Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മഴ അവസാനിച്ചിട്ട് പല ദിവസങ്ങൾ ആയെങ്കിലും ഇപ്പോൾ എന്തുകൊണ്ട് മരണ സംഖ്യ ഉയരുന്നു? മഴ പൂർണ്ണമായും കുറഞ്ഞ ശേഷം മരിച്ചവരുടെ എണ്ണത്തിൽ ഉണ്ടായത് 99 എണ്ണത്തിന്റെ വ്യത്യാസം; സർക്കാർ പിഴവ് മറച്ചു വയ്ക്കാൻ ചെങ്ങന്നൂരിൽ പൊലിഞ്ഞ ജീവനുകളുടെ എണ്ണം ഓരോന്നായി പുറത്തു വിടുന്നുവെന്ന ആക്ഷേപം ശക്തം; ഇന്നലത്തെ കണക്ക് അനുസരിച്ച് ഓഗസ്റ്റ് എട്ടിന് മഴ കനത്ത ശേഷം മരിച്ചവരുടെ എണ്ണം 322; മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത എന്ന അഴകൊഴമ്പൻ പ്രചരണവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വീണ്ടും രംഗത്ത്

മഴ അവസാനിച്ചിട്ട് പല ദിവസങ്ങൾ ആയെങ്കിലും ഇപ്പോൾ എന്തുകൊണ്ട് മരണ സംഖ്യ ഉയരുന്നു? മഴ പൂർണ്ണമായും കുറഞ്ഞ ശേഷം മരിച്ചവരുടെ എണ്ണത്തിൽ ഉണ്ടായത് 99 എണ്ണത്തിന്റെ വ്യത്യാസം; സർക്കാർ പിഴവ് മറച്ചു വയ്ക്കാൻ ചെങ്ങന്നൂരിൽ പൊലിഞ്ഞ ജീവനുകളുടെ എണ്ണം ഓരോന്നായി പുറത്തു വിടുന്നുവെന്ന ആക്ഷേപം ശക്തം; ഇന്നലത്തെ കണക്ക് അനുസരിച്ച് ഓഗസ്റ്റ് എട്ടിന് മഴ കനത്ത ശേഷം മരിച്ചവരുടെ എണ്ണം 322; മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത എന്ന അഴകൊഴമ്പൻ പ്രചരണവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വീണ്ടും രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എല്ലാ ദിവസവും സർക്കാർ മഴക്കെടുതികൾ അവലോകനം ചെയ്യുന്നു. 1,093 ക്യാമ്പുകളിലായി 3,42,699 പേരുണ്ടെന്നാണ് ഇന്നലത്തെ അവലോകനം. തിങ്കളാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് 1,093 ക്യാമ്പുകളിലായി 3,42,699 പേരുണ്ട്. ഓഗസ്റ്റ് എട്ടുമുതൽ ഇന്നു(ഓഗസ്റ്റ് 27) വരെ 322 പേർ മരിച്ചു. ക്യാമ്പുകളിൽ നിന്ന് ആളുകൾ വീടുകളിലേക്ക് മടങ്ങിപ്പോകുകയാണ്. എങ്കിലും കുറച്ച് ദിവസംകൂടി ക്യാമ്പുകൾ തുടരേണ്ടിവരും. ക്യാമ്പുകളിൽ ഭക്ഷണം നൽകാൻ ആവശ്യമായ സാധനങ്ങൾ സ്റ്റോക്കുണ്ട്. വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിൽ പമ്പ് ഉപയോഗിച്ച് വെള്ളം ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു-ഇതാണ് അവലോകന യോഗത്തിന് ശേഷം സർക്കാർ തന്നെ പൊതുജനങ്ങൾ അറിയിക്കുന്നത്. ഇത്തരം അറിയിപ്പുകൾ പലപ്പോഴും പുറത്തു വരാറുണ്ട്. പ്രളയ രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് മത്സ്യത്തൊഴിലാളികൾ മടങ്ങിയതിന് ശേഷവും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം നടന്നിരുന്നു. ഓഗസ്റ്റ് എട്ട് മുതൽ 20 വരെ ആകെ 223 മരണം എന്നായിരുന്നു അന്ന് മുഖ്യമന്ത്രി വിശദീകരിച്ചത്. അതായത് ഏഴ് ദിവസം കൊണ്ട് 99 പേർ കൂടി മരിച്ചുവെന്നാണ് സർക്കാർ വിശദീകരണം. ഇതോടെയാണ് സംശയങ്ങൾ സജീവമാകുന്നത്.

ഓഗസ്റ്റ് 20ന് ശേഷം കേരളത്തിൽ മഴക്കെടുതികൾ ഉണ്ടായിട്ടില്ല. എന്നിട്ടും എങ്ങനെ 99 പേർ മരിച്ചുവെന്നതാണ് ചർച്ചയ്ക്ക് വിഷയമാകുന്നത്. ഇതിന് പിന്നിൽ സർക്കാരിന്റെ ഒളിച്ചുകളിയുണ്ടെന്നാണ് ഉയരുന്ന ആരോപണം. ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം എത്താതുകൊണ്ട് നിരവധി പേർ മരിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പല മൃതദേഹങ്ങളും ഒഴുകി നടന്ന സ്ഥിതിയിൽ കണ്ടെത്തുകയും ചെയ്തു. എന്നാൽ അന്നൊന്നും ഈ മരണങ്ങൾ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചില്ല. മരണം ഉയർത്തിക്കാട്ടിയാൽ സർക്കാർ സംവിധാനങ്ങൾ താളം തെറ്റിയെന്ന വിമർശനം ഉയരുമായിരുന്നു. പാണ്ടനാടും മറ്റും കെടുതിയിൽ മരിച്ചവരുടെ കണക്കുകൾ സർക്കാർ ആ ഘട്ടത്തിൽ രഹസ്യമാക്കി വച്ചുവെന്ന സംശയം ബലപ്പെടുത്തുന്നാണ് ഇപ്പോൾ മരണക്കണക്കിലൂണ്ടായ ഉയർച്ച. പാണ്ടനാട് നൂറുകണക്കിനാളുകൾ മരിക്കുമെന്ന് സ്ഥലം എംഎൽഎ കൂടിയായ സിപിഎം നേതാവ് സജി ചെറിയാനും പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആശങ്കകൾ ശരിയാണെന്ന് സ്ഥിരീകരിക്കും വിധമാണ് ഇപ്പോൾ മരണക്കണക്ക് കൂടുന്നത്.

പാണ്ടനാട് 22 ഓളം മരണങ്ങൾ ഉണ്ടായതായി മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സർക്കാർ സ്ഥിരീകരിക്കാൻ ഒരു ഘട്ടത്തിലും തയ്യാറായില്ല. എല്ലാവരേയും രക്ഷിച്ചുവെന്നായിരുന്നു അന്ന് നടത്തിയ വെളിപ്പെടുത്തലുകൾ. ഇതിൽ സംശയം ഉയർത്തുന്നതാണ് ഇന്നലെ പുറത്തു വിട്ട 322 എന്ന കണക്ക്. മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സഹായം കിട്ടാൻ വ്യക്തമായ കണക്ക് വേണം. ഈ സാഹചര്യത്തിലാണ് പതിയെ മരിച്ചവരുടെ കാര്യത്തിൽ യഥാർത്ഥ കണക്കുകൾ സർക്കാർ ചർച്ചയാക്കുന്നത്. പ്രളയ ദുരിതത്തിൽ സർക്കാരിനെതിരെ വിമർശനങ്ങൾ ഉയരാതിരിക്കാനുള്ള കരുതൽ ദുരിതാശ്വാസ സമയത്ത് എടുക്കുകയും ചെയ്തു. ഉരുൾ പൊട്ടലിലും മറ്റ് ദുരന്തത്തിലും മരിച്ചവരുടെ കണക്കുകൾ മഴയുള്ളപ്പോൾ സർക്കാർ കൃത്യമായി തന്നെ പ്രഖ്യാപിച്ചു. എന്നാൽ വെള്ളപ്പൊക്കത്തിൽ സഹായം കിട്ടാതെ മരിച്ചവരുടെ എണ്ണം അക്കൂട്ടത്തിൽ പെടുത്തിയില്ല. അതുകൊണ്ടാണ് ഓഗസ്റ്റ് 20ന് മരണം 223ഉം ഓഗസ്റ്റ് 27ന് മരണം 322ഉം ആകുന്നത്. വരും ദിനങ്ങളിൽ കണക്കിൽ ഇനിയും മാറ്റമുണ്ടാകുമെന്നാണ് സൂചന.

കിണറുകൾ മലിനമായ സ്ഥലങ്ങളിലും കുടിവെള്ളം വിതരണം മുടങ്ങിയ സ്ഥലങ്ങളിലും വാട്ടർ അഥോറിറ്റി വെള്ളം വിതരണം ചെയ്യുന്നുണ്ട്. കുട്ടനാട്, ചെങ്ങന്നൂർ മേഖലകളിൽ വാട്ടർ കിയോസ്‌കുകൾ സ്ഥാപിക്കുന്നു. ഇതിനുപുറമെ വീടുകളിലും വെള്ളം വിതരണം ചെയ്യുന്നുണ്ട്. വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കുന്ന പ്രവൃത്തി വേഗത്തിൽ നടക്കുന്നു. ഇനി 56,000 ഉപഭോക്താക്കൾക്ക് മാത്രമാണ് കണക്ഷൻ പുനഃസ്ഥാപിക്കാനുള്ളത്. മൃഗങ്ങളുടെ ശവശരീരങ്ങൾ മറവ് ചെയ്യുന്നത് മിക്കവാറും പൂർത്തിയായി. ഇതിനകം നാലു ലക്ഷത്തോളം പക്ഷികളുടെയും 18,532 ചെറിയ മൃഗങ്ങളുടെയും 3,766 വലിയ മൃഗങ്ങളുടെയും ശവങ്ങൾ സംസ്‌കരിച്ചുവെന്നും കഴിഞ്ഞ ദിവസത്തെ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. അവലോകന യോഗത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ്, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, നിയമസെക്രട്ടറി ഹരീന്ദ്രനാഥ്, ഫയർഫോഴ്സ് മേധാവി എ ഹേമചന്ദ്രൻ, ഡോ. ബീന, ഡോ. വി. വേണു, കെ.എസ്.ഇ.ബി. ചെയർമാൻ എൻ.എസ്. പിള്ള, ഡോ. ഇളങ്കോവൻ, നളിനി നെറ്റോ, വി എസ്. സെന്തിൽ, എം. ശിവശങ്കർ, എ.ഡി.ജി.പി വിനോദ്കുമാർ തുടങ്ങിയവരാണ് ഈ യോഗത്തിൽ പങ്കെടുക്കുന്നത്.

പ്രളയത്തിൽ ചെങ്ങന്നൂർ, തിരുവല്ല, ആറന്മുള മേഖലകളിൽ സ്ഥിതി അതീവഗുരുതരമായിരുന്നു. വെൺമണി, ആല, ചെറിയനാട്, പുല്ലൂർ പഞ്ചായത്തുകളിലും വെള്ളം കയറിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. മംഗലം,പുത്തൻകാവ്, ആറാട്ടുപുഴ, മാന്നാർ പ്രദേശങ്ങൾ ഏഴ് ദിവസത്തോളം ഒറ്റപ്പെട്ടു. ഇടനാട്, പാണ്ടനാട്, തിരുവൻവണ്ടൂർ,നാക്കട മേഖലകളിലെ പ്രതിസന്ധി രൂക്ഷമായിരുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ നരകിച്ചവരിൽ പലർക്കും ജീവൻ നഷ്ടമായി. ഇതെല്ലാം അന്ന് സർക്കാർ മറച്ചു വയ്ക്കുകയും ഇപ്പോൾ പുറത്തു വിടുകയും ചെയ്യുകയാണെന്നാണ് സൂചന. പ്രളയത്തിനു വഴിവയ്ക്കുകയും അതിനുശേഷം ദുരിതാശ്വാസത്തിൽ പരാജയപ്പെടുകയും ചെയ്തുവെന്ന് ആരോപിച്ചുകൊണ്ട് എൽഡിഎഫ് സർക്കാരിനെതിരെ ശക്തമായി തിരിയാൻ യുഡിഎഫ് നേതൃയോഗം തീരുമാനിച്ചിട്ടുണ്ട്. മഴ മൂലമുള്ള വെള്ളപ്പൊക്കം അതിപ്രളയമായി മാറ്റി കേരളത്തെ ദുരന്തത്തിലേക്കു തള്ളിവിടുകയായിരുന്നു എന്നാണ് പ്രതിപക്ഷ ആരോപണം.

ഒരു മാനേജ്മെന്റുമില്ലാതെ അണക്കെട്ടുകൾ കൂട്ടത്തോടെ തുറന്നുവിട്ടതാണു പ്രളയദുരന്തത്തിനു കാരണമെന്നു യോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തുന്നു. ഇക്കാര്യം ഹൈക്കോടതി ജഡ്ജി അന്വേഷിക്കണം. അണക്കെട്ടു തുറക്കുന്നതുമായി ബന്ധപ്പെട്ടു കേന്ദ്ര ജല കമ്മിഷന്റെ ഒരു നിർദ്ദേശവും പാലിച്ചില്ല. പല ഡാമും രാത്രിയിലാണു തുറന്നത്. ഇത്രയും വലിയ കെടുതി ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ ഓഫിസ് എന്നാണ് അനങ്ങിത്തുടങ്ങിയതെന്നാണ് ഉയർത്തുന്ന ചോദ്യം. ദിവസേനയുള്ള പത്രസമ്മേളനവും പ്രസ്താവനയുമല്ലാതെ ഒന്നും നടക്കുന്നില്ലെന്ന് പ്രതിപക്ഷം പറയുന്നു. ഇത്തരത്തിലെ വിമർശനങ്ങൾ മുൻകൂട്ടി കണ്ടാണ് മരണ സംഖ്യയിൽ സർക്കാർ ഒളിച്ചു കളി നടത്തുന്നതെന്നാണ് ഉയരുന്ന വിവാദം.

കലാവസ്ഥാ പ്രവചനത്തിൽ ഇപ്പോഴും സാധ്യതകൾ മാത്രം

മഴക്കെടുതിയിൽ സർക്കാരിനെ ചതിച്ചത് കാലാവസ്ഥാ പ്രവചനത്തിലെ സ്ഥിരതയില്ലായ്മയാണെന്നാണ് വിമർശനം. ഇതു മൂലം കൃത്യമായ മുന്നറിയിപ്പുകൾ നൽകാൻ സർക്കാരിന് കഴിയുന്നില്ല. ഇത് ഇപ്പോഴും തുടരുകയാണ്. മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന അറിയിപ്പുകൾ ഉപ്പോഴും എത്തുന്നു. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും കനത്ത മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ വരുന്ന മൂന്നുമണിക്കൂറിൽ ഇടിയോടുകൂടിയ മഴയുണ്ടാകുമെന്നാണു മുന്നറിയിപ്പ്. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗമുള്ള കാറ്റിനു സാധ്യതയുള്ളതിനാൽ കടൽ പ്രക്ഷുബ്ധമായിരിക്കും. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുത്. കാലാവസ്ഥാ കേന്ദ്രവും സമുദ്രഗവേഷണകേന്ദ്രവുമാണ് മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചത്. എന്നാൽ വ്യക്തമായ പ്രവചനം ഇപ്പോഴും കലാവസ്ഥാ പ്രവചന കേന്ദ്രത്തിന് നടത്താനാകുന്നില്ല.

ഈ പറയുന്ന ജില്ലകളിൽ തിരുവനന്തപുരം ഉൾപ്പെട്ടിരുന്നില്ല. എന്നാൽ ഈ പ്രവചനത്തിന് ശേഷം തിരുവനന്തപുരത്തും കാറ്റും കോളും മഴയും ദൃശ്യമായിരുന്നു. അങ്ങനെ കാലാവസ്ഥാ പ്രവചനം തെറ്റുന്നത് വീണ്ടും ആശങ്കകൾക്കും ചർച്ചകൾക്കും ഇട നൽകുകയാണ്.

കൃഷി നഷ്ടം 1345 കോടി

അരിക്കായി കേരളം ഇനി മറ്റു സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടി വരും. സംസ്ഥാനത്തിന് വർഷം 40 ലക്ഷം ടൺ അരി വേണം. തരിശുകിടന്ന 50,000 ഏക്കറിലേറെ സ്ഥലത്ത് ഇക്കുറി നെൽകൃഷിയിറക്കി. ഇതിൽ ആലപ്പുഴയിലെ റാണി കായൽ, പത്തനംതിട്ടയിലെ ആറന്മുള പാടശേഖരം, കോട്ടയത്തെ മെത്രാൻ കായൽ, പാലക്കാട്ടെ നെന്മാറ പാടശേഖരം എന്നിവിടങ്ങളിലെ നെൽകൃഷി നശിച്ചു. ഇതോടെ വലിയ കാർഷിക പ്രതിസന്ധിയിലേക്ക് കേരളം നീങ്ങുകയാണ്.

മഴക്കെടുതി മൂലം 56,439.19 ഹെക്ടറിൽ (1,35,454 ഏക്കർ) കൃഷിനാശം ഉണ്ടായെന്നാണ് കണക്ക്. 1345 കോടിയിലേറെ രൂപയുടെ നഷ്ടമാണു കൃഷിവകുപ്പ് കണക്കാക്കുന്നത്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണു കൂടുതൽ നഷ്ടം. കാർഷിക സ്വയം പര്യാപ്തതയ്ക്കുള്ള കേരളത്തിന്റെ നീക്കങ്ങൾക്കാണ് മഴ പ്രതിസന്ധിയുണ്ടാക്കുന്നത്.

ദുരിതബാധിതരായ കർഷകർ 3.09 ലക്ഷം. ഇവർക്കു മൊത്തം 233.84 കോടി രൂപ സഹായധനമായി നൽകും. ഏറ്റവും കൂടുതൽ പേർ കൃഷിനാശം നേരിട്ടത് ആലപ്പുഴ ജില്ലയിലാണ് 78,733. പത്തനംതിട്ട ജില്ലയിൽ 59,555 പേരും കോട്ടയം ജില്ലയിൽ 41,267 പേരുമുണ്ട്. മറ്റു പ്രധാന ജില്ലകൾ ഇവ: ഇടുക്കി 27,239, മലപ്പുറം 26,527, പാലക്കാട് 17,376. 25,370.59 െഹക്ടറിലെ നെൽകൃഷി പാടെ നശിച്ചു.

നഷ്ടം 380.55 കോടി. 34.25 കോടി രൂപ സഹായമായി നൽകണമെന്നു കൃഷിവകുപ്പു കണ്ടെത്തിയിട്ടുണ്ട്. 564.90 ഹെക്ടറിലെ ഞാറ്റടി നശിച്ചതു മൂലമുള്ള നഷ്ടം 8.47 കോടി. 3564.50 ഹെക്ടറിലെ പച്ചക്കറി കൃഷി നശിച്ചു.

1,093 ദുരിതാശ്വാസ ക്യാംപുകളിലായി ഇപ്പോൾ 3,42,699 പേർ

സംസ്ഥാനത്ത് 1,093 ദുരിതാശ്വാസ ക്യാംപുകളിലായി ഇപ്പോൾ 3,42,699 പേർ. ദുരിതാശ്വാസ ക്യാംപുകളിൽനിന്ന് ആളുകൾ വീടുകളിലേക്കു മടങ്ങിപ്പോവുകയാണെങ്കിലും കുറച്ചു ദിവസം കൂടി ക്യാംപുകൾ തുടരേണ്ടിവരുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കൂടിയ ഉന്നതതല യോഗം വിലയിരുത്തി. ഭക്ഷണം നൽകാൻ ആവശ്യമായ സാധനങ്ങൾ ക്യാംപുകളിൽ സ്റ്റോക്കുണ്ട്. വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിൽ പമ്പ് ഉപയോഗിച്ചു വെള്ളം ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു.

ആലപ്പുഴയിൽ 457 ക്യാംപുകളിലായി 1.5 ലക്ഷത്തോളം ആളുകളുണ്ട്. മിക്ക ക്യാംപുകളും ഇന്ന് അടയ്ക്കുമെന്ന് അധികൃതർ പറയുന്നു. പരമാവധി സ്‌കൂളുകൾ ഒഴിവാക്കാൻ തഹസിൽദാർമാർക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ 141 സ്‌കൂളുകളാണ് ക്യാംപായി പ്രവർത്തിക്കുന്നത്. എറണാകുളം ജില്ലയിൽ 230 സ്‌കൂളുകളാണു തുടക്കത്തിൽ ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിച്ചിരുന്നത്. ഇവയെല്ലാം ഘട്ടം ഘട്ടമായി പൂട്ടിക്കഴിഞ്ഞു. ശുചീകരണ ജോലികൾ 80 ശതമാനത്തോളമായെന്ന് അധികൃതർ പറയുന്നു. നാളെ ക്ലാസുകൾ ആരംഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP