Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മഹാപ്രളയത്തോടുമല്ലിടുന്ന കേരളത്തിന് ആശ്വാസമായി മഴയുടെ ശക്തി കുറഞ്ഞെങ്കിലും നാലുജില്ലകളിൽ സ്ഥിതി ഗുരുതരം; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാദൗത്യം; അതിശക്തമായ ഒഴുക്കിൽ ചാലക്കുടിയിലും ചെങ്ങന്നൂരിലും രക്ഷാപ്രവർത്തനം ദുഷ്‌കരം; ശനിയാഴ്ച മുതൽ വലിയ സൈനിക ബോട്ടുകളും കൂടുതൽ ഹെലികോപ്ടറുകളും; മഴക്കെടുതിയിൽ ഇതുവരെ മരണം 178; വെള്ളിയാഴ്ച രക്ഷപ്പെടുത്തിയത് 82224 പേരെ; പ്രധാനമന്ത്രി കേരളത്തിൽ; ശനിയാഴ്ച പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും

മഹാപ്രളയത്തോടുമല്ലിടുന്ന കേരളത്തിന് ആശ്വാസമായി മഴയുടെ ശക്തി കുറഞ്ഞെങ്കിലും നാലുജില്ലകളിൽ സ്ഥിതി ഗുരുതരം; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാദൗത്യം; അതിശക്തമായ ഒഴുക്കിൽ ചാലക്കുടിയിലും ചെങ്ങന്നൂരിലും രക്ഷാപ്രവർത്തനം ദുഷ്‌കരം; ശനിയാഴ്ച മുതൽ വലിയ സൈനിക ബോട്ടുകളും കൂടുതൽ ഹെലികോപ്ടറുകളും; മഴക്കെടുതിയിൽ ഇതുവരെ മരണം 178; വെള്ളിയാഴ്ച രക്ഷപ്പെടുത്തിയത് 82224 പേരെ; പ്രധാനമന്ത്രി കേരളത്തിൽ; ശനിയാഴ്ച പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതി മൂലമുള്ള സ്ഥിതി ഗുരുതരമായി തുടരുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാദൗത്യം പുരോഗമിക്കുമ്പോഴും ഒറ്റപ്പെട്ടുപോയവരിലേക്ക് പൂർണമായി എത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. ആലപ്പുഴ, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലെ സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ പ്രദേശങ്ങളിൽ ആയിരക്കണക്കിന് ആളുകൾ ഒറ്റപ്പെട്ടു കഴിയുകയാണ്. അവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.സംസ്ഥാനത്തെ പ്രളയക്കെടുതി വിലയിരുത്താൻ പ്രധാനമന്ത്രി കേരളത്തിലെത്തി. രാത്രി 11 മണിയോടെ തിരുവനന്തപുരത്ത് എത്തിയ നരേന്ദ്ര മോദി ശനിയാഴ്ച കൊച്ചി സന്ദർശിക്കും. രാവിലെ മുഖ്യമന്ത്രിയുമായും അദ്ദേഹം ചർച്ച നടത്തുന്നുണ്ട്.

മഴക്കെടുതിയിൽ ഇതുവരെ മരണം 178 ആയി. ഇന്ന് പകൽ 82224 പേരെ രക്ഷപ്പെടുത്തി. കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടനുസരിച്ച് ഇടുക്കിയിലും വയനാട്ടിലും മഴ അല്പം കുറഞ്ഞിട്ടുണ്ട്. റാന്നി, കോഴഞ്ചേരി എന്നിവിടങ്ങളിൽ വെള്ളം താണുവരുന്നുണ്ട്. എന്നാൽ ചെങ്ങന്നൂരിലും തിരുവല്ലയിലും വെള്ളത്തിന്റെ ഒഴുക്ക് ശക്തിയായിട്ടുണ്ട്. പെരിയാറിൽ ജലനിരപ്പ് കുറഞ്ഞിട്ടില്ല. ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയർന്നു തന്നെ നിൽക്കുകയാണ്.

ഒറ്റപ്പെട്ടുപോയവർക്ക് ഹെലികോപ്ടറിലും ബോട്ടിലും ഭക്ഷണവും വെള്ളവും എത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ആവശ്യത്തിന് ഭക്ഷണപാക്കറ്റുകൾ സംഭരിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ഭക്ഷ്യസംസ്‌കരണ വിഭാഗം ഒരു ലക്ഷം ഭക്ഷണ പാക്കറ്റുകൾ എത്തിക്കും. കേന്ദ്രസർക്കാരിന്റെ ഡിആർഡിഒയും ഭക്ഷണപാക്കറ്റുകൾ അയക്കുന്നുണ്ട്. മുടങ്ങാതെ ഭക്ഷണവും വെള്ളവും ലഭ്യമാക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനു വേണ്ടി പ്രത്യേകം ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ട്.

ഇന്നു വൈകിട്ടത്തെ കണക്കനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത് 70,085 കുടുംബങ്ങളിലെ 3,14,391 പേരാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. 2094 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. ഭക്ഷണവും വെള്ളവും മരുന്നും ലഭ്യമാക്കുന്നുണ്ട്. 40000 പൊലീസുകാർ, ഫയർഫോഴ്സിന്റെ 3200 പേരും നേവിയുടെ 46 ടീമും, എയർഫോഴ്സിന്റെ 13 ടീമും, ആർമിയുടെ 18 ടീമും, കോസ്റ്റ്ഗാർഡിന്റെ 16 ടീമും എൻഡിആർഎഫിന്റെ 21 ടീമും, ഇന്ന് പങ്കെടുത്തിട്ടുണ്ട്. നാവികസേനയുടെ പതിനാറ് ഹെലികോപ്റ്ററുകൾ, എൻഡിആർഎഫിന്റെ 79 ബോട്ടുകൾ, മത്സ്യത്തൊഴിലാളികളുടെ 413 ബോട്ടുകൾ എന്നിവ ഉപയോഗിച്ചിട്ടുണ്ട്. ചാലക്കുടി, ചെങ്ങന്നൂർ മേഖലയിലാണ് കൂടുതൽ പ്രശ്നങ്ങൾ നിലനിൽക്കുന്നത്. അവിടെ കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

ഇപ്പോൾ പ്രവർത്തിക്കുന്ന ബോട്ടുകൾക്കു പുറമേ ആർമിയുടെ വലിയ 12 ബോട്ടുകൾ നാളെ ചാലക്കുടിയിലെത്തും. കാലടിയിൽ അഞ്ച് ആർമിബോട്ടുകൾ നാളെ മുതൽ കൂടുതലുണ്ടാകും. ചെങ്ങന്നൂരിൽ 15 ആർമി ബോട്ടും തിരുവല്ലയിൽ 10 ആർമി ബോട്ടും കൂടുതലായി ഉപയോഗിക്കും. ഇവയെല്ലാം രാവിലെ 6 മണി മുതൽ രക്ഷാപ്രവർത്തനത്തിനുണ്ടാകും. രാത്രി വിമാനമാർഗം കൂടുതൽ ആർമി ബോട്ടുകൾ തിരുവനന്തപുരത്തും എറണാകുളത്തും എത്തുന്നുണ്ട്. ചാലക്കുടിയിലേക്കും ചെങ്ങന്നൂരിലേക്കും നാല് ആർമി ഹെലികോപ്റ്ററുകൾ നാളെയെത്തും. തിരുവല്ല, കോഴഞ്ചേരി, ആറന്മുള മേഖലയിൽ ഉപയോഗിക്കാൻ മൂന്ന് ആർമി ഹെലികോപ്റ്ററുകളെത്തും.

അതിശക്തമായ ഒഴുക്കാണ് ചാലക്കുടിയിലും ചെങ്ങന്നൂരിലുമെന്നതുകൊണ്ട് ഇന്നത്തെ രക്ഷാപ്രവർത്തനം ഏറെ ദുഷ്‌കരമായിരുന്നു. അതുകൊണ്ടാണ് നാളെ മുതൽ വലിയ ആർമി ബോട്ടുകളും കൂടുതൽ ഹെലികോപ്റ്ററുകളും ഉപയോഗിക്കുന്നത്. ഭക്ഷണ വിതരണം ഇന്നുരാവിലെ മുതൽ രക്ഷാപ്രവർത്തനവും ഭക്ഷണവിതരണവുമുണ്ടായിരുന്നു. നാളെ കൂടുതൽ വ്യാപകമായി ഭക്ഷണവിതരണത്തിനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട്. മറ്റു പല സംസ്ഥാനങ്ങളും കേരളത്തെ സഹായിക്കാൻ മുന്നോട്ടുവരുന്നുണ്ട്. പഞ്ചാബ്, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ പാക്ക് ചെയ്ത ഭക്ഷണങ്ങൾ ലഭ്യമാക്കുമെന്നറിയിച്ചിട്ടുണ്ട്.

ഇന്ന് ഒന്നരലക്ഷം വാട്ടർബോട്ടിലുകൾ റെയിൽവേ നൽകി. ക്യാബിനറ്റ് സെക്രട്ടറിയുമായി വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തിയിരുന്നു. അറുനൂറിലധികം മോട്ടോർബോട്ടുകൾ ലഭ്യമാക്കണം, ഹെലികോപ്റ്ററുകൾ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സിയാൽ വിമാനത്താവളം അടച്ചതിനാൽ കൊച്ചി നാവികസേന വിമാനത്താവളം ഉപയോഗിക്കാൻ ആവശ്യപ്പെടാൻ തീരുമാനമായി. സിയാലിലെ സിഐഎസ്എഫിനെ വിമാനത്താവളം പ്രവർത്തിക്കാത്തതിനാൽ ഇവിടേക്ക് മാറ്റിയാൽ നാവികസേന വിമാനത്താവളം ഉപയോഗിക്കാം. ചെറിയ വിമാനങ്ങൾ ഇറക്കാൻ അനുമതിയായിട്ടുണ്ട്.

പത്തനംതിട്ടയിൽ യുദ്ധസമാനമായ രക്ഷാ പ്രവർത്തനം

നാവികസേനയുടെ കൊച്ചിയിലേയും വ്യോമസേനയുടെ തിരുവനന്തപുരത്തെയും വിമാനത്താവളങ്ങൾ രക്ഷാ പ്രവർത്തനത്തിന് തുറന്നു നൽകാൻ നിർദ്ദേശം നൽകിയതായി പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ. തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും വിമാനത്താവളങ്ങളും അടിയന്തര രക്ഷപ്രവർത്തനത്തിന് സേനകൾക്ക് ഉപയോഗിക്കാമെന്നും അവർ അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എല്ലാ സഹായങ്ങളും നൽകാൻ കര, നാവിക, വ്യോമ സേനകൾക്ക് നിർദ്ദേശം നൽകിയതായും പ്രതിരോധമന്ത്രി അറിയിച്ചു.

പ്രളയക്കെടുതിയിൽ കുടുങ്ങിയിട്ടുള്ളവരെ രക്ഷപ്പെടുത്തുന്നതിന് ബോട്ടുകൾ ഉൾപ്പെടെയുള്ള വൻ സന്നാഹം ജില്ലയിൽ എത്തിയെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് പറഞ്ഞു. ഇപ്പോൾ നാടൻ ബോട്ടുകൾ ഉൾപ്പെടെ 28 ബോട്ടുകളാണ് രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുള്ളത്. പുതുതായി 23 ബോട്ടുകൾ കൂടി ജില്ലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

തോമസ് ചാണ്ടി എംഎൽഎയുടെ ഉടമസ്ഥതയിലുള്ള രണ്ട് ബോട്ടുകൾ, പൊലീസിന്റെ ആറ് ബോട്ടുകൾ, കോസ്റ്റ് ഗാർഡിന്റെ രണ്ട് ബോട്ടുകൾ, നേവിയുടെ രണ്ട് ബോട്ടുകൾ, കൊല്ലത്തു നിന്ന് രണ്ട് ബോട്ടുകൾ, എൻഡിആർഎഫിന്റെ ആറ് ബോട്ടുകൾ, ഫയർഫോഴ്സിന്റെ ഒരു ബോട്ട്, എറണാകുളത്തു നിന്ന് രണ്ട് ബോട്ട് എന്നിവയാണ് ഉടൻ എത്തുന്നത്.

ഇതിനു പുറമേ ആർമിയുടെ 69 സൈനികർ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു വരുന്നു. നൂറനാട് ഐടിബിപിയിൽനിന്നും 37 സേനാംഗങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്കായി ജില്ലാ ആസ്ഥാനത്തു നിന്നും റാന്നിയിലേക്ക് പുറപ്പെട്ടു. രണ്ട് ഹെലികോപ്ടറുകളാണ് രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നത്

തൊടുപുഴയിലും മാനന്തവാടിയിലും ഉരുൾപൊട്ടി

അതേസമയം മഴ മാറി നിൽക്കുമ്പോൾ തന്നെ പലയിടത്തും ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. തൊടുപുഴ വണ്ണപ്പുറത്ത് ആറിടത്ത് ഉരുൾപൊട്ടൽ ഉണ്ടായെങ്കിലും ആളപായം ഉണ്ടായില്ല. മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ഉരുൾപൊട്ടി അഞ്ച് വീടുകൾ ഒലിച്ചുപോയി. ഇതിനിടെ സംസ്ഥാനത്തെ മഴക്കെടുതിയിൽ 17 ദിവസത്തിനിടെ 164 പേർ മരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സ്ഥിതി ഗുരുതരമായി തുടരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഏറ്റവും പ്രതിസന്ധി നേരിടുന്നത്. ആയിരക്കണക്കിനാളുകളാണ് ഒറ്റപ്പെട്ടിരിക്കുന്നത്

രക്ഷാപ്രവർത്തനത്തിന് 5000 പൊലീസ് ഉദ്യോഗസ്ഥർ കൂടി

മഴക്കെടുതിയുടെ അടിയന്തര രക്ഷാപ്രവർത്തനത്തിനായി 5000 പൊലീസുദ്യേഗസ്ഥരെക്കൂടി ഇന്ന് സംസ്ഥാനത്താകെ വിന്യസിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 35,000 ത്തോളം പൊലീസുകാർ രംഗത്തുണ്ട്. ഇവർക്കു പുറമേയാണ് 5000 പേരെ കൂടി ഇന്നു വിന്യസിച്ചത്. ക്രൈം ബ്രാഞ്ച് , സ്പെഷ്യൽ ബ്രാഞ്ച്, തുടങ്ങിയ എല്ലാ സ്പെഷ്യൽ യൂണിറ്റുകളിൽ നിന്നും ഉദ്യോഗസ്ഥരെ ഇതിനായി മൊബിലൈസ് ചെയ്തിട്ടുണ്ട്.

പ്രളയം രൂക്ഷമായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനത്തിന് മുതിർന്ന പൊലീസുദ്യോഗസ്ഥർക്കു ചുമതല നൽകിയിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറ അറിയിച്ചു. പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽ ഡി.ഐ.ജി. ഷെഫീൻ അഹമ്മദ്, എറണാകുളം ജില്ലയിൽ ഐ.ജി. വിജയ് സാക്കറെ, തൃശൂർ ജില്ലയിൽ ഐ.ജി. എം. ആർ. അജിത് കുമാർ എന്നിവർ മേൽനോട്ട ചുമതല വഹിക്കും. തൃശൂരിൽ റേഞ്ച് ഐ.ജി. ക്ക് പുറമെ ഐ.ജി. എസ്.ശ്രീജിത്തും രക്ഷാപ്രവർത്തനത്തെ സഹായിക്കും.

മഴയുടെ ശക്തി കുറയുന്നു

കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുകയാണെന്ന് തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും നാളെയും മഴ പെയ്യുമെങ്കിലും ഞായറാഴ്ചയോടെ മഴ കുറയുമെന്നും കാലാവസ്ഥ നീരിക്ഷണ കേന്ദം വ്യക്തമാക്കി. കാലവർഷത്തിൽ ഇതുവരെ സംസ്ഥാനത്ത് 37.7 ശതമാനം മഴയാണ് അധികം ലഭിച്ചത്.

ഒഡീഷ തീരത്ത് രൂപം കൊണ്ട ന്യൂനമർദ്ദം ശക്തമായതാണ് സംസ്ഥാനത്ത് കനത്ത മഴ ലഭിക്കാൻ കാരണമായത്. എന്നാൽ ഈ ന്യൂനമർദ്ദം ദുർബലമായി മദ്ധ്യപ്രദേശ് തീരത്തേക്ക് നീങ്ങുകയാണ്. കാലവർഷം ശക്തമായതോട് കൂടി കേരളത്തിൽ ഇതുവരെ കിട്ടിയ മഴ സർവകാല റെക്കാഡിലേക്ക് കുതിക്കുകയാണ്. 1620 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 2220.6 മില്ലിമീറ്റർ മഴയാണ് ഇതുവരെ ലഭിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ മഴ ലഭിച്ചത്. കാസർകോട് മാത്രമാണ് ശരാശരിയിലും താഴെ മഴ ലഭിച്ചത്.

ഇന്ധനക്ഷാമം; പ്രചാരണം അടിസ്ഥാനരഹിതം

ഇന്ധനക്ഷാമമുണ്ടാകുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് തിരുവനന്തപുരം എ.ഡി.എം വി. ആർ. വിനോദ് അറിയിച്ചു. മഴക്കെടുതി രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ നിന്നും ഇന്ധനം എത്തിക്കാൻ കഴിയുന്നില്ലെന്ന വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായിപ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇതേ തുടർന്ന് പമ്പുകളിൽ ഇന്ധനം നിറയ്ക്കാൻ വാഹനങ്ങളുടെ നീണ്ട നിരയുണ്ട്. ചില പമ്പുകളിൽ ഇന്ധനം തീർന്നു. എല്ലാ പമ്പുകളിലും നാളെ രാവിലെ (18 ഓഗസ്റ്റ്) ഇന്ധനം എത്തിക്കുമെന്നും ഇന്ധനക്ഷാമമില്ലെന്നും പെട്രോളിയം കമ്പനികൾ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്.

24 മണിക്കൂർ കൺട്രോൾ റൂം

കാലവർഷക്കെടുതിയിലെ അടിയന്തര ആവശ്യങ്ങൾക്കും മേൽനോട്ട പ്രവർത്തനങ്ങൾക്കുമായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ കൺട്രോൾ റൂം തുറന്നു. കൺട്രോൾ റൂം നമ്പർ : 0471 2731212. കൺട്രോൾ റൂമിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ നമ്പറുകൾ : എസ്. അരവിന്ദാക്ഷൻ (സീനിയർ സൂപ്രണ്ട്) - 9447893140, ശിവദാസൻ നായർ (ജൂനിയർ സൂപ്രണ്ട് ) 9497165395, എസ്. മനോജ് (ജൂനിയർ സൂപ്രണ്ട്) - 9446370935, വീണ ബാബു (ജൂനിയർ സൂപ്രണ്ട്) - 9447323498.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP