Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടോം ജോസിന്റെ വിരമിക്കലോടെ രാജു നാരായണ സ്വാമിക്ക് മുമ്പിൽ വാതിൽ തുറക്കാൻ ഐഎഎസ് തലത്തിൽ ചർച്ച സജീവം; സർക്കാരുമായി യോജിച്ചു പോകാൻ തയ്യാറെങ്കിൽ പുറത്തു നിൽക്കുന്ന മുതിർന്ന ഐഎഎസുകാരന് ഉടൻ നിയമനം; രാജു നാരായണ സ്വാമിക്കായി സർക്കാർ കണ്ടു വച്ചിരിക്കുന്നത് കെടിഡിഎഫ്‌സി എം ഡി സ്ഥാനം; നിയമ നടപടികൾ അവസാനിപ്പിച്ച് മടങ്ങിയെത്താൻ തീരുമാനിച്ചാൽ ശ്രീലേഖയ്ക്ക് പകരക്കാരനായി എത്തുക രാജുനാരയണ സ്വാമി തന്നെ

ടോം ജോസിന്റെ വിരമിക്കലോടെ രാജു നാരായണ സ്വാമിക്ക് മുമ്പിൽ വാതിൽ തുറക്കാൻ ഐഎഎസ് തലത്തിൽ ചർച്ച സജീവം; സർക്കാരുമായി യോജിച്ചു പോകാൻ തയ്യാറെങ്കിൽ പുറത്തു നിൽക്കുന്ന മുതിർന്ന ഐഎഎസുകാരന് ഉടൻ നിയമനം; രാജു നാരായണ സ്വാമിക്കായി സർക്കാർ കണ്ടു വച്ചിരിക്കുന്നത് കെടിഡിഎഫ്‌സി എം ഡി സ്ഥാനം; നിയമ നടപടികൾ അവസാനിപ്പിച്ച് മടങ്ങിയെത്താൻ തീരുമാനിച്ചാൽ ശ്രീലേഖയ്ക്ക് പകരക്കാരനായി എത്തുക രാജുനാരയണ സ്വാമി തന്നെ

എം മനോജ് കുമാർ

തിരുവനന്തപുരം: ടോം ജോസ് ചീഫ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ രാജു നാരായണ സ്വാമിയെ സർവ്വീസിൽ തിരിച്ചെടുക്കാനുള്ള ചർച്ചകളും ഐ എ എസ് തലത്തിൽ സജീവമാകുന്നു. പ്രശ്‌ന പരിഹാരത്തിന് രാജു നാരായണ സ്വാമി തയ്യാറായാൽ അദ്ദേഹത്തിന് എതിരായ അച്ചടക്ക നടപടികൾ അവസാനിപ്പിക്കും. ഇതുമായി ബന്ധപ്പെ നിയമ നടപടികൾ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ പിൻവലിക്കുകയും വേണം. രാജു നാരായണ സ്വാമിയുടെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കടുംപിടത്തമില്ല. രാജു നാരായണ സ്വാമി സർവ്വീസിൽ തിരച്ചെത്താനുള്ള സാധ്യതയാണ് മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങളും നൽകുന്നത്. ടോം ജോസുമായി രാജു നാരായണ സ്വാമിക്ക് ഒട്ടേറെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതാണ് തനിക്ക് നീതി കിട്ടാത്തതിന് കാരണമെന്ന് രാജു നാരായണ സ്വാമിയും തുറന്നു പറഞ്ഞിരുന്നു.

കെടിഡിഎഫ്‌സി എംഡിയായി രാജു നാരായണസ്വാമിയെ നിയമിക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ പുരോഗമിക്കുന്നുവെന്നാണ് സൂചന. കെടിഡിഎഫ്‌സി സിഎംഡിയായിരുന്ന ആർ.ശ്രീലേഖ ഡിജിപി പദവി ലഭിച്ചതോടെ അഗ്‌നിശമന സേന മേധാവിയായി നിയമിതയായിട്ടുണ്ട്. ശ്രീലേഖയുടെ ഒഴിവിലാണ് രാജു നാരായണ സ്വാമിയെ നിയമിക്കാനുള്ള നീക്കം നടക്കുന്നത്. ദീർഘ നാളായി രാജു നാരായണസ്വാമി സർവീസിലില്ല. തിരികെ സർവീസിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു പലവട്ടം രാജു നാരായണസ്വാമിക്ക് സർക്കാർ കത്ത് നൽകിയിരുന്നു. കേന്ദ്ര സർവീസിലും-സംസ്ഥാന സർവീസിലും ഇല്ലാത്ത അവസ്ഥയിലാണ് സ്വാമിയുടെ അവസ്ഥ. നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് 2019 മാർച്ചിൽ രാജുനാരായണ സ്വാമിയെ കേന്ദ്രസർക്കാർ നീക്കിയിരുന്നു.

ഡെപ്യൂട്ടേഷൻ കാലാവധി അവസാനിപ്പിച്ചതായും സേവനത്തിൽനിന്ന് വിടുതൽ നൽകിയതായും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. കത്തുകൾ നൽകി ആരോപണങ്ങൾ ഉന്നയിച്ച് സർവീസിൽ നിന്നും അകന്നു നിൽക്കാനാണോ എന്ന് സ്വാമിയുടെ തീരുമാനമെന്നും സർക്കാർ സംശയിക്കുന്നുണ്ട്. ഒരു പോസ്റ്റിലും ഇല്ലാത്ത സ്വാമിയുടെ അവസ്ഥ മനസിലാക്കി സ്വാമിയെ കെടിഡിഎഫ്‌സി സിഎംഡിയായി നിയമിക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്. കെടിഡിഎഫ്‌സി സിഎംഡി പദവിയിൽ നിന്ന് ശ്രീലേഖ ഒഴിഞ്ഞതോടെ ഇപ്പോൾ ജനറൽ മാനേജർക്ക് ആണ് ചുമതല കൈമാറിയിരിക്കുന്നത്. ധനവകുപ്പിൽ നിന്നും ഡെപ്യൂട്ടേഷനിൽ വന്ന സുരേഷ് ആണ് എപ്പോൾ കെടിഡിഎഫ്‌സി ജനറൽ മാനേജർ. പുതിയ സിഎംഡി എത്തുന്നവരെ ജനറൽ മാനേജർക്ക് ആണ് സിഎംഡി ചുമതല നൽകിയിരിക്കുന്നത്.

ദീർഘനാളായി സർവീസിൽ ഇല്ലാത്തതിനാൽ എത്രയും വേഗം ജോയിൻ ചെയ്യാനാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വാമിയുടെ പ്രശ്‌നം സർക്കാരിനു മുന്നിൽ തലവേദനയായി നിലനിൽക്കെയാണ് സിഎംഡി പദവി നൽകി സ്വാമിയെ ഇവിടെ പ്രതിഷ്ടിക്കാനുള്ള തീരുമാനവും അണിയറയിൽ ഒരുങ്ങുന്നത്. സർവീസിൽ നിന്നും വിട്ടുനിൽക്കുന്നത് ചൂണ്ടിക്കാട്ടി കത്ത് നൽകിയിട്ടും ജോലിയിൽ പ്രവേശിക്കാൻ സ്വാമി തയ്യാറായിട്ടില്ല. പകരം എന്തുകൊണ്ട് സർവീസിൽ ജോയിൻ ചെയ്യുന്നില്ല എന്ന് ചൂണ്ടിക്കാട്ടി സർക്കാരിനു കത്ത് നൽകുകയാണ് സ്വാമി ചെയ്തത്. നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്നും മാറ്റിയ നടപടിക്കെതിരെ കോടതിയിലും അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലും കേസ് ഉള്ളതിനാലാണ് സർവീസിലേക്കു തിരികെ പ്രവേശിക്കാത്തതെന്നാണ് രാജു നാരായണ നൽകിയ കത്തിൽ പറയുന്നത്. .

ഈ കത്ത് തലവേദനയായതോടെയാണ് ഈ കത്തിലെ കാരണങ്ങൾ പരിശോധിക്കാൻ സർക്കാർ സമിതിയെ വെച്ചത്. പുതിയ ചീഫ് സെക്രട്ടറിയായ നിയമിതനായ ഡോ. ബിശ്വാസ് മേത്ത ഐഎഎസിന്റെ നേതൃത്വത്തിലാണ് സമിതിയുള്ളത്. ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്തയ്ക്ക് സർക്കാർ സമിതിയുടെ ചുമതല നൽകിയത്. വനം വന്യജീവി വകുപ്പ് അഡീ.ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, കൃഷിവകുപ്പ് അഡീ.ചീഫ് സെക്രട്ടറി ദേവേന്ദ്രകുമാർ സിങ്, ധനകാര്യ അഡീ. ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ് എന്നിവരാണ് സമിതി അംഗങ്ങൾ. ഈ സമിതി റിപ്പോർട്ട് നൽകിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ജോലിക്കു ഹാജരാകുന്നില്ലെങ്കിൽ പിരിച്ചുവിടണമെന്നു കേന്ദ്രത്തിനു ശുപാർശ നൽകുന്നതിനു സർക്കാർ ആലോചിക്കുന്നുണ്ട്. അതിനാൽ സമിതി റിപ്പോർട്ട് ആണ് സ്വാമിയുടെ കാര്യത്തിൽ സർക്കാർ പരിഗണിക്കുന്നത്. ഇതിനിടയിൽ തന്നെയാണ് കെടിഡിഎഫ്‌സി സിഎംഡിയാക്കാനുള്ള ശ്രമം നടക്കുന്നത്.

വൻ പ്രതിസന്ധിയിലാണ് കെ.ടി.ഡി.എഫ്.സി നിലവിൽ മുന്നോട്ടു പോകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കെടിഡിഎഫ്‌സി നേരിടുന്നത്. കെഎസ്ആർടിസിക്ക് നൽകിയ വായ്പകളുടെ അടവുകൾ തെറ്റിയതോടെയാണ് ഈ സാമ്പത്തിക സ്ഥാപനത്തിന്റെ താളം തെറ്റാൻ തുടങ്ങിയത്. രാജശ്രീ അജിത്ത് എംഡിയായിരിക്കെ ഒട്ടനവധി അഴിമതികൾ നടത്തി സ്ഥാപനത്തിനു ചീത്തപ്പേര് വരുത്തുകയും ചെയ്തു. രാജശ്രീ അജിത്ത് എംഡിയായിരിക്കെ വൻ അഴിമതിയാണ് കെടിഡിഎഫ്‌സിയിൽ നടന്നത്. വിവിധ അഴിമതിക്കേസുകൾ ഇതുമായി ബന്ധപ്പെട്ടു രാജശ്രീ അജിത്ത് നേരിടുന്നുമുണ്ട്. ക്രമവിരുദ്ധമായി സ്വന്തം പേരിലും ഭർത്താവ് പി.എസ്.അജിത് കുമാറിന്റെ പേരിലും വായ്പയെടുക്കുകയും തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്‌തെന്നാണു വിജിലൻസ് കണ്ടെത്തൽ. 76.92 ലക്ഷം രൂപയുടെ അനധികൃത വായ്പ എടുത്തതായാണ് കണ്ടെത്തിയത്. ഭർത്താവ് ബിസിനസ് ആവശ്യങ്ങൾക്കായി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വായ്പയെടുത്തിരുന്നു. തിരിച്ചടവില്ലാതെ കിടന്ന ഈ വായ്പകൾ രാജശ്രീ എംഡിയായിരുന്ന കാലഘട്ടത്തിൽ കെടിഡിഎഫ്‌സിയിൽ നിന്നു പണം നൽകി തീർത്തുവെന്നാണു വിജിലൻസ് റിപ്പോർട്ട്.

കെഎസ്ആർടിസി കൺസോർഷ്യത്തിൽ നിന്നും ലഭിച്ച 700 കോടി രൂപ ജയരാജനും കമ്പനി സെക്രട്ടറിയും നിമ്മി റെച്ചൽ മാത്യുവും കൂടി ചേർന്ന് യെസ് ബാങ്ക് എന്ന സ്വകാര്യ ബാങ്കിൽ വളരെ ചെറിയ പലിശയ്ക്ക് നിക്ഷേപിച്ചതും വിവാദമായി. ഇതിന്റെ പേരിൽ ഗവർണർക്ക് പരാതിയും വന്നിരുന്നു. അന്ന് ജനറൽ മാനേജർ ആയിരുന്ന ജയരാജനും കമ്പനി സെക്രട്ടറിയും നിമ്മി റെച്ചൽ മാത്യുവും കൂടി ചേർന്നാണ് ഈ ഇടപാടുകൾ നടത്തിയത് എന്നാണ് ഗവർണർക്ക് വന്ന പരാതിയിൽ പറഞ്ഞത്. ഈ തുക ഘട്ടം ഘട്ടമായി തിരികെ എടുത്തു എന്നാണ് കമ്പനി സെക്രട്ടറി പിന്നീട് മറുനാടനോട് വെളിപ്പെടുത്തിയത്. ഈ നിക്ഷേപവും വിവാദമായിരുന്നു. പിന്നീടും ഒട്ടുവളരെ വിവാദങ്ങളും അഴിമതി ആരോപണങ്ങളും കെടിഡിഎഫ്‌സിക്ക് നേരെ ഉയർന്നു.

കെ.എസ്.ആർ.ടി.സിയെ സമ്പത്തികമായി സഹായിക്കുകയെന്ന ലക്ഷ്യത്തോടെ 1996-ലാണ് കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപറേഷൻ അഥവാ കെ.ടി.ഡി.എഫ്.സി രൂപീകരിച്ചത്. 50 കോടി രൂപയുടെ മൂലധനത്തോടെ ആരംഭിച്ച സ്ഥാപനം പിന്നീട് വളരെ വേഗം ലാഭത്തിലേക്കെത്തി. സർക്കാർ ജീവനക്കാർക്ക് കുറഞ്ഞ പലിശ നിരക്കിൽ വാഹനവായ്പയും ഭവനവായ്പയും നൽകിയാണ് കെടിഡിഎഫ്‌സി വളർച്ചയുടെ പടവുകൾ കയറിയത്. പക്ഷെ കോടികൾ കെഎസ്ആർടിസിക്ക് വായ്പ നൽകിയപ്പോൾ ഇതിൽ വന്ന തിരിച്ചടവിന്റെ പ്രശ്‌നങ്ങൾ കെടിഡിഎഫ്‌സിയെ കുടുക്കുകയും ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സ്ഥാപനം നേരിടുന്നത്. സ്ഥാപനം പ്രതിസന്ധിയിലായതിനെ തുടർന്ന് കെടിഡിഎഫ്സി ഡയറക്ടർ ബോർഡിൽ നിന്നും ധനകാര്യവകുപ്പ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും രാജിവച്ചിരുന്നു. .

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP