Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പ്രളയത്തിൽ കുടുങ്ങി കേരളം; സമാനതകളില്ലാത്ത ദുരിതം വിതച്ച് പേമാരി കോരിച്ചൊരിയുമ്പോൾ സംസ്ഥാനത്ത് അതീവജാഗ്രതാ നിർദ്ദേശം; മഴക്കെടുതിയിൽ ബുധനാഴ്ച പൊലിഞ്ഞത് 28 പേർ; റാന്നി മുതൽ ആറന്മുള വരെ ഒറ്റപ്പെട്ടത് ആയിരങ്ങൾ; സഹായത്തിനായി കൂടുതൽ കേന്ദ്രസേന; നാളെ സ്‌കൂളുകൾക്ക് അവധി ; മുല്ലപ്പെരിയാർ വെള്ളം വന്നതോടെ ഉപ്പുതറ ചപ്പാത്ത് പാലം വെള്ളത്തിനടിയിൽ; മുല്ലപ്പെരിയാർ അണക്കെട്ടിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി; ഏറെ ആശങ്കയെന്ന് രാഷ്ട്രപതി

പ്രളയത്തിൽ കുടുങ്ങി കേരളം; സമാനതകളില്ലാത്ത ദുരിതം വിതച്ച് പേമാരി കോരിച്ചൊരിയുമ്പോൾ സംസ്ഥാനത്ത് അതീവജാഗ്രതാ നിർദ്ദേശം; മഴക്കെടുതിയിൽ ബുധനാഴ്ച പൊലിഞ്ഞത് 28 പേർ; റാന്നി മുതൽ ആറന്മുള വരെ ഒറ്റപ്പെട്ടത് ആയിരങ്ങൾ; സഹായത്തിനായി കൂടുതൽ കേന്ദ്രസേന; നാളെ സ്‌കൂളുകൾക്ക് അവധി ; മുല്ലപ്പെരിയാർ വെള്ളം വന്നതോടെ ഉപ്പുതറ ചപ്പാത്ത് പാലം വെള്ളത്തിനടിയിൽ; മുല്ലപ്പെരിയാർ അണക്കെട്ടിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി; ഏറെ ആശങ്കയെന്ന് രാഷ്ട്രപതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് പേമാരിയും പ്രളയവും വിതച്ച സമാനതകളില്ലാത്ത ദുരിതം തുടരുന്നു. സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു. എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തപ്പോൾ രാഷ്ട്രപതി ആശങ്ക അറിയിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിൽ അതീവജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് മഴയിലും മണ്ണിടിച്ചിലിലും ഇന്ന് മരണമടഞ്ഞത് 28 പേരാണ്. മലപ്പുറം പെരിങ്ങാവിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞ് ഒൻപതുപേർ മരിച്ചു. ബഷീർ, ഭാര്യ സാബിറ, മകൾ ഫായിസ, മകൻ മുഷ്ഫിക്ക്, ചേട്ടന്റെ ഭാര്യ ഹയറുന്നീസ, അയൽക്കാരായ മൂസ ഇല്ലിപ്പറമ്പത്ത്, മുഹമ്മദലി, മക്കളായ സഫ്‌വാൻ, ഇർഫാൻ അലി എന്നിവരാണു മരിച്ചത്.

സംസ്ഥാനത്ത് കനത്ത മഴയും പ്രളയവും തുടരുന്ന സാഹചര്യത്തിൽ ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസ്സുകളിൽ നടത്താനിരുന്ന ഓണപ്പരീക്ഷകൾ മാറ്റിവെച്ചു. ഈ മാസം 31നായിരുന്നു പരീക്ഷകൾ തുടങ്ങാനിരുന്നത്. പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.സംസ്ഥാനത്ത് നാളെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും കൂടുതൽ വെള്ളം തുറന്നുവിട്ടതോടെ ഇടുക്കി ഉപ്പുതറ ചപ്പാത്തിലുള്ള പാലം വെള്ളത്തിനടിയിലായി. പാലത്തിന് ഇരുവശത്തുമുള്ള ഉപ്പുതറ, അയ്യപ്പൻകോവിൽ ഗ്രാമത്തിൽ നിന്നുള്ള നാട്ടുകാരെ ഇതിനോടകം തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. അതുകൊണ്ട് ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലന്ന് അധികൃതർ അറിയിച്ചു. ഇതുവഴിയുള്ള ഗതാഗതവും താത്കാലികമായി നിരോധിച്ചിട്ടുണ്ട്.

റാന്നി മുതൽ ആറന്മുള വരെ നരകമായി

പമ്പയാറിൽ ജലനിരപ്പ് ഉയർന്നതോടെ റാന്നി മുതൽ ആറന്മുള വരെ നദിയുടെ തീരത്ത് താമസിക്കുന്ന ആയിരങ്ങൾ രാവിലെ മുതൽ ഭക്ഷണം പോലുമില്ലാതെ കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വൈകുന്നേരത്തോടെ ഇവർ മാധ്യമങ്ങളെയും അധികൃതരെയും ബന്ധപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. രാവിലെ മുതൽ ഭക്ഷണമില്ലാതെ കഴിയുന്നതിനാൽ വൃദ്ധരും കുട്ടികളും ഉൾപ്പെടെയുള്ളവരിൽ ഏറെയും അവശരാണെന്നാണ് വിവരം. അപകട സാധ്യത കണക്കിലെടുത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് ഇവിടേക്കുള്ള വാർത്താ വിനിമയ ബന്ധവും തകരാറിലായിട്ടുണ്ട്. ഇതോടെ ഇവിടെ കുടുങ്ങിക്കിടക്കുന്നവരെ ബന്ധപ്പെടാനും കഴിയാതെയായി.

പമ്പയിലെ അന്നദാന കെട്ടിടത്തിൽ 13 പേർ വെള്ളത്താൽ ചുറ്റപ്പെട്ട് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. പത്തനംതിട്ട ജില്ലയിലെ മിക്കയിടങ്ങളിൽ നിന്നും ആളുകൾ സഹായമഭ്യർത്ഥിക്കുന്നുണ്ട്. മിക്ക വീടുകളുടെയും രണ്ടാം നിലയിലേക്ക് വെള്ളം കയറുന്ന അവസ്ഥയാണ്. ആറന്മുള പൊലീസ് സ്‌റ്റേഷനിലേക്കും വെള്ളം കയറിയെന്നാണ് വിവരം. പലയിടത്ത് നിന്നും പൊലീസുകാരും സഹായം അഭ്യർത്ഥിക്കുന്നുണ്ടെന്നും ദൃശ്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവിടേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനാവാത്തതും നദിയിൽ അനിയന്ത്രിതമായി ജലനിരപ്പ് ഉയരുന്നതും ശമനമില്ലാതെ മഴ പെയ്യുന്നതും ദുരിതം ഇരട്ടിയാക്കിയിട്ടുണ്ട്.

മുല്ലപ്പെരിയാറിൽ സുരക്ഷ അവഗണിച്ച് ജലനിരപ്പ് 142 അടിയിൽ

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടാൻ തമിഴ്‌നാട് സർക്കാർ വിസമ്മതിച്ചു. താടെ ഡാമിലെ സംഭരണ ശേഷിയുടെ പരമാവധിയായ 142 അടിയിൽ എത്തി ജലനിരപ്പ്. ഇത് കേളത്തിന്റെ സുരക്ഷയെ സാരമായി ബാധിച്ചിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവു പ്രകാരം 142 അടി വരെ ജലനിരപ്പ് ഉയർത്താം. ആ ജലനിരപ്പ് എത്തിക്കാൻ തമിഴ്‌നാട് ശ്രമിച്ചത് വരാനിരിക്കുന്ന നിയമപോരാട്ടങ്ങൾ കൂടി ലക്ഷ്യമിട്ടുകൊണ്ടാണ്. സെക്കൻഡിൽ 13,93,000 ലീറ്റർ വെള്ളമാണ് മുല്ലപ്പെരിയാറിൽ ഒഴുകിയെത്തുന്നത്. എന്നാൽ തുറന്നുവിടുന്നത് വളരെ കുറഞ്ഞ അളവു മാത്രമാണ്.

അതിനിടെ സ്പിൽവേയിലൂടെ വെള്ളം ഒഴുക്കണമെന്ന കേരളത്തിന്റെ ആവശ്യവും തമിഴ്‌നാട് തള്ളി.മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിലേക്ക് കുറച്ചുകൊണ്ടുവരുന്നതിന് ഇടപെടണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയോട് പിണറായി വിജയൻ ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷിതത്വം കണക്കിലെടുത്ത് വെള്ളത്തിന്റെ അളവ് നിയന്ത്രിക്കണം. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്ത് പെയ്തുകൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 142 അടിയിൽ എത്തി. 142 അടിയിൽ നിന്ന് വെള്ളം പെട്ടെന്ന് തുറന്നു വിടുമ്പോൾ വലിയ നാശനഷ്ടങ്ങൾ സംഭവിക്കും. അതിനാൽ വെള്ളം കൂടുതലായി തുറന്നുവിടേണ്ടതുണ്ട്. ഇക്കാര്യത്തിൽ തമിഴ്‌നാടിന്റെ എഞ്ചിനീയർമാർ വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് പളനിസ്വാമിക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ പിണറായി വിജയൻ പറഞ്ഞു.

മുല്ലപ്പെരിയാറിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

പ്രളയക്കെടുതിയിൽ സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമെന്നാണ് പിണറായി വിജയൻ വിശേഷിപ്പിച്ചത്. അടുത്ത ദിവസങ്ങളിലും മഴ സംസ്ഥാനത്ത് തുടരുമെന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും, നിർദ്ദേശങ്ങൾ അവഗണിക്കരുതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. സംസ്ഥാനത്ത് ദുരിതക്കയത്തിൽ മുക്കുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെയുള്ള സ്ഥിതി അവലോകനം ചെയ്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി.

സംസ്ഥാനത്ത് പല ഗ്രാമങ്ങളും, പ്രദേശങ്ങളും മഴയിൽ ഒറ്റപ്പെട്ടതായും, അവർക്കു വേണ്ടുന്ന സഹായം എത്തിക്കുകയും എത്രയും പെട്ടെന്ന് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിലെ നിലനിൽക്കുന്ന സാഹചര്യം പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തരമന്ത്രിയേയും അറിയിച്ചിട്ടുണ്ട്. കേന്ദ്ര സേനയുടെ കൂടുതൽ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അതീവ സാഹചര്യം മനസിലാക്കി അനുകൂല നിലപാടാണ് പ്രധാനമന്ത്രി കൈക്കൊണ്ടതെന്നും, എല്ലാ സഹായവും ഉറപ്പു നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗവർണറെ രാജ് ഭവനിൽ പോയി കണ്ട് സംസ്ഥാനത്ത് നിലനിൽക്കുന്ന സാഹചര്യം ധരിപ്പിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയിലെത്തയതിനാൽ സ്പിൽവേയിലൂടെ കൂടുതൽ ജലം തുറന്നുവിടേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്ക വേണ്ടെന്നും പിണറായി കൂട്ടിച്ചേർത്തു. ആലുവയിൽ കൂടുതൽ വെള്ളം കയറാൻ സാധ്യതയുണ്ട്. ഇടുക്കിയിൽ നിന്ന് തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടും. കുട്ടനാട്ടിൽ ഇപ്പോൾ കുഴപ്പമില്ലെങ്കിലും വെള്ളം കയറാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആവശ്യമുള്ള സ്ഥലങ്ങളിൽ കുടിവെള്ള വിതരണത്തിന് അടിയന്തിര നടപടി സ്വീകരിക്കും. ഹെലികോപ്ടർ വഴിയും കുടിവെള്ളം എത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊച്ചി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു

വെള്ളം കയറിയതിനെത്തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു. മുല്ലപ്പെരിയാറും ഇടുക്കി ചെറുതോണി അണക്കെട്ടും തുറന്നതോടെ വിമാനത്താവളത്തിന്റെ ഓപ്പറേഷൻസ് ഏരിയയിൽ അടക്കം വെള്ളം കയറി. വിമാനത്താവളത്തിൽ കൺട്രോൾ റൂം തുറന്നു: 0484 3053500, 2610094

നേരത്തേ വിമാനത്താവളത്തിന്റെ പ്രവർത്തനം ഉച്ചക്ക് രണ്ടു മണി വരെ നിർത്തിവച്ചായിരുന്നു അറിയിപ്പ്. ഇത് പിന്നീട് നാല് ദിവസത്തേക്ക് നീട്ടി. പുലർച്ചെ നാല് മുതൽ രാവിലെ ഏഴു വരെ വിമാനങ്ങൾ ഇറങ്ങുന്നതിനായിരുന്നു ആദ്യ ഘട്ടത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എയർ ഇന്ത്യാ എക്സ്‌പ്രസിന്റെ എല്ലാ സർവീസുകളും തിരുവനന്തപുരത്ത് നിന്ന് നടത്തുമെന്ന് അധികൃതർ അറിയിച്ചു. എയർഇന്ത്യ ജിദ്ദ മുംബൈക്കും ഇൻഡിഗോ ദുബായ് ബെംഗളൂരുവിലേക്കും ജെറ്റ് ദോഹ ബെംഗളൂരുവിലേക്കും വഴി തിരിച്ചുവിട്ടു.

നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ച സാഹചര്യത്തിൽ നെടുമ്പാശ്ശേരിയിൽ നിന്നുള്ള എയർ ഇന്ത്യാ എക്‌സ് പ്രസ് വിമാനങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. വെള്ളം കയറിയതിനെത്തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള ചില സർവീസുകൾ റദ്ദാക്കിയിട്ടുമുണ്ട്. .

പാളത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം നിലച്ചു

സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ട്രെയിൻ ഗതാഗതവും നിലച്ച മട്ടാണ്. പലയിടത്തും മണ്ണിടിഞ്ഞു പാളത്തിലേക്കു വീണു; ട്രെയിനുകൾ വൈകുന്നുണ്ട്. തിരുവനന്തപുരം നാഗർകോവിൽ റൂട്ടിൽ മണ്ണിടിഞ്ഞു വീണതിനാൽ ട്രെയിൻ സർവീസ് മുടങ്ങി. ഗതാഗതം തൽക്കാലം നിർത്തിവച്ചു. മണ്ണു നീക്കാനുള്ള ശ്രമം നടക്കുകയാണ്. ഐലൻഡ് എക്സ്‌പ്രസ്, ജയന്തി ജനത, ഏറനാട് എക്സ്‌പ്രസ് തുടങ്ങിയ ട്രെയിനുകൾ വൈകും. ആലുവ പാലത്തിൽ വെള്ളം അപകടനിലയിലെത്തിയിട്ടില്ല. വെള്ളം പൊങ്ങുന്നതിനാൽ ആലുവയ്ക്കും തൃശൂരിനുമിടയിൽ വേഗനിയന്ത്രണത്തിനു സാധ്യത.

കെട്ടിടങ്ങൾ തകർന്ന് അപകടം

നാശം വിതച്ച് ശക്തമായ മഴ തുടരവേ എങ്ങും സർവനാശമായിരുന്നു. ഇതോടെ പലയിടത്തും മരണ സംഖ്യ ഉയർന്നു ഇടുക്കി, മലപ്പുറം, തൃശൂർ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്യുന്നത്. മൂന്നാറിൽ പോസ്റ്റ് ഓഫീസിന് സമീപം ലോഡ്ജ് തകർന്ന് വീണ് ഒരാൾ മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ഏഴ് പെരെ നാട്ടുകാർ രക്ഷപ്പെടുത്തി. മലപ്പുറം പുളിക്കൽ കൈതക്കുണ്ടയിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ് കണ്ണനാരി അസീസും ഭാര്യ സുനീറയും മരിച്ചു. അടുത്തമുറിയിലായിരുന്ന മക്കൾ രക്ഷപ്പെട്ടു. തൃശൂർ വലപ്പാട് പൊട്ടിവീ വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേറ്റ് മത്സ്യത്തൊഴിലാളിയായ രവീന്ദ്രൻ മരിച്ചു. റാന്നിയിൽ മുങ്ങിയ വീട്ടിൽ ഷോക്കേറ്റ് ഒരാളും മരിച്ചു.

പമ്പ അണക്കെട്ട് തുറന്നതും ശക്തമായ മഴയും പമ്പാനദിയിൽ വെള്ളപ്പൊക്കത്തിന് കാരണമായി. പമ്പ തീരത്തുള്ളവർക്ക് അതീവ ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. റാന്നി ടൗൺ, ഇട്ടിയപ്പാറ, വടശേരിക്കര, ആറന്മുള സത്രക്കടവ് തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഒഡീഷ തീരത്ത് രൂപം കൊണ്ട ന്യൂനമർദ്ദമാണ് കേരളത്തിലെ കനത്ത മഴയക്ക് കാരണം.

കുറ്റ്യാടി ചുരത്തിൽ വിള്ളലുകൾ; വാഹനഗതാഗതം നിരോധിച്ചു

കോഴിക്കോടുനിന്ന് കുറ്റ്യാടി ചുരം വഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. ചുരത്തിലെ ഒൻപതാം വളവിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടതിനെ തുടർന്നാണ് നിരോധനമേർപ്പെടുത്തിയത്.ജില്ലയിൽ ശക്തമായിതുടരുന്ന കാലവർഷത്തിൽ ഏഴായിരത്തോളം പേരെ ദുരന്തബാധിതരായി മാറ്റി പാർപ്പിച്ചിട്ടുണ്ട്. 69 ക്യാമ്പുകൾ തുറന്നിട്ടുണ്ട് 1789 കുടുംബങ്ങളിൽ നിന്നായി 6600 പേരെ ക്യമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. മൂവായിരത്തോളം പേർ സ്വന്തം വീടുകളിൽനിന്ന് ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ടെന്നും കളക്ടർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

കോഴിക്കോട് വീണ്ടും ഉരുൾപൊട്ടലുണ്ടായ കണ്ണപ്പകുണ്ടിൽ ആർമി സേനാംഗങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്. വെള്ളപൊക്കമുണ്ടായ കുറ്റ്യാടി ചുരത്തിലും ദുരന്തനിവാരണസേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. മത്സ്യ ബന്ധനതൊഴിലാളികൾ കടലിൽ പോകുന്നതൊഴിവാക്കണമെന്നും.പുഴകളിൽ വെള്ളം ഏറിയതിനാൽ സമീപവാസികൾ ജഗ്രതപുലർത്തണമെന്നും. വെള്ളകെട്ടുകളിൽ നിന്നും മറ്റും കുട്ടികൾ സുരക്ഷിതരാണെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണമെന്നും കളക്ടർ കൂട്ടിചേർത്തു.

ഇടുക്കി ജില്ലയിൽ വാഹനങ്ങൾ പ്രവേശിക്കുന്നത് നിരോധിച്ചു

ജില്ലയിൽ സുരക്ഷാഭീഷണി ഉള്ളതിനാൽ പുറത്തുനിന്ന് വാഹനങ്ങൾ പ്രവേശിക്കുന്നത് നിരോധിച്ചതായി കലക്ടർ അറിയിച്ചു. അത്യാവശ്യസന്ദർഭങ്ങലിലല്ലാതെ രാത്രി യാത്ര ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP