Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202412Wednesday

സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത്! വടക്കൻ കേരളത്തിൽ അതിതീവ്രമഴ; അഞ്ച് ജില്ലകളിൽ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു; കണ്ണൂർ, സാങ്കേതിക സർവകലാശാല പരീക്ഷകൾ മാറ്റി; മഴക്കെടുതിയിൽ ഇന്ന് അഞ്ച് മരണം; ദുരിതാശ്വാസക്യാംപിലേക്ക് മാറ്റുന്നതിനിടെ കോടിയേരിയിൽ വയോധികൻ കുഴഞ്ഞുവീണു മരിച്ചു

സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത്! വടക്കൻ കേരളത്തിൽ അതിതീവ്രമഴ; അഞ്ച് ജില്ലകളിൽ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു; കണ്ണൂർ, സാങ്കേതിക സർവകലാശാല പരീക്ഷകൾ മാറ്റി; മഴക്കെടുതിയിൽ ഇന്ന് അഞ്ച് മരണം; ദുരിതാശ്വാസക്യാംപിലേക്ക് മാറ്റുന്നതിനിടെ കോടിയേരിയിൽ വയോധികൻ കുഴഞ്ഞുവീണു മരിച്ചു

അനീഷ് കുമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധയിടങ്ങളിൽ കനത്ത മഴ തുടരുന്നതിനിടെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, പത്തനംതിട്ട, കാസർകോട്, കോട്ടയം, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. കണ്ണൂർ, സാങ്കേതിക സർവകലാശാലകൾ വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി.

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാണ്. ഇന്ന് അഞ്ച് പേരാണ് മഴക്കെടുതിയിൽ മരിച്ചത്. ആര്യനാടും ചങ്ങനാശ്ശേരിയിലും കുളത്തിൽ കുളിക്കാനിറങ്ങിയ കുട്ടികൾ മുങ്ങി മരിച്ചു. ആര്യനാട് മലയടി നിരപ്പിൽ വീട്ടിൽ അക്ഷയ്, ചങ്ങനാശേരി തൃക്കൊടിത്താനത്ത് ആദിത്യ ബിജു എന്നിവരാണ് മരിച്ചത്. പാറശ്ശാലയിൽ വീടിനു മുകളിൽ വീണ മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടയിൽ കാൽ വഴുതിവീണ് ഗൃഹനാഥനും മരണമടഞ്ഞു. ചെറുവാരകോണം ബ്രൈറ്റ് നിവാസിൽ ചന്ദ്രനാണ് മരിച്ചത്. ദുരിതാശ്വാസക്യാംപിലേക്ക് മാറ്റുന്നതിനിടെ കണ്ണൂർ കോടിയേരിയിൽ വയോധികൻ കുഴഞ്ഞുവീണുമരിച്ചു

കോഴിക്കോട് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. മണിയൂർ മുതുവന ഹമീദിന്റ മകൻ മുഹമ്മദ് നിഹാൽ (18) ആണ് മരിച്ചത്. മണപ്പുറ താഴെവയലിൽ വച്ചാണ് ദാരുണ സംഭവമുണ്ടായത്. ബന്ധു വീട്ടിൽ പോയി തിരിച്ച് വരുമ്പോൾ സൈക്കിളിൽ പൊട്ടിവീണ വൈദ്യുതി കമ്പി കുരുങ്ങുകയായിരുന്നു, ശക്തമായ മഴയിലും കാറ്റിലും തെങ്ങ് മുറിഞ്ഞ് വീണാണ് വൈദ്യുതി കമ്പി പൊട്ടിയത്. ഇതറിയാതെ ഈ വഴി വന്നതായിരുന്നു നിഹാൽ.

ഒരാഴ്ചക്കിടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 12 ആയി. സംസ്ഥാനത്ത് ആകെ 2531 പേർ ആണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്.29 വീടുകൾ പൂർണമായും, 642 വീടുകൾ ഭാഗികമായും തകർന്നു. തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ നാല് പേരെ രക്ഷപ്പെടുത്താനായത് ആശ്വാസകരമായി.

അഞ്ച് ജില്ലകളിൽ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു

കോഴിക്കോട്
ജില്ലയിൽ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടുള്ളതിനാലും നദീതീരങ്ങളിൽ വെള്ളം ഉയരുന്ന സാഹചര്യവും കണക്കിലെടുത്ത് പ്രഫഷനൽ കോളജ് ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ചയും കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമില്ല.

പത്തനംതിട്ട
രണ്ടായിരത്തോളം ജനങ്ങൾ ജില്ലയിലെ പല താലൂക്കുകളിലായി സജ്ജീകരിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നതിനാലും നിരവധി പാതകളിലും റോഡുകളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതിനാലും വെള്ളിയാഴ്ച പത്തനംതിട്ട ജില്ലയിലെ അങ്കണവാടി മുതൽ പ്രഫഷനൽ കോളജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ജില്ലയിലെ മണിമല, പമ്പാ, അച്ചൻകോവിൽ നദികളിലെ ജലനിരപ്പ് കുറയുന്ന പ്രവണത കാട്ടി തുടങ്ങിയിട്ടുണ്ട്. നാളെ അധിക മഴ ലഭ്യതയുടെ സൂചനകൾ ഇല്ലാ എന്നത് ആശ്വാസകരമാണ്. തൊട്ടപ്പള്ളയിലെ ഷട്ടറുകൾ തുറന്നിട്ടുമുണ്ട്. ഇതെല്ലം കണക്കിലെടുക്കുമ്പോൾ വെള്ളക്കെട്ടിന്റെ രൂക്ഷത ഏറെ താമസിയാതെ കുറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പത്തനംതിട്ട കലക്ടർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കാസർകോട്
ജില്ലയിൽ റെഡ് അലർട്ട് തുടരുന്നതിനാൽ വെള്ളിയാഴ്ച (ജൂലൈ 07, 2023 വെള്ളിയാഴ്ച) പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇമ്പശേഖർ കെ. ഐഎഎസ് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല. മേൽ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്. സ്‌കൂളുകളിൽ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ, ചുറ്റുമതിൽ, പഴയ ക്ലാസ്‌റൂമുകൾ തുടങ്ങിയവ പിടിഎ, അദ്ധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ നാളെ തന്നെ വീണ്ടും പരിശോധിക്കുകയും അടുത്ത പ്രവൃത്തിദിനം സ്‌കൂളിൽ എത്തുന്ന കുട്ടികൾക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കി എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ഇതുകൂടി കണക്കിലെടുത്താണ് വെള്ളിയാഴ്ച അവധി നൽകുന്നത്.

കോട്ടയം
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (2023 ജൂലൈ ഏഴ്) ജില്ലാ കലക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ഐസിഎസ്ഇ / സിബിഎസ്ഇ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.

കണ്ണൂർ
ജില്ലയിൽ കാലവർഷം അതിതീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് കലക്ടർ അറിയിച്ചു. അങ്കണവാടി ഉൾപ്പെടെയുള്ളവയ്ക്കും അവധി ബാധകമാണ്. മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി.
കണ്ണൂർ സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാൽ വെള്ളിയാഴ്ചത്തെ പിഎസ്‌സി പരീക്ഷകൾക്കു മാറ്റമുണ്ടായിരിക്കുന്നതല്ല.

ആലപ്പുഴ 

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.


കണ്ണൂരിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ

കണ്ണൂർ ജില്ലയിൽ കനത്ത മഴയിൽ വെള്ളം കയറിയതിനെതുടർന്ന് അഴീക്കോട് മണ്ഡലത്തിൽ മൂന്നിടത്തും തലശ്ശേരി മണ്ഡലത്തിൽ ഒരിടത്തും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. അഴീക്കോട് പാലോട്ട് വയൽ ആർ കെ യു പി സ്‌കൂൾ, അഴീക്കോട് ഓലാടത്താഴെ ഹിദായത്തു സ്വിബിയാൻ ഹയർ സെക്കന്ററി മദ്രസ, ചിറക്കൽ രാജാസ് യു പി സ്‌കൂൾ, തലശ്ശേരി മുബാറക്ക് ഹയർ സെക്കണ്ടറി സ്‌കൂളിൽ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ ആരംഭിച്ചത്. അഴീക്കോട് വെള്ളം കയറിയ പ്രദേശങ്ങളിലെ 125 ഓളം പേരെ നിലവിൽ മാറ്റിപാർപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് സാഹസികമായായാണ് രക്ഷാപ്രവർത്തനം നടത്തിയത്. ക്യാമ്പുകൾ കെ വി സുമേഷ് എം എൽ എ സന്ദർശിച്ചു.

തലശ്ശേരി താലൂക്കിൽ തിരുവങ്ങാട്, കോടിയേരി എന്നീ വില്ലേജുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനാലാണ് ദുരിതബാധിതരെ മാറ്റി പാർപ്പിക്കാൻ മുബാറക് സ്‌കൂളിൽ ക്യാമ്പ് ആരംഭിച്ചത് നിലവിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മാത്രമാണ് ഇവിടെയുള്ളത്. അതേസമയം വെള്ളാട് കാപ്പിമല വൈതൽക്കുണ്ടിൽ ഉരുൾപൊട്ടൽ. വൈതൽക്കുണ്ടിൽ പറമ്പിൽ ബിനോയുടെ സ്ഥലത്ത് 100 മീറ്ററോളം നീളത്തിൽ മണ്ണ് ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. ആളപായമില്ല.

വെള്ളക്കെട്ടിനെ തുടർന്ന് മുഴപ്പിലങ്ങാട് നൂറിലേറെ പേരെ ബന്ധുവീടുകളിലേക്ക് മാറ്റി. എ ഡി എം കെ കെ ദിവാകരൻ സ്ഥലം സന്ദർശിച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ ദേശീയപാത അധികൃതർക്ക് നിർദ്ദേശം നൽകി. തുടർന്ന് ചാലുകീറി വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവൃത്തി ആരംഭിച്ചു. കോടിയേരി വില്ലേജ് പരിധിയിലെ പെട്ടിപ്പാലം കോളനിയിൽ രൂക്ഷമായ കടൽക്ഷോഭമുണ്ടായി. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് മകളുടെ വീട്ടിലേക്ക് മാറ്റി താമസിപ്പിക്കുന്നതിനിടെ കോടിയേരി ആച്ചുകുളങ്ങര നീലേശ് നിവാസിൽ പി പി ദിവാകരൻ കുഴഞ്ഞുവീണു മരിച്ചു.

പയ്യന്നൂർ താലൂക്കിലെ കണിയേരി കെ പി കൃഷ്ണന്റെ വീടിനു മുകളിൽ കവുങ്ങ് വീണ് 30,000 രൂപയുടെ നാശനഷ്ടമുണ്ടായി. താഴെചൊവ്വ പുളുക്ക് പാലത്തിന് സമീപം വെള്ളം കയറിയതോടെ 10 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി. പരിയാരം പൊയിൽ-കുറ്റ്യേരിക്കടവ് റോഡിന് സമീപം ഇബ്രാഹിം മൗലവിയുടെ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു. വെള്ളോറ വില്ലേജിലെ കുപ്പാടകത്ത് ജനാർദ്ദനനും കുടുംബവും താമസിക്കുന്ന വീടിനു മുകളിൽ മരം പൊട്ടിവീണ് വീടിന് ഭാഗികമായ നഷ്ടം സംഭവിച്ചു.



വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് തിമിരി വില്ലേജ് കോട്ടക്കടവിൽ കപ്പുവളപ്പിൽ സദാനന്ദനെയും കുടുംബത്തെയും ബന്ധുവീട്ടിലേക്ക് മാറ്റി. തിമിരി വില്ലേജ് ഓഫീസ് താൽക്കാലികമായി പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് ഇവിടെയുള്ള രേഖകൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വെള്ളാട് വെട്ടിമാരുതിലെ കളപ്പുരക്കൽ കാന്തമണിയുടെ വീട് ചുഴലി കാറ്റിലും മഴയിലും പൂർണമായി തകർന്നു. വാരം കൊമ്പ്രപീടികക്ക് സമീപത്ത് വെള്ളം കയറി ചുറ്റുമതിൽ തകരുകയും വീടുകൾ തകർച്ച ഭീഷണി നേരിടുകയും ചെയ്യുന്നുണ്ട്.



അഴീക്കോട് മണ്ഡലത്തിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് മെഡിക്കൽ സംഘം സാഹചര്യം വിലയിരുത്തി. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. വിദ്യ, ഡോ. അനീറ്റ, ഡോ. രമ്യ എന്നിവരാണ് ക്യാമ്പുകളിലെത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയത്.

പാലോട്ടുവയൽ ആർ കെ യു പി സ്‌കൂൾ, അഴീക്കോട് ഓലാടത്താഴെ ഹിദായത്തു സ്വിബിയാൻ ഹയർ സെക്കണ്ടറി മദ്രസ, ചിറക്കൽ രാജാസ് യു പി സ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ഇവിടെ പ്രദേശത്തെ പ്രാഥമിക ആരോഗ്യകേന്ദ്രം പ്രവർത്തകരുടെ സംഘം 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കുന്നുണ്ട്. രോഗപ്രതിരോധ പ്രവർത്തനം നടത്തുകയും ക്യാമ്പുകളിലെ ശുചിത്വ സംവിധാനങ്ങൾ, ശുദ്ധമായ കുടിവെള്ളം, ആഹാര ശുചിത്വം എന്നിവ ഉറപ്പ് വരുത്തുകയും ചെയ്യും.

ആവശ്യമായ മരുന്നുകൾ ലഭ്യമാക്കാനും മെഡിക്കൽ സംഘം ഇവർക്ക് നിർദ്ദേശം നൽകി. ജില്ലയിലെ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ദുരന്ത നിവാരണ നോഡൽ ഓഫീസറെ നിയമിച്ചിട്ടുണ്ട്. ഇവർ അതിവേഗത്തിൽ റിപ്പോർട്ടുകൾ ജില്ലാ കൺട്രോൾ സെല്ലിലേക്ക് (ആരോഗ്യം) നൽകുന്നുണ്ട്. കൺട്രോൾ സെൽ നമ്പർ: 0497-2713437.



മഴ കനത്ത സാഹചര്യത്തിൽ അപകടകരമായ മരം മുറിച്ചുമാറ്റാനുള്ള അധികാരം പഞ്ചായത്തുകൾ വിനിയോഗിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി യോഗത്തിൽ ചെയർമാനായ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു. ഇതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. വിവിധ വകുപ്പുകളും അവയ്ക്ക് കീഴിലെ അപകടകരമായ മരം മുറിക്കാൻ നടപടി സ്വീകരിക്കണം. മഴക്കെടുതി മൂലം ഉണ്ടായ നാശനഷ്ടങ്ങളുടെ റിപ്പോർട്ടുകൾ വേഗത്തിൽ സമർപ്പിക്കാൻ തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി.

ദേശീയപാതയിൽ സർവീസ് റോഡുകൾ തകർന്നിടത്ത് താൽക്കാലികമായ അറ്റകുറ്റപണി നടന്നുവരുന്നതായി നിർമ്മാണ കമ്പനികൾ അറിയിച്ചു. ദേശീയപാതയിലെ വെള്ളക്കെട്ട് ഇല്ലാതാക്കാനുള്ള പ്രവൃത്തികൾ അടിയന്തിരമായി പൂർത്തിയാക്കാൻ കലക്ടർ നിർദ്ദേശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെ കുടിവെള്ളം പരിശോധിക്കാൻ വാട്ടർ അഥോറിറ്റിക്ക് നിർദ്ദേശം നൽകി. ഓവുചാലുകൾ വൃത്തിയാക്കി എന്ന് ഉറപ്പാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു. എഡിഎം കെ കെ ദിവാകരൻ, വിവിധ ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ, തഹസിൽദാർമാർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP