Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആളും ആരവവും ഇല്ലാതെ 'കാല'യ്ക്ക് കാലം തെറ്റിയ റിലീസിങ്; തമിഴ് ജനതയുടെ വൈകാരിക വിഷയത്തിൽ കൈവെച്ച രജനി കാന്തിനെ കൂട്ടത്തോടെ കയ്യൊഴിഞ്ഞ് ആരാധകർ; പടുകൂറ്റൻ കട്ടൗട്ടും പാലഭിഷേകവുമായി രജനി ചിത്രങ്ങളെ വരവേറ്റിരുന്ന ആരാധകരെ എങ്ങും കാണാനില്ല; റിലീസ് ചെയ്തതിന് പിന്നാലെ കാലയുടെ വ്യാജ പതിപ്പ് ഇന്റർനെറ്റിലിട്ട് തമിഴ് റോക്കേഴ്‌സും; കാവേരി പ്രശ്‌നത്തിൽ ഇടപെട്ട രജനീകാന്തിന്റെ ചിത്രം കർണാടകത്തിന് വേണ്ട: ആവേശം കേരളത്തിൽ മാത്രം

ആളും ആരവവും ഇല്ലാതെ 'കാല'യ്ക്ക് കാലം തെറ്റിയ റിലീസിങ്; തമിഴ് ജനതയുടെ വൈകാരിക വിഷയത്തിൽ കൈവെച്ച രജനി കാന്തിനെ കൂട്ടത്തോടെ കയ്യൊഴിഞ്ഞ് ആരാധകർ; പടുകൂറ്റൻ കട്ടൗട്ടും പാലഭിഷേകവുമായി രജനി ചിത്രങ്ങളെ വരവേറ്റിരുന്ന ആരാധകരെ എങ്ങും കാണാനില്ല; റിലീസ് ചെയ്തതിന് പിന്നാലെ കാലയുടെ വ്യാജ പതിപ്പ് ഇന്റർനെറ്റിലിട്ട് തമിഴ് റോക്കേഴ്‌സും; കാവേരി പ്രശ്‌നത്തിൽ ഇടപെട്ട രജനീകാന്തിന്റെ ചിത്രം കർണാടകത്തിന് വേണ്ട: ആവേശം കേരളത്തിൽ മാത്രം

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: രജനീകാന്ത് ചിത്രം 'കാല' റിലീസ് ചെയ്തു. പതിവിൽ നിന്നും വ്യത്യസ്തമായി ആളും ആരവവും ഇല്ലാതെയാണ് തമിഴകത്തെ സൂപ്പർ സ്റ്റാറിന്റെ ചിത്രം റിലീസിനെത്തിയത്. തമിഴ് നാട്ടിലെ മിക്ക സ്ഥലങ്ങളിലും തിയറ്ററുകളിൽ ആളുകൾ കുറവായിരുന്നു. രജനീകാന്ത് ചിത്രത്തിന് പതവായി കിട്ടുന്ന സ്വീകാര്യതകളൊന്നും കാലയ്ക്ക് തമിഴ് നാട്ടിൽ ലഭിച്ചില്ല. സൂപ്പർ താരത്തെ ദൈവത്തെ പോലെ കണ്ടിരുന്ന തമിഴ് ജനത താരത്തിന്റെ ഒരൊറ്റ പരാമർശം കൊണ്ട് തന്നെ തിയറ്ററുകളെ കൂട്ടത്തോടെ കയ്യൊഴിഞ്ഞു. പടുകൂറ്റൻ കട്ടൗട്ടും പാലഭിഷേകവുമായി രജനി ചിത്രങ്ങളെ വരവേറ്റിരുന്ന ആരാധകരും തിയറ്ററുകൾക്ക് മുന്നിൽ കാണാനില്ലായിരുന്നു.

പാലഭിഷേകവും പടുകൂറ്റൻ കട്ട് ഔട്ടുകളുമായി രജനി ചിത്രത്തെ വരവേറ്റിരുന്ന ആരാധക വൃന്ദത്തെ ഇത്തവണ എവിടെയും കാണാനില്ലായിരുന്നു. കാവേരി പ്രശ്‌നത്തിലെ രജനിയുടെ ഇടപെടലും തൂത്തുക്കുടി വെടിവെയ്‌പ്പിൽ പൊലീസുകാരെ ന്യായീകരിച്ചുള്ള രജനിയുടെ പരാമർശവും ജനങ്ങളുടെ വൈകാരികതയെ പിടിച്ചു കുലുക്കിയപ്പോൾ ഒറ്റ ദിവസം കൊണ്ട് സൂപ്പർ താരത്തെ കൂട്ടത്തോടെ കയ്യൊഴിഞ്ഞ അവസ്ഥയാണ് തിയറ്ററുകളിൽ കണ്ടത്. അതേസമയം കേരളത്തിൽ മാത്രം പതിവ് രജനി ആവേശത്തിന് കുറവ് ഇല്ല.

കേരളത്തിലും തമിഴ്‌നാട്ടിലും അടക്കം ചിത്രം റിലീസ് ചെയ്‌തെങ്കിലും കർണ്ണാകടയിൽ ചിത്രത്തിന്റെ റിലീസ് തടഞ്ഞു. കാവേരി വിഷയത്തിൽ രജനീകാന്ത് നടത്തിയ പരാമർശത്തിന്റെ പേരിലാണ് ചിത്രത്തിന്റെ റിലീസിങ് കർണാടക തടഞ്ഞത്. അതേസമയം ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ ഇറങ്ങി. തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ അപ് ലോഡ് ചെയ്തിരിക്കുന്നത്. അതേസമയം സിനിമയെ കുറിച്ച് മികച്ച പ്രതികരണമാണ് പുറത്ത് വരുന്നത്.

തമിഴ് നാട്ടുകാർ ധാരാവിയിലേക്ക് കുടിയേറുന്നതും ധാരാവിയിലെ അധോലോക നായകനായി രജനികാന്ത് മാറുന്നതും ഒക്കെയാണ്് ചിത്രം പറയുന്നത്. 51 ശതമാനം രജനി മാജിക്കും 49 ശതമാനം പാ രഞ്ജിത്ത് എന്ന സംവിധായകന്റെ മികവുമായാണ് സിനിമയുടെ വിലയിരുത്തൽ. തീയേറ്റർ റൈറ്റ്‌സിൽ കാല നേടിയ കളക്ഷൻ ആന്ധ്രാ ബോക്‌സ്ഓഫിസ് ഡോട് കോം പുറത്തുവിട്ടു. തമിഴകത്ത് 60 കോടി രൂപയ്ക്കാണ് കാലയുടെ തിയേറ്റർ റൈറ്റ്‌സ് വിട്ടുപോയത്. ആന്ധ്രപ്രദേശ്/ നിസാം മേഖലയിൽ 33 കോടി രൂപയാണ് ലഭിച്ചത്. കേരളത്തിൽ 10 കോടി രൂപയ്ക്കാണ് തിയേറ്റർ റൈറ്റ്‌സ് വിറ്റതെന്നാണ് റിപ്പോർട്ട്.

ഇന്ത്യയുടെ മറ്റ് വിഭാഗങ്ങളിൽ നിന്നുള്ള തിയേറ്റർ റൈറ്റ്‌സ് ഏഴ് കോടി രൂപയും വിദേശത്ത് നിന്ന് 45 കോടി രൂപയുമാണ്. തിയേറ്റർ റൈറ്റ്‌സ് വിറ്റതിൽ നിന്ന് ഏകദേശം 155 കോടി രൂപയാണ് ലഭിച്ചത്. ബ്രോഡ്കാസ്റ്റ് റൈറ്റ്‌സിന് 70 കോടി രൂപയോളവും മ്യൂസിക് റൈറ്റ്‌സിന് അഞ്ച് കോടി രൂപയുമാണ് ലഭിച്ചത്. റിലീസിന് മുന്നേ ഏകദേശം 230 കോടി രൂപയോളം കാല സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. കബാലിക്ക് ശേഷം പാ രഞ്ജിത്തും രജനികാന്തും ഒന്നിക്കുന്ന ചിത്രമാണ് കാല. സന്തോഷ് നാരായണൻ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

തൂത്തുക്കുടി വെടിവയ്പിലടക്കം താരം സ്വീകരിച്ച നിലപാടിനെതിരെ പ്രതിഷേധമുയർന്നിരുന്നു. രാഷ്ട്രീയത്തിലിറങ്ങും എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയാണ് പിന്നിലെന്ന ആരോപണമുയർന്നത് ചെറുതായൊന്നുമല്ല രജനീകാന്തിനെ ബാധിച്ചത്. ഐപിഎൽ സമരത്തിനിടയിൽ പൊലീസിനെ ന്യായീകരിച്ചതും വിനയായി. കാവേരി വിഷയത്തിൽ കർണാടക വെള്ളം വിട്ടുതരണമെന്ന് പറഞ്ഞെങ്കിലും തമിഴ്‌നാടിന്റെ വികാരത്തിനൊപ്പം നിന്നില്ല എന്ന വിലയിരുത്തലുണ്ടായി. ഏറ്റവുമൊടുവിൽ തുത്തുക്കുടി വെടിവയ്പിന് കാരണം സമരത്തിൽ നുഴഞ്ഞുകയറിയ സാമൂഹ്യവിരുദ്ധരാണ് എന്ന പ്രസ്താവന വലിയ വിവാദത്തിലേക്കും വഴിവച്ചു.

ഇങ്ങനെ പല പ്രതികൂല സാഹചര്യങ്ങളിലാണ് പുതിയ ചിത്രം കാല തിയറ്ററുകളിലെത്തിയത്. റിലീസ് മാറ്റിവെക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ചർച്ചകൾ നടന്നെങ്കിലും നടനും ചിത്രത്തിന്റെ നിർമ്മാതാവുമായ ധനുഷ് റിലീസുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിലടക്കം മന്ദഗതി നേരിട്ടിരുന്നു. പല തിയറ്റുകളും ഹൗസ് ഫുൾ ആകാൻ കൂടുതൽ സമയമെടുത്തു. സുപ്രീം കോടതിയും ചിത്രത്തിന്റെ റിലീസ് തടയാനാവില്ലെന്ന് ഇനന്നലെ വ്യക്തമാക്കിയിരുന്നു.

എന്നാൽ രജനിയുടെ മക്കൾ മൻട്രം പ്രവർത്തകർ കാലയുടെ റിലീസ് വൻ ആഘോഷമാക്കി. ദളിത് ജീവിതവും സമരങ്ങളുമൊക്കെ പ്രമേയമാകുന്ന ചിത്രത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തുന്നത്. കർണാടകയിൽ കാല റിലീസ് ചെയ്താൽ തടയുമെന്ന പ്രഖ്യാപനവുമായി കന്നട സംഘടനകൾ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP