Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജേന്ദ്രൻ എംഎൽഎയുടെ പട്ടയം വ്യാജം തന്നെ; തിരുത്തിന് നൽകിയ അപേക്ഷ തള്ളിയതുമാണ്; മൂന്നാറിൽ മുഖ്യമന്ത്രിയുടെ വാദങ്ങളെ തള്ളി റവന്യൂമന്ത്രിയുടെ രേഖാമൂലമുള്ള മറുപടി; വിവാദങ്ങൾക്ക് പുതുമാനം നൽകുന്നത് പിസി ജോർജിന്റെ നിയമസഭയിലെ ചോദ്യത്തിനുള്ള ഉത്തരം; സി.പി.എം-സിപിഐ പോര് ഇനി പുതിയ തലത്തിൽ

രാജേന്ദ്രൻ എംഎൽഎയുടെ പട്ടയം വ്യാജം തന്നെ; തിരുത്തിന് നൽകിയ അപേക്ഷ തള്ളിയതുമാണ്; മൂന്നാറിൽ മുഖ്യമന്ത്രിയുടെ വാദങ്ങളെ തള്ളി റവന്യൂമന്ത്രിയുടെ രേഖാമൂലമുള്ള മറുപടി; വിവാദങ്ങൾക്ക് പുതുമാനം നൽകുന്നത് പിസി ജോർജിന്റെ നിയമസഭയിലെ ചോദ്യത്തിനുള്ള ഉത്തരം; സി.പി.എം-സിപിഐ പോര് ഇനി പുതിയ തലത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൂന്നാറിൽ സി.പി.എം എംഎൽഎയ്ക്ക് കൈയേറ്റ ഭൂമിയിൽ വീടുണ്ടെന്ന് റവന്യൂമന്ത്രിയുടെ ഔദ്യോഗിക സ്ഥിരീകരണം. ദേവികളും എംഎൽഎയായ രാജേന്ദ്രന് മൂന്നാറിൽ കൈയേറ്റ ഭൂമിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും പരസ്യം നിലപാട് എടുത്തിരുന്നു. ഇതിനെയാണ് നിയമസഭയിൽ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ തള്ളുന്നത്. പിസി ജോർജിന്റെ ചോദ്യത്തിനാണ് നിയമസഭയിൽ രേഖാമൂലം മന്ത്രി മറുപടി നൽകുന്നത്. അതുകൊണ്ട് തന്നെ രാജേന്ദ്രന്റെ കൈയേറ്റത്തിന് ഔദ്യോഗിക ഭാഷ്യവും വരുന്നു. അടുത്ത ദിവസങ്ങളിൽ പ്രതിപക്ഷത്തിന് നിയമസഭയിൽ പുതിയ ആയുധവും ലഭിക്കുകയാണ്.

മൂന്നാറിൽ ഒരു എംഎൽഎയുടെ വീട് ഇരിക്കുന്ന ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ എന്നതായിരുന്നു പിസി ജോർജിന്റെ ചോദ്യം. എംഎൽഎയുടെ പേര് ഒരിടത്തും ചോദ്യത്തിൽ പരാമർശിക്കപ്പെട്ടില്ല. എന്നാൽ മറുപടിയിൽ കൃത്യമായി തന്നെ രാജേന്ദ്രന്റെ പേര് റവന്യൂമന്ത്രി പറയുന്നുവെന്നതാണ് വസ്തുത. മൂന്നാറിലെ വ്യാജ പട്ടയങ്ങളെ കുറിച്ച് അന്വേഷിച്ച എഡിജിപി ക്രൈംബ്രാഞ്ചാണ് രാജേന്ദ്രൻ എംഎൽഎയുടെ ഭൂമിയിലെ പട്ടയം വ്യാജമായി കണ്ടെത്തിയതെന്ന് മന്ത്രി വിശദീകരിച്ചിരിക്കുന്ന.ു ആയത് പ്രകാരം തെറ്റായ രേഖപ്പെടുത്തിയ പട്ടയ നമ്പർ തിരുത്തി കിട്ടണമെന്ന അപേക്ഷ 2001ൽ ഇടുക്കി ജില്ലാ കളക്ടർ തള്ളിയെന്നും വ്യക്തമാക്കുന്നു. ഇതിൻ മേൽ ലാന്റ് റവന്യൂ കമ്മീഷണർക്ക് നൽകിയ അപ്പീലും തള്ളി. ഇതെല്ലാം അപേക്ഷാ നമ്പറും തീയതിയും നൽകിയാണ് റവന്യൂമന്ത്രി വിശദീകരിക്കുന്നത്.

മൂന്നാറിലെ വ്യാജ പട്ടയങ്ങളിൽ റവന്യൂ, വിജിലൻസ്, ക്രൈംബ്രാഞ്ച് എന്നീ വകുപ്പുകൾ മുഖേന അന്വേഷണം നടക്കുന്നുണ്ടെന്നും വ്യാജമെന്ന് കണ്ടെത്തിയവ റദ്ദ് ചെയ്‌തെന്നും മന്ത്രി രേഖാമൂലം മറുപടി നൽകുന്നു. വൻകിട തോട്ടങ്ങളിലെ കയ്യേറ്റം കണ്ടെത്താൻ റവന്യൂ-പൊലീസ്-സർവ്വേ സംയുക്ത ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും റവന്യൂമന്ത്രി വിശദീകരിക്കുന്നു. രാജേന്ദ്രന്റെ വീടിന് പട്ടയമുണ്ടെന്ന മുഖ്യമന്ത്രിയുടെയും കൂടി അവകാശ വാദങ്ങളാണ് പൊളിയുന്നത്. 2000ൽ തന്റെ വീടിന് പട്ടയം ലഭിച്ചെന്നായിരുന്നു രാജേന്ദ്രന്റെ അവകാശവാദം. എ.കെ മണി ലാൻഡ് ആസൈന്മെന്റ് കമ്മിറ്റി ചെയർമാനായിരുന്ന കാലയളവിലാണ് തനിക്ക് പട്ടയം ലഭിച്ചതെന്നായിരുന്നു വിശദീകരണവും. എന്നാൽ രാജേന്ദ്രൻ പറഞ്ഞ വർഷത്തിൽ ലാൻഡ് അസൈന്മെന്റ് കമ്മിറ്റി കൂടിയിട്ടില്ലെന്ന് നേരത്തെ പുറത്തു വന്ന രേഖകളും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റവന്യൂമന്ത്രിയുടെ ഔദ്യോഗിക വിശദീകരണം.

മൂന്ന് തഹസിൽദാർമാർ വഴിയാണ് തന്റെ പട്ടയം വിവിധ കാലയളവിലായി സ്വന്തമായി കിട്ടിയതെന്നും ഇതിന് ചെല്ലാൻ അടച്ച രസീതുൾപ്പെടെയുള്ളവ സമർപ്പിച്ചതാണെന്നും രാജേന്ദ്രൻ അവകാശപ്പെട്ടിരുന്നു. ഇത് മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചിരുന്നു രാജേന്ദ്രന്റെ വീട് പട്ടയഭൂമിയിലാണെന്ന കാര്യം. അത് കൈയേറ്റ ഭൂമിയാണെന്ന പ്രചാരണം നേരത്തെയുള്ളതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. ദേവികുളം എംഎൽഎയായ എസ്. രാജേന്ദ്രന്റേത് വ്യാജപട്ടയമാണെന്നും പൊതുമരാമത്ത് വകുപ്പ് പുറമ്പോക്കിലുൾപ്പെടുന്ന സ്ഥലത്താണ് അദ്ദേഹം വീട് നിർമ്മിച്ചതെന്നുമാണ് ആരോപണം. എന്നാൽ എട്ടുസെന്റ് ഭൂമി തനിക്കുണ്ടെന്നും അതിന് പട്ടയം ലഭിച്ചിട്ടുണ്ടെന്നുമാണ് രാജേന്ദ്രൻ വിശദമാക്കുന്നത്. മൂന്നാർ ടൗണിലെ ഇക്കാനഗർ എന്നറിയപ്പെടുന്ന സ്ഥലത്താണ് രാജേന്ദ്രന്റെ വീട്.

വൈദ്യുതി ബോർഡിന്റെയും പൊതുമരാമത്ത് വൈകുപ്പിന്റെയും ഈ സ്ഥലത്ത് പത്തേക്കർ ഭൂമി രാജേന്ദ്രൻ കയ്യേറിയെന്നും ആരോപണം ഉയർന്നിരുന്നു. കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻ വില്ലേജിലെ സർവെനമ്പർ 62-9 പ്രകാരം എസ് രാജേന്ദ്രന്റെ വീടിരിക്കുന്ന സ്ഥലം പൊതുമരാമത്ത് പുറമ്പോക്കിലാണെന്നും ഇവിടെ ആർക്കും പട്ടയം നൽകിയിട്ടില്ലെന്നും കോൺഗ്രസ് നേതാക്കൾ ഉൽപ്പെടെയുള്ളവർ ആരോപണം ഉന്നയിച്ചിരുന്നു. ദേവികുളം എംഎൽഎ എസ്.രാജേന്ദ്രന്റെ കൈവശമുള്ളത് വ്യാജ പട്ടയമാണെന്നും ഭൂമി തിരിച്ചുപിടിക്കണമെന്നും ലാൻഡ് റവന്യു കമ്മിഷണർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നുവെന്നതാണ് വസ്തുത. രാജേന്ദ്രൻ കൈവശം വച്ചിരിക്കുന്നത് കെഎസ്ഇബിയുടെ ഭൂമിയാണെന്നാണ് 2015 ജനുവരിയിൽ അന്നത്തെ ലാൻഡ് റവന്യു കമ്മിഷണർ എം.സി. മോഹൻദാസ് റവന്യു മന്ത്രിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

സർക്കാരിന്റെ ഈ ഭൂമി തിരിച്ചെടുക്കണമെന്ന് ലാൻഡ് റവന്യു കമ്മിഷണർ ഇടുക്കി ജില്ലാ കലക്ടറോടു ശുപാർശ ചെയ്തിരുന്നുവെങ്കിലും നടപടിയെടുത്തില്ല. സർവേ നമ്പർ 843എയിലുള്ള എട്ടു സെന്റ് വസ്തുവിന് (പട്ടയ നമ്പർ 321) ഭൂനികുതി അടയ്ക്കുന്നതിനായി എസ്. രാജേന്ദ്രൻ കണ്ണൻ ദേവൻ ഹിൽസ് വില്ലേജ് ഓഫിസറെ സമീപിച്ചതോടെയാണ് ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചത്. രേഖ പരിശോധിച്ച വില്ലേജ് ഓഫിസർ ഈ ഭൂമിയുടെ സർവേ നമ്പർ 912 ആണെന്നും സർവേ നമ്പർ 843എയിൽ ഉൾപ്പെടുന്നതല്ലെന്നും കണ്ടെത്തി. അതോടെ സർവേ നമ്പർ തിരുത്തുന്നതിനായി രാജേന്ദ്രൻ ഇടുക്കി കലക്ടർക്ക് അപേക്ഷ നൽകി.

കലക്ടറുടെ നിർദ്ദേശപ്രകാരം ദേവികുളം തഹസിൽദാർ നടത്തിയ അന്വേഷണത്തിൽ രാജേന്ദ്രന്റെ പട്ടയം സംബന്ധിച്ച ഫയൽ ദേവികുളം താലൂക്ക് ഓഫിസിൽ കാണാനില്ലെന്നും പട്ടയം അപേക്ഷാ രജിസ്റ്ററിലും പട്ടയം നൽകിയതിന്റെ രജിസ്റ്ററിലും രാജേന്ദ്രന്റെ പേര് ഇല്ലെന്നും കണ്ടെത്തി. അതോടെ സർവേ നമ്പർ തിരുത്തണമെന്ന രാജേന്ദ്രന്റെ അപേക്ഷ കലക്ടർ നിരസിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP