Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

നിയമപോരാട്ടങ്ങളിൽ സന്തോഷിക്കുകയും ക്രൂശിക്കപ്പെട്ടവനും ഇരയാണെന്നും വരുത്തിതീർക്കാൻ ശ്രമിക്കുന്നതിന് തെളിവ് സർവീസ് ബുക്ക് റെക്കോഡ്; ജനങ്ങളെ സേവിക്കാൻ നൽകിയ അവസരങ്ങളെല്ലാം പാഴാക്കി; ജനങ്ങൾക്ക് ഒരു നേട്ടവും സേവനങ്ങളിൽനിന്ന് ഉണ്ടായിട്ടില്ല; സർവ്വീസിൽ മടങ്ങി എത്തിയില്ലെങ്കിൽ ജോലിയിൽ നിന്ന് രാജിവച്ചതായി കണക്കാക്കും; തിരികെ എത്താൻ ഇത് അവസാന അവസരം നൽകി കത്ത് നൽകൽ; രാജു നാരായണ സ്വാമിയെ പുറത്താക്കാൻ തത്വത്തിൽ തീരുമാനിച്ച് പിണറായി സർക്കാർ

നിയമപോരാട്ടങ്ങളിൽ സന്തോഷിക്കുകയും ക്രൂശിക്കപ്പെട്ടവനും ഇരയാണെന്നും വരുത്തിതീർക്കാൻ ശ്രമിക്കുന്നതിന് തെളിവ് സർവീസ് ബുക്ക് റെക്കോഡ്; ജനങ്ങളെ സേവിക്കാൻ നൽകിയ അവസരങ്ങളെല്ലാം പാഴാക്കി; ജനങ്ങൾക്ക് ഒരു നേട്ടവും സേവനങ്ങളിൽനിന്ന് ഉണ്ടായിട്ടില്ല; സർവ്വീസിൽ മടങ്ങി എത്തിയില്ലെങ്കിൽ ജോലിയിൽ നിന്ന് രാജിവച്ചതായി കണക്കാക്കും; തിരികെ എത്താൻ ഇത് അവസാന അവസരം നൽകി കത്ത് നൽകൽ; രാജു നാരായണ സ്വാമിയെ പുറത്താക്കാൻ തത്വത്തിൽ തീരുമാനിച്ച് പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരുവർഷമായി സർവീസിൽനിന്നു വിട്ടുനിൽക്കുന്ന രാജുനാരായണസ്വാമി ഐ.എ.എസിനെ സർവ്വീസിൽ നിന്ന് പുറത്താക്കാൻ സംസ്ഥാന സർക്കാർ തത്വത്തിൽ തീരുമാനിച്ചു. ജോലിയിൽ തിരികെ പ്രവേശിക്കാത്ത സാഹചര്യത്തിലാണ് ഇത്. സർക്കാരിൽ റിപ്പോർട്ട് ചെയ്യാത്തതിനെ ജോലിയിൽനിന്നു രാജിവച്ചെന്നു കണക്കാക്കാതിരിക്കാനും സർവീസിൽ തിരികെയെത്താൻ അവസാന അവസരം പ്രയോജനപ്പെടുത്തണമെന്നും കാട്ടി സംസ്ഥാന സർക്കാരിന്റെ കത്ത് രാജു നാരായണ സ്വാമിക്ക് നൽകി. പത്തുദിവസത്തിനകം വിശദീകരണം നൽകണമെന്നാണു നിർദ്ദേശം. ഇതിനോട് പ്രതികരണം ഉ്ണ്ടായില്ലെങ്കിൽ രാജു നാരായണ സ്വാമിയെ സർവ്വീസിൽ നിന്ന് പുറത്താക്കാൻ കേന്ദ്രത്തോട് കേരളത്തോട് നിർദ്ദേശിക്കും.

അഖിലേന്ത്യാ സർവീസ്നിയമത്തിലെ അവധിചട്ടം 7(2)(എ) അനുസരിച്ച് അനധികൃതമായി ഒരു വർഷത്തിലേറെ ജോലിക്കെത്തിയില്ലെങ്കിൽ ആ ഉദ്യോഗസ്ഥൻ രാജിവെച്ചതായി കണക്കാക്കാം. ഒരു വർഷവും 10 ദിവസവും കഴിഞ്ഞിട്ടും രാജുനാരായണസ്വാമി തിരികെ ജോലിയിൽ കയറിയിട്ടി ല്ല. ഈ കാലയളവിൽ എവിടെയായിരുന്നുവെന്നത് വ്യക്തമാക്കണമെന്ന് കത്ത് ആവശ്യപ്പെടുന്നു. ഇതുവരെയുണ്ടായ വീഴ്ചകൾക്കെല്ലാം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് കത്തിൽ നിശിതമായ വിമർശനങ്ങളുമുണ്ട്. ജോലിയിൽ നിന്ന് രാജു നാരായണ സ്വാമിയെ പുറത്താക്കുമെന്ന സൂചനയാണ് മറുനാടനും സർക്കാരിൽ നിന്ന് ലഭിക്കുന്നത്.

രാജുനാരയണ് സ്വാമിക്ക് നൽകിയ കത്തിൽ അതിരൂക്ഷ വിമർശനങ്ങളാണ് ഉള്ളത്. നിയമപോരാട്ടങ്ങളിൽ സന്തോഷിക്കുകയും സ്വയം ക്രൂശിക്കപ്പെട്ടവനും ഇരയാണെന്നും വരുത്തിതീർക്കാനായി ശ്രമിക്കുകയും ചെയ്യുന്നൂവെന്ന് വ്യക്തമാകുന്നുവെന്നാണ് സർവീസ് ബുക്ക് റെക്കോഡ് വ്യക്തമാക്കുന്നത്. സർക്കാരുകൾ ജനങ്ങളെ സേവിക്കാൻ നൽകിയ അവസരങ്ങളെല്ലാം താങ്കൾ പാഴാക്കി. ജനങ്ങൾക്ക് ലഭിക്കേണ്ട ഒരു നേട്ടവും താങ്കളുടെ സേവനങ്ങളിൽനിന്ന് ഉണ്ടായിട്ടില്ലെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു. കടുത്ത നടപടികൾ വേണ്ടി വരുമെന്ന സൂചനയാണ് ഈ വാക്കുകളിലുള്ളത്.

എങ്ങനെയാണ് താങ്കൾ ഇത്തരമൊരു തലത്തിലേക്ക് വന്നതെന്ന് ആത്മപരിശോധനയും അവലോകനവും നടത്തേണ്ട സമയമാണെന്ന് കത്തിൽ ഓർമിപ്പിക്കുന്നു. നിരന്തരമായി വേണ്ടരീതിയിൽ പ്രവർത്തിക്കാത്ത ഉദ്യോഗസ്ഥരേയും ഒരു പൊതുതാൽപര്യവും സംരക്ഷിക്കാത്തവരെയും ഒഴിവാക്കാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച സമിതി രാജുനാരായണസ്വാമിക്ക് നിർബന്ധിത വിരമിക്കൽ ശിപാർശ ചെയ്ത കാര്യം കത്തിൽ ചൂണ്ടിക്കാട്ടുന്നു. എങ്കിലും സംസ്ഥാന സർക്കാർ മൃദുസമീപനം സ്വീകരിച്ചെന്നും നിർബന്ധിത വിരമിക്കലിന് സമ്മർദ്ദം ചെലുത്തിയില്ലെന്നും കത്തിൽ പറയുന്നു. അതായത് കേരളം ശുപാർശ ചെയ്താൽ കേന്ദ്രം നടപടി എടുക്കുമെന്ന സൂചനയാണ് ഇതിലുള്ളത്.

സർവീസ് കാലയളവിലെ നിരവധി പ്രശ്നങ്ങളുടെ പേരിൽ സംസ്ഥാന സർക്കാരിനു മുന്നിൽ റിപ്പോർട്ട് ചെയ്യുക എന്ന നിർദ്ദേശത്തോടെയാണ് കേന്ദ്ര സർക്കാർ 2019 മാർച്ച് 7ന് തിരിച്ചുപോകാൻ രാജുനാരായണസ്വാമിയോട് ആവശ്യപ്പെട്ടത്. എന്നാൽ നാളിതുവരെയായിട്ടും ജോലിയിൽ പ്രവേശിച്ചില്ലെന്നതാണ് സംസ്ഥാന സർക്കാരിന്റെ ആരോപണം. ഇത് ഇനിയും തുടരാൻ കഴിയില്ലെന്നും പറയുന്നു. ഇതോടെ രാജു നാരായണ സ്വാമിയുടെ സർവ്വീസിൽ രണ്ടാഴ്ചയ്ക്കുള്ളിൽ കേരളം അന്തിമ തീരുമാനം എടുക്കും. സർവ്വീസിൽ തിരിച്ചെത്തിയാൽ നടപടികൾ ഉണ്ടാകില്ല. എന്നാൽ അതിന് തയ്യാറായില്ലെങ്കിൽ രാജു നാരായണ സ്വാമിക്കെതിരെ പുറത്താക്കൽ ശുപാർശ കേന്ദ്രത്തിന് കേരളം കൈമാറും.

സിവിൽ സർവ്വീസിൽ ഒന്നാം റാങ്കിന്റെ തിളക്കമുള്ള മലയാളിയാണ് രാജു നാരായണ സ്വാമി. കടുംപിടിത്തക്കാരനായ അഴിമതിക്കാർക്ക് പേടി സ്വപ്നമായ ഉദ്യോഗസ്ഥൻ. ഈ മികവുകൾക്കിടയിലും രാജുനാരായണ സ്വാമിയെ ഉൾക്കൊള്ളാൻ ഒരു ഭരണ കൂടത്തിനുമാകുന്നില്ല. അഴിമതിക്കെതിരെ പോരടിക്കുന്നതു കൊണ്ടാണ് ഈ ഉദ്യോഗസ്ഥന് ഇതെല്ലാം സംഭവിക്കുന്നതെന്ന് കരുതുന്നവരുണ്ട്. എന്നാൽ എവിടെ പോയാലും പ്രശ്‌നമാണ്. കേരളത്തിൽ നിന്ന് രക്ഷപ്പെട്ട് കേന്ദ്ര സർവ്വീസിൽ എത്തിയപ്പോൾ അവിടേയും പ്രശ്‌നങ്ങൾ. തിരിച്ച് സംസ്ഥാന സർക്കാരിന്റെ ഭാഗമാകാതെ ഒരു കൊല്ലം ഒളിച്ചു കളി. ഇതാണ് പ്രശ്‌നമാകുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിലുള്ള കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥൻ രാജു നാരായണസ്വാമിയെ സർവീസിൽനിന്നു പിരിച്ചുവിടാൻ ശിപാർശ നൽകിയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. കേരളത്തിലെ ഐഎഎസ് ലോബിയുമായി രാജു നാരായണ സ്വാമി നല്ല ബന്ധത്തിൽ അല്ല. ഇതും നീക്കത്തിൽ ചർച്ചയായി.

സർവീസിൽ ഒൻപത് വർഷം കൂടി ശേഷിക്കെയാണു പുറത്താക്കാനുള്ള നീക്കം നടന്നത്. സംസ്ഥാന, കേന്ദ്ര സർവീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവർത്തിച്ചെന്നു സമിതി കണ്ടെത്തിയിരുന്നു. സുപ്രധാന തസ്തികകൾ വഹിക്കുമ്പോഴും പലപ്പോഴും ഓഫീസിൽ എത്തിയിരുന്നില്ല. അടുത്തിടെ കേന്ദ്ര സർവീസിൽനിന്ന് സംസ്ഥാന സർവീസിലേക്കു തിരിച്ചുവന്ന കാര്യം സർക്കാരിനെ അറിയിച്ചില്ല. ഡൽഹിയിൽ നാളികേര വികസന ബോർഡ് ചെയർമാൻ പദവിയിൽനിന്ന് വിരമിച്ച അദ്ദേഹം എവിടെയാണെന്നു സർക്കാർ രേഖകളിലില്ല എന്നീ ന്യായങ്ങളാണ് സർക്കാർ മുമ്പോട്ട് വച്ചത്. എന്നാൽ മുഖ്യമന്ത്രി ഇടപെട്ട് ഇതെല്ലാം മരവിപ്പിച്ചു.

2018 ഓഗസ്റ്റ് എട്ടിനാണ് കേരളാ സർക്കാരിന്റെ എൻഒസിയുമായി കേന്ദ്ര സർക്കാരിൽ രാജു നാരായണ സ്വാമി പോയത്. ഒരു വർഷത്തേക്കാണ് അത്. അതായത് 2019 വർഷം ഓഗസ്റ്റ് എട്ട് വരെ കേന്ദ്ര സർവ്വീസിൽ തുടരാൻ രാജു നാരായണ സ്വാമിക്ക് അനുമതിയുണ്ടായിരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനിലൂടെ നാളികേര വികസന കോർപ്പറേഷന്റെ ചെയർമാനായി. എന്നാൽ അവിടേയും അഴിമതിക്കാർക്കെതിരെ നടപടി എടുത്തു. ഇതോടെ കേന്ദ്രം കൈവിട്ടു. കാറ്റിലും ഹൈക്കോടതിയിലും എല്ലാം ഇതിലെ നിയമ നടപടികൾ നടക്കുന്നു. മാറ്റിയ തീരുമാനം ഹൈക്കോടതി റദ്ദാക്കി. കാറ്റിലെ സാങ്കേതിക പരാമർശങ്ങൾ കാരണം നാളികേര വികസന കോർപ്പേറേഷനിൽ തിരിച്ചു ചേരാനും കഴിയില്ലെന്ന നിലപാടിലായിരുന്നു രാജു നാരായണ സ്വാമി. ഇതാണ് ഇപ്പോൾ വിവാദമായി മാറുന്നത്.

സ്‌കൂൾ പഠനകാലം മുതൽ ഒന്നാം റാങ്കുകളുടെ കൂട്ടുകാരനായിരുന്നു രാജു നാരായണസ്വാമി. എസ്.എസ്.എൽ.സി, പ്രീഡിഗ്രി, ഗേറ്റ്, ഐ.ഐ.ടി. ഫൈനൽ പരീക്ഷകളിലെ ഒന്നാം റാങ്ക് സിവിൽ സർവീസ് പരീക്ഷയിലും ആവർത്തിച്ചു. സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ കലക്ടറായിരുന്നു. മുന്മന്ത്രി ടി.യു. കുരുവിളയുടെ ഭൂമി കുംഭകോണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത് രാജു നാരായണസ്വാമിയായിരുന്നു. മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചതും സ്വാമിയായിരുന്നു. പാറ്റൂർ ഫ്ളാറ്റ് അഴിമതിയിൽ ചീഫ് സെക്രട്ടറിയായിരുന്ന ഭരത് ഭൂഷൺ അടക്കമുള്ളവർ ചർച്ചയിലെത്തിയതും രാജു നാരായണ സ്വാമിയുടെ ഇടപെടലായിരുന്നു. കേരളത്തിലെ അഴിമതിക്കാരുടെ കുതന്ത്രങ്ങളിൽ മനംമടുത്താണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് സ്വാമി മാറിയത്. എന്നാൽ അവിടേയും കാത്തിരുന്നത് അഴിമതിക്കാർ തന്നെയായിരുന്നു. സിബിഐയുടെ റിപ്പോർട്ടിൽ രാജു നാരായണ സ്വാമി ചിലരെ പുറത്താക്കി. അവരെ തിരിച്ചെടുക്കാൻ തയ്യാറാകാതിരുന്നതോടെ കേന്ദ്ര സർക്കാർ സ്വാമിയെ പുറത്താക്കുകയായിരുന്നു.

20 വർഷത്തിനിടെ വിവിധ വകുപ്പുകളിലായി 20ലേറെ സ്ഥലംമാറ്റങ്ങളാണ് രാജു നാരായണ സ്വാമിക്കുണ്ടായിട്ടുള്ളത്. 2001-02 കാലത്ത് കാസർകോട് കലക്ടറായിരിക്കെ കുമ്പളയിലെ ഒരു സ്വകാര്യ ആശുപത്രി മെഡിക്കൽ കോളേജാക്കി ഉയർത്തണമെന്ന ഒരു മന്ത്രിയുടെ ആവശ്യത്തിന് കൂട്ടുനിൽക്കാതിരുന്നതുൾപ്പെടെ തട്ടിപ്പുകൾക്കു കൂട്ടുനിൽക്കാതിരുന്നതോടെ രാജുനാരായണസ്വാമി യുഡിഎഫ് സർക്കാരുകളുടെ നോട്ടപ്പുള്ളിയാകുകയായിരുന്നു. വി എസ് മുഖ്യമന്ത്രിയും സിപിഐ മന്ത്രിയായിരുന്ന കെപി രാജേന്ദ്രൻ റവന്യൂമന്ത്രിയുമായിരുന്ന കാലത്ത് നടന്ന മൂന്നാർ ദൗത്യത്തിന്റെ ചുക്കാൻ അന്നത്തെ ഇടുക്കി ജില്ലാ കളക്ടറായിരുന്ന രാജുനാരായണസ്വാമിക്കായിരുന്നു. 2007 മെയ് മുതൽ ഒക്ടോബർ വരെയുള്ള കാലത്തു നടന്ന മൂന്നാർ ദൗത്യത്തിൽ റവന്യൂ നിയമങ്ങളിൽ രാജുവിനുണ്ടായ അവഗാഹമായിരുന്നു സർക്കാരിന്റെ നടപടികളുടെ ധൈര്യം. പല രാഷ്ട്രീയ കാരണങ്ങളാലും ദൗത്യം പൂർണതയിലെത്തിയില്ലെങ്കിലും നിയമപരമായി തിരിച്ചുപിടിച്ച ഭൂമി സർക്കാരിന് മുതൽക്കൂട്ടായിത്തന്നെ തുടരുന്നു.

ഇതിനു പിന്നാലെയായിരുന്നു ഇടുക്കിജില്ലയിലെ രാജകുമാരി ഭൂമി ഇടപാടിലും ശക്തമായ റിപ്പോർട്ടുമായി രാജു നാരായണസ്വാമി എത്തിയത്. ഇടുക്കി ജില്ലയിലെ രാജകുമാരി വില്ലേജിലെ 50 ഏക്കർ ഭൂമി കുരുവിളയുടെ മക്കൾ ഏഴു കോടി രൂപയ്ക്ക് വ്യവസായി കെജി എബ്രഹാമിന് കൈമാറാൻ ശ്രമിച്ചതായിരുന്നു കേസിനാധാരം. ഈ ഭൂമി പുറമ്പോക്കാണെന്നും കുരുവിളയുടെ ബിനാമി ഭൂമിയാണെന്നും ആരോപണം ഉയർന്നതിനെ തുടർന്ന് എബ്രഹാം ഇടപാടിൽ നിന്നും പിന്മാറി. എന്നാൽ ഏഴു കോടി തനിക്ക് തിരികെ ലഭിച്ചില്ലെന്ന് എബ്രഹാം ആരോപണമുയർത്തിയതോടെയാണ് രാജകുമാരി ഇടപാട് പുറത്തുവന്നു. കേസിൽ ശക്തമായ നിലപാട് രാജു നാരായണസ്വാമി സ്വീകരിച്ചതോടെ കുരുവിളയ്ക്ക് രാജിവയ്ക്കേണ്ടിവന്നു. രാജുനാരായണസ്വാമിയുടെ റിപ്പോർട്ടുകൾ പിന്നീട് ഇക്കാര്യം അന്വേഷിച്ച നരേന്ദ്രൻ കമ്മീഷൻ പൂർണമായും ശരിവയ്ക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP