Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വടക്കൻ കേരളത്തിൽ കനത്ത മഴ! കണ്ണൂർ കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്; മലപ്പുറമുൾപ്പടെയുള്ള ജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി ജില്ലാഭരണകൂടങ്ങൾ; ജലനിരപ്പുയർന്ന് ഇടുക്കിയും മുല്ലപ്പെരിയാറും; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണം; ഹൈറേഞ്ചുകൾ മണ്ണിടിച്ചിൽ ഭീഷണിയിൽ; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശം

വടക്കൻ കേരളത്തിൽ കനത്ത മഴ! കണ്ണൂർ കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്; മലപ്പുറമുൾപ്പടെയുള്ള ജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി ജില്ലാഭരണകൂടങ്ങൾ; ജലനിരപ്പുയർന്ന് ഇടുക്കിയും മുല്ലപ്പെരിയാറും; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണം; ഹൈറേഞ്ചുകൾ മണ്ണിടിച്ചിൽ ഭീഷണിയിൽ; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (സിബിഎസ്ഇ, ഐസിഎസ്ഇ സിലബസ് ഉൾപ്പെടെ) ഇന്ന് അവധിയായിരിക്കുമെന്ന് കലക്ടർമാർ അറിയിച്ചു. അങ്കണവാടികൾക്കും അവധി ബാധകമാണ്. എന്നാൽ സർവകലാശാല പരീക്ഷകൾക്കു മാറ്റമില്ല.സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്‌കൂളുകൾക്കും അംഗനവാടികൾക്കും ചൊവ്വാഴ്ചയിലെ അവധി ബാധകമാണ്. അതേസമയം, ചൊവ്വാഴ്ചയിലെ സർവകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും ജില്ലാ കളക്ടർമാർ അറിയിച്ചു.

കുട്ടനാട് താലൂക്കിലെ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്കു മാറ്റമില്ല. കാർത്തികപള്ളി താലൂക്കിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് അവധി ആയിരിക്കും. കോട്ടയം ജില്ലയിൽ അയർക്കുന്നം പുന്നത്തറ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ ഒഴികെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.

ജലനിരപ്പ്

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 3 അടി കൂടി ഉയർന്ന് 2311.38 അടിയിലെത്തി. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണിത്. ഇന്നലെ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 49.60 മില്ലീമീറ്റർ മഴ പെയ്തു. ഇപ്പോൾ സംഭരണശേഷിയുടെ 17.43 ശതമാനം വെള്ളം ഡാമിൽ ഉണ്ട്. ഇന്നലെ 26.837 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളം അണക്കെട്ടിൽ ഒഴുകിയെത്തി. കഴിഞ്ഞ വർഷം ഇതേ ദിവസം അണക്കെട്ടിലെ ജലനിരപ്പ് 2384.66 അടിയായിരുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 113.60 അടിയായി ഉയർന്നു. ഇന്നലെ മഴയുടെ ശക്തി കുറവായിരുന്നെങ്കിലും ഒരു ദിവസം കൊണ്ട് അണക്കെട്ടിൽ അരയടി വെള്ളം കൂടി. സെക്കൻഡിൽ 1272.98 ഘനയടി വെള്ളമാണ് ഇന്നലെ ഒഴുകിയെത്തിയത്. സെക്കൻഡിൽ 300 ഘനയടി വെള്ളം തമിഴ്‌നാട് ഇവിടെ നിന്നു കൊണ്ടുപോകുന്നുണ്ട്.

സംസ്ഥാനത്തെ അണക്കെട്ടുകളിൽ ഇപ്പോൾ 18 ശതമാനം വെള്ളം. ഒരാഴ്ച കൊണ്ട് ഉയർന്നത് 6 ശതമാനം വെള്ളം. ഈ മാസം ഇതുവരെ 461.008 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളം ഒഴുകിയെത്തി. 740.675 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം ഉണ്ട്. നേര്യമംഗലം, പെരിങ്ങൽകുത്ത്, ലോവർപെരിയാർ, കക്കാട് പദ്ധതികളിൽ 72 ശതമാനം വെള്ളം ഉണ്ട്. എന്നാൽ ഇടുക്കി, പമ്പ, ഷോളയാർ, കുണ്ടള മാട്ടുപ്പെട്ടി അണക്കെട്ടുകളിൽ ജലനിരപ്പ് കാര്യമായി ഉയരുന്നില്ല. ഈ അണക്കെട്ടുകളിൽ 17 ശതമാനം വെള്ളം മാത്രമാണ് ഉള്ളത്. മഴ കനത്തതോടെ വൈദ്യുതി ഉപയോഗവും കുറഞ്ഞു. ഇന്നലെ 55.90 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം.

മൂന്ന്‌പേർക്കൂടി മരിച്ചു

മഴക്കെടുതികളിൽ സംസ്ഥാനത്തു 3 പേർ കൂടി മരിച്ചു. ഒരാളെ കാണാതായി. കോഴിക്കോട് ബാലുശ്ശേരിക്കു സമീപം കാക്കൂരിൽ വയലിലെ വെള്ളക്കെട്ടിൽ വീണ് രാമല്ലൂർ പുതുകുളങ്ങര കൃഷ്ണൻകുട്ടി (65) മരിച്ചു. ഞായറാഴ്ച രാത്രി വീട്ടിലേക്കു മടങ്ങവേ കാൽ വഴുതി വീഴുകയായിരുന്നു. മലപ്പുറത്ത് താനാളൂർ വെള്ളിയത്ത് മുസ്തഫയുടെ മകൻ ലബീബ് (20) പുഴയിൽ ഒഴുക്കിൽപെട്ടു മരിച്ചു. കണ്ണൂർ പയ്യന്നൂർ കുഞ്ഞിമംഗലം കിഴക്കാരിയിൽ ചന്ദേക്കാരൻ രവിയുടെ മകൻ റിദുൽ (22) കുളത്തിൽ വീണു മരിച്ചു.ഇരിട്ടിയിൽ ജീപ്പ് പുഴയിലേക്കു മറിഞ്ഞു കാണാതായ കോളിത്തട്ട് കാരിത്തടത്തിൽ ലിതീഷിനായി നാവികസേനയുടെ സഹായത്തോടെ തിരച്ചിൽ തുടരുന്നു. ജീപ്പ് കണ്ടെത്തി. ഇരിട്ടി മണിക്കടവ് മാട്ടറ ചപ്പാത്ത് പാലം കടക്കുമ്പോഴാണ് ജീപ്പ് ഒഴുക്കിൽപെട്ടത്.

വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണം കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് തുടരും. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 50 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതുനാൾ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ മലയോര പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP