Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202109Thursday

ഇന്നലെ പകൽ മഴ പെയ്തില്ല; മാനം തെളിഞ്ഞപ്പോൾ ഓറഞ്ച് അലർട്ട് പിൻവലിച്ചു; പിന്നാലെ കാർമേഘങ്ങൾ ഇരുണ്ടടുത്തു; കോട്ടയത്തും ഇടുക്കിയിലും പാലക്കാടും ഉച്ച കഴിഞ്ഞ് പെയ്തത് അതിശക്തമഴ; അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദങ്ങൾക്കും ചുഴലിക്കാറ്റുകൾക്കും ഇനിയും സാധ്യത; രണ്ട് മാസം കൂടി കേരളത്തിന് ജാഗ്രത അനിവാര്യം

ഇന്നലെ പകൽ മഴ പെയ്തില്ല; മാനം തെളിഞ്ഞപ്പോൾ ഓറഞ്ച് അലർട്ട് പിൻവലിച്ചു; പിന്നാലെ കാർമേഘങ്ങൾ ഇരുണ്ടടുത്തു; കോട്ടയത്തും ഇടുക്കിയിലും പാലക്കാടും ഉച്ച കഴിഞ്ഞ് പെയ്തത് അതിശക്തമഴ; അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദങ്ങൾക്കും ചുഴലിക്കാറ്റുകൾക്കും ഇനിയും സാധ്യത; രണ്ട് മാസം കൂടി കേരളത്തിന് ജാഗ്രത അനിവാര്യം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്ന പോലുള്ള അതിശക്തമായ മഴ ഇന്നലെ പകൽ പെയ്തില്ല. ഓറഞ്ച് അലർട്ട് ഇന്നലെ ഉച്ചയോടെ പിൻവലിച്ചു. പിന്നാലെ ചില മേഖലകളിൽ മഴയും തുടങ്ങി. കോട്ടയം ജില്ലയുടെ മലയോര മേഖലയിൽ വൈകിട്ട് ശക്തമായ മഴ പെയ്തു. ഇടുക്കിയിലും പാലക്കാടും നല്ല മഴ പെയ്തു.

അണക്കെട്ടുകളും നദികളുമെല്ലാം നിറഞ്ഞിരിക്കുകയാണ്. ഇത്തവണ ശരാശരിയിലും കൂടുതൽ മഴ ലഭിക്കുമെന്നു കാലാവസ്ഥാ വകുപ്പ് നേരത്തേ പ്രവചിച്ചിരുന്നു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദങ്ങൾക്കും ചുഴലിക്കാറ്റുകൾക്കും സാധ്യത കൂടുതലാണ്. ഇവ ശക്തമായ മഴയ്ക്കു വഴിയൊരുക്കുമെന്നതിനാൽ കേരളം അടുത്ത 2 മാസം കൂടി അതീവ ജാഗ്രത പാലിക്കേണ്ടി വരും.

അതിനിടെ കേരളത്തിൽ തുലാവർഷം ഈ മാസം 26ന് എത്തുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒക്ടോബർ ഒന്നിനു തുടങ്ങേണ്ട തുലാമഴ 26 ദിവസം വൈകിയാണ് എത്തുന്നത്. ഡിസംബർ വരെ നീളുന്ന തുലാമഴക്കാലത്ത് ആകെ ലഭിക്കേണ്ട മഴയുടെ 93% ഒക്ടോബർ 1 മുതൽ ഇന്നലെ വരെ ലഭിച്ചു. ഇന്നലെ കാസർകോട്, കണ്ണൂർ, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ യെലോ അലർട്ട് നൽകിയിരുന്നു. ഇന്ന് 3 ജില്ലകൾ ഒഴിച്ച് 9 ജില്ലകളിലെ ഓറഞ്ച് അലർട്ടും പിൻവലിച്ചു.

മഴയെ തുടർന്ന് നേരത്തേ ഉരുൾപൊട്ടിയ കൂട്ടിക്കൽ മേഖലയിൽ നിന്ന് ഏതാനും താമസക്കാർ ക്യാംപുകളിലേക്ക് മാറി. ഞായറാഴ്ച വരെ ക്യാംപിൽ തുടരാനാണ് ഇവരുടെ തീരുമാനം. ഈരാറ്റുപേട്ട തീക്കോയി മംഗളഗിരിയിൽ മണ്ണിടിച്ചിലുണ്ടായി. ഇത് ജനവാസ മേഖലയിലല്ല. ജില്ലയുടെ മറ്റു ഭാഗങ്ങളിൽ കാര്യമായ മഴ പെയ്തില്ല. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളക്കെട്ട് പൂർണമായി മാറിയിട്ടില്ല.

ഇടുക്കി ജില്ലയിൽ രാത്രിയോടെ മഴ കനത്തു. ചീയപ്പാറയ്ക്കു സമീപം അഞ്ചാംമൈൽ ആദിവാസി മേഖലയിൽ മണ്ണിടിച്ചിലുണ്ടായി. ആറു കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പകൽ അടിമാലി, മൂന്നാർ, കട്ടപ്പന, പാമ്പാടുംപാറ, ചെറുതോണി മേഖലകളിൽ ഇടവിട്ടു മഴ പെയ്തു. പാലക്കാട്ട് മിക്കയിടത്തും ഉച്ചകഴിഞ്ഞ് ഇടിയോടു കൂടി മഴ പെയ്തു. വടക്കഞ്ചേരി മംഗലംഡാം ഒാടത്തോട് കുന്നിനു മുകളിൽ ഉരുൾപൊട്ടി; താഴ്ഭാഗത്തുള്ള 7 കുടുംബങ്ങളെ മാറ്റി. 2018 ലും ഇവിടെ ഉരുൾപൊട്ടിയിരുന്നു.

ആലപ്പുഴ ജില്ലയിൽ പകൽ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. വൈകിട്ട് ചില സ്ഥലങ്ങളിൽ ചാറ്റൽമഴ പെയ്തു. എറണാകുളം ജില്ലയുടെ പല ഭാഗങ്ങളിലും രാത്രിയോടെ മഴ പെയ്തു. കണ്ണൂരിൽ മലയോര മേഖലയിൽ വൈകിട്ട് മഴ പെയ്തു. തൃശൂരിൽ ഇടിമിന്നലും കാറ്റുമുണ്ടായി. വൈകിട്ടോടെ പലയിടങ്ങളിലും ചാറ്റൽമഴ ലഭിച്ചു. പത്തനംതിട്ട ജില്ലയിൽ വൈകിട്ടുവരെ മഴയില്ലായിരുന്നു. വൈകിട്ടോടെ ഇടിയോടുകൂടി പെയ്തു.

അതിനിടെ കാലാവസ്ഥാ പ്രവചനത്തിൽ പരിമിതിയുണ്ട് എന്നതു സത്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. അവർ മനസ്സിലാക്കുന്നത് പ്രവചിക്കുന്നു. മഴയുടെ വരവ് കൃത്യമായി മനസ്സിലാക്കുന്നതിനു ചില ഘട്ടങ്ങളിൽ വിഷമം നേരിടുന്നുണ്ട്. ഇതു ബോധപൂർവമല്ല. അവർ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയ്ക്ക് അത്രത്തോളമേ എത്താനാകുന്നുള്ളൂ. അതു മെച്ചപ്പെടണം' - മുഖ്യമന്ത്രി പറഞ്ഞു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP