Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ചാമത്തെ ഷട്ടറും തുറന്നു; ചെറുതോണിയിലൂടെ ഒഴുക്കി കളയുന്നത് സെക്കന്റിൽ അഞ്ച് ലക്ഷം ലിറ്റർ വെള്ളം; ആശങ്കയുടെ മുൾമുനയിൽ ഇടുക്കിയും എറണാകുളവും; ചെറുതോണിയിൽ നിന്ന് അധികജലം പുറത്തേക്ക് ഒഴുക്കി വൈദ്യുത ബോർഡ്; ഇടമലയാർ ഡാമിലെ ഷട്ടറും അടയ്ക്കില്ല; ചെറുതോണിയിൽ പാലം തകർന്നു; പട്ടണം മുങ്ങുമെന്ന ആശങ്ക ശക്തം; ആലുവയും നെടുമ്പാശേരിയും കൊച്ചിയും ഭീതിയിലേക്ക്; രക്ഷാപ്രവർത്തനത്തിന് സൈന്യം രംഗത്ത്; പ്രളയജലത്തിൽ വിറച്ച് കേരളം

അഞ്ചാമത്തെ ഷട്ടറും തുറന്നു; ചെറുതോണിയിലൂടെ ഒഴുക്കി കളയുന്നത് സെക്കന്റിൽ അഞ്ച് ലക്ഷം ലിറ്റർ വെള്ളം; ആശങ്കയുടെ മുൾമുനയിൽ ഇടുക്കിയും എറണാകുളവും;  ചെറുതോണിയിൽ നിന്ന് അധികജലം പുറത്തേക്ക് ഒഴുക്കി വൈദ്യുത ബോർഡ്; ഇടമലയാർ ഡാമിലെ ഷട്ടറും അടയ്ക്കില്ല; ചെറുതോണിയിൽ പാലം തകർന്നു; പട്ടണം മുങ്ങുമെന്ന ആശങ്ക ശക്തം; ആലുവയും നെടുമ്പാശേരിയും കൊച്ചിയും ഭീതിയിലേക്ക്; രക്ഷാപ്രവർത്തനത്തിന് സൈന്യം രംഗത്ത്; പ്രളയജലത്തിൽ വിറച്ച് കേരളം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: നാലുഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയാതെ വന്നതോടെ ഇടുക്കി അണക്കെട്ടിലെ അഞ്ചാമത്തെ ഷട്ടറും തുറന്നു. നിലവിൽ മൂന്നു ഷട്ടറുകൾ ഒരു മീറ്റർ വീതവും രണ്ടെണ്ണം 50 സെന്റിമീറ്ററുമാണ് ഉയർത്തിയിരുന്നത്. ഇതോടെ സെക്കൻഡിൽ 5,00,000 ലീറ്റർ (500 ക്യുമെക്‌സ്) വെള്ളം പുറത്തേക്കുപോകും. അതേസമയം, അണക്കെട്ടിലേക്കുള്ള നീരൊഴുക്കു കുറഞ്ഞിട്ടുണ്ട്. രാവിലെ ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തി 1,25,000 ലീറ്റർ വെള്ളമാണ് പുറത്തേക്കു വിട്ടിരുന്നത്. രണ്ടു മണിക്കുള്ള റീഡിങ് അനുസരിച്ച് 2401.62 അടിയാണു ജലനിരപ്പ്. പരമാവധി സംഭരണശേഷി 2403 അടിയാണ്. അർധരാത്രിയിൽ 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്.

ഡാമിലേക്കുള്ള നീരൊഴുക്ക് സെക്കന്റിൽ അഞ്ച് ലക്ഷം ലിറ്ററായതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. വൈദ്യുതി ഉൽപാദനത്തിന് മൂലമറ്റത്തേക്ക് ഒരുലക്ഷത്തി പതിനാറായിരം ലിറ്റർ വെള്ളമേ ആവശ്യമുള്ളൂ. അതുകൊണ്ട് തന്നെ ഇടുക്കി ഡാമിന്റെ ജല നിരപ്പ് അതിവേഗം ഉയരുകയാണ്. ഇന്ന് തന്നെ പരമാവധി സംഭരണ ശേഷിയായ 2403 അടി എത്തുമെന്നാണ് വിലയിരുത്തൽ. ഇതൊഴിവാക്കാനാണ് അടിയന്തര ഇടപെടൽ നടത്തുന്നത്. എങ്ങനേും അണക്കെട്ടിലെ ജലനിരപ്പ് 2402ൽ നിർത്താനാണ് ശ്രമം. മഴ തുടർന്നാൽ ഇതിനായി അഞ്ച് ഷട്ടറും തുറക്കേണ്ടി വരും. ഇത് സംഭവിച്ചാൽ എറണാകുളം ജില്ല വലിയ പ്രതിസന്ധിയിലാക്കും

ഇന്നലെ 50000ലിറ്റർ ജലമാണ് ചെറുതോണിയിലൂടെ സെക്കന്റ് ഒഴുക്കിയത്. ഇതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല. ഇന്ന് രാവിലെയോടെ ഇത് ഒരുലക്ഷത്തി ഇരുപതിനായിരമായി മാറ്റി. അപ്പോഴും നീരൊഴുക്ക് കുറഞ്ഞില്ല. ഇതോടെയാണ് വൈദ്യുതി വകുപ്പ് ആശങ്കയിലായത്. സർക്കാരിനെ സ്ഥിതി ഗതികൾ അറിയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മൂന്ന് ഷട്ടറുകൾ കൂടുതൽ ഉയർത്തി മൂന്നിരട്ടി വെള്ളം പുറത്തുവിടാൻ തീരുമാനിച്ചത്. നിലവിൽ ഉയർത്തിയിരുന്ന മൂന്നു ഷട്ടറുകളും ഒരു മീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. ഇത് പോരാതെ വന്നതോടെയാണ് നാലാമത്തെ ഷട്ടറും ഉയർത്തിയത്.പരമാവധി സംഭരണശേഷി 2403 അടിയാണ്. അർധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്.

ഇടമലയാർ ഡാമിൽ നിന്നുള്ള നീരൊഴുക്ക് നിയന്ത്രിച്ചാണ് ഇടുക്കിയിൽ നിന്ന് കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കുന്നത്. ഇന്നലെ ഇടമലയാറിന്റെ 3 ഷട്ടറുകൾ 2 മീറ്ററും ,ഒരു ഷട്ടർ ഒരു മീറ്ററുമായിട്ടായിരുന്നു ഉയർത്തിയിരുന്നത്. എന്നാൽ ഇടുക്കി ഡാമിന്റെ കൂടുതൽ തുറന്ന സാഹചര്യത്തിൽ ഇടമലയാർ ഡാമിന്റെ നാല് ഷട്ടറുകളും ഒരു മീറ്ററായി ചുരുക്കി. ഇടുക്കി ഡാമിലേയും, ഇടമലയാർ ഡാമിലേയും വെള്ളം കടന്ന് പോകുന്ന ഭൂതത്താൻകെട്ട് ഡാമിന്റെ 15 ഷട്ടറുകൾ. 7 മിറ്ററായി ഉയർത്തിയിട്ടുണ്ട്, ഭൂതത്താൻകെട്ടിലെ ജലനിരപ്പ് ഇപ്പോൾ 30 മീറ്റർ ആണ് ശക്തമായ ജലപ്രാവാഹം ഭൂതത്താൻകെട്ടിൽ ഉണ്ടാകും എന്നാണ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. പെരിയാറിലേക്ക മറ്റ് ഡാമുകളിൽ നിന്ന് വെള്ളം ഒഴുകുന്നത് പരമാവധി കുറയ്ക്കാനാണ് ശ്രമം. അല്ലാത്ത പക്ഷം ഇടുക്കിയിലെ വെള്ളം ആലുവയെ തീരാ ദുരതത്തിലാക്കും. പെരിയാറിന്റെ കരകളിൽ നിന്ന് മുഴുവൻ കുടുംബത്തേയും ഒഴുപ്പിച്ചു കഴിഞ്ഞു. പക്ഷേ ആൾനാശമുണ്ടായില്ലെങ്കിലും കോടിക്കണക്കിന് രൂപയുടെ നഷ്ടം ഇടുക്കിയിലെ വെള്ളം കേരളത്തിലുണ്ടാക്കും.

കാലവർഷക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വിലയിരുത്തി. കര-വ്യോമ-നാവിക സേനകളുടേയും എൻ ഡി ആർ എഫ്, കോസ്റ്റ് ഗാർഡ് എന്നിവയുടെയും നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം ഊർജിതമാണെന്ന് വിലയിരുത്തി. ഇടുക്കി ഡാം തുറന്നു വിടുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം മൈക്ക് അനൗൺസ്മെന്റിലൂടെ ജനങ്ങളെ അറിയിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ആവശ്യമുള്ളവരെ അടിയന്തരമായി മാറ്റി പാർപ്പിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കണക്കുകൂട്ടലുകൾ തെറ്റിച്ച് ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. . ഇതോടെ ചെറുതോണിയിൽ കൂടുതൽ ജാഗ്രത പ്രഖ്യാപിച്ചു. വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം ചെറുതോണി പട്ടണത്തിൽ റോഡിന്റെ വശങ്ങൾ ഇടിഞ്ഞു. രണ്ട്, മൂന്ന്, നാല് ഷട്ടറുകളാണ് തുറന്നു വിട്ടത്. ജില്ലാ കളക്ടർ ചെറുതോണിയിലെത്തി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. ചെറുതോണിയിൽ ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം കുട്ടനാടും ഭീതിയിലാണ്. പത്തനംതിട്ടയിലെ കക്കി ഡാമും തുറന്നതോടെ വേമ്പനാട്ടുകായലിലേക്ക് വെള്ളം അധികമായി ഒഴുകിയെത്തും.

ഇടമലയാറിലും ഷട്ടറുകൾ അടയ്ക്കില്ല

ഇടുക്കിയും ഇടമലയാറും ഒരുമിച്ച് നിറഞ്ഞതാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയതെന്നും നിലവിൽ ഇടമലയാറിൽ കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്ന് മന്ത്രി എംഎം മണി. അതേസമയം, ഇടമലയാറിലെ ഷട്ടറുകൾ അടക്കേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി തീരുമാനിച്ചു. പകരം വെള്ളത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് നിയന്ത്രിക്കാനാണ് നീക്കം. കെ.എസ്.ഇ.ബി ചീഫ് എഞ്ചിനീയറാണ് ഇക്കാര്യം അറിയിച്ചത്. ഡാമിലേക്കുള്ള ഒഴുക്കും പുറത്തേക്കുള്ള ഒഴുക്കും ഒരേ പോലെയാക്കി ഇലനിരപ്പ് ക്രമപ്പെടുത്തുക എന്ന സാധ്യതയാണ് ഇടമലയാറിൽ വൈദ്യുതിവകുപ്പ് തേടുന്നത്.

ഇടുക്കിയിലെ കൂടുതൽ ഷട്ടറുകൾ തുറന്ന സാഹചര്യത്തിലാണ് ഇടമലയാറിലെ ഒഴുക്ക് നിയന്ത്രിക്കുന്നത്. ഇടുക്കി ഡാമിലെ അഞ്ച് ഷട്ടറുകളും തുറക്കാൻ കെ.എസ്.ഇ.ബി താത്പര്യപ്പെടുന്നില്ല. പകരം നിലവിൽ തുറന്ന മൂന്ന് ഷട്ടറുകൾ കൂടുതൽ ഉയർത്താനാണ് ബോർഡ് ആലോചിക്കുന്നത്. ഇന്നലെ രാവിലെ പന്ത്രണ്ടരയ്ക്കാണ് ഇടുക്കി ഡാമിന്റെ മൂന്നാം നമ്പർ ഷട്ടർ അൻപത് സെമീ ഉയരത്തിൽ തുറന്നത്. എന്നാൽ വൃഷ്ടിപ്രദേശത്തുണ്ടായ മഴ കാരണം കനത്ത നീരൊഴുക്കാണ് ഇടുക്കി ഡാമിലേക്ക് പിന്നീട് ഉണ്ടായത്. കൂടുതൽ വെള്ളം ഇടുക്കിഡാമിൽ നിന്നും പുറത്തുവിട്ടാൽ ചെറുതോണി പട്ടണം വെള്ളത്തിലാവും എന്ന ആശങ്ക ശക്തമാണ്. നിലവിൽ ചെറുതോണി പുഴയുടെ വശങ്ങളിലെ മരങ്ങൾ പലതും കടപുഴകി വീണിട്ടുണ്ട്.

അപകടസാധ്യത മുന്നിൽ കണ്ട് നൂറ് മീറ്റർ ചുറ്റളവിലുള്ള ആളുകളെ ഒഴുപ്പിച്ചിട്ടുണ്ട്. ചെറുതോണി ബസ് സ്റ്റാൻഡ് അടക്കം പല സ്ഥലങ്ങളിലും വെള്ളം കയറുമെന്ന് ഉറപ്പായിട്ടുണ്ട്. അപകടസാധ്യത മുന്നിൽ കണ്ട് ചെറുതോണി പാലത്തിലൂടെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. പെരിയാറിന്റെ നൂറ് മീറ്റർ ചുറ്റളവിൽ താമസിക്കുന്നവരോട് ഒഴിഞ്ഞു പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. എറണാകുളത്തെ ആലുവയും, ഏലൂരുമടക്കമുള്ള പ്രദേശങ്ങളിലെ നൂറു കണക്കിന് വീടുകൾ ഇപ്പോൾ വെള്ളത്തിനടിയിലാണ്. 

എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

ചെറുതോണി, ഭൂതത്താൻകെട്ട്, ഇടമലയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നതോടെ എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ആലുവയിലും പരിസരത്തും ജലനിരപ്പുയരുകയാണ്. ആലുവയിലെ ഏലൂർ, കുറ്റിക്കാട്ടുകര എന്നിവിടങ്ങളിൽ റോഡിലും വീടുകളിലും വെള്ളം കയറി. ഇവിടങ്ങളിൽ നിന്നും ആൾക്കാരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെങ്കിലും വീട്ടുപകരണങ്ങളും മറ്റും വെള്ളം കയറി നശിച്ചു. ആലുവയിൽ ആയിരത്തിലധികം വീടുകളിലാണ് വെള്ളം കയറിയത്. ഏലൂർ, കുറ്റിക്കാട്ടുകര പ്രദേശങ്ങളിൽ നിന്നെല്ലാം ജനങ്ങളെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്.

ശിവരാത്രി മണപ്പുറം പൂർണമായും വെള്ളത്തിനടിയിലായി. അതുകൊണ്ട് തന്ന ഇത് ബലിതർപ്പണത്തെ ബാധിക്കും. മണപ്പുറത്ത് നടത്തിവരാറുള്ള ബലിതർപ്പണം ഉയർന്ന പ്രദേശത്തേക്ക് മാറ്റേണ്ടി വന്നേക്കും. ശനിയാഴ്ച പുലർച്ചെ നാലുമണി മുതൽ ഉച്ചവരെയാണ് വാവുബലി തർപ്പണം. പുഴയോരത്ത് 121 ബലിത്തറകൾ ഒരുക്കാൻ ഇത്തവണ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. എന്നാൽ ഇടമലയാറിനു പിന്നാലെ ഇടുക്കി അണക്കെട്ടും തുറന്നുവിട്ടതോടെ മണപ്പുറത്തെ ജലനിരപ്പ് ശനിയാഴ്ചയോടെ താഴാൻ ഇടയില്ലെന്നാണ് കരുതുന്നത്. ഇതോടെ ഉയർന്ന പ്രദേശത്തു വച്ച് ബലിതർപ്പണം നടത്തേണ്ടി വരും. 2013-ൽ ഇടമലയാർ അണക്കെട്ട് തുറന്നപ്പോൾ സമാന സാഹചര്യമാണ് ഉണ്ടായിരുന്നത്. അന്ന് മണപ്പുറം റോഡിൽ വച്ചാണ് ബലിതർപ്പണം നടത്തിയത്.

ഇന്നലെ 12.30 യോടെയാണ് ഇടുക്കി ഡാമിലെ ആദ്യ ഷട്ടർ തുറന്നത്. ആദ്യത്തെ ഷട്ടർ തുറന്ന് മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ പെരിയാറിന്റെ തീരത്തുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായിരുന്നു. ഇന്ന് രാവിലെ രണ്ടു ഷട്ടറുകൾ കൂടി തുറന്നതോടെ ഡാമിന് തൊട്ടടുത്ത പ്രദേശമായ ചെറുതോണിയിൽ വെള്ളത്തിലായി. നേരത്തേ തന്നെ സുരക്ഷാ നടപടികൾ എടുത്തിരുന്നതിനാൽ ആൾക്കാരെ വീടുകളിൽ നിന്നും ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ വെള്ളം ഒഴുകിയെത്തുന്നതോടെ സ്ഥിതിഗതികൾ നിയന്ത്രണാതീതമാകും.

പ്ലംജൂഡി റിസോട്ടിൽ രക്ഷാപ്രവർത്തനം അസാധ്യം

പള്ളിവാസലിലെ പ്ലംജൂഡി റിസോട്ടിന് സമീപം ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇവിടെ കുടുങ്ങിയ സഞ്ചാരികൾക്ക് പുറത്തുകടക്കാൻ പറ്റാത്ത അവസ്ഥയാണ്. വിദേശികൾ ഉൾപ്പടെ 30 ഓളം വിനോദ സഞ്ചാരികളാണ് രണ്ട് ദിവസമായി റിസോർട്ടിൽ കുടുങ്ങി കിടക്കുന്നത്.

സഹായമഭ്യർത്ഥിച്ച് സഞ്ചാരികളിൽ ഒരാൾ പുറത്തുവിട്ട വീഡിയോ സന്ദേശം മാധ്യമങ്ങൾ പുറത്തുവിട്ടു. വിനോദ സഞ്ചാരികളെ അവിടെയെത്തിച്ച ഡ്രൈവർമാരാണ് വീഡിയോ പുറത്തുവിട്ടത്. 20 ഓളം കുടുംബങ്ങൾ റിസോട്ടിലുണ്ടെന്നും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ തങ്ങൾക്കൊപ്പമുണ്ടെന്നും സഞ്ചാരി പറഞ്ഞു. ദുരന്ത നിവാരണ അഥോറിറ്റിയുടേയും, ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെയും നിർദ്ദേശത്തെ മറികടന്ന് ഈ മേഖലയിൽ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളിലൊന്നാണ് പ്ലംജൂഡി റിസോർട്ട്. ഈ റിസോർട്ട് സുരക്ഷിതമല്ലെന്ന മുന്നറിയിപ്പ് പലതവണ അധികാരികൾ നൽകിയിരുന്നു.

ഇതുവരെയും രക്ഷാപ്രവർത്തനം ഇവിടെ നടന്നിട്ടില്ല. ബുധനാഴ്ച രാത്രി ഇവിടെ പാറയിടിയുകയും തുടർന്ന് ഉരുൾപൊട്ടലുണ്ടാവുകയുമായിരുന്നു. പള്ളിവാസലിൽ നിന്നും നാല് കിലോമീറ്ററോളം മുകളിലാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. പൊലീസിനു പോലും അവിടേയ്ക്ക് എത്താൻ സാധിക്കാത്ത അവസ്ഥയാണ്.

മരണം 24 ആയി

വെള്ളിയാഴ്ച രണ്ടുപേർ കൂടി മരിച്ചതോടെ മരണം 24 ആയി. ഇടുക്കി അതീവ ജാഗ്രതയിലാണ്. ഇടുക്കിയിൽ നാലിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. വെള്ളിയാഴ്ച രാവിലെ ഇടുക്കിയിലെ പണിയൻകുടിയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമ്മൂട് കിണർ ഇടിഞ്ഞു വീണ് ഒരാൾ മരിച്ചു. വ്യാഴാഴ്ച ഇടുക്കി അടിമാലിയിലുണ്ടായ ഉരുൾപൊട്ടലിൽ ഇല്ലാതായത് ഒരു കുടുംബത്തിലെ അഞ്ച് പേരാണ്. ദേവീകുളം താലൂക്കിലെ മന്നംകണ്ടത്ത് മഴയിലും മണ്ണിടിച്ചിലിലും പെട്ട് ഏഴ് പേരും മരിച്ചു.

മലപ്പുറത്ത് നിലമ്പൂരിലുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. ഒരാളെ കാണാതായി. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിലും മറ്റുമായി വയനാട്ടിൽ മൂന്ന് പേരും എറണാകുളത്ത് രണ്ട് പേരും കോഴിക്കോട് ഒരാളും മരണപ്പെട്ടു.

കുട്ടനാടും ദുരിതത്തിൽ

പത്തനതിട്ട ജില്ലയിലെ കക്കി, ശബരിഗിരി പദ്ധതിയുടെ ആനത്തോട് അണക്കെട്ടുകൾ തുറന്നതോടെ കുട്ടനാട് വീണ്ടും പ്രളയഭീതിയിൽ. ഇക്കുറി അപ്പർ കുട്ടനാട് മേഖലയിലാണ് ജലനിരപ്പ് കൂടുതൽ ഉയർന്നത്. പമ്പ, അച്ചൻകോവിൽ, മണിമലയാർ, മീനച്ചിൽ എന്നീ നദികൾ നിറഞ്ഞുകവിഞ്ഞതും ജലനിരപ്പുയർത്തി.

വീയപുരം, ചെറുതന, പള്ളിപ്പാട്, കരുവാറ്റ, ചേപ്പാട്, തൃക്കുന്നപ്പുഴ, കുമാരപുരം, തകഴി, പുളിങ്കുന്ന്, കൈനകരി, എടത്വ, തലവടി, നിരണം, ചമ്പക്കുളം, രാമങ്കരി, മുട്ടാർ, നെടുമ്പ്രം, കടപ്ര, എടനാട്, മുണ്ടങ്കാവ്, മംഗലം, പാണ്ടനാട്, തിരുവൻവണ്ടൂർ, കരട്ടിശ്ശേരി, മാന്നാർ എന്നിവിടങ്ങളിൽ ജലനിരപ്പുയരാൻ സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യോഗം വിലയിരുത്തി. ഈ പ്രദേശങ്ങളിലെ നിവാസികൾ ജാഗ്രതപാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പകർച്ചവ്യാധികൾ പിടിക്കാതിരിക്കാൻ ആവശ്യമായ മരുന്നുകൾ എല്ലാം ശേഖരിച്ചുവയ്ക്കാൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി.

ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. ആലപ്പുഴ ചങ്ങാനാശ്ശേരി റോഡിൽ വെള്ളം വറ്റിച്ച് ഗതാഗതമൊരുക്കുന്ന ശ്രമം അന്തിമഘട്ടത്തിലായിരുന്നു. എന്നാൽ, വീണ്ടുമെത്തിയ മലവെള്ളപ്പാച്ചിൽ പ്രതീക്ഷ തകർത്തു. 24 കിലോമീറ്റർ നീളമുള്ള റോഡിന്റെ രണ്ടു കിലോമീറ്റർ ഭാഗം വെള്ളത്തിനടിയിലാണ്. കൂടുതൽ സ്ഥലങ്ങളിലേക്ക് വെള്ളം കയറാനുള്ള സാധ്യതയുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP