Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിൽ ദുരിതപെയ്ത്തിന് ഇടയാക്കിയ മേഘാവരണം അകലുന്നു; പടിഞ്ഞാറൻ കാറ്റിന്റെ ഗതിമാറി; ന്യൂനമർദം പടിഞ്ഞാറൻ മേഖലയിലേക്കു മാറുന്നതോടെ മഴയുടെ ശക്തി കുറയും; അതിതീവ്ര മഴയുടെ ഭീഷണി ഇല്ലതായതോടെ കേരളം പൂർണമായും വെള്ളപ്പൊക്ക ഭീഷണിയിൽ നിന്നു മാറുന്നു; പുത്തുമലയിലെയും കവളപ്പാറയിലെയും മഹാദുരന്തം ഒഴിച്ചാൽ മഴയുടെ തോതിൽ ഇക്കുറി കേരളത്തിൽ സാധാരണ മൺസൂൺ മാത്രം; അണക്കെട്ടുകൾ ഇപ്പോഴും പാതിപോലും നിറഞ്ഞില്ല

കേരളത്തിൽ ദുരിതപെയ്ത്തിന് ഇടയാക്കിയ മേഘാവരണം അകലുന്നു; പടിഞ്ഞാറൻ കാറ്റിന്റെ ഗതിമാറി; ന്യൂനമർദം പടിഞ്ഞാറൻ മേഖലയിലേക്കു മാറുന്നതോടെ മഴയുടെ ശക്തി കുറയും; അതിതീവ്ര മഴയുടെ ഭീഷണി ഇല്ലതായതോടെ കേരളം പൂർണമായും വെള്ളപ്പൊക്ക ഭീഷണിയിൽ നിന്നു മാറുന്നു; പുത്തുമലയിലെയും കവളപ്പാറയിലെയും മഹാദുരന്തം ഒഴിച്ചാൽ മഴയുടെ തോതിൽ ഇക്കുറി കേരളത്തിൽ സാധാരണ മൺസൂൺ മാത്രം; അണക്കെട്ടുകൾ ഇപ്പോഴും പാതിപോലും നിറഞ്ഞില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതത്തിലാക്കിയ പേമാരിക്ക് ഇടയാക്കിയ മഴയുടെ ശക്തി കുറയുന്നു. സംസ്ഥാനത്ത് കഴത്ത മഴയ്ക്ക് ഇടയാക്കിയ കാർമേഘങ്ങൾ കേരള തീരത്തു നിന്നും അകന്നു തുടങ്ങി. ഇതിന്റെ പ്രതിഫലം എന്നോണം ഇന്നലെ കാര്യമായി മഴലഭിച്ചില്ല. അതിതീവ്രമഴയുടെ മുന്നറിയിപ്പ് ചിലയിടങ്ങളിൽ മാത്രമാണുള്ളത്. ഒരു ജില്ലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ലെന്നതും ആശ്വാസത്തിന് വക നൽകുന്നു. അതേസമയം പേമാരി അകലുമ്പോവും പുത്തുമലയിലു കവളപ്പാറയിലും ഉണ്ടായ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും കുറഞ്ഞിട്ടില്ല. ഇവിടങ്ങളിൽ ഇപ്പോഴും മൃതദേഹങ്ങൾ കണ്ടെടുക്കാനുള്ള തിരച്ചിൽ തുടരുകയാണ്.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ കാലാവസ്ഥാ കേന്ദ്രമാണ് സംസ്ഥാനത്ത് മേഘാവരണങ്ങൾ അകലുന്നതായി അറിയിച്ചത്. പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. ന്യൂനമർദം പടിഞ്ഞാറൻ മേഖലയിലേക്കു മാറുന്നതും മഴയുടെ ശക്തി കുറയ്ക്കുമെന്നാണു പ്രവചനം. അതിതീവ്ര മഴയ്ക്കുള്ള സാധ്യത ഇതോടെ കുറഞ്ഞു. ഒറ്റപ്പെട്ട കനത്ത മഴയോ വ്യാപകമായ ചെറിയ മഴയോ പെയ്യാനേ സാദ്ധ്യതയുള്ളൂവെന്നാണു നിഗമനം. കേരളത്തിലെ വെള്ളപ്പൊക്ക ബാധിതർക്ക് 10,000 രൂപ ആദ്യ സഹായമായി നൽകും. സഹായം ലഭിക്കേണ്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ചശേഷമാകും തുക വിതരണം ചെയ്യുക. പഞ്ചായത്ത് സെക്രട്ടറിയും റവന്യൂ ഉദ്യോഗസ്ഥനും ചേർന്ന് പട്ടിക പ്രസിദ്ധീകരിക്കും.

മഴക്കെടുതിയിൽ മരിച്ചവരുടെ ആശ്രിതർക്ക് നാലു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തിൽ വീടും സ്ഥലവും നഷ്ടമായവർക്ക് 10 ലക്ഷം രൂപ ലഭിക്കും. വ്യാപാരസ്ഥാപനങ്ങളുടെ നഷ്ടപരിഹാരം മന്ത്രിസഭാ ഉപസമിതി തീരുമാനിക്കും. വെള്ളപ്പൊക്കമേഖലയിലും തീരദേശത്തും സൗജന്യറേഷനായി 15 കിലോ അരി നൽകും.

പമ്പാനദിയിലും അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയരുന്നതിനാൽ ചെങ്ങന്നൂരിൽ ജാഗ്രതാ നിർദ്ദേശം നൽകി. ആലപ്പുഴ ജില്ലാ കലക്ടർ ഡോ. അദീല അബ്ദുല്ലയുടെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ യോഗം ചേർന്നു. മലപ്പുറം കവളപ്പാറയിൽനിന്ന് ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം ഏഴായി, മരണസംഖ്യ 30. ഇനി 29 പേരെയാണു കണ്ടെത്താനുള്ളത്. മഴക്കെടുതികളിൽ സംസ്ഥാനത്തു മരിച്ചവരുടെ ആകെ എണ്ണം 104. എംജി, കേരള സർവകലാശാലകൾ വെള്ളിയാഴ്ച (16) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പത്തനംതിട്ട റാന്നിയിൽ ഒരു രാത്രികൊണ്ട് പമ്പയാറും കൈവഴിയായ വലിയ തോടും നിറഞ്ഞു. കഴിഞ്ഞ ആഴ്ചയിലെ വലിയ മഴയിൽ പോലും വലിയ തോട് കരകവിഞ്ഞിരുന്നില്ല. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലേക്കു വെള്ളം കയറിത്തുടങ്ങി. പാലായിൽ മീനച്ചിലാർ കരകവിഞ്ഞതിനെ തുടർന്ന് ഈാരാറ്റുപേട്ടപാലാ റോഡിൽ വെള്ളം കയറി. മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയാണ്.

ഇന്ന് എവിടെയും റെഡ് അലർട്ടില്ല

സംസ്ഥാനത്ത് ഇന്നു എവിടെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മാത്രമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്, കാസർകോട് ജില്ലകളിലും വ്യാപക മഴയുണ്ടാകും. നാളെ ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലേ വ്യാപക മഴയ്ക്കു സാധ്യതയുള്ളൂ. അതിനുശേഷം മഴ കൂടുതൽ ദുർബലമാകുമെന്നാണു കാലാവസ്ഥാ പ്രവചനം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ഛത്തീസ്‌ഗഡ് വഴി വടക്കുപടിഞ്ഞാറേക്കു നീങ്ങിയതോടെയാണു കേരളത്തിൽ മഴസാധ്യത കുറഞ്ഞത്. അണക്കെട്ടുകളിൽ എല്ലാം വെള്ളം സംഭരണ ശേഷിയുടെ പകുതി മാത്രമേയുള്ളൂ.

കവളപ്പാറയിൽ ഇന്നലെ കണ്ടെടുത്തത് ഏഴ് മൃതദേഹങ്ങൾ, മരണ സംഖ്യ 105 ആയി

മലപ്പുറം നിലമ്പൂർ കവളപ്പാറയിൽ ഉരുൾപൊട്ടലിൽ കാണാതായവരിൽ 7 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ഇവിടെ മാത്രം 30 മരണം സ്ഥിരീകരിച്ചു. 29 പേരെക്കുറിച്ച് ഇനിയും വിവരമില്ല. സംസ്ഥാനത്തു മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 105 ആയി. മാവേലിക്കര വെട്ടിയാർ താന്നിക്കുന്ന് ബണ്ട് റോഡിനു സമീപം പാടത്തെ വെള്ളത്തിൽ പ്ലസ് ടു വിദ്യാർത്ഥി മരിച്ചു.

അതേസമയം മേപ്പാടി പുത്തുമലയിൽ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്താൻ തെരച്ചിൽ ഊർജിതമാക്കിയതായി അധികൃതർ. ഔദ്യോഗിക കണക്കുപ്രകാരം ഇനി ഏഴുപേരെ കണ്ടെത്താനുണ്ട്. ഇതുവരെ 10 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ദേശീയ ദുരന്ത നിവാരണ സേന, അഗ്‌നിശമന സേന, പൊലീസ്, നാട്ടുകാർ തുടങ്ങിയവരാണ് തെരച്ചിൽ തുടരുന്നത്. ഇതിനിടെ ഇന്നലെ തോത് കുറഞ്ഞെങ്കിലും മഴ തുടർന്നു. അതേസമയം, സാങ്കേതിക സഹായങ്ങൾ ഉപയോഗിച്ചുള്ള തെരച്ചിലും തുടങ്ങിയിട്ടുണ്ട്. ബന്ധുക്കളും നാട്ടുകാരും നൽകുന്ന വിവരങ്ങൾ അനുസരിച്ചും തെരച്ചിൽ നടത്തുന്നുണ്ട്. ജില്ലയിൽ ഇതുവരെ 560 വീടുകൾ പൂർണമായും 5434 വീടുകൾ ഭാഗികമായും നശിച്ചതായി ജില്ല അധികൃതർ അറിയിച്ചു.

കൃഷിവകുപ്പ് നടത്തിയ പ്രഥമിക കണക്കെടുപ്പിൽ മഴക്കെടുതിമൂലം ജില്ലയിലെ കാർഷിക മേഖലയിൽ 219.15 കോടി രൂപയുടെ നാശനഷ്ടം നേരിട്ടു. വാഴകൃഷിക്കാണ് കൂടുതൽ നഷ്ടം നേരിട്ടത്. 180.49 കോടി രൂപയുടെ നഷ്ടമാണ് വാഴ കർഷകർക്ക് മാത്രമുണ്ടായത്. ദുരിതാശ്വാസ ക്യാംപുകളിലുള്ളവർക്കും മറ്റു പ്രളയബാധിതർക്കും അവശ്യവസ്തുക്കൾ എത്തിക്കുന്ന സപ്ലൈകോ വിൽപനശാലകൾ ഇന്നു തുറന്നുപ്രവർത്തിക്കും.

ചങ്ങനാശ്ശേരി-ആലപ്പുഴ റോഡിൽ അഞ്ചാംദിവസവും ഗതാഗതം തടസം

ബുധനാഴ്ചയും മഴ ശക്തമായതോടെ പാലായും സമീപപ്രദേശങ്ങളും വീണ്ടും മുങ്ങി. ചങ്ങനാശ്ശേരി-ആലപ്പുഴ റോഡിൽ അഞ്ചാംദിവസവും ഗതാഗതം തടസ്സപ്പെട്ടു. മൂവാറ്റുപുഴ-പുനലൂർ സംസ്ഥാനപാതയിൽ പാലായോടുചേർന്ന പ്രദേശങ്ങളിലെല്ലാം റോഡിൽ വെള്ളക്കെട്ട് ശക്തമായതോടെ ഗതാഗതം പൂർണമായും നിർത്തിവെച്ചു. പാലായിൽനിന്ന് തൊടുപുഴ, ഈരാറ്റുപേട്ട, പൊൻകുന്നം, കുമളി, എരുമേലി എന്നിവടങ്ങളിൽനിന്ന് പാലാ വഴി കടന്നുപോകേണ്ടതുമായ എല്ലാ ദീർഘദൂര സർവിസും മുടങ്ങി. കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്കിൽ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. അപ്പർ കുട്ടനാട് മേഖലയിൽ ജനജീവിതം കടുത്ത ദുരിതത്തിലാണ്.

നൂറുകണക്കിന് ഏക്കർ പാടശേഖരം വെള്ളത്തിൽ മുങ്ങി. അപ്പർ കുട്ടനാട്ടിൽ കുമരകം ഭാഗത്തുമാത്രം 500 ഹെക്ടറിൽ കൃഷിനശിച്ചു. ചില മേഖലകൾ ഒറ്റപ്പെട്ട നിലയിലാണ്. വെള്ളത്തിന്റെ വരവ് ശക്തമായി തുടരുന്നതിനാൽ ജില്ല ഭരണകൂടം കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും വിവിധ പ്രദേശങ്ങളിൽ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്. രാത്രി മുഴുവനും പകൽ ഇടവിട്ടും പെയ്ത മഴയാണ് ദുരിതംവിതച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP