Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൂന്നാർ മുതൽ ഇങ്ങോട്ട് തുടങ്ങിയതാണ് വേട്ട; സഞ്ജീവ് ഭട്ടിന് തടവ് ശിക്ഷ വിധിച്ച അന്ന് തന്നെ ഇത്തരത്തിലൊരു നീക്കം ഉണ്ടായത് വിരൽ ചൂണ്ടുന്നത് സംവിധാനത്തിന്റെ പരാജയം; ഗോഡ് ഫാദർമാരുള്ളവർക്ക് മാത്രമാണ് സംരക്ഷണം; അടി കൊണ്ട പൊലീസുകാരനാണെങ്കിലും ജേക്കബ് തോമസാണെങ്കിലും അഴിമതിക്ക് കൂട്ട് നിന്നില്ലെങ്കിൽ ഭവിഷ്യത്ത് ഉറപ്പ്; അകപ്പെട്ടിരിക്കുന്നത് വലിയൊരു പ്രതിസന്ധിയിൽ; പുറത്താക്കൽ നീക്കത്തെ കടന്നാക്രമിച്ച് രാജുനാരായണ സ്വാമി; വിവാദം ആളിക്കത്തിച്ച് മുതിർന്ന ഐഎഎസുകാരന്റെ പ്രതികരണം

മൂന്നാർ മുതൽ ഇങ്ങോട്ട് തുടങ്ങിയതാണ് വേട്ട; സഞ്ജീവ് ഭട്ടിന് തടവ് ശിക്ഷ വിധിച്ച അന്ന് തന്നെ ഇത്തരത്തിലൊരു നീക്കം ഉണ്ടായത് വിരൽ ചൂണ്ടുന്നത് സംവിധാനത്തിന്റെ പരാജയം; ഗോഡ് ഫാദർമാരുള്ളവർക്ക് മാത്രമാണ് സംരക്ഷണം; അടി കൊണ്ട പൊലീസുകാരനാണെങ്കിലും ജേക്കബ് തോമസാണെങ്കിലും അഴിമതിക്ക് കൂട്ട് നിന്നില്ലെങ്കിൽ ഭവിഷ്യത്ത് ഉറപ്പ്; അകപ്പെട്ടിരിക്കുന്നത് വലിയൊരു പ്രതിസന്ധിയിൽ; പുറത്താക്കൽ നീക്കത്തെ കടന്നാക്രമിച്ച് രാജുനാരായണ സ്വാമി; വിവാദം ആളിക്കത്തിച്ച് മുതിർന്ന ഐഎഎസുകാരന്റെ പ്രതികരണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സർവ്വീസിൽ നിന്ന് പുറത്താക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പൊട്ടിത്തെറിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി രാജു നാരായണ സ്വാമി. സർവ്വീസിൽ നിന്ന് പുറത്താക്കാൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്ത വാർത്തയെക്കുറിച്ച് തനിക്കറിയില്ലെന്ന് രാജുനാരായണ സ്വാമി. അഴിമതിക്കാരെ രക്ഷിക്കാനാണെന്ന് രാജു നാരായണസ്വാമി. അമ്പത് വയസ് ആയ അഴിമതിക്കാരായ ഐഎഎസുകാരെ സർവ്വീസിൽ നിന്ന് നീക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് രാജു നാരായണ സ്വാമിക്കെതിരായ നീക്കം. എന്നാൽ രാജു നാരായണ സ്വാമിക്കെതിരെ വിജിലൻസ് കേസോ മറ്റ് നടപടികളോ ഉണ്ടായിട്ടില്ല. മോശം പ്രകടനവും ആരോപിക്കുന്നില്ല. എന്നിട്ടും രാജു നാരായണ സ്വാമിയെ ക്രൂശിക്കാനാണ് നീക്കം.

''മൂന്നാർ മുതൽ ഇങ്ങോട്ട് തുടങ്ങിയതാണ് തനിക്കെതിരെയുള്ള വേട്ട. സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച അന്ന് തന്നെ ഇത്തരത്തിലൊരു നീക്കം തനിക്കെതിരെയുണ്ടായത് സംവിധാനത്തിന്റെ പരാജയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഗോഡ് ഫാദർമാരുള്ളവർക്ക് മാത്രമാണ് സംരക്ഷണം ലഭിക്കുന്നത്. അഴിമതിക്കെതിരെ നിലപാടടെക്കുന്നവരുടെ ജീവിത മാർഗം മുട്ടിക്കുകയാണ്. ഇക്കാര്യത്തിൽ ആരെയും കുറ്റപ്പെടുത്തുന്നില്ല. അടി കൊണ്ട പൊലീസുകാരനാണെങ്കിലും ജേക്കബ് തോമസാണെങ്കിലും അഴിമതിക്ക് കൂട്ട് നിന്നില്ലെങ്കിൽ ഭവിഷ്യത്തുകൾ ഉണ്ടാകും'', രാജു നാരായണ സ്വാമി പറയുന്നു.

ഇത് അഴിമതിക്കെതിരെ താൻ നടത്തിയ പോരാട്ടത്തിനുള്ള സമ്മാനമാണെന്ന് പറഞ്ഞ സ്വാമി, സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് ആരോപിക്കുന്നു. മൂന്നാർ മുതൽ സർക്കാർ തന്നോട് പ്രതികാരം വീട്ടുകയാണ്, അഴിമതിക്കാരനായ ഉദ്യോഗസ്ഥരാണ് തനിക്കെതിരെ നടപടി എടുത്തിരിക്കുന്നത്. അഴിമതിക്കെതിരെ നടപടി എടുക്കുന്നവരെ തകർക്കും. അതാണ് സംഭവിക്കുന്നത്. നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്നും നാരായണസ്വാമിയെ മാർച്ചിൽ നീക്കിയിരുന്നു. ഇതിനെതിരെയുള്ള പരാതി കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ പരിഗണനയിലാണ്. കേസ് നിലവിലുള്ളത് മൂലമാണ് കേന്ദ്ര സർവ്വീസിൽ ചേരാത്തതെന്ന് പറഞ്ഞ നാരായണ സ്വാമി ഇക്കാര്യം ചീഫ് സെക്രട്ടറിയെ നേരത്തെ അറിയിച്ചിരുന്നുവെന്നും പറയുന്നു. ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തും പുറത്തു വിട്ടു.

28 വർഷമായി അഴിമതിക്കെതിരെ നടത്തിയ പോരാട്ടത്തിനുള്ള സമ്മാനമാണ് ഇതെന്ന് പറഞ്ഞ രാജു നാരായണസ്വാമി വികാരാധീനനായാണ് പ്രതികരണങ്ങൾ നൽകുന്നത്. നാളികേര വികസന ബോർഡ് ചെയർമാൻ എന്ന നിലയിൽ സ്വീകരിച്ച അഴിമതി വിരുദ്ധ നടപടികൾക്ക് ലഭിച്ച പ്രതിഫലമാണ് ഇതെന്നും വൻ അഴിമതിയാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം പറയുന്നു. നാളികേര വികസന ബോർഡിലെ അഴിമതിയെക്കുറിച്ച് വിശദമായി അന്വേഷണം നടത്തി സിബിഐക്ക് റിപ്പോർട്ട് നൽകിയിരുന്നുവെന്നും രാജു നാരായണ സ്വാമി വ്യക്തമാക്കുന്നു. ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ 2 വർഷം തികയുന്നതിന് തസ്തികയിൽ നിന്ന് നീക്കം ചെയ്യുന്നുവെങ്കിൽ അത് സംബന്ധിച്ച് ഉദ്യോഗസ്ഥന് മുൻകൂർ അറിയിപ്പ് നൽകണം, രാജു നാരായണ സ്വാമിയുടെ കാര്യത്തിൽ ഇതുണ്ടായില്ല. ഇതേ തുടർന്നാണ് നാരായണ സ്വാമി അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ പരാതി നൽകിയത്.

ആയിരക്കണക്കിന് അഴിമതികളിൽ നിന്ന് മുകൾ തട്ടിലുള്ളവയാണ് കണ്ടെത്തിയതെന്ന് പറഞ്ഞ നാരായണ സ്വാമി, താൻ തിരിച്ചെത്തിയാൽ ഇതിന് പിന്നിലുള്ള എല്ലാവരെയും കണ്ടെത്തുമെന്നതിനാലാണ് തനിക്കെതിരെ ഇത്തരത്തിൽ നടപടിയുണ്ടായത് എന്ന് അവകാശപ്പെടുന്നു. കഴിഞ്ഞ നാല് മാസമായി തനിക്ക് ശമ്പളം പോലുമില്ലെന്ന് നാരായണസ്വാമി പറയുന്നു. ഇക്കാര്യങ്ങളെല്ലാം സംസ്ഥാന സർക്കാരിനറിയാമെന്നും ഇത് സംബന്ധിച്ച് ഒരു മെമോ പോലും തനിക്ക് ഇത് വരെ ലഭിച്ചിട്ടില്ലെന്നും അവകാശപ്പെടുന്നു. രാജു നാരായണ സ്വാമിയെ സംസ്ഥാന സർക്കാർ പിരിച്ചുവിടാനൊരുങ്ങുന്നുവെന്നാണ് സൂചന. അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിലുള്ള ഇദ്ദേഹത്തെ പിരിച്ചുവിടാനുള്ള ശുപാർശ സംസ്ഥാന സർക്കാർ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് നൽകിയതായി റിപ്പോർട്ട്.

സർവീസ് കാലാവധി 10 വർഷം കൂടി ശേഷിക്കെയാണ് രാജുനാരായണ സ്വമിക്കെതിരെ സർക്കാർ നടപടിക്കൊരുങ്ങുന്നത്. കേരളത്തിന്റെ ശുപാർശ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം അംഗീകരിച്ചാൽ സംസ്ഥാനത്ത് പിരിച്ചുവിടപ്പെടുന്ന ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനാകും രാജു നാരായണ സ്വാമി. കേന്ദ്ര സംസ്ഥാന സർവീസുകളിലെ ഉയർന്ന് ഉദ്യോഗസ്ഥർ അടങ്ങിയ സമിതിയാണ് ഇദ്ദേഹത്തെ പിരിച്ചുവിടണമെന്ന തീരുമാനമെടുത്തത്. കേന്ദ്ര- സംസ്ഥാന സർവീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവർത്തിച്ചു, സുപ്രധാന തസ്തികകൾ വഹിക്കുമ്പോഴും ഓഫീസുകളിൽ പലപ്പോഴും ഹാജരായിരുന്നില്ല, കേന്ദ്ര സർവീസിൽ നിന്ന് തിരികെ എത്തിയത് സംസ്ഥാന സർക്കാരിനെ അറിയിച്ചില്ല,നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്തെ കാലാവധി പൂർത്തിയാക്കിയതിന് ശേഷം എവിടെയാണെന്നതിന് സർക്കാർ രേഖകളിലില്ല തുടങ്ങിയ കുറ്റങ്ങളാണ് രാജു നാരായണ സ്വാമിക്കെതിരെയുള്ളത്. ഇതെല്ലാം രാജു നാരായണ സ്വാമി നിഷേധിക്കുകയാണ്. എല്ലാം ചീഫ് സെക്രട്ടറിയെ അറിയിച്ചെന്നും രാജു നാരായണ സ്വാമി പറയുന്നു.

എസ്എൽസി, പ്രീഡിഗ്രി, ഗേറ്റ്, ഐഐടി, സിവിൽ സർവീസ് പരീക്ഷകളിൽ ഒന്നാം റാങ്ക് നേടിയ വ്യക്തിയാണ് രാജുനാരായണ സ്വാമി. സംസ്ഥാനത്ത് അഞ്ചുജില്ലകളിൽ കളക്ടറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. മൂന്നാറിൽ കൈയേറ്റം ഒഴിപ്പിക്കാനായി മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദൻ നിയോഗിച്ച ദൗത്യസംഘത്തിലെ അംഗമായിരുന്നു ഇദ്ദേഹം. കെ സുരേഷ് കുമാർ ഐഎഎസ്, ഋഷിരാജ് സിങ് ഐപിഎസ് എന്നവരായിരുന്നു മറ്റു സംഘാംഗങ്ങൾ. മുൻ മന്ത്രിയായിരുന്ന ടി.യു. കുരുവിളയുടെ ഭൂമി കുംഭകോണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത് രാജു നാരായണ സ്വാമിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP