Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ണൻ ദേവന്റെ കണക്കിൽ 83 പേർ താമസം; റവന്യൂ വകുപ്പ് പറയുന്നത് ഉണ്ടായിരുന്നത് 78 പേരെന്നും; ഇനിയും രണ്ട് നാൾ കൂടി രക്ഷാ പ്രവർത്തനം തുടരും; ആളുകൾ പുഴയിൽ ഒലിച്ചുപോയിരിക്കാമെന്ന നിഗമനത്തിൽ ഡ്രോൺ ഉപയോഗിച്ച് തീരങ്ങളിലും തിരച്ചിൽ; കോവിഡ് വ്യാപന ഭീഷണിയും സജീവം; കരുതലുകളുമായി പെട്ടിമുടിയിൽ തെരച്ചിൽ രണ്ടു നാൾ കൂടി തുടരും

കണ്ണൻ ദേവന്റെ കണക്കിൽ 83 പേർ താമസം; റവന്യൂ വകുപ്പ് പറയുന്നത് ഉണ്ടായിരുന്നത് 78 പേരെന്നും; ഇനിയും രണ്ട് നാൾ കൂടി രക്ഷാ പ്രവർത്തനം തുടരും; ആളുകൾ പുഴയിൽ ഒലിച്ചുപോയിരിക്കാമെന്ന നിഗമനത്തിൽ ഡ്രോൺ ഉപയോഗിച്ച് തീരങ്ങളിലും തിരച്ചിൽ; കോവിഡ് വ്യാപന ഭീഷണിയും സജീവം; കരുതലുകളുമായി പെട്ടിമുടിയിൽ തെരച്ചിൽ രണ്ടു നാൾ കൂടി തുടരും

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ : രാജമലയിലെ പെട്ടിമുടിയിൽ 4 ലയങ്ങളിൽ താമസിച്ചിരുന്നവരുടെ എണ്ണത്തിൽ അവ്യക്തത. കണ്ണൻദേവൻ കമ്പനിയുടെ കണക്കനുസരിച്ച് 83 പേരാണു ലയത്തിൽ താമസം. റവന്യു അധികൃതരുടെ കണക്കിൽ അപകടത്തിൽ പെട്ടവർ 78 പേരും. ലോക്ഡൗൺ ആയതിനാൽ ലയത്തിൽ നിന്നു വിവിധയിടങ്ങളിൽ പഠിക്കാൻ പോയ വിദ്യാർത്ഥികൾ തിരിച്ചെത്തിയിരുന്നു എന്നാണു പ്രദേശവാസികൾ പറയുന്നത്.

മൂന്നാറിൽ താമസിക്കുന്ന എൻജിനീയറിങ് വിദ്യാർത്ഥികളായ നിധീഷും ദിനേശും പെട്ടിമുടിയിലെത്തി അപകടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ നിധീഷിന്റെ മൃതശരീരം കിട്ടി. ഇവരൊന്നും കമ്പനി ലിസ്റ്റിൽ ഉൾപ്പെട്ടവർ അല്ല. അടുത്തിടെ ലയത്തിൽ ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷം നടന്നപ്പോൾ പങ്കെടുക്കാൻ ബന്ധുക്കൾ എത്തിയിരുന്നു. ഇവരിൽ എത്രപേർ മടങ്ങിയെന്നതിനു കൃത്യതയില്ല. കമ്പനി കണക്കുപ്രകാരം 27 ഉം ജില്ലാ ഭരണകൂടത്തിന്റെ കണക്കുപ്രകാരം 22 ഉം ആളുകളെ കാണാതായിട്ടുണ്ട്. രണ്ട് ദിവസം കൂടി രക്ഷാപ്രവർത്തനം തുടരാനാണ് തീരുമാനം. കാലാവസ്ഥ അനുകൂലമായാൽ അതിവേഗ രക്ഷാപ്രവർത്തനം സാധ്യമാകും.

രക്ഷാ പ്രവർത്തനത്തിൽ ഇന്നലെ 17 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 43ആയി. പൊലീസിന്റെ ഡോഗ് സ്‌ക്വാഡാണ് മൃതദേഹങ്ങൾ കിടന്ന മൂന്നിടങ്ങൾ കണ്ടെത്തിയത്.മണ്ണിനടിയിൽപ്പെട്ട 27 പേരെ കണ്ടെത്താനുണ്ട് എന്നാണ് വിലയിരുത്തൽ. രക്ഷാപ്രവർത്തനത്തിന് ആലപ്പുഴയിൽ നിന്നെത്തിയ ഫയർ ആൻഡ് റസ്‌ക്യൂ യൂണിറ്റ് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിച്ചു.അദ്ദേഹത്തെ തിരിച്ചയച്ചു. സംഘത്തിലുള്ളവരും മടങ്ങി. െപട്ടിമുടിയിൽ നിന്ന് 18 കിലോമീറ്റർ അകലെ മറയൂരിന് സമീപം ലക്കത്ത് ലയങ്ങൾക്കു സമീപം ചെറിയ ഉരുൾപൊട്ടലുണ്ടായെങ്കിലും അപകടമില്ല.

ഇന്നലെ രാവിലെ മുതൽ ചെറുതും വലുതുമായ പത്ത് മണ്ണുമാന്തിയന്ത്രങ്ങളുപയോഗിച്ച് ഓരോ മേഖലയിലെയും മണ്ണു മാറ്റിയായിരുന്നു തിരച്ചിൽ. കൂടാതെ ആളുകൾ പുഴയിൽ ഒലിച്ചുപോയിരിക്കാമെന്ന നിഗമനത്തിൽ ഡ്രോൺ ഉപയോഗിച്ച് തീരങ്ങളിലും തിരച്ചിൽ നടത്തുന്നുണ്ട്. ഇന്നലെ രണ്ട് മൃതദേഹങ്ങൾ പുഴയിൽ നിന്നാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകി നദിയിൽ നിന്നും ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ഇത്തരത്തിലെ പരിശോധന ഇനിയും തുടരും. പരമാവധി മൃതദേഹങ്ങൾ കണ്ടെത്താനാണ് അന്വേഷണം. ദുരന്തനിവാരണ സേനയും ഫയർ ആൻഡ് റെസ്‌ക്യൂവും എട്ട് സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

അതിനിടെ മുൻകരുതലായി പെട്ടിമുടിയിലെ അവശേഷിച്ച എസ്‌റ്റേറ്റ് ലയങ്ങൾ കെ.ഡി.എച്ച്.പി കമ്പനി ഒഴിപ്പിച്ചു. കന്നിമല എസ്‌റ്റേറ്റിലെ ലയങ്ങളിലേക്കാണ് ഇവരെ മാറ്റി പാർപ്പിച്ചത്. പരിശോധനകളും പഠനങ്ങളും മറ്റും കഴിഞ്ഞ് അപകട സാധ്യതയില്ലെന്ന് ഉറപ്പിച്ചാൽ മാത്രമേ ഇനി ഇവരെ തിരിച്ചെത്തിക്കുകയുള്ളൂവെന്ന് കണ്ണൻ ദേവൻ ഹിൽസ് പ്ലാൻേറഷൻ മാനേജിങ് ഡയറക്ടർ മാത്യു അബ്രഹാം പറഞ്ഞു.

പെട്ടിമുടിയിലുണ്ടായ ദുരന്തം ഞെട്ടലുളവാക്കിയിരിക്കുകയാണ്. മറ്റ് ലയങ്ങളിൽ അപകടസാധ്യതയുള്ളപ്പോൾ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നത് പെട്ടിമുടിയിലേക്കായിരുന്നു. അത്രയധികം സുരക്ഷിതവും, വിശ്വാസവുമായിരുന്നു പെട്ടിമുടി. പക്ഷേ ദുരന്തം ഇത്തവണ ഈ ലയങ്ങളെ തേടിയെത്തിയത് വിശ്വസിക്കാനായിട്ടില്ല. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം കമ്പനി പ്രഖ്യാപിച്ചതായി എം.ഡി പറഞ്ഞു.

ദുരന്തത്തിൽപെട്ട ഉറ്റവരെയും ബന്ധുക്കളെയും തേടി കോവിഡ് വ്യാപനം രൂക്ഷമായ തമിഴ്‌നാട്ടിൽ നിന്നടക്കം നൂറുകണക്കിനാളുകൾ പെട്ടിമുടിയിലേക്കെത്തുന്നത്. സാമൂഹിക അകലമോ കോവിഡ് മാനദണ്ഡങ്ങളോ പലരും പാലിക്കാത്ത സ്ഥിതിയുമുണ്ട്. തമിഴ്‌നാട്ടിൽ നിന്നടക്കം കൂടുതൽ പേർ വരുന്ന സാഹചര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി കലക്ടർ എച്ച്. ദിനേശൻ പറഞ്ഞു.

പെട്ടിമുടിയിൽ ആന്റിജൻ ടെസ്റ്റ് നടത്തുന്നതിന് സൗകര്യങ്ങൾ ഒരുക്കും. ഇതിനുള്ള മുറി കണ്ടെത്തും. പരിശോധന നടത്തി മാത്രമേ തമിഴ്‌നാട്ടിൽ നിന്നുള്ളവരെ കടത്തിവിടുകയുള്ളൂവെന്നും കലക്ടർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP