാവർക്കും മനസ്സിലാകൂ. കൂട്ടിക്കൊടുപ്പിന് ഇടനിലക്കാരനായി സജീവമായിരുന്ന സ്വാമിയെ 1997ൽ ലജ്പത് നഗറിൽനിന്ന് അറസ്റ്റു ചെയ്തു. ജയിൽ വിട്ടശേഷം ആത്മീയപാതയിലായി. ഡൽഹിഹരിയാന അതിർത്തിയിൽ കോടിക്കണക്കിനു രൂപയുടെ സ്വത്തു സമ്പാദിച്ചു. രാഷ്ട്രീയക്കാരും വ്യവസായ പ്രമുഖരും സ്വാമിയുടെ ആശ്രമങ്ങളിലേക്ക് ഒഴുകിയെത്തി. ആശ്രമം കേന്ദ്രീകരിച്ചു നക്ഷത്ര വേശ്യാലയം നടത്തുന്നെന്ന പേരിൽ പിന്നീട് അറസ്റ്റിലായി.

ആയിരം കോടിയുടെ ആസാറാം ബാപ്പു
വെളുത്തുനീണ്ട താടിയും വെള്ള വസ്ത്രവും ധരിക്കുന്ന 76കാരനാണ് അസാറാം ബാപു. 2013ൽ, പതിനാറുകാരിയെ മാനഭംഗപ്പെടുത്തിയതിനു പൊലീസ് അറസ്റ്റ് ചെയ്തു. ചീത്ത ആത്മാക്കളെ കുട്ടിയുടെ ശരീരത്തിൽനിന്നു മോചിപ്പിക്കുകയാണു ചെയ്‌തെന്നാണ് അസാറാം ബാപു പറഞ്ഞത്. ഒട്ടേറെ രാഷ്ട്രീയനേതാക്കളുടെ ഇഷ്ടതോഴനായിരുന്നു അസാറാം.

അസാറാമിന്റെ യഥാർഥ പേര് അസുമൽ സിരുമലാനി, ജനനം 1941 ഏപ്രിൽ 17. ആസ്ഥാനം ഗുജറാത്തിലെ അഹമ്മദാബാദ്. ആശ്രമങ്ങളും ഗുരുകുലങ്ങളും ദേശത്തും വിദേശത്തും ധാരാളം. ആദ്യ ആശ്രമം സ്ഥാപിച്ചത് 1970ൽ. ഏകദേശം നാലു പതിറ്റാണ്ടിനിടെ സമ്പാദിച്ചു കൂട്ടിയത് ആയിരക്കണക്കിനു കോടി രൂപ. ഭാര്യ: ലക്ഷ്മി ദേവി. മക്കൾ: നാരായൺ പ്രേം സായ്, ഭാരതി ദേവി.

സാക്ഷികളെ കൊലപ്പെടുത്തിയ കേസിൽ അസാറാമിന്റെ സുരക്ഷാജീവനക്കാരനും വെടിവയ്പു വിദഗ്ധനുമായ കാർത്തിക് ഹൽദറെ ഗുജറാത്ത് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ലൈംഗിക ചിന്തകൾ ഒഴിവാക്കി ധാർമിക ജീവിതം നയിക്കണമെന്ന് അനുയായികളെ ഉദ്‌ബോധിപ്പിക്കാറുള്ള സ്വാമിയാണ് പീഡനക്കേസിൽ അറസ്റ്റിലായത് എന്നതു വിരോധാഭാസമാകാം.

ആനന്ദത്തിൽ ആറാടി സ്വാമി നിത്യാനന്ദ
തെന്നിന്ത്യൻ നടിയുമൊത്തുള്ള ലൈംഗിക ദൃശ്യങ്ങൾ വന്നതോടെയാണ് 2010ൽ സ്വാമി നിത്യാനന്ദയുടെ പൂച്ച് പുറത്തുചാടിയത്. ഇതിനുപിന്നാലെ നിരവധി സ്ത്രീകൾ പരാതിയുമായെത്തി. ദക്ഷിണേന്ത്യയിലെ പ്രശസ്തനായ സ്വാമി രണ്ടുമാസത്തോളം അഴിക്കുള്ളിലായി. തന്റെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചാണ് സ്വാമി തടി തപ്പിയത്. വിഡിയോ തന്റേതുതന്നെയെന്നു പറഞ്ഞ നടി പിന്നീട് സന്യാസം സ്വീകരിച്ചു. കാർമികത്വം വഹിച്ചതു മറ്റാരുമല്ല, സ്വാമി നിത്യാനനന്ദതന്നെ. യുഎസിൽ ഉൾപ്പെടെ ആശ്രമങ്ങളുള്ള സ്വാമി ഇപ്പോഴും ആത്മീയതയിൽ സജീവമാണ്.

കേട്ടാൽ നല്ല ബഹുമാനം തോന്നും, സ്വാമി സദാചാരി. പക്ഷെ, പേരിൽ മാത്രമേ സദാചാരമുള്ളൂ. ലൈംഗിക കേന്ദ്രം നടത്തുന്നതിന്റെ പേരിലാണ് സ്വാമി സദാചാരി അറസ്റ്റിലായത്. മനുഷ്യക്കടത്ത് കേസിലും പങ്കുണ്ട്. ഒരു കാലത്തു ഡൽഹിയിലെ രാഷ്ട്രീയ നേതാക്കൾക്കു പ്രിയങ്കരനായിരുന്നു.

നേതാജിയുടെ പുനരവതാരം ജയ് ഗുരുദേവ്
നേതാജിയുടെ പുനരവതാരമെന്നാണ് ജയ് ഗുരുദേവ് എന്ന തുൾസിദാസിന്റെ അവകാശവാദം. 1896ൽ ജനിച്ച് 2012ൽ മരിച്ചുവെന്നാണു വിശ്വാസികൾ പറയുന്നത് അതായത് 116 വയസ്സ്. തുൾസിദാസ് ജനിച്ച് അധികം വൈകാതെ മാതാപിതാക്കൾ മരിച്ചു. അനാഥനായി ഏഴാം വയസ്സിൽ ക്ഷേത്രങ്ങളും ഗുരുദ്വാരകളും സന്ദർശിച്ചു. ഒടുവിൽ അലിഗഢിലെ ചിരൗലി എന്ന ഗ്രാമത്തിലെ ഗുരു ഘൂരേലാലിന്റെ അനുയായി ആയി പിന്നീട് അറിയപ്പെട്ടു.

സ്വാതന്ത്ര്യസമരകാലത്തു നേതാജിയെ കണ്ടതായും അവകാശപ്പെടുന്നു. ഘൂരേലാൽ 1950ൽ മരിച്ചപ്പോൾ മറ്റുള്ളവരുടെ സുഖത്തിനായി പ്രവർത്തിക്കാനാണു തുൾസിദാസിനോട് ആവശ്യപ്പെട്ടത്. പിന്നീട്, വാരാണസി കേന്ദ്രമാക്കി ആത്മീയപ്രഭാഷണം നടത്തി. യുപിയിലെ കാൻപുരിൽ നേതാജിയുടെ 78ാം ജന്മദിനത്തിൽ ജയ് ഗുരുദേവ് എന്ന പേരു സ്വീകരിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു നാലാം ദിവസം ഗുരുവിനെ അറസ്റ്റു ചെയ്തു. ജയിലിലും അനുയായികളായതോടെ മാറിമാറി പാർപ്പിച്ചു. 1977ൽ മോചിതനായി.

ജയ് ഗുരുദേവിന്റെ സംഘടനയും ആശ്രമവും രാജ്യമെങ്ങും വ്യാപിച്ചു. പണവും പ്രശസ്തിയും വർധിച്ചു. 1980 മാർച്ച് 24നു രാഷ്ട്രീയ പാർട്ടി ദൂർ ദർശി പാർട്ടി രൂപീകരിച്ചു. രാഷ്ട്രീയത്തിൽ പച്ചപിടിച്ചില്ലെങ്കിലും രാഷ്ട്രീയക്കാരുടെ പ്രിയ കൂട്ടുകാരനായി. കോൺഗ്രസ് നേതാവ് ഇന്ദിരാഗാന്ധിയും സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ് യാദവും ഉൾപ്പെടെയുള്ള സൗഹൃദവലയം സൃഷ്ടിച്ചു. ഗുരുവിന്റെ കാലത്ത് ആശ്രമത്തിലെ വരുമാനം ദിവസം 12 ലക്ഷം രൂപ. പണവും മറ്റു സമ്പാദ്യങ്ങളുടെയും മൂല്യം 4000 കോടി രൂപയിൽ അധികം.

മരിച്ചിട്ടും തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ അശുതോഷ്
മരിച്ചിട്ടും മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ് അനുയായികൾ. പഞ്ചാബിലെ ഗുരു അശുതോഷ് മഹാരാജിനാണ് ഇങ്ങനെയൊരു ഭാഗ്യം. ഗുരുവിന്റെ തിരിച്ചുവരവു കാത്തിരിക്കുകയാണ് വിശ്വാസികൾ. ഒരു വിഭാഗം പറയുന്നതു ഹിമാലയത്തിനു തുല്യമായ തണുപ്പിൽ ഗുരു ധ്യാനിക്കുകയാണെന്ന്. കോടതി ഇടപെട്ടിട്ടും അശുതോഷിന്റെ മൃതദേഹം സംസ്‌കരിക്കാനായില്ല. ബിഹാറിലെ ബ്രാഹ്മണ കുടുംബത്തിലാണു മഹേഷ് കുമാർ ഝാ എന്ന അശുതോഷ് ജനിച്ചത്. 1973 ൽ വീടുവിട്ടിറങ്ങി.

പഞ്ചാബിലെ നൂർമഹലിൽ ദിവ്യ ജ്യോതി ജാഗ്രതി സൻസ്ഥാൻ സ്ഥാപിച്ചു. 15 രാജ്യങ്ങളിൽ സംഘടനയ്ക്ക് ഓഫിസുകളുണ്ട്. ഏകദേശം 1000 കോടിയുടെ സ്വത്തും അശുതോഷിന്റെ പേരിലുണ്ട്. 2014 ജനുവരി 29നാണു ഹൃദയാഘാതത്തെ തുടർന്ന് അശുതോഷ് മരിച്ചത്. ഡോക്ടർമാർ അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു. പിന്നീടായിരുന്നു നാടകം. അദ്ദേഹത്തിന്റെ അനുയായികൾ മരണം അംഗീകരിച്ചില്ല. അശുതോഷിനെ ഇരുത്തിയ ഫ്രീസറുള്ള മുറിയിൽ പൊതുജനങ്ങൾക്കു പ്രവേശനമില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP