Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആയുധ പൂജ നടത്തി വ്യോമസേനാ ദിനത്തിൽ പ്രതിരോധമന്ത്രി ഏറ്റുവാങ്ങുന്നത് പകരംവെക്കാനില്ലാത്ത യുദ്ധവിമാനങ്ങൾ; മണിക്കൂറിൽ 1912 കിലോമീറ്റർ ദൂരം പറക്കാൻ കഴിയുന്ന റഫാൽ എത്തുന്നതോടെ വ്യോമസേനക്ക് കൈവരിക പുത്തൻ ഊർജ്ജം; ത്രിതല ആക്രമണ ശേഷിയുള്ള വിമാനങ്ങൾ സ്വന്തമായുള്ളത് ഫ്രാൻസിനും ഈജിപ്റ്റിനും ഖത്തറിനും ഒപ്പം ഇനിമുതൽ ഇന്ത്യക്കും; അരങ്ങൊഴിയുക പഴയ മിഗ് 21 വിമാനങ്ങളും

ആയുധ പൂജ നടത്തി വ്യോമസേനാ ദിനത്തിൽ പ്രതിരോധമന്ത്രി ഏറ്റുവാങ്ങുന്നത് പകരംവെക്കാനില്ലാത്ത യുദ്ധവിമാനങ്ങൾ; മണിക്കൂറിൽ 1912 കിലോമീറ്റർ ദൂരം പറക്കാൻ കഴിയുന്ന റഫാൽ എത്തുന്നതോടെ വ്യോമസേനക്ക് കൈവരിക പുത്തൻ ഊർജ്ജം; ത്രിതല ആക്രമണ ശേഷിയുള്ള വിമാനങ്ങൾ സ്വന്തമായുള്ളത് ഫ്രാൻസിനും ഈജിപ്റ്റിനും ഖത്തറിനും ഒപ്പം ഇനിമുതൽ ഇന്ത്യക്കും; അരങ്ങൊഴിയുക പഴയ മിഗ് 21 വിമാനങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

പാരീസ്: ഫ്രാൻസിൽ നിന്നും ഇന്ത്യ സ്വന്തമാക്കുന്നത് സാങ്കേതിക മികവാർന്ന റഫാൽ യുദ്ധവിമാനം. ഇന്ത്യൻ വ്യോമസേനയ്ക്കുവേണ്ടി റഫാൽ യുദ്ധവിമാനങ്ങൾ ഏറ്റുവാങ്ങാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഫ്രാൻസിലെ മെറിഗ്‌നാക്കിലുള്ള ഡാസാൾട്ട് ഏവിയേഷന്റെ കേന്ദ്രത്തിലെത്തി. ഏകദേശം 60,000 കോടി രൂപ മുടക്കിയാണ് ഇവയുടെ സാങ്കേതിക വിദ്യ അടക്കം ഇന്ത്യ വാങ്ങുന്നത്. ഇന്ത്യ ആവശ്യപ്പെട്ട ഫീച്ചറുകളും പുതിയ റഫാലിൽ ഉണ്ട് എന്നതാണ് പ്രധാന പ്രത്യേകത. 36 റാഫേൽ വിമാനങ്ങളിൽ ആദ്യത്തെ ബാച്ചാണ് വ്യോമസേന ദിനത്തിൽ ഇന്ത്യ സ്വന്തമാക്കുന്നത്.

നിലവിൽ ഫ്രാൻസ് ഉപയോഗിക്കുന്ന റഫാലിനെക്കാൾ സാങ്കേതിക തികവ് ഏറിയതാണ് ഇന്ത്യ സ്വന്തമാക്കുന്ന വിമാനം എന്നാണ് പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം. ഫ്രഞ്ച് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഇന്ത്യയ്ക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് നിർമ്മാതാക്കളായ ഡാസാൾട്ട് എവിയേഷൻ. ഈ സാങ്കേതിക വിദ്യ അടക്കം കൈമാറുന്നതോടെ ഇതിന്റെ പരിപാലനം പൂർണ്ണമായും ഇന്ത്യയിൽ നടത്താനാകും.

അസ്ട്ര, സുദർശൻ ബോംബുകൾ, എഇഎസ്എ റഡാർ, പൈത്തൺ 5, ഇസ്രയേലിന്റെ ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് റാഫേൽ എത്തുന്നത്. ഇത്തരം ഇന്ത്യയ്ക്ക് വേണ്ടിയുള്ള അഴിച്ചുപണികളും സാങ്കേതി മാറ്റങ്ങളും ആദ്യമായല്ല ഡാസാൾട്ട് എവിയേഷൻ നടത്തുന്നത്. ഡാസാൾട്ട് നിർമ്മിച്ച നാൽപതിലധികം മിറാജ്-2000 വിമാനം ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാണ്. ഇവയ്ക്കും ഇത്തരത്തിലുള്ള സാങ്കേതിക സഹായം ഇവർ നൽകിയിട്ടുണ്ട്. ഇത്രയും വലിയ കരാർ ഇന്ത്യ ഡാസാൾട്ടിനെ ഏൽപ്പിക്കാനും അത് തന്നെയായിരിക്കാം ഒരു ഘടകം എന്ന് പ്രതിരോധ വിദഗ്ദ്ധർ പറയുന്നത്.

എന്തുകൊണ്ട് റഫാൽ

ത്രിതല ആക്രമണ ശേഷിയുള്ള യുദ്ധവിമാനമാണ് റഫാൽ. പ്രയോഗിക രംഗത്ത് കഴിവ് തെളിയിച്ച വിമാനമാണ്. ലിബിയയിലും സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ച റഫാലിന്റെ പ്രവർത്തനം മികച്ചതായിരുന്നു. അമേരിക്കയുടെ എഫ്-16, എഫ്-18, റഷ്യയുടെ മിഗ്-35, സ്വീഡന്റെ ഗ്രിപെൻ, യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ യൂറോഫൈറ്റർ എന്നിവയോട് കിടപിടിക്കുന്ന യുദ്ധ വിമാനമാണ് റഫാൽ.

റഫാൽ ഇന്ന് ലോകത്ത് ഉപയോഗിക്കുന്നത് ഫ്രഞ്ച് വ്യോമ നാവിക സേനകൾ, ഈജിപ്ത് , ഖത്തർ വ്യോമസേനകൾ എന്നിവരാണ്.ഒന്നോ രണ്ടോ പേർക്ക് പറത്താവുന്ന വിമാനത്തിന്റെ നീളം 15.27 മീറ്ററാണ്. റഫാലിന്റെ വേഗം മണിക്കൂറിൽ 1912 കിലോമീറ്റർ. 3700 കിലോമീറ്റർ പരിധിവരെ പറക്കാൻ കഴിയുന്ന വിമാനത്തിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്.

നിലവിൽ ഇന്ത്യൻ സേന ഉപയോഗിക്കുന്ന മിഗ്-21 വിമാനങ്ങളുടെ സ്ഥാനത്തേക്കാണ് ഇനിമുതൽ റഫാൽ എത്തുന്നത്. എണ്ണത്തിൽ കൂടുതലാണ് മിഗ് 21 എങ്കിലും 1970കളിലെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇവയുടെ പ്രവർത്തനം. അതിനാൽ തന്നെ ഇവയുടെ അപകടങ്ങൾ വാർത്തയാകുന്നു. ഇവ മെല്ലെ മെല്ലെ ഇന്ത്യൻ വ്യോമസേന ഒഴിവാക്കുകയാണ്. ഇതിനാൽ തന്നെയാണ് ഇന്ത്യ വലിയ തുകയ്ക്ക് ഇവയ്ക്ക് ബദലായി റാഫേലിനെ സേനയിൽ എത്തിക്കുന്നത്. ഒപ്പം തന്നെ ബഹുമുഖ ആക്രമണത്തിന് സാധിക്കുന്ന ഒരു ആധുനിക തലമുറ ജെറ്റ് സേനയ്ക്ക് അത്യവശ്യമാണ് എന്ന ഭരണകൂടത്തിന്റെ തിരിച്ചറിവാണ് റഫാലിനെ ഇന്ത്യയിലേക്കെത്തിക്കുന്നത്.

നിലവിലെ ഇന്ത്യൻ വ്യോമശക്തി

മിഗ്-21, മിഗ്-29 എയർ ഫൈറ്ററുകളാണ് ഇന്ത്യയിൽ സേനയിൽ കൂടുതൽ, ശത്രു റഡാറുകളെ വെട്ടിച്ചു വളരെ ദൂരം താഴ്ന്നുപറന്നു ബോംബിടാൻ ശേഷിയുള്ള ജഗ്വാർ വിമാനങ്ങൾ, ഇന്ത്യയിൽ നിന്നു പറന്നുപൊങ്ങിയാൽ ഏതു ഭാഗത്തുമെത്തി ബോംബിടാൻ കഴിവുള്ള ആധുനികോത്തരമായ സുഖോയ്-30 എംകെഐ എന്നിവയെല്ലാം ഇപ്പോൾ തന്നെ വ്യോമസേനയ്ക്ക് സ്വന്തമാണ്.

കൂടാതെ തേജസ്സ് എന്ന ഇന്ത്യൻ നിർമ്മിത പോർവിമാനവും രംഗത്തുണ്ട്. ഇവയ്‌ക്കെല്ലാം ഒരോ ദൗത്യങ്ങളാണ്. ശത്രുക്കളുമായി ആകാശ യുദ്ധത്തിന് ശേഷിയുള്ള വിമാനങ്ങളാണ് ഫൈറ്ററുകൾ. മിഗ് ഒക്കെ ആ ഗണത്തിൽ പെടുത്താം. ശത്രുവിന്റെ ഭൂപ്രദേശത്ത് കടന്നുകയറി അവരുടെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കാൻ ശേഷിയുള്ള ഡീപ് പെനിട്രേഷൻ സ്ട്രൈക്ക് വിമാനങ്ങളാണ് ജഗ്വാർ.

ബലാക്കോട്ടിലും മറ്റും ഇന്ത്യ ഉപയോഗിച്ചത് ഇവയാണ്. പറക്കൽ ശേഷിയും പ്രഹരശേഷിയും കൂടുതലാണെങ്കിലും ഇവയ്ക്ക് പ്രധാന പ്രശ്‌നം ശത്രു ആക്രമണങ്ങളിൽ നിന്നും രക്ഷനേടാൻ കൂടെ പോർവിമാനങ്ങൾ വേണം എന്നതാണ്. അതേ സമയം ശത്രുഭൂമിയിലേക്ക് അതിക്രമിച്ചു കയറി കനത്ത ആക്രമണം നടത്താൻ കഴിവുള്ളവയാണു സുഖോയ്-30 വിമാനം. ജഗ്വാറിനെക്കാൾ മികച്ച സ്വരക്ഷാസംവിധാനം ഇവയ്ക്കുണ്ട്. വ്യോമസേനയുടെ പക്കൽ 220 സുഖോയ്-30 വിമാനങ്ങളുണ്ട്.

ഇതിൽ 27 എണ്ണം സൂപ്പർ സുഖോയ് വിമാനങ്ങളാണ്. ശത്രുവിന്റെ പിൻനിര നീക്കങ്ങളെ തകർക്കാൻ ശേഷിയുള്ള 140 വരെ ജഗ്വാർ വിമാനങ്ങളും. ആക്രമിച്ചുവരുന്ന ടാങ്ക് വ്യൂഹങ്ങളെയും പീരങ്കിപ്പടയെയും ആകാശത്തു നിന്ന് ആക്രമിക്കാൻ മിഗ്-27 എന്ന ഗ്രൗണ്ട് അറ്റാക്ക് വിമാനങ്ങളും. ശത്രുവിമാനങ്ങളുമായി ആകാശയുദ്ധത്തിലേർപ്പെടാൻ മാത്രമായി ചില വിമാനങ്ങളുണ്ട്. ഇവയിൽ മിഗ്-29 ആണു മുമ്പൻ. വിമാനം ഒട്ടേറെ മികച്ചതാണെങ്കിലും എണ്ണം വെറും 65 മാത്രമാണ്.

ആയുധപൂജയും വിമാനം ഏറ്റുവാങ്ങലും ഫ്രാൻസിൽ

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി ചർച്ച നടത്തിയശേഷമാണ് രാജ്നാഥ് റഫാൽ വിമാനം ഏറ്റുവാങ്ങുന്നതിനായി മെറിഗ്‌നാക്കിലേക്ക് പോയത്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സഹകരണം വർധിപ്പിക്കുകയാണ് പ്രതിരോധമന്ത്രിയുടെ ഫ്രാൻസ് സന്ദർശനത്തിന്റെ ലക്ഷ്യം. റഫാൽ യുദ്ധവിമാനത്തിന്റെ നിർമ്മാതാക്കളായ ഡാസാൾട്ട് ഏവിയേഷന്റെ പ്ലാന്റ് രാജ്നാഥ് സിങ് സന്ദർശിക്കും. അതിനുശേഷം നാടമുറിച്ച് യുദ്ധവിമാനം ഏറ്റുവാങ്ങും. ദസ്സറയുടെ ഭാഗമായി പ്രതിരോധ മന്ത്രിക്ക് ആയുധപൂജ നടത്തുന്നതിനുള്ള ക്രമീകരണങ്ങളും അവിടെ ഒരുക്കിയിട്ടുണ്ട്.

വ്യോമസേനാ ദിനം പ്രമാണിച്ച് എല്ലാ വ്യോമസേനാംഗങ്ങളെയും അനുമോദിച്ചുകൊണ്ട് അദ്ദേഹം നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. റഫാൽ യുദ്ധവിമാനം ഏറ്റുവാങ്ങിയശേഷം പ്രതിരോധമന്ത്രി അതിൽ പറക്കുകയും ചെയ്യും. ഫ്രഞ്ച് സായുധസേനാ മന്ത്രിയും അവിടുത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥരും ഡാസാൾട്ട് ഏവിയേഷനിലെ ഉന്നതരും ചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP