Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

കൊടും തണുപ്പിനെ മറികടക്കാൻ കമ്പിളി പുതച്ച് ഉറങ്ങിയവർ അങ്ങനെ തന്നെ മണ്ണിന് അടിയിലായി; വീട്ടിന് പിന്നിൽ നിർത്തിയിട്ട വാഹനങ്ങൾ കല്ലും മണ്ണും തടഞ്ഞപ്പോൾ രക്ഷപ്പെട്ട അത്ഭുത കുഞ്ഞ്; അരയ്ക്കു താഴെ മണ്ണിൽ പുതഞ്ഞ ദീപന് ബോധം വന്നപ്പോൾ തിരിച്ചറിഞ്ഞത് എല്ലാം നഷ്ടമായെന്ന നടുക്കുന്ന സത്യം; പാറയുണ്ടാക്കിയ ദ്വാരത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്ന മുരുകേശനും കുടുംബവും; വഴി തെറ്റിയ ഉരുൾ പെട്ടിമുടിയോട് കാട്ടിയത് ക്രൂരത; രാജമലയിൽ ഉയരുന്നത് നൊമ്പരങ്ങൾ

കൊടും തണുപ്പിനെ മറികടക്കാൻ കമ്പിളി പുതച്ച് ഉറങ്ങിയവർ അങ്ങനെ തന്നെ മണ്ണിന് അടിയിലായി; വീട്ടിന് പിന്നിൽ നിർത്തിയിട്ട വാഹനങ്ങൾ കല്ലും മണ്ണും തടഞ്ഞപ്പോൾ രക്ഷപ്പെട്ട അത്ഭുത കുഞ്ഞ്; അരയ്ക്കു താഴെ മണ്ണിൽ പുതഞ്ഞ ദീപന് ബോധം വന്നപ്പോൾ തിരിച്ചറിഞ്ഞത് എല്ലാം നഷ്ടമായെന്ന നടുക്കുന്ന സത്യം; പാറയുണ്ടാക്കിയ ദ്വാരത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്ന മുരുകേശനും കുടുംബവും; വഴി തെറ്റിയ ഉരുൾ പെട്ടിമുടിയോട് കാട്ടിയത് ക്രൂരത; രാജമലയിൽ ഉയരുന്നത് നൊമ്പരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: ദൂരക്കാഴ്ചയിലാണ് പെട്ടിമുടി. കുത്തിയൊലിച്ച ചെളിയും കല്ലും ഒരു കോളനിയെത്തന്നെ തുടച്ചുനീക്കി. എങ്ങും തമിഴിൽ ആർത്തലച്ച നിലവിളികൾ. 28 കുടുംബങ്ങൾ താമസിച്ചിരുന്ന 4 തൊഴിലാളി ലയങ്ങൾ അപ്പാടെ മണ്ണിനടിയിൽ. സ്ഥലവാസികളായ ചെറുപ്പക്കാർ അപകട സാധ്യത വകവയ്ക്കാതെ ഉരുൾപൊട്ടിയ ഭാഗത്ത് സാഹസികമായി ഇറങ്ങി തിരച്ചിൽ നടത്തി. ഇന്നലെ രാവിലെ. 9 മണിയോടെ 4 മൃതദേഹങ്ങൾ അവർ പുറത്തെടുത്തു. കമ്പിളി പുതച്ച നിലയിൽ ആയിരുന്നു പല മൃതദേഹങ്ങളും. കൊടു തണുപ്പിൽ തേയില തോട്ടത്തിന് നടുവിലെ ലയങ്ങളിൽ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നവരുടെ ദേഹത്തേക്കാണ് ഉരുൾ പതിച്ചത്.

വഴി മാറിയൊഴുകിയാണ് പെട്ടിമുടിക്കു മേൽ ഉരുളെത്തിയത് എന്നാണ് സൂചന. തൊഴിലാളി ലയങ്ങളുടെ നേരെ മുകളിലെ മലയിൽ നിന്നല്ല ഉരുൾ പൊട്ടൽ. ഏകദേശം 300 മീറ്റർ വലത്തേക്കു മാറി, 2 കിലോമീറ്റർ ഉയരത്തിൽ മല മുകളിലാണ് ഉരുൾ പൊട്ടിയത്. നേരെ താഴേക്ക് ഒലിച്ചുവന്ന കല്ലും മണ്ണും പെട്ടിമുടിയുടെ സമീപത്തെ മറ്റൊരു ലയത്തിനു മുകളിലാണ് പതിക്കേണ്ടിയിരുന്നത്. എന്നാൽ ഈ ലയത്തിനു മുന്നിലെ വലിയ മരത്തിൽ കല്ലുകൾ വന്ന് തടഞ്ഞു. കുത്തൊഴുക്കിൽ മരം വീണു. ഇതോടെ ഒഴുക്ക് ദിശമാറി. അത് വഴിമാറിയൊഴുകി. അങ്ങനെ നാല് ലയങ്ങളിലേക്ക് കല്ലും മണ്ണും വെള്ളവും പതിച്ചു. ദിശമാറാതെ ഉരുൾ പതിച്ചിരുന്നുവെങ്കിൽ മറ്റൊരു ലയത്തിലെ 7 കുടുംബങ്ങളാകുമായിരുന്നു അപകടത്തിൽപെടുക. മഴക്കാലത്ത് മലയോര മേഖല നേരിടുന്ന ഭീഷണിക്ക് തെളിവാണ് ഈ ഉരുൾപൊട്ടൽ.

Stories you may Like

മൂന്നാർ ടൗണിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് പെട്ടിമുടി. ഇതിൽ 11 കിലോമീറ്റർ അടുത്തു വരെ മാത്രമേ പൊതുജനങ്ങൾക്ക് സഞ്ചരിക്കാൻ അനുമതിയുള്ളൂ. ബാക്കി ദൂരം വനംവകുപ്പിന്റെ അധീനതയിലാണ്. പെട്ടിമുടി, ഇടമലക്കുടി നിവാസികളെ മാത്രം കടത്തിവിടുന്ന ഈ പാതയിൽ 2 ദിവസം മുൻപ് മണ്ണിടിച്ചിൽ ഉണ്ടായി ഗതാഗതം തടസ്സപ്പെട്ടിരുന്നു. വനംവകുപ്പും എസ്റ്റേറ്റ് തൊഴിലാളികളും ചേർന്ന് മണ്ണ് മാറ്റിയാണ് ഇന്നലെ ആംബുലൻസുകൾക്ക് വഴിയൊരുക്കിയത്.

വ്യാഴാഴ്ച രാത്രി 10.45നാണ് പെട്ടിമുടിയെ മലവന്നു മൂടിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വിവരം മൂന്നാർ ടൗണിൽ അറിയുന്നത് ഇന്നലെ രാവിലെ 8 മണിക്ക് ശേഷം. 14 കിലോമീറ്റർ അപ്പുറത്ത് മണ്ണിനടിയിൽപ്പെട്ടു കിടന്നവർക്കു സഹായമെത്താൻ പിന്നെയും മണിക്കൂറുകൾ താമസിച്ചു. ഇതാണ് ദുരന്ത വ്യാപ്തി കൂട്ടിയത്.

അത്ഭുത കുഞ്ഞ്

ഈ പ്രദേശത്ത് വൈദ്യുതി നിലച്ചിട്ട് 4 ദിവസമായി. ഫോണുകളിൽ ചാർജ് ഇല്ലാത്തതും പുറംലോകവുമായുള്ള പെട്ടിമുടിയുടെ ബന്ധം വിഛേദിച്ചു. അപകടം നടന്ന ശേഷം ഇന്നലെ വൈകിട്ടോടെ ബിഎസ്എൻഎൽ പ്രത്യേക ടവർ സ്ഥാപിച്ചാണ് മൊബൈൽ കവറേജ് പുനഃസ്ഥാപിച്ചത്.

രാജമലയിൽ അത്ഭുത കുട്ടിയേയും നാട്ടുകാർ കണ്ടു. പേരു പോലും ഇടാത്ത ആ പിഞ്ചുകുഞ്ഞിനെ ഭാഗ്യം തുണച്ചു. പെട്ടിമുടിയിലെ ഉരുൾപൊട്ടലിൽ മണ്ണിനടിയിലായ വീട്ടിൽ നിന്ന് ഈ കുഞ്ഞിനെയും തലയിലേറ്റിയാണ് അമ്മാവൻ കാർത്തിക രക്ഷപ്പെട്ടത്. ലയത്തിലെ ഒരു വീട്ടിൽ ആയിരുന്നു മാലയമ്മ (51), മകൻ കാർത്തിക് (32), സഹോദരി പ്രവീണ (27), ഇവരുടെ 6 മാസം പ്രായമായ കുഞ്ഞ് എന്നിവർ താമസിച്ചിരുന്നത്. വീടിന്റെ പിന്നിൽ വാഹനങ്ങൾ നിർത്തിയിട്ടിരുന്നതിനാൽ ഒഴുകിയെത്തിയ കല്ലും മരങ്ങളും മറ്റും അതിൽ തട്ടിനിന്നു. പുറത്തേക്ക് ഓടിയിറങ്ങിയ കാർത്തിക് കുഞ്ഞിനെയും എടുത്ത് പുറത്തേക്ക് ഓടി.

അരയോളം ചെളിയിൽ പൂണ്ടെങ്കിലും എങ്ങനെയോ രക്ഷപ്പെടുകയായിരുന്നു എന്ന് കാർത്തിക് പറയുന്നു. പ്രവീണയ്ക്ക് കാലിനു പരുക്കേൽക്കുകയും ചെയ്തു. അങ്ങനെ അത്ഭുതകരമായ രക്ഷപ്പെടൽ. അപ്പോഴും അടുത്തറിയാവുന്നവരുടെ വേർപാട് ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്.

ദീപിന് വിതുമ്പുന്നത് കുടുംബത്തെ ഓർത്ത്

ദീപനു നഷ്ടമായത് 9 മാസം ഗർഭിണിയായ ഭാര്യയെയും പിതാവ് ഉൾപ്പെടെ കുടുംബത്തിലെ മറ്റ് 5 പേരെയും. ഇനി ദീപനും അമ്മയും മാത്രം. പിതാവ് പ്രഭു, ഭാര്യ മുരുകേശ്വരി, സഹോദരൻ പ്രതീഷ്, പ്രതീഷിന്റെ ഭാര്യ കസ്തൂരി, മക്കളായ കൃഷ്ണപ്രിയ, പ്രിയദർശിനി എന്നിവരെയാണ് കാണാതായത്.

വീട് തകർന്ന് മണ്ണിനടിയിൽ ആയെങ്കിലും അരയ്ക്കു താഴെ മണ്ണിൽ പുതഞ്ഞ ദീപൻ പുലർച്ചെ വരെ അവിടെ കിടന്നു. കൺമുന്നിൽ കുത്തിയൊലിക്കുന്ന ചെളിയും കല്ലുകളും അരണ്ട വെളിച്ചത്തിൽ കാണാമായിരുന്നു. പിന്നീട് ഓർമ്മ പോയി. രാവിലെ ഏഴരയോടെ മണ്ണിൽനിന്ന് വലിച്ചെടുത്ത് കുലുക്കിയപ്പോഴാണ് കണ്ണു തുറന്നത്. അവിടെനിന്ന് ടാറ്റാ ആശുപത്രിയിലേക്ക്. ദീപന്റെ മാതാവ് പളനിയമ്മയും പരുക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

മുരുകേശനും കുടുംബത്തിനും തുണയായത് വലിയ പാറ വീടിന്റെ ഭിത്തിയിൽ തീർത്ത ദ്വാരം

വലിയ പാറ വീടിന്റെ ഭിത്തിയിൽ തീർത്ത ദ്വാരത്തിലൂടെ മുരുകേശനും കുടുംബവും രക്ഷപ്പെട്ടു. പെട്ടിമുടിയിൽ എസ്റ്റേറ്റ് കന്റീൻ നടത്തുന്ന മുരുകേശൻ (43) ഭാര്യ മുരുകേശ്വരിക്കും (41) മകൻ ഗണേശനും (22) ഒപ്പം കന്റീൻ കെട്ടിടത്തിലെ മുറിയിലാണു താമസിച്ചിരുന്നത്.

ഉരുളിനൊപ്പം ഉരുണ്ട് വന്ന വലിയ പാറ വീടിന്റെ ഭിത്തിയുടെ മുകളിലൂടെ വീടിനകത്തു വീണതിനു ശേഷം പിൻഭാഗത്തെ ഭിത്തി തുളച്ച് പുറത്തെത്തി. ഈ സമയം വീടിനുള്ളിൽ ചെളിയും മണ്ണും അതിവേഗം നിറഞ്ഞു. മകൻ ഭിത്തിയിലെ ദ്വാരത്തിലൂടെ നുഴഞ്ഞു പുറത്ത് എത്തി.െ മുരുകേശ്വരിക്ക് കാലിനു പരുക്കേറ്റതിനാൽ ആദ്യം കടക്കാനായില്ല. ഗണേശൻ പുറത്തു നിന്ന് ഇവരെ ദ്വാരത്തിലൂടെ വലിച്ച് പുറത്തെടുത്തു.

വസ്ത്രവും പോയി. സമീപത്തെ ക്ഷേത്രത്തിൽ എത്തി അവിടെ കണ്ട തുണികൾ എടുത്തു ധരിച്ച് സമീപത്തെ വീട്ടിൽ അഭയം പ്രാപിച്ചു. ക്യാന്റീനും വീടും പോയെങ്കിലും ഭാഗ്യം ജീവൻ തിരിച്ചു നൽകി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP