Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മധ്യകാല മഹാരാജാവിനെ പോലെ ധൂർത്തും ആഡംബരവും; നീന്തലും ബോട്ടിങ്ങും ടൂണ ഫിഷിങ്ങും കബഡി കളിയും ഫയർ ലിറ്റ് പാർട്ടിയുമായി ആഘോഷത്തിമിർപ്പ്; കൂട്ടായി ബച്ചൻ കുടുംബവും സോണിയയുടെ അമ്മയും സഹോദരിയും സുഹൃത്തുക്കളും; രാജീവ് ഗാന്ധിയുടെ ലക്ഷദ്വീപിലെ അവധിയാഘോഷത്തിനെതിരെ മോദി മുള്ളുവാക്കുകൾ എറിഞ്ഞതോടെ പഴയ വാർത്തകൾ ചികഞ്ഞ് മാധ്യമങ്ങൾ; സോണിയ ഐഎൻഎസ് വിരാടിൽ കയറിയതിനെ ചോദ്യം ചെയ്ത് മുൻനാവികസേനാ ഉദ്യോഗസ്ഥർ; മോദി തുറന്നുവിട്ടത് കുടത്തിലെ ഭൂതത്തെ തന്നെ

മധ്യകാല മഹാരാജാവിനെ പോലെ ധൂർത്തും ആഡംബരവും; നീന്തലും ബോട്ടിങ്ങും ടൂണ ഫിഷിങ്ങും കബഡി കളിയും ഫയർ ലിറ്റ് പാർട്ടിയുമായി ആഘോഷത്തിമിർപ്പ്; കൂട്ടായി ബച്ചൻ കുടുംബവും സോണിയയുടെ അമ്മയും സഹോദരിയും സുഹൃത്തുക്കളും; രാജീവ് ഗാന്ധിയുടെ ലക്ഷദ്വീപിലെ അവധിയാഘോഷത്തിനെതിരെ മോദി മുള്ളുവാക്കുകൾ എറിഞ്ഞതോടെ പഴയ വാർത്തകൾ ചികഞ്ഞ് മാധ്യമങ്ങൾ; സോണിയ ഐഎൻഎസ് വിരാടിൽ കയറിയതിനെ ചോദ്യം ചെയ്ത് മുൻനാവികസേനാ ഉദ്യോഗസ്ഥർ;  മോദി തുറന്നുവിട്ടത് കുടത്തിലെ ഭൂതത്തെ തന്നെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അവധിക്കാലം ചെലവഴിക്കുന്നതിനിടെ, നാവികസേനയുടെ ഐഎൻഎസ് വിരാട് കപ്പൽ പേഴ്‌സണൽ ടാക്‌സിയായി ഉപയോഗിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലിയിലെ പരാമർശം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. തുറന്നുവിട്ടത് കുടത്തിലെ വലിയൊരു ഭൂതത്തെയും. തുടർച്ചയായി രാജീവിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് റഫാൽ വിഷയം ഉന്നയിക്കുന്ന കോൺഗ്രസിനെ പ്രതിരോധത്തിലാക്കുകയാണ് മോദിയുടെ തന്ത്രം.

സംഭവം 1987ലാണ്. 10 ദിവസത്തെ അവധി ആഘോഷിക്കാൻ ലക്ഷദ്വീപിലെത്തിയ രാജീവ് ഗാന്ധിയും കുടുംബവും, സുഹൃത്തുക്കളും ഐഎൻഎസ് വിരാടിനെ പേഴ്‌സണൽ ടാക്‌സിയായി ഉപയോഗിച്ചുവെന്നാണ് മോദിയുടെ ആരോപണം. വൈസ് അഡ്‌മിറൽ വിനോദ് പസ്‌റിച്ച അന്ന് ഐഎൻഎസ് വിരാടിലെ ക്യാപ്റ്റനായിരുന്നു. മുൻ നാവികസേനാ മേധാവി അഡ്‌മിറൽ എൽ.രാംദാസ് അന്ന് കൊച്ചി കേന്ദ്രമായ ദക്ഷിണ നാവിക കമാൻഡിന്റെ മേധാവിയായിരുന്നു. രാജീവ് ഗാന്ധി പ്രധാനമന്ത്രി എന്ന ഔദ്യോഗിക പദവിയിൽ മൂന്നുദിവസം ഐഎൻഎസ് വിരാടിലുണ്ടായിരുന്നുവെന്ന് ഇരുവരും ഓർമിക്കുന്നു.

എന്നാൽ, മോദി ആരോപിക്കും പോലെ സോണിയ ഗാന്ധിയുടെ അമ്മയെ പോലുള്ള വിദേശികളോ, ബോളിവുഡ് താരം അമിതാഭ് ബച്ചനോ കുടുംബമോ ഐഎൻഎസ് വിരാടിൽ പ്രവേശിച്ചിട്ടില്ല. ലക്ഷദ്വീപിലെ ബംഗാരത്ത് കുടുംബത്തോടും, സുഹൃത്തുക്കളോടുമൊപ്പം രാജീവ് അവധി ആഘോഷിച്ചതിനെ കുറിച്ച് തനിക്ക അറിവൊന്നുമില്ലെന്ന് വൈസ് അഡ്‌മിറൽ പസ്‌റിച്ച പറഞ്ഞു. അവധി ആഘോഷം വേറെ നടന്നിട്ടുണ്ടാകണം..അതെകുറിച്ചറിയില്ല, അദ്ദേഹം പറഞ്ഞു. എന്നാൽ, പേഴ്‌സണൽ ടാക്‌സി പോലെ ഐഎൻഎസ് വിരാട് ഉപയോഗിച്ചുവെന്ന മോദിയുടെ പരാമർശം തെറ്റാണ്. രാജീവും, ഭാര്യയും മകനും രണ്ടുഐഎഎസ് ഉദ്യോഗസ്ഥരും മൂന്നുദിവസത്തോളം കപ്പലിലുണ്ടായിരുന്നു. ഐലൻഡ്‌സ് ഡവലപ്‌മെന്റ് അഥോറിറ്റിയുടെ ലക്ഷദ്വീപിലെ ഔദ്യോഗിക സന്ദർശനമായിരുന്നു, പസ്‌റിച്ച വിശദീകരിച്ചു.

രാജീവും, സോണിയയും ഉദ്യോഗസ്ഥരും ആളുകളെ കാണാനും യോഗത്തിൽ പങ്കെടുക്കാനും അഞ്ച-ആറ് ദ്വീപുകളിൽ ഹെലികോപ്ടർ മാർഗം പോയിട്ടുണ്ട്. രാത്രി ചെലവഴിക്കാൻ അവർ ഐഎൻഎസ് വിരാടിൽ മടങ്ങി എത്തുകയും ചെയ്തു. ഐഎൻഎസ് വിമാനവാഹിനി കപ്പലിനെ അകമ്പടി സേവിച്ചിരുന്ന യുദ്ധക്കപ്പലുകളെ നയിച്ചിരുന്ന അഡ്‌മിറൽ അരുൺ പ്രകാശ്, വൈസ് അഡ്‌മിറൽ മദൻജിത്ത് സിങ് എന്നിവരുമായി സംസാരിച്ച ശേഷം അഡ്‌മിറൽ രാംദാസും സമാന വിലയിരുത്തലാണ് നടത്തിയത്. 'രാജീവും സോണിയയും തിരുവനന്തപുരത്ത് നിന്ന് ഐഎൻഎസ് വിരാടിൽ എത്താൻ ഹെലികോപ്ടറിൽ ആണ് എത്തിയത്. ലക്ഷദ്വീപിലെ അഗത്തിയിലേക്ക് പോകും വഴിയായിരുന്നു അത്. അവർക്കൊപ്പം വിദേശികളാരും ഉണ്ടായിരുന്നില്ല. എസ്എൻസിയുടെ ഫ്‌ളാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫ് എന്ന നിലയിൽ ഞാൻ അവർക്ക് ഐഎൻഎസ് വിരാട്ടിൽ വിരുന്നൊരുക്കി. മറ്റുപാർട്ടികളൊന്നും ഐഎൻഎസ് വിരാടിലോ മറ്റുയുദ്ധകപ്പലുകളിലോ നടത്തിയിരുന്നില്ല. യോഗങ്ങളിൽ പങ്കെടുക്കാൻ രാജീവും സോണിയയും മാത്രമാണ് പോയത്. കുട്ടിയായിരുന്ന രാഹുൽ അവർക്കൊപ്പം പോയിരുന്നില്ല.

ബംഗാരം ദ്വീപിലെ അവസാന ദിവസം പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കുറച്ച് നാവിക സേന ഡൈവർമാർ പോയിരുന്നു.' യുദ്ധക്കപ്പലുകൾ ഗാന്ധി കുടുംബത്തിന്റെ വ്യക്തിപരമായ അവധി ആഘോഷത്തിന് ഉപയോഗിച്ചുവെന്ന ആരോപണങ്ങൾ അഡ്‌മിറൽ രാംദാസ് തള്ളി. വെസ്റ്റേൺ ഫ്‌ളീറ്റും ഐഎൻഎസ് വിരാടുമായി ചേർന്നുള്ള നാവികാഭ്യാസം അറേബ്യൻ കടലിൽ വളരെ നേരത്തെ തന്നെ പ്ലാൻ ചെയ്തതാണ്. അതിന് രാജീവിന്റെ വരവുമായി ബന്ധമില്ല. അഡ്‌മിറൽ രാംദാസ് ഉറപ്പിച്ചുപറയുന്നു. പ്രധാനമന്ത്രി നാവികസേനാ ഉദ്യോഗസ്ഥരുമായി സംവദിക്കുന്ന ആചാരപരമായ ബഡാഖാന ഒരുക്കിയിരുന്നു. കവരത്തിയിൽ പ്രധാനമന്ത്രിയുടെയും ഭാര്യയുടെയും അടിയന്തര വൈദ്യസഹായത്തിനായി ഒരുചെറിയ ഹെലികോപ്ടർ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും രാംദാസ് പറഞ്ഞു.

മോദിയെ അനുകൂലിച്ച് രണ്ടുമുതിർന്ന നാവികസേനാ ഉദ്യോഗസ്ഥർ

ബിജെപിയുടെയും മോദിയുടെയും അവകാശവാദത്തെ പിന്തുണച്ചും ചില മുതിർന്ന നാവികസേനാ ഉദ്യോഗസ്ഥരെത്തി. അവധി ആഘോഷിക്കാൻ ഗാന്ധി കുടുംബം നാവികസേനയുടെ സൗകര്യങ്ങൾ വിപുലമായി ഉപയോഗിച്ചിരുന്നുവെന്ന് മുൻ നാവികസേനാ കമാൻഡർ വി.കെ.ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു. ബംഗാരം ദ്വീപിൽ അവധി അഘോഷിക്കാൻ യാത്രയ്ക്കായി രാജീവും സോണിയയും ഐഎൻഎസ് വിരാട് ഉപയോഗിച്ചു. ലക്ഷദ്വീപിലേക്ക് പോകാൻ ഗാന്ധി കുടുംബം ഐഎൻഎസ് വിരാട് ഉപയോഗിച്ചുവെന്നത് സത്യമാണ്. അതൊരു ചെറിയ കാര്യമല്ല. വൈസ് അഡ്‌മിറൽ പസ്‌റിച്ച ആയിരുന്നു ഞങ്ങളുടെ കമാൻഡിങ് ഓഫീസർ. അദ്ദേഹത്തിന് വിദേശികളെ കുറിച്ച് അറിയാമായിരിക്കും. ലക്ഷദ്വീപ് തീരത്തിന് അടുത്തായാണ് ഐഎൻഎസ് വിരാട് നങ്കൂരമിട്ടിരുന്നത്. കപ്പലിലേക്ക് വിഐപികൾ വരുന്നുണ്ടെന്നും, ബംഗാരം ദ്വീപിലേക്ക് പോകേണ്ടതുണ്ടെന്നും അറിയിപ്പ് കിട്ടി. അവരെ കൂട്ടിക്കൊണ്ടുവരാൻ കപ്പൽ കൊച്ചിക്ക് പോയി. അവർ ആ രാത്രി കപ്പലിൽ താമസിച്ചു. അതിനുശേഷം അവർ ചോപ്പറിൽ ലക്ഷദ്വീപിലേക്ക് പോയി. അവർ കപ്പലിൽ താമസിച്ചിരുന്നു. ബംഗാരത്തിന് അടുത്താണ് കപ്പൽ നങ്കൂരമിട്ടത്. വിമാനവാഹിനി കപ്പൽ എപ്പോഴും മറ്റ് യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെയാവും സഞ്ചരിക്കുക. അതെ രാജീവും കുടുംബവും നാവികസേനയുടെ സൗകര്യങ്ങൾ ഉപയോഗിച്ചിരുന്നു.

ലഫ്റ്റനന്റ് കമാൻഡർ ഹരീന്ദർ സിക്ക പറഞ്ഞത് ഇങ്ങനെ: ' നാവികസേനയുടെ സൗകര്യം ഗാന്ധി കുടുംബം ഉപയോഗിക്കുന്നതിനോട് നാവികസേനാ ഉദ്യോഗസ്ഥർക്ക് എതിർപ്പുണ്ടായിരുന്നു. എന്നാൽ, അവർ നിശ്ശബ്ദരായിക്കാൻ നിർബന്ധിതരായി, ടൈംസ് നൗവിനോട അദ്ദേഹം പറഞ്ഞു. സോണിയയെ വിദേശ പൗര എന്ന് വിളിക്കുന്ന സിക്ക അവരുടെ സാന്നിധ്യം നാവികസേനാ ഉദ്യോഗസ്ഥർക്ക് ഈർഷ്യയുണ്ടാക്കിയെന്നും പറയുന്നുണ്ട്. പ്രധാനമന്ത്രി ഐഎൻഎസ് വിരാടിൽ വരുന്നത് ശരിതന്നെ. എന്നാൽ, വിദേശ പൗരയായ അദ്ദേഹത്തിന്റെ ഭാര്യ തന്ത്രപ്രധാനമായ കപ്പലിൽ വരുന്നത് ഉചിതമാണോ? സിക്ക ചോദിക്കുന്നു. കമാൻഡിങ് ഓഫീസറുടെ മുമ്പാകെ ഈ കാര്യം ഉന്നയിച്ചപ്പോൾ ഷട്ടപ്പ് എന്നായിരുന്നു ശാസന. അദ്ദേഹം പ്രധാനമന്ത്രിയാണ്. എന്നാൽ, നാവികസേനാ കപ്പലിൽ നിന്ന് ഒരുപിൻ ഉപയോഗിച്ചാലും അതിന് രേഖ വേണം', സിക്ക പറയുന്നു. ഐഎൻഎസ് വിക്രമാദിത്യയിൽ 2014 ജൂണിലും 2105 ഡിസംബറിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തിയിരുന്നു. മോദിയുടെ മുൻഗാമികളായ മന്മോഹൻ സിങ്ങും, എ.ബി.വാജ്‌പേയിയും ഒക്കെ സമാനരീതിയിൽ, യുദ്ധക്കപ്പലുകളിൽ നാവികസേനാസമ്പ്രദായപ്രകാരം സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്.

അതേസമയം, ലക്ഷദ്വീപിലെ പ്രധാനമന്ത്രിയുടെ പാർട്ടിയിൽ പങ്കെടുത്തവരുടെ പട്ടിക ഇന്ത്യൻ എക്സ്‌പ്രസ് അന്ന് പുറത്തുവിട്ടിരുന്നു. രാജീവ് ഗാന്ധി, സോണിയ, രാഹുൽ, പ്രിയങ്ക, അജിതാഭ് ബച്ചന്റെ മൂന്നുമക്കൾ, അമിതാഭ് ബച്ചൻ, ഭാര്യ ജയ, മക്കളായ ശ്വേത, അഭിഷേക്, സോണിയ ഗാന്ധിയുടെ അമ്മ മിസ്സിസ് പി.മായ്‌ന, സഹോദരി നാദിയ വാൽഡിമെറോ, കുട്ടിയായ ജി.വാൾഡിമെറോ, സോണിയയുടെ അനന്തരവൻ വാർട്ടർ വിഞ്ചി, സോണിയയുടെ ജർമൻ സുഹൃത്ത് സബീന എന്നിവരുണ്ടായിരുന്നു. നിരവധി വിനോദങ്ങളിൽ പ്രധാനമന്ത്രിയും സുഹൃത്തുക്കളും ഏർപ്പെട്ടു. നീന്തൽ, ബോട്ടിങ്, ടൂണ ഫിഷിങ്, കബഡി കളി, പുതുവത്സര ദിനത്തിൽ ഫയർ ലിറ്റ് പാർട്ടി, അങ്ങനെ. അന്ന് രാജീവിന്റെ കരുത്തനായ പേഴ്‌സണൽ സെക്രട്ടറി വി.ജോർജ്, മണി ശങ്കർ അയ്യർക്കും, സരള ഗ്രേവാളിനും, എം.എം.ജേക്കബിനുമൊപ്പം ഐഎൻഎസ് വിരാടിലാണ് തങ്ങിയത്, ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് പറയുന്നു.

ഗാന്ധി കുടുംബത്തിനെതിരെ ആക്രമണം തുടർന്ന് മോദി

അതേസമയം, രാജീവ് ഗാന്ധിക്കെതിരായ ആക്രമണം ഡൽഹിയിലും മോദി തുടർന്നു. രാജീവ് ഗാന്ധിയും കുടുംബവും നാവി ഉദ്യോഗസ്ഥരെ വീട്ടുജോലികൾക്കായി ഉപയോഗിച്ചു. ഒരു ദ്വീപിൽ രാജീവും കുടുംബവും അവധിക്കാലം ചിലവഴിക്കുമ്പോളായിരുന്നു ഇത്. ആ സമയത്ത് 10 ദിവസം ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് വിരാട് കപ്പൽ ആ ദ്വീപിന് സമീപം പിടിച്ചിട്ടതായും മോദി ആരോപിച്ചു. ഇന്ത്യയുടെ സമുദ്രാതിർത്തി സംരക്ഷിക്കേണ്ട കപ്പലാണ് ഇത്തരത്തിൽ രാജീവ് ഗാന്ധി ദുരുപയോഗം ചെയ്തത്. ബന്ധുക്കളെല്ലാം ആ കപ്പലിലുണ്ടായിരുന്നു. ഇത് ദേശസുരക്ഷയെ അപായപ്പെടുത്തലായിരുന്നില്ലേ എന്ന് മോദി ചോദിച്ചു.

തന്റെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് വിരാട് ഉപയോഗിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ഡൽഹിയിലെ രാംലീല മൈതാനത്ത് തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു മോദിയുടെ പരാമർശം. രാജീവ് ഗാന്ധി രാജ്യ സുരക്ഷയിൽ വീഴ്ച വരുത്തിയെന്നും, ഇന്ത്യൻ പ്രതിരോധ സേനകൾ അദ്ദേഹത്തിന്റെ സ്വകാര്യസ്വത്തല്ലെന്നും മോദി കൂട്ടിച്ചേർത്തു. രാജീവ് ഗാന്ധിക്കും കുടുംബത്തിനും വേണ്ടി നാവികസേന ഉദ്യോഗസ്ഥർ ദ്വീപിൽ സേവനം ചെയ്യുകയായിരുന്നു.

സമുദ്രാതിർത്തികൾസംരക്ഷിക്കുന്നതിനുള്ളതായിരുന്നു ഐ.എൻ.എസ് വിരാട്. ഈ കപ്പലാണ് രാജീവ് ഗാന്ധിക്കും കുടുംബത്തിനും അവധി ആഘോഷിക്കാൻ ദ്വീപ് യാത്രക്കായി ഉപയോഗിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധുക്കൾ പോലും കപ്പലിൽ യാത്രക്കുണ്ടായിരുന്നു'-മോദി പറഞ്ഞു.ഐ.എൻ.എസ് വിരാട് 10 ദിവസമാണ് ദ്വീപിൽ കാത്തു കിടന്നത്. സമുദ്ര അതിർത്തികളുടെ സംരക്ഷണത്തിനായി ഐ.എൻ.എസ് വിരാട് ഉപയോഗിക്കുന്ന സമയത്തായിരുന്നു രാജീവ് ഗാന്ധിയുടെ യാത്രയ്ക്കായി കപ്പൽ നിയോഗിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ ബന്ധുക്കൾ ഈ സമയത്തു കപ്പലിൽ കയറി. ഇതു ദേശീയ സുരക്ഷയിലെ വിട്ടുവീഴ്ചയല്ലേ പ്രധാനമന്ത്രി ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP