Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

സംസ്ഥാനത്ത് തോരാതെ പെയ്ത് മഴ; കേരളത്തിൽ ഇന്നും അതിശക്തമായ മഴയെന്ന് കാലാവസ്ഥാ വകുപ്പ്; കനത്തമഴ തുടരുന്നത് ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട പുതിയ ന്യൂനമർദത്തിന്റെ സ്വാധീനം കാരണം; കേരളത്തിൽ ഏഴ് ജില്ലകൾ വെള്ളപ്പൊക്ക ബാധിതമെന്ന് കേന്ദ്ര ജല കമ്മീഷൻ

സംസ്ഥാനത്ത് തോരാതെ പെയ്ത് മഴ; കേരളത്തിൽ ഇന്നും അതിശക്തമായ മഴയെന്ന് കാലാവസ്ഥാ വകുപ്പ്; കനത്തമഴ തുടരുന്നത് ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട പുതിയ ന്യൂനമർദത്തിന്റെ സ്വാധീനം കാരണം; കേരളത്തിൽ ഏഴ് ജില്ലകൾ വെള്ളപ്പൊക്ക ബാധിതമെന്ന് കേന്ദ്ര ജല കമ്മീഷൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. കേരളത്തിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട പുതിയ ന്യൂനമർദത്തിന്റെ സ്വാധീനം കാരണമാണ് കനത്തമഴ തുടരുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ കെ. സന്തോഷ് പറഞ്ഞു. ഒഡിഷ-ആന്ധ്രാപ്രദേശ് തീരത്താണ് ന്യൂനമർദം രൂപംകൊണ്ടത്. ചൊവ്വാഴ്ചയോടെ മഴയുടെ ശക്തിയും കാറ്റിന്റെ വേഗവും കുറയും. മത്സ്യബന്ധനത്തിനുള്ള വിലക്ക് തിങ്കളാഴ്ചത്തേക്കുകൂടി നീട്ടി.

കേരളത്തിൽ ഏഴ് ജില്ലകൾ വെള്ളപ്പൊക്ക ബാധിതമെന്ന് കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, കോട്ടയം, തൃശൂർ എന്നീ ജില്ലകൾ വെള്ളപ്പൊക്ക ബാധിതമാണെന്നാണ് കേന്ദ്ര ജല കമ്മീഷന്റെ അറിയിപ്പ്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പെരിയാർ, ഭാരതപ്പുഴ, പമ്പ, കബനി, വളപട്ടണം, കുറ്റ്യാട്ടി എന്നീ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ജല കമ്മീഷൻ വെള്ളപ്പൊക്ക മുന്നിറിയിപ്പ് നൽകുന്നു

സംസ്ഥാനത്ത് ഇന്നലെ വിവിധ കാലവർഷ അപകടങ്ങളിൽ നാല് പേരാണ് മരിച്ചത്. രണ്ട് പേരെ കാണാതായി. മലപ്പുറം കാളികാവിൽ വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു. നരിമടയ്ക്കൽ സവാദ് ആണ് മരിച്ചത്. കോട്ടയം മണർകാട് ഒലിച്ചു പോയ കാറിനുള്ളിൽ നിന്ന് ഡ്രൈവർ ജസ്റ്റിന്റെ മൃതദേഹം കണ്ടെത്തി. കാസർകോട് രാജപുരത്ത് പൂടംകല്ല് സ്വദേശി ശ്രീലക്ഷ്മിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ഇരിണാവ് പുഴയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചെറുപുഴശ്ശി രാഘവൻ ആണ് മരിച്ചത്. പത്തനംതിട്ട അച്ചൻകോവിലാറ്റിൽ പ്രമാടം സ്വദേശി രാജൻപിള്ളയെ കാണാതായി. ഭാരതപ്പുഴയിൽ ഷൊർണൂരിൽ യുവമോർച്ച മണ്ഡലം പ്രസിഡന്റ് പി ബി വിനായകിനെ കാണാതായി.

തോരാതെ പെയ്യുന്ന മഴയിൽ ആലപ്പുഴയിലും കോട്ടയത്തും ജനജീവിതം നിശ്ചലമാണ്. കുട്ടനാടൻ പാടങ്ങളിൽ മടവീഴ്ച വ്യാപകമായതോടെ ഹെക്ടറ് കണക്കിന് നെൽകൃഷി നശിച്ചു. കോട്ടയത്ത് മണർകാട് ഒലിച്ചു പോയ കാറിനുള്ളിൽ നിന്ന് ഡ്രൈവറുടെ മൃതദേഹവും കണ്ടെടുത്തു. റെഡ് ആലേ‍ർട്ട് നിലനിൽക്കുന്ന ആലപ്പുഴ ജില്ലയിലും മഴക്കെടുതികൾ രൂക്ഷമാണ്. പമ്പാ ഡാം തുറന്ന സാഹചര്യത്തിൽ ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ഇതുവരെ 41 ക്യാമ്പുകൾ തുറന്നു. 1211 പേരെ മാറ്റിപാർപ്പിച്ചു. ചെങ്ങന്നൂരിലാണ് കൂടുതൽ ക്യാമ്പുകളുള്ളത്.

കുട്ടനാട്ടിലെ കിടപ്പുരോഗികളെ നേരത്തെ തന്നെ മാറ്റിയിരുന്നു. കോവിഡ് ജാഗ്രത നിലനിൽക്കുന്ന സാഹചര്യത്തിൽ നാല് തരം ക്യാമ്പുകളാണ് സജ്ജമാക്കിയിട്ടുള്ളത്. എസി റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിലും വെള്ളക്കെട്ടുണ്ട്. മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി.

മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നതോടെ കോട്ടയം ജില്ലയിലെ താഴ്ന്നപ്രദേശങ്ങളിലെല്ലാം വെള്ളം കയറി. കുമരകം, വൈക്കം അടക്കമുള്ള പ്രദേശങ്ങളിൽ വ്യാപകമായി വെള്ളം കയറിയിട്ടുണ്ട്. പാലാ ഈരാറ്റുപേട്ട റോഡ് മുന്നാലിയിൽ വീണ്ടും വെള്ളം കയറി. ഇന്നലെ ഇവിടെ പൂർണമായും വെള്ളം ഇറങ്ങിയതായിരുന്നു. വേളൂർ കല്ലുപുരയ്ക്കൽ, കോട്ടയം പഴയ സെമിനാരി എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നു. അയ്മനം ഗ്രാമ പഞ്ചായത്തിലെ കുറുവത്തറ, കല്ലൂങ്കത്തറ, മങ്ങാട്ട് പുത്തൻ കരി എന്നീ പാടശേഖരങ്ങളിൽ മടവീണു 350 ഹെക്ടറിലെ നെൽ കൃഷി വെള്ളത്തിൽ മുങ്ങി. ആർപ്പൂക്കരയിൽ കൊച്ചു മണിയാപറമ്പ് വെച്ചൂർ പന്നക്കാതടം പാടശേഖരങ്ങളിലും മട വീഴ്ചയുണ്ടായി.

വെമ്പള്ളി വയലാ റോഡിൽ കല്ലാലി പാലം തകർന്നു. ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചു. ജില്ലയിലെ പ്രധാന റോഡുകളിൽ എല്ലാം വെള്ളം കയറിയിട്ടുണ്ട്‌. എ സി റോഡ് പൂർണമായും അടച്ചു. ചില റോഡുകൽ വഴി തിരിച്ചു വിട്ടു. കോട്ടയം ജില്ലയിൽ 138 ക്യാമ്പുകളിലായി 1030 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മൂവായിരത്തി അഞ്ഞൂറോളം പേർ വിവിധ ദുരിതാശ്വാസ ക്യാമ്പിലായി ഉണ്ട്‌. കോട്ടയം താലൂക്കിൽ ആണ് ഏറ്റവും കൂടുതൽ പേർ ക്യാമ്പുകളിൽ ഉള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP