Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ഇടമുറിയാതെ പെയ്യുന്ന മഴയിലും കൈമെയ് മറന്ന് പെട്ടിമുടിയിൽ രക്ഷാപ്രവർത്തനം; പെട്ടിമുടി ആറിന്റെ ഇരുവശങ്ങളിലുമുള്ള 16 കിലോമീറ്ററിൽ കാണാതായവർക്കായി വനപാലക സംഘം പ്രത്യേക തിരച്ചിലിൽ; ഇതുവരെ കണ്ടെടുത്തത് 42 മൃതദേഹങ്ങൾ; കാണാതായ മുഴുവൻപേരേയും കണ്ടെത്തുംവരെ രക്ഷാപ്രവർത്തനം തുടരുമെന്ന് വനംമന്ത്രി കെ.രാജു; ദുരിതബാധിതർക്ക് സഹായം സർക്കാർ ഉറപ്പു വരുത്തുമെന്ന് മന്ത്രി എ.കെ.ബാലനും

ഇടമുറിയാതെ പെയ്യുന്ന മഴയിലും കൈമെയ് മറന്ന് പെട്ടിമുടിയിൽ രക്ഷാപ്രവർത്തനം; പെട്ടിമുടി ആറിന്റെ ഇരുവശങ്ങളിലുമുള്ള 16 കിലോമീറ്ററിൽ കാണാതായവർക്കായി വനപാലക സംഘം പ്രത്യേക തിരച്ചിലിൽ; ഇതുവരെ കണ്ടെടുത്തത് 42 മൃതദേഹങ്ങൾ; കാണാതായ  മുഴുവൻപേരേയും കണ്ടെത്തുംവരെ രക്ഷാപ്രവർത്തനം തുടരുമെന്ന് വനംമന്ത്രി കെ.രാജു; ദുരിതബാധിതർക്ക് സഹായം സർക്കാർ ഉറപ്പു വരുത്തുമെന്ന് മന്ത്രി എ.കെ.ബാലനും

മറുനാടൻ മലയാളി ബ്യൂറോ

പെട്ടിമുടി: ഇടുക്കിയിലെ രാജമലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തുംവരെ രക്ഷാപ്രവർത്തനം തുടരുമെന്ന് വനംവകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. രാജമലയിലെ ദുരന്തംനടന്ന പെട്ടിമുടിയിൽ നേരിട്ടെത്തി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് താത്കാലിക ധനസഹായം, പരിക്കേറ്റവർക്കുള്ള സൗജന്യ ചികത്സ തുടങ്ങിയവ ഇതിനോടകം മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തിന് ഇരയായവർക്കും കുടുംബത്തിനും അർഹമായ മറ്റ് കാര്യങ്ങളെ സംബന്ധിച്ച് കാബിനറ്റിൽ ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കും. പുനഃരധിവാസം, മരണപ്പെട്ടവരുടെ കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിലും ഉചിതമായ തീരുമാനമെടുക്കും.

Stories you may Like

വനം വകുപ്പിലെ ആറ് താത്കാലിക വാച്ചർമാരും ദുരന്തത്തിൽ ഇരയായിട്ടുണ്ട്. ഇവരിൽ രണ്ടുപേരുടെ മൃതദേഹമാണ് കണ്ടെത്തിയിട്ടുള്ളത്.സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണസേന, സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി, ഫയർഫോഴ്‌സ്, പൊലീസ് തുടങ്ങിയ വിവിധ സർക്കാർ ഏജൻസികൾ ഊർജിതമായി രംഗത്തുണ്ട്. വനപാലകരും വകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുതകർമ്മസേനയും രക്ഷാപ്രവർത്തനത്തിൽ ആദ്യം മുതൽ സജീവമാണ്. പെട്ടിമുടി ആറിന്റെ ഇരുവശങ്ങളിലുമുള്ള 16 കിലോമീറ്റർ വിസ്തൃതിയിൽ കാണാതായവർക്കായി വനപാലക സംഘം പ്രത്യേക തിരച്ചിൽ നടത്തികൊണ്ടിരിക്കുകയാണ്. ഈ ഭാഗത്തു നിന്നാണ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നാർ വന്യജീവി വിഭാഗം, മൂന്നാർ ടെറിട്ടോറിയൽ വിഭാഗം, മാങ്കുളം ഡിവിഷൻ എന്നിവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടന്നുവരുന്നത്. പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത രീതിയിലായിരിക്കണം വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതെന്നും അടിക്കടിയുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളിൽ നിന്ന് മനുഷ്യൻ പാഠങ്ങൾ ഉൾക്കൊള്ളണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ദുരിതബാധിതർക്ക് സഹായം സർക്കാർ ഉറപ്പു വരുത്തും: മന്ത്രി എ കെ ബാലൻ

പെട്ടിമുടിയിലെ ദുരന്തബാധിതരോട് സർക്കാർ നീതികേട് കാണിക്കില്ലെന്ന് മന്ത്രി എ കെ ബാലൻ. പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടുള്ള കാര്യങ്ങൾ നല്ല വിശ്വാസത്തിലാണെങ്കിൽ സർക്കാർ അത് പരിപൂർണ്ണമായി ഉൾക്കൊള്ളും. സാധാരണ നിലയിലുള്ള ഒരു ദുരന്തമല്ല പെട്ടിമുടിയിൽ നടന്നിരിക്കുന്നത്. കേരളത്തിലെ ജനത കണ്ണ് തുറക്കേണ്ട ഒട്ടേറെ പ്രശ്നങ്ങളുണ്ട്. പ്രത്യേകിച്ച് പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രശ്നങ്ങളാണത്. വാസയോഗ്യമല്ലാത്ത രീതിയിലേക്ക് എത്തിയിരിക്കുകയാണ് ഇത്തരം സ്ഥലങ്ങൾ. സമഗ്രമായ വലിയ പഠനം ഇതിനാവശ്യമായി വരും. അടുത്ത വർഷവും ഇത്തരം സംഭവങ്ങൾ സ്വഭാവികമായി ഉണ്ടായേക്കാം.

കണ്ണൻ ദേവൻ കമ്പനിയുടെ സഹായത്തോടു കൂടി പെട്ടിമുടിയിൽ ചില കാര്യങ്ങൾ ആലോചിക്കേണ്ടതായുണ്ട് വളരെ പ്രാകൃതമായ രൂപത്തിലാണ് ലയങ്ങൾ ഉള്ളത്. ഇത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. ഇതെല്ലാം പരിശോധിക്കേണ്ടതായുണ്ട്. കഴിഞ്ഞ വർഷം തന്നെ ഇക്കാര്യങ്ങൾ തുടങ്ങിയതാണ്. റീ ബിൽഡ് കേരളയുടെ ഭാഗമായി ഭൂമിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ശാസ്ത്രീയമായി പഠനം നടത്തി ആ പ്രദേശത്ത് താമസിക്കുന്ന ജനതയുടെ സുരക്ഷ ഉറപ്പു വരുത്താൻ എത് വിധത്തിലുള്ള നടപടി വേണമെന്നകാര്യത്തിൽ ആലോചന നടത്തുന്നുണ്ട്. 5 ലക്ഷം രൂപ കൊണ്ട് ആനുകൂല്യം തീരുന്നില്ല. സാധാരണനിലയിലുള്ള ദുരന്തമല്ലിത്. ഇതാവർത്തിക്കാതിരിക്കണം. കൃത്യമായിട്ടുള്ള പുനരധിവാസമുണ്ടാകണം ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള സഹായം പ്രാഥമികമായി ഉള്ളതാണ്. ഇതിവിടം കൊണ്ടവസാനിക്കുന്നതല്ല ഒരു രൂപത്തിലുമുള്ള നീതികേടും പെട്ടിമുടിയിൽ ഉണ്ടാവില്ല. ഇവിടുത്തെ ജനതക്ക് അർഹതപ്പെട്ടത് അവകാശപ്പെട്ടത് സർക്കാർ നൽകുമെന്നും മന്ത്രി എ കെ ബാലൻ വ്യക്തമാക്കി.

പ്രതികൂല കാലാവസ്ഥയിലും കൈമെയ് മറന്ന് രക്ഷാപ്രവർത്തനം

പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് പെട്ടിമുടിയിൽ കഴിഞ്ഞ 3 ദിവസമായി തിരച്ചിലും രക്ഷാ പ്രവർത്തനവും തുടരുന്നത്. ഇടമുറിയാതെ പെയ്യുന്ന മഴയാണ് തിരച്ചിൽ ജോലികൾക്കേറെ വെല്ലുവിളി ഉയർത്തുന്നത്. എൻ ഡി ആർ എഫ് സംഘവും വനം, പൊലീസ്, റവന്യൂ, ഫയർഫോഴ്സ് സംഘവും അക്ഷീണം തിരച്ചിൽ ജോലികളുമായി മുമ്പോട്ട് പോകുന്നു. സന്നദ്ധ പ്രവർത്തകരുടെയും പ്രദേശവാസികളുടെയും സഹായവും തിരച്ചിൽ പ്രവർത്തനങ്ങൾക്ക് കരുത്തു പകരുന്നു. മന്ത്രിമാരടക്കമുള്ളവരും പ്രാദേശിക ഭരണകൂടങ്ങളും ഉദ്യോഗസ്ഥ പ്രതിനിധികളും ചേർന്ന് തിരച്ചിൽ ദൗത്യം ഏകോപിപ്പിക്കുന്നു. കല്ലും മണ്ണും ഒഴുകിയെത്തി പ്രദേശം ചതുപ്പിന് സമാനമായി തീർന്നിരിക്കുന്നു. ഉരുൾപൊട്ടലുണ്ടായ ഭാഗത്ത് നീർച്ചാൽ രൂപപ്പെട്ടിട്ടുണ്ട്. രാജമലയിൽ നിന്നും പെട്ടിമുടിയിലേക്കുള്ള പാത തീർത്തും ദുർഘടമായി കഴിഞ്ഞു. പാതയിൽ നിരവധിയിടത്ത് ചെറുതും വലുതുമായ മണ്ണിടിച്ചിൽ ഉണ്ടാവുകയും പലയിടത്തും പാതയുടെ വീതി നഷ്ടപ്പെടുകയും ചെയ്തു കഴിഞ്ഞു.

നിരന്തരം രക്ഷാ പ്രവർത്തന വാഹനങ്ങൾ സഞ്ചരിച്ച് പാത പലയിടത്തും ചെളിക്കുണ്ടായി മാറിയിട്ടുണ്ട്. ജെസിബിയും ലോറിയുമടക്കമുള്ള വലിയ വാഹനങ്ങൾ ഏറെ സാഹസപ്പെട്ടാണ് പെട്ടിമുടിയിലേക്കെത്തിക്കുന്നത്. ദുരന്തബാധിത മേഖലയിൽ ആകെ ലഭ്യമായിരുന്ന ബി എസ് എൻ എൽ മൊബൈൽ സേവനത്തിന്റെ വ്യാപ്തി കൂട്ടിയത് ആശയ വിനിമയ സംവിധാനത്തിന് കൂടുതൽ സഹായകരമായി. പക്ഷെ ദുരന്തം ഉറ്റവരെ നഷ്ടപ്പെടുത്തിയവരുടെ മുഖത്ത് വരുത്തിയ കണ്ണീർച്ചാലിന്റെ ചൂടിൽ രക്ഷാപ്രവർത്തകർ കൈമെയ് മറന്നാണ് തിരച്ചിൽ ജോലികൾ ചെയ്യുന്നത്. വലിയ പാറക്കല്ലുകലും കെട്ടിടാവശിഷ്ടങ്ങളും തള്ളി നീക്കുമ്പോൾ പ്രതീക്ഷയുടെ കണ്ണുകളാണ് എല്ലാവരിലുമുള്ളത്. കണ്ടെടുക്കുന്ന മൃതദേഹങ്ങൾ തുടർ നടപടികൾക്കും പിന്നീട് സംസ്‌ക്കാര ചടങ്ങുകൾക്കുമായി കൊണ്ടു പോകുമ്പോൾ ഉയരുന്ന വിതുമ്പലുകൾ ഇടക്കിടെ പെട്ടിമുടിയുടെ നിശബ്ദത മുറിക്കുന്നു. ഈ മഴക്കാലം പെട്ടിമുട്ടിയുടെ നടുവിലൂടെ തീർത്ത നീർച്ചാൽ വറ്റിയാലും ഉറ്റവരെ നഷ്ടമായവരുടെ കവിളിലെ കണ്ണീർച്ചാൽ ഉണങ്ങില്ല. സബ്കലക്ടർ പ്രേം കൃഷ്ണൻ, ദേവികുളം തഹസീൽദാർ ജിജി കുന്നപ്പള്ളി, മൂന്നാർ സ്പെഷ്യൽ തഹസീൽദാർ ബിനു ജോസഫ്, മൂന്നാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അജിത് എന്നിവർ രക്ഷാപ്രവർത്തനങ്ങൽക്ക് നേതൃത്വം നൽകി.

42 പേരുടെ മൃദേഹമാണിതുവരെ കണ്ടെടുത്തത്. കാന്ധിരാജ് (48),ശിവകാമി (38) ,വിശാൽ (12), മുരുകൻ (48), രാമലക്ഷ്മി (39), മയിൽ സ്വാമി (45), കണ്ണൻ (40),അണ്ണാദുരൈ ( 48), രാജേശ്വരി (43), മൗനിക (18) തപസ്സിയമ്മ (42), കസ്തൂരി (19), ദിനേശ് (25), പനീർശെൽവം( 50), ശിവരഞ്ജിനി (24), രാജ (35), ശോഭന (50), കുട്ടിരാജ് (50), ബിജില (46), സരസ്വതി (42), മണികണ്ഡൻ (20), ദീപക് (18), ഷണ്മുഖയ്യ (58), പ്രഭു (55), ഭാരതി രാജ (32), സരിത (53), അരുൺ മഹേശ്വരൻ(34), പവൻ തായ് (52), ചെല്ലദുരൈ (57), തങ്കമ്മാൾ ഗണേശൻ(45), തങ്കമ്മാൾ അണ്ണാദുരൈ (45), ചന്ദ്ര (63), മണികണ്ഠൻ (22), റോസ്ലീൻ മേരി (56), കപിൽദേവ് (28), ഈശയ്യ (58) സരസ്വതി ചെല്ലമ്മാൾ (60), ഗായത്രി (23), ലക്ഷണ ശ്രീ (7), അച്ചുതൻ (52), സഞ്ജയ് (14), അഞ്ജുമോൾ (21)എന്നിവരുടെ മൃതദേഹമാണിതുവരെ കണ്ടെടുത്തത്.

ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ

ജില്ലയിൽ നാല് താലൂക്കുകളിലായി ഇപ്പോൾ 18 ദുരിതാശ്വാസ ക്യാമ്പുകളാണ് ഉള്ളത്. 42 കുടുംബങ്ങളിൽ നിന്നായി 146 പേരെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ഇടുക്കി താലൂക്കിൽ ഉപ്പുതോട് വില്ലേജിലെ കരിക്കിന്മേട് ഗവ. എൽ.പി.സ്‌കൂളിലെ ക്യാമ്പിലേക്ക് രണ്ട് കുടുംബങ്ങളിൽ നിന്നായി എട്ട് പേരെ മാറ്റി. വാത്തിക്കുടി വില്ലേജിൽ നിന്നും പാരിഷ്ഹാളിലെ ക്യാമ്പിലേക്ക് 19 കുടുംബങ്ങളിൽ നിന്നായി 64 പേരെ മാറ്റി. ഉടുമ്പൻചോല താലൂക്ക് ആനവിലാസം വില്ലേജിലെ കരിങ്കുന്നം ഗവ: എൽ പി സ്‌കൂളിലേക്ക്ആറ് കുടുംബങ്ങിൽ നിന്നായി 27 പേരെ മാറ്റി താമസിപ്പിച്ചു. തൊടുപുഴ താലൂക്ക് അറക്കുളം വില്ലേജിൽ നിന്നും മൂലമറ്റം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ ക്യാമ്പിലേക്ക് ഒരു കുടുംബത്തിൽ നിന്നായി രണ്ട് സ്ത്രീകളെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്. ദേവികുളം താലൂക്ക് മൂന്നാർ വില്ലേജിൽ നിന്നും ശിക്ഷക്സദൻ ക്യാമ്പിലേക്ക് അഞ്ച് ് കുടുംബങ്ങളിൽ നിന്നായി 20 പേരെ മാറ്റി. പീരുമേട് താലൂക്കിലെ വാഗമൺ വില്ലേജിൽ നിന്നും സെന്റ് സെബാസ്റ്റ്യൻ സ്‌കൂൾ കാപ്പിപ്പതാൽ ക്യാമ്പിലേക്ക് ഒൻപത് ് കുടുംബങ്ങളിൽ നിന്നായി 25 പേരെ മാറ്റി.

ജില്ലയിലെ താലൂക്ക് തിരിച്ചുള്ള മഴ കണക്ക്

ജില്ലയിൽ ഇന്ന് ഇതുവരെ 75.46 മില്ലി മീറ്റർ മഴ ലഭിച്ചു. ഉടുമ്പൻചോല താലൂക്ക് 40 മി.മീ, ദേവികുളം താലൂക്ക് 74.7 മി.മീ, പീരുമേട് താലൂക്ക് 69.3 മി.മീ, തൊടുപുഴ താലൂക്ക് 84.5 മി.മീ, ഇടുക്കി താലൂക്ക് 108.8 മി.മീ എന്നീ നിരക്കിലാണ് മഴ ലഭിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP