Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജമല ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ അഞ്ചുലക്ഷം ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാചെലവ് വഹിക്കും; മരണസംഖ്യ 15 ആയി ഉയർന്നു; 15 പേരെ രക്ഷിച്ചു; രാത്രിയിലും രക്ഷാപ്രവർത്തനം തുടരുമെന്ന് മുഖ്യമന്ത്രി; രാജമലയിൽ വൈദ്യുതിയും വാർത്താ വിനിമയ ബന്ധവും തടസപ്പെട്ടത് ദുരന്തം അറിയാൻ വൈകി; പാലം ഒലിച്ചുപോയത് രക്ഷാപ്രവർത്തകർ എത്താൻ വൈകി; ആകാശമാർഗ്ഗം രക്ഷാപ്രവർത്തനത്തിന് മോശം കാലാവസ്ഥ തടസ്സമായെന്നും മുഖ്യമന്ത്രി

രാജമല ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ അഞ്ചുലക്ഷം ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാചെലവ് വഹിക്കും; മരണസംഖ്യ 15 ആയി ഉയർന്നു; 15 പേരെ രക്ഷിച്ചു; രാത്രിയിലും രക്ഷാപ്രവർത്തനം തുടരുമെന്ന് മുഖ്യമന്ത്രി; രാജമലയിൽ വൈദ്യുതിയും വാർത്താ വിനിമയ ബന്ധവും തടസപ്പെട്ടത് ദുരന്തം അറിയാൻ വൈകി; പാലം ഒലിച്ചുപോയത് രക്ഷാപ്രവർത്തകർ എത്താൻ വൈകി; ആകാശമാർഗ്ഗം രക്ഷാപ്രവർത്തനത്തിന് മോശം കാലാവസ്ഥ തടസ്സമായെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: രാജമലയിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി. രാജമലയിൽ പുലർച്ചെയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴയെ തുടർന്ന് വൈദ്യുതി, വാർത്താവിനിമയ ബന്ധം തടസ്സപ്പെട്ടു. അതിനാൽ ദുരന്തം പുറംലോകമറിയാൻ താമസമുണ്ടായി. ഇവിടേക്കുള്ള പാലം ഒലിച്ചു പോയത് രക്ഷാപ്രവർത്തകർക്ക് എത്താൻ ബുദ്ധിമുട്ടുണ്ടാക്കി.

സബ് കലക്ടറുടെ നേതൃത്വത്തിൽ പൊലീസ്, അഗ്‌നിശമനസേന സംഘങ്ങളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. മണ്ണുമാന്തിയന്ത്രവും മറ്റും ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം അതീവ പ്രയാസം നിറഞ്ഞതായിരുന്നു. ദേശീയ ദുരന്ത പ്രതികരണ സേന പെരിയ വനപാലം പിന്നിട്ട് സ്ഥലത്തെത്തുന്നതായാണ് റിപ്പോർട്ട്.

കനത്ത ദുരന്തം മുന്നിൽ കണ്ട് ദേശീയ ദുരന്ത പ്രതികരണസേനയുടെ ഒരു യൂണിറ്റിനെ ഇടുക്കിയിൽ നിയോഗിച്ചിരുന്നു. എന്നാൽ വാഗമണ്ണിൽ ഇന്നലെ ഒരു കാർ ഒലിച്ചുപോയതിനെ തുടർന്ന് എൻഡിആർഎഫ് അവിടെ രക്ഷാപ്രവർത്തനം നടത്തി. രാവിലെയാണ് അവരെ രാജമലയിൽ നിയോഗിച്ചത്. ഇതുകൂടാതെ അഗ്‌നിശമന സേനയുടെ പരിശീലനം ലഭിച്ച അൻപതംഗ ടീമിനെ ഇവിടേക്ക് നിയോഗിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

മൂന്നാർ രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലാണ് ഈ കാലവർഷത്തെ സംസ്ഥാനത്തെ ദുഃഖത്തിലാക്കിയത്. 30 മുറികളുള്ള നാല് ലയങ്ങൾ പൂർണ്ണമായി ഇല്ലാതായി. ആകെ 80ലേറെ പേർ താമസിച്ചിരുന്നു.ഇതിൽ 15 പേരെ രക്ഷിച്ചു. 15 പേർ മരിച്ചു. മറ്റുള്ളവർക്കായി രക്ഷാപ്രവർത്തനം തുടരുന്നു. മരിച്ചവർ ഗാന്ധിരാജ്, ശിവകാമി, വിശാൽ, മുരുകൻ, രാമലക്ഷ്മി, മയിൽസാമി, കണ്ണൻ, അണ്ണാദുരൈ, രാജേശ്വരി, കൗസല്യ, തപസിയമ്മാൾ, സിന്ധു, നിതീഷ്, പനീർശെൽവം, ഗണേശൻ. ഇവരുടെ നിര്യാണത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം ആശ്വാസ ധനം നൽകും. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കും.

രാജമലയിൽ വൈദ്യുതിയും വാർത്താ വിനിമയ ബന്ധവും തടസപ്പെട്ടത് ദുരന്തം അറിയാൻ വൈകി. പാലം ഒലിച്ചുപോയത് രക്ഷാപ്രവർത്തകൻ എത്താൻ വൈകി. രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തുന്നുണ്ട്. കനത്ത മഴ മുന്നിൽ കണ്ട് ദേശീയ ദുരന്ത നിവാരണ സേനയുടെ യൂണിറ്റിനെ ഇടുക്കിയിൽ നിയോഗിച്ചു. വാഗമണ്ണിൽ കാർ ഒലിച്ചുപോയ സ്ഥലത്ത് എൻഡിആർഎഫ് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. രാവിലെയാണ് ഇവരെ രാജമലയിലേക്ക് അയച്ചത്. ഫയർഫോഴ്‌സ് പരിശീലനം നേടിയ 50 അംഗ ടീമിനെ എറണാകുളത്ത് നിന്ന് നിയോഗിച്ചു. ആകാശമാർഗം രക്ഷാ പ്രവർത്തനത്തിന് സാധ്യത തേടിയിരുന്നു. വ്യോമസേനയുമായി ബന്ധപ്പെട്ട് ഹെലികോപ്റ്റർ സേവനം തേടി. മോശം കാലാവസ്ഥ തിരിച്ചടിയായി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളിനെ നിയമിച്ചു. മൃതദേഹം കൈമാറുന്നതിന് ക്രൈം ബ്രാഞ്ച് എസ്‌പി സുദർശനെ നിയോഗിച്ചു.

അപകട സാധ്യത തോന്നിയാൽ വിളിക്കാം

മഴ ശക്തമാകുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ സർക്കാർ തുറന്നു. അപകട സാധ്യത തോന്നിയാൽ കാത്തു നിൽക്കാതെ എത്രയും പെട്ടെന്ന് കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് സർക്കാർ വ്യക്തമാക്കി.

കൺട്രോൾ റൂമിൽ ബന്ധപ്പെടാൻ അതാത് ജില്ലകളുടെ STD കോഡ് ചേർത്ത് 1077 എന്ന നമ്പറിൽ വിളിക്കണം. സത്വരമായ ഇടപെടലുകൾ വലിയ ദുരന്തങ്ങൾ ഒഴിവാക്കും. എല്ലാവരും ജാഗ്രത പാലിക്കണമെന്നും സർക്കാർ കൂട്ടിച്ചേർത്തു.

കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും നിർദ്ദേശം നൽകിയിരുന്നു.

ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും നാളെ ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 mm ൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഈ ജില്ലകളിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചത്.

പെട്ടിമുടിയിൽ സംഭവിച്ചത്

പെട്ടിമുടിയിൽ ലയങ്ങൾക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ വൻദുരന്തത്തിൽ ഒരു കുട്ടി ഉൾപ്പെടെ 15 പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ഗാന്ധിരാജ്(48), ശിവകാമി(38),വിശാൽ(12), രാമലക്ഷ്മി(40), മുരുകൻ(46), മയിൽസ്വാമി(48), കണ്ണൻ(40), അണ്ണാദുരൈ(44), രാജേശ്വരി(43) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

വെള്ളിയാഴ്ച പുലർച്ചെയോടെയാണ് മൂന്നാർ രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലുണ്ടായത്. മുപ്പതുമുറികളുള്ള നാല് ലയങ്ങൾ പൂർണമായും തകർന്നു. ആകെ 78 പേരാണ് ഈ ലയങ്ങളിൽ താമസിച്ചിരുന്നത്. ഇതിൽ 12 പേർ രക്ഷപ്പെട്ടു. 66 പേരെ കാണാതായിട്ടുണ്ട്.

രക്ഷപ്പെട്ട 12 പേരിൽ നാലുപേരെ ആശുത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേർ മൂന്നാർ ടാറ്റ ഹോസ്പിറ്റലിലും ഒരാൾ കോലഞ്ചേരി മെഡിക്കൽ കോളേജിലുമാണ് ഉള്ളത്. ദീപൻ(25), സീതാലക്ഷ്മി(33), സരസ്വതി(50) എന്നിവരാണ് ടാറ്റ ആശുപത്രിയിലുള്ളത്. പളനിയമ്മ(50) കോലഞ്ചേരി മെഡിക്കൽ കോളേജിലെ ഐ.സി.യുവിലാണ്

തമിഴ് തോട്ടം തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. ഉൾപ്രദേശമായതിനാൽ ഏറെ വൈകിയാണ് രക്ഷാ പ്രവർത്തനങ്ങൾ തുടങ്ങാനായത്. പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്ത നിവാരണസേന സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വ്യോമസേനയുടെ സംഘവും മെഡിക്കൽ ടീമും പുറപ്പെട്ടിട്ടുണ്ട്.

രക്ഷാപ്രവർത്തനത്തിനായി സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി എം എം മണി അറിയിച്ചു. മൂന്നാറിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് ദുരന്തം നടന്ന സ്ഥലം. ഇവിടെ എത്തിച്ചേരാനുള്ള പെരിയവര പാലം കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ തകർന്നിരുന്നു. പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയായിട്ടില്ല. ഇവിടെ സ്ഥാപിച്ച താൽക്കാലികപാലവും വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ഇതായിരുന്നു രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനുള്ള പ്രധാന പ്രതിബന്ധം. പെരിയവര പാലത്തിന് നടുവിൽ ജെ സി ബി ഉപയോഗിച്ച് മണ്ണിട്ട് താൽക്കാലികമായി അപ്രോച്ച് റോഡ് നിർമ്മിച്ചാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതും ഇതുവഴിയായിരുന്നു.

പൊലീസിന്റെയും അഗ്‌നിശമന സേനയുടെയും വനംവകുപ്പ് ജീവനക്കാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. മൊബൈൽ നെറ്റ് വർക്ക് കവറേജില്ലാത്തതിനാൽ രക്ഷപ്രവർത്തകരുമായി ബന്ധപ്പെടുന്നതിനും സാധിക്കാത്ത അവസ്ഥയാണ്.പെരിയവരപാലം തകർന്നതിനാൽ സംഭവസ്ഥലത്തെത്താൻ രക്ഷാസംഘത്തിന് കാലതാമസം നേരിട്ടിരുന്നു.പുലർച്ചയോടെ പെട്ടിമുടിയുടെ സമീപവാസികളെത്തി രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു.ഇവരാണ് ദിപക് അടക്കമുള്ള ഏതാനും പേരെ ആശുപത്രിയിൽ എത്തിച്ചത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP