Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'തോറ്റ വിദ്യാർത്ഥിയെ അദാലത്ത് നടത്തിയല്ല ജയിപ്പിക്കേണ്ടത്; നടക്കുന്നത് ആലോചിക്കാൻ പറ്റാത്ത കാര്യങ്ങൾ; ദയാഹർജി പരിഗണിക്കും പോലെയല്ല പരീക്ഷാനടത്തിപ്പ് കൈകാര്യം ചെയ്യേണ്ടത്; പരീക്ഷാഫലം വന്നു കഴിഞ്ഞാൽ മാർക്ക് കൂട്ടി നൽകാനോ കുറച്ചു നൽകാനോ സിൻഡിക്കേറ്റിന് പറ്റില്ല; മാർക്ക് ദാനത്തിൽ സർക്കാരിനെ തള്ളി ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കൾ

'തോറ്റ വിദ്യാർത്ഥിയെ അദാലത്ത് നടത്തിയല്ല ജയിപ്പിക്കേണ്ടത്; നടക്കുന്നത് ആലോചിക്കാൻ പറ്റാത്ത കാര്യങ്ങൾ; ദയാഹർജി പരിഗണിക്കും പോലെയല്ല പരീക്ഷാനടത്തിപ്പ് കൈകാര്യം ചെയ്യേണ്ടത്; പരീക്ഷാഫലം വന്നു കഴിഞ്ഞാൽ മാർക്ക് കൂട്ടി നൽകാനോ കുറച്ചു നൽകാനോ സിൻഡിക്കേറ്റിന് പറ്റില്ല; മാർക്ക് ദാനത്തിൽ സർക്കാരിനെ തള്ളി ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എംജി സർവ്വകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കി ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ രാജൻ ഗുരുക്കൾ.തോറ്റ വിദ്യാർത്ഥിയെ അദാലത്ത് നടത്തിയല്ല ജയിപ്പിക്കേണ്ടത്. ആലോചിക്കാൻ പറ്റാത്ത കാര്യങ്ങളാണ് നടക്കുന്നത്. ദയാഹർജി പരിഗണിക്കും പോലെയല്ല പരീക്ഷാനടത്തിപ്പ് കൈകാര്യം ചെയ്യേണ്ടത്.പരീക്ഷാഫലം വന്നു കഴിഞ്ഞാൽ അതുമായി ബന്ധപ്പെട്ട യാതൊരു കാര്യത്തിലും ഇടപെടാനോ പരിശോധിക്കാനോ സിൻഡിക്കേറ്റിന് യാതൊരു അധികാരവുമില്ലെന്ന് രാജൻ ഗുരുക്കൾ പറഞ്ഞു. സിൻഡിക്കേറ്റിൽ പരീക്ഷ നടത്തിപ്പിനായി ഒരു സമിതിയുണ്ടാവും എന്നാൽ അവർക്ക് പോലും ഉത്തരപേപ്പർ വിളിച്ചു വരുത്താനാവില്ല.

പരീക്ഷാഫലം വന്നു കഴിഞ്ഞാൽ മാർക്ക് കൂട്ടി നൽകാനോ കുറച്ചു നൽകാനോ സിൻഡിക്കേറ്റിന് പറ്റില്ല. കൺട്രോളർ ഓഫ് എക്‌സാമിനേഷനാണ് പരീക്ഷ നടത്തിപ്പിന് നിയമപ്രകാരം ചുമതലപ്പെട്ടത്. അദ്ദേഹത്തിന് മുകളിൽ പരീക്ഷാ നടത്തിപ്പിൽ ആർക്കും അവകാശമോ അധികാരമോ ഇല്ല. വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനായി അദാലത്തുകൾ നടത്താൻ സർവകാലാശാലകൾക്ക് അധികാരമുണ്ട്. എന്നാൽ അതിൽ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് പങ്കെടുത്തത് നിയമവിരുദ്ധമാണ്. വൈസ് ചാൻസലർക്കാണ് അദാലത്ത് നടത്താൻ അവകാശം. മാർക്ക് ദാനം ഗുണനിലവാരത്തെ തകർക്കും. അദാലത്ത് നടക്കുന്നിടത്ത് മന്ത്രിയെ വിളിക്കേണ്ടതില്ല. സർക്കാരിനെയും മന്ത്രിയെയും ആരോ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും മന്ത്രി കുറ്റക്കാരനല്ലെന്നും എം.ജി സർവകലാശാല മുൻ വൈസ് ചാൻസലർ കൂടിയായ രാജൻ ഗുരുക്കൾ പറഞ്ഞു.

സർവകലാശാലയുടെ ഭരണഘടനാപരമായ അധികാരങ്ങളിലും അവകാശങ്ങളിലും പ്രൊ ചാൻസലറായ ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് ഇടപെടാൻ നിയമമില്ല. വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങിൽ അതിഥിയായി പങ്കെടുക്കാം എന്നതിൽ കവിഞ്ഞൊരു അധികാരവും ഉന്നത വിദ്യാഭ്യാസമന്ത്രിക്കില്ലെന്നും രാജൻ ഗുരുക്കൾ വ്യക്തമാക്കി. കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് പതിറ്റാണ്ടുകളുടെ പ്രവർത്തന പരിചയവും പൊതുസ്വീകാര്യതയുമുള്ള വ്യക്തിയാണ് രാജൻ ഗുരുക്കൾ. ഉന്നതവിദ്യാഭ്യസ കൗൺസിലിന്റെ ഉപാധ്യക്ഷൻ കൂടിയായ അദ്ദേഹത്തിന്റെ പ്രസ്താവന മാർക്ക് ദാന വിവാദത്തിൽ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലേക്കാണ് കൊണ്ടു പോകുന്നത്.

140 കുട്ടികൾക്ക് സർവകലാശാല മാർക്ക് കൂട്ടി നൽകിയിട്ടുണ്ട്. 60 അപേക്ഷകൾ പരിഗണിക്കാനിരിക്കുന്നു. മന്ത്രിയുടെ അറിവോടെയാണ് ഈ മാർക്ക് തട്ടിപ്പ് നടക്കുന്നത്. കഷ്ടപ്പെട്ട് പഠിച്ച് മാർക്കു വാങ്ങുന്നവരെ അപമാനിക്കുന്നതിന് തുല്യമാണ് നടപടിയെന്നും ചെന്നിത്തല പറഞ്ഞിരുന്നു.അതീവ രഹസ്യ സ്വഭാവത്തോടെ സൂക്ഷിക്കേണ്ട വിദ്യാർത്ഥികളുടെ ഫാൾസ് നമ്പരടങ്ങിയ ഉത്തരക്കടലാസുകൾ നിയമങ്ങൾ കാറ്റിൽ പറത്തി പരീക്ഷാ ചുമതലയുള്ള സിൻഡിക്കേറ്റംഗം ഡോ. ആർ പ്രഗാഷിന് നൽകാൻ വൈസ് ചാൻസലർ കത്തു നൽകിയിരുന്നു.

എം.കോം നാലാം സെമസ്റ്റർ കോഴ്സിന്റെ അഡ്വാൻസ് കോസ്റ്റ് അക്കൗണ്ടിങ്ങ് പരീക്ഷയുടെ ഉത്തരക്കടലാസുകൾ രജിസ്റ്റർ നമ്പരും ഫോൾസും ഉൾപ്പെടെ പരീക്ഷാ ചുമതലയുള്ള സിൻഡിക്കേറ്റംഗം ആർ. പ്രഗാഷിനു നൽകാൻ വി സി നിർദ്ദേശിക്കുകയായിരുന്നു.എന്നാൽ ഒരു വിഷയത്തിന് മാർക്കു കുറഞ്ഞ കുട്ടിക്ക് അധിക മാർക്ക് നൽകാൻ സർവകലാശാല സിൻഡിക്കേറ്റാണ് തീരുമാനിച്ചതെന്നായിരുന്നു മന്ത്രി കെ.ടി ജലീലിന്റെ വിശദീകരണം.എന്നാൽ രാജൻ ഗുരുക്കളുടെ വിശദീകരണം സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലേക്കാണ് നയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP