Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

ഇടുക്കിയും മലപ്പുറവും വയനാടും റെഡ് അലർട്ടിന്റെ അതീവ ജാഗ്രതയിൽ; തിരുവനന്തപും മുതൽ കാസർഗോഡുവരെ എല്ലാ ജില്ലകളിലും നല്ല മഴ തുടരുന്നു; ബംഗാളിലെ രണ്ടാം ന്യൂനമർദ്ദം കേരളത്തെ ബാധിക്കില്ലെന്ന പ്രവചനം ആശ്വാസം; ഇടുക്കി അടക്കമുള്ള ഡാമുകളെ സസൂക്ഷം നിരീക്ഷിച്ച് കെ എസ് ഇ ബി; മുല്ലപ്പെരിയാറിലും ആശങ്ക; മീൻ പിടത്തത്തിനുള്ള നിരോധനവും തുടരും; മഴക്കെടുതിയിൽ ജാഗ്രത തുടർന്ന് സംസ്ഥാനം

ഇടുക്കിയും മലപ്പുറവും വയനാടും റെഡ് അലർട്ടിന്റെ അതീവ ജാഗ്രതയിൽ; തിരുവനന്തപും മുതൽ കാസർഗോഡുവരെ എല്ലാ ജില്ലകളിലും നല്ല മഴ തുടരുന്നു; ബംഗാളിലെ രണ്ടാം ന്യൂനമർദ്ദം കേരളത്തെ ബാധിക്കില്ലെന്ന പ്രവചനം ആശ്വാസം; ഇടുക്കി അടക്കമുള്ള ഡാമുകളെ സസൂക്ഷം നിരീക്ഷിച്ച് കെ എസ് ഇ ബി; മുല്ലപ്പെരിയാറിലും ആശങ്ക; മീൻ പിടത്തത്തിനുള്ള നിരോധനവും തുടരും; മഴക്കെടുതിയിൽ ജാഗ്രത തുടർന്ന് സംസ്ഥാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴയ്ക്കും (ഓറഞ്ച് അലർട്ട്) പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ശക്തമായ മഴയ്ക്കും (യെലോ അലർട്ട്) സാധ്യതയുണ്ട്. നാളെയോടെ മഴയുടെ ശക്തി കുറയുമെന്നാണു വിലയിരുത്തൽ.

ബംഗാൾ ഉൾക്കടലിൽ നാളെ പുതിയ ന്യൂനമർദം രൂപം കൊള്ളും. ഇത് കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണ് വിലിയിരുത്തൽ. മറിച്ച് സംഭവിച്ചാൽ ദുരിതങ്ങൾ തുടരും. 4 ദിവസമായി കനത്ത മഴ തുടരുന്നതിനാൽ മലയോര മേഖലയിൽ ജാഗ്രത തുടരണമെന്നു ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പു നൽകി. മലയോര മേഖലയിലേക്ക് രാത്രിയാത്രാ നിരോധനമുണ്ട്. 14 മുതൽ 20 വരെ സാധാരണതോതിലായിരിക്കും മഴ. ഓഗസ്റ്റ് അഞ്ചുവരെയുള്ള ആഴ്ചയിൽ കേരളത്തിലും മാഹിയിലും ശരാശരിയുടെ ഇരട്ടിയിലേറെ (101 ശതമാനം) മഴപെയ്തു. 12.9 സെന്റീമീറ്റർ മഴയാണ് പെയ്യേണ്ടിയിരുന്നത്. 25.9 സെന്റീമീറ്റർ പെയ്തു.

പമ്പ, അച്ചൻകോവിൽ, മീനച്ചിൽ, മണിമല, ഗായത്രി നദികൾ കരകവിഞ്ഞു. ഇടുക്കിയിലെ പൊന്മുടി, കുണ്ടള, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കല്ലാർ, പത്തനംതിട്ടയിലെ മൂഴിയാർ, പമ്പ, തൃശൂരിലെ പെരിങ്ങൽക്കുത്ത്, കോഴിക്കോട് കക്കയം ഡാമുകളും നിറഞ്ഞു. മഴക്കെടുതിയിൽ 6 മരണങ്ങൾ കൂടി സംഭവിച്ചു. ആലപ്പുഴ ജില്ലയിൽ ഒരു കുഞ്ഞുൾപ്പെടെ 2 പേർ മുങ്ങി മരിച്ചു. ഒരു സ്ത്രീയെ കാണാതായി. ചേന്നം പള്ളിപ്പുറത്തു വാടകയ്ക്കു താമസിക്കുന്ന ആര്യാട് വടക്ക് കൊച്ചുവെളി ലിജോയുടെയും മിന്നിയുടെയും മകൻ നേതൽ (3) വീടിനടുത്തുള്ള തോട്ടിൽ വീണു മരിച്ചു.

മാവേലിക്കര ചെട്ടിളങ്ങര കരിപ്പുഴ പാലമൂട്ടിൽ അനന്തൻ (60) പുഞ്ചയിലെ വെള്ളക്കെട്ടിൽ വീണു മരിച്ചു. കുട്ടനാട് രാമങ്കരി സെറ്റിൽമെന്റ് കോളനി 140ൽ സരസ്വതി (70) യെ കാണാതായി.
കാസർകോട് സീതാംഗോളി വൈദ്യുതി സെക്ഷൻ ഓഫിസിലെ ലൈന്മാൻ ഉദയഗിരിയിലെ എൻ.ബി.പ്രദീപ് (38) ജോലിക്കിടെ ഷോക്കേറ്റു മരിച്ചു. കാസർകോട്ടു കാണാതായ കൊന്നക്കാട് പരേതനായ കെ. അന്തുമായിയുടെ ഭാര്യ കബിലത്തിന്റെ (85) മൃതദേഹം പുഴയിൽ കണ്ടെത്തി. കണ്ണൂർ ചപ്പാരപ്പടവിൽ കാണാതായ പൂവത്ത് ക്ലാസിക് ടെയ്ലേഴ്‌സ് ഉടമ തേറണ്ടി കൊള്ളിയൻ വളപ്പിൽ ബാബു(52)വിന്റെ മൃതദേഹം മാട്ടൂൽ ബോട്ട് ജെട്ടിക്ക് സമീപം പുഴയിൽ കണ്ടെത്തി. ശബരിമല പാതയിൽ പലയിടത്തും യാത്രയ്ക്കു തടസ്സമായി മണ്ണും കല്ലും ഇടിഞ്ഞുവീണു.

അതിനിടെ സംസ്ഥാനത്തു മത്സ്യബന്ധനം പുനരാരംഭിക്കുന്നതു പ്രതികൂല കാലാവസ്ഥയെ തുടർന്നു വീണ്ടും നീട്ടി. ഇന്നലെ വരെയായിരുന്നു നിരോധനം. കാലാവസ്ഥ മോശമായതിനാൽ ഇത് ഇന്നു കൂടി തുടരുമെന്നാണു ഫിഷറീസ് വകുപ്പ് ആദ്യം അറിയിച്ചത്. എന്നാൽ 12 വരെ കടലിൽ ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്നാണ് ഒടുവിലത്തെ കാലാവസ്ഥാ മുന്നറിയിപ്പ്. അപകടസാധ്യത നിലനിൽക്കെ മത്സ്യബന്ധനം പുനരാരംഭിക്കാൻ അനുമതി നൽകാനാവില്ലെന്നു ഫിഷറീസ് വകുപ്പ് വ്യക്തമാക്കി.

അതിനിടെ നലുദിവസമായി ശക്തമായ മഴ ലഭിക്കുന്ന വയനാട്, ഇടുക്കി ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലും ദുരന്ത സാദ്ധ്യത മേഖലകളിൽ ഉള്ളവരെ ഉടനെ തന്നെ മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റാനുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. അടുത്ത ബുധനാഴ്ച വരെ മഴ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഉരുൾപൊട്ടലുണ്ടായ മൂന്നാർ പെട്ടിമുടിയിൽ കനത്ത മഴ തുടർന്നു. കഴിഞ്ഞ ഏഴിന് മൂന്നാറിൽ 22.9 സെന്റീമീറ്ററും പീരുമേട്ടിൽ 28.7 സെന്റീമീറ്ററും അതിതീവ്രമഴയാണ് പെയ്തത്.

കെ എസ് ഇ ബിയിൽ കൺട്രോൾ റൂം

കെഎസ്ഇബി ഡാമുകളിലെ ജലവിതാനം നിരീക്ഷിക്കാൻ ഡാം സുരക്ഷാ എൻജിനിയർമാരുടെ കൺട്രോൾ റൂം തുറന്നു. തിരുവനന്തപുരത്തെ വൈദ്യുതിഭവനിലും കോട്ടയം പള്ളത്തുള്ള ഡാം സേഫ്റ്റി ഓഫീസിലുമാണ് കൺട്രോൾ റൂമുകൾ. 24 മണിക്കൂറും പ്രവർത്തിക്കും. ഡാമുകളിൽ സാറ്റലൈറ്റ് ഫോണുകൾ ഉൾപ്പെടെയുള്ള സമാന്തര വാർത്താ വിനിമയ സംവിധാനവും ഒരുക്കി. അണക്കെട്ടുകളിലെ ജലസംഭരണത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും കെഎസ്ഇബി അറിയിച്ചു. 18 അണക്കെട്ടുകളിലുമായി 1898.6 എംസിഎം ജലമേ നിലവിൽ ഒഴുകി എത്തിയിട്ടുള്ളൂ. ആകെ സംഭരണ ശേഷി 3532.5 എംസിഎമ്മാണ്.

ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ സംഭരണ ശേഷിയുടെ 54.12 ശതമാനമാണ് നിലവിലുള്ള വെള്ളത്തിന്റെ അളവ്. ഇടമലയാറിൽ 47.87, കക്കി--52.87, ബാണാസുരസാഗർ--65.98, ഷോളയാറിൽ 64.17 ശതമാനം ജലമേ നിലവിലുള്ളൂ. കെഎസ്ഇബിയുടെ ആകെ സംഭരണ ശേഷിയുടെ 88 ശതമാനവും ഈ ഡാമുകളിലാണ്. ചെറിയ ഡാമുകളായ പൊരിങ്ങൽകുത്ത്, പൊന്മുടി, കക്കയം, തീരെ ചെറിയ ഡാമുകളായ കല്ലാർകുട്ടി, ലോവർ പെരിയാർ, കല്ലാർ, ഇരട്ടയാർ എന്നിവയിൽനിന്നും ജലം പുറത്തേക്ക് ഒഴുക്കി വിടുന്നുണ്ട്. ഡാമിലെ ജലവിതാന വിവരങ്ങൾ കെഎസ്ഇബി വെബ്സൈറ്റിൽ ഉൾപ്പെടെയുണ്ട്.

ദുരന്തനിവാരണ അഥോറിറ്റി, കലക്ടർ വഴിയും അപായ സൂചന യഥാസമയം ലഭ്യമാക്കുന്നു. വെള്ളം ഉയരുമ്പോൾ പച്ച, ചെറിയ തോതിലുള്ള അപായ സൂചനയ്ക്ക് ഓറഞ്ച്, തുറക്കുന്നതിന് മുമ്പ് റെഡ് അലർടും പുറപ്പെടുവിക്കും.

മല്ലപ്പെരിയാറിലും ആശങ്ക

അതിനിടെ മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടി എത്തിയാൽ വെള്ളം ഒഴുക്കിവിടണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത തമിഴ്‌നാടിന് കത്തയച്ചു. ജലം ടണൽവഴി വൈഗ ഡാമിലേക്ക് കൊണ്ടുവന്ന് പതിയെ പുറത്തേക്ക് ഒഴുക്കിവിടാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറി കെ ഷൺമുഖന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഷട്ടറുകൾ തുറക്കുന്നതിന് ചുരുങ്ങിയത് 24 മണിക്കൂർമുമ്പ് കേരള സർക്കാരിനെ അറിയിക്കണം.

കനത്ത മഴയിൽ മുല്ലപ്പെരിയാർ റിസർവോയറിന്റെ ക്യാച്മെന്റ് ഏരിയയിൽ ജലനിരപ്പ് വളരെവേഗം ഉയരുകയാണ്. ഈ മാസം മൂന്നിന് 116.20 അടിയായിരുന്നത് ഏഴിന് പകൽ രണ്ടിന് 131.25 അടിയായി. വരുന്ന രണ്ടു ദിവസം ജില്ലയിൽ റെഡ് അലർട്ടാണ്. നിലവിൽ റിസർവോയറിലേക്ക് വരുന്ന വെള്ളത്തിന്റെ അളവ് 13,257 ക്യൂസെക്‌സും ടണൽവഴി പുറന്തള്ളുന്നത് 1650 ക്യൂസെക്‌സും ആണ്. 24 മണിക്കൂറിനുള്ളിൽ മുല്ലപ്പെരിയാർ ഡാമിലും തേക്കടിയിലും പെയ്തത് യഥാക്രമം 198.4, 157.2 മില്ലീ മീറ്റർ മഴയാണ്. ഈ സമയത്ത് ജലനിരപ്പ് ഏഴടി ഉയർന്നു.

കട്ടപ്പന എംഐ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ നൽകിയ വിവരപ്രകാരം തമിഴ്‌നാടിന്റെ ഭാഗമായ പെരിയാർ ഡാമിന്റെ സർപ്ലസ് ഷട്ടറുകൾ 1,22,000 ക്യൂസെക്‌സ് ജലം പുറന്തള്ളാൻ പര്യാപ്തമാണ്. ജലം പടിപടിയായി പുറത്തുവിടാൻ അടിയന്തര നടപടി വേണം. ചാലക്കുടി ബേസിനിൽ വെള്ളത്തിന്റെ അളവ് കൂടിയതിനാൽ പെരിങ്ങൽക്കുത്ത് റിസർവോയറിലെ ഷട്ടറുകൾ തുറന്നതായും അറിയുന്നു.

അതിനാൽ, പിഎപി സിസ്റ്റത്തിലെ അണക്കെട്ടുകൾ തുറക്കുന്ന സന്ദർഭത്തിൽ കേരളത്തിലെ എൻജിനിയർമാരുമായി ബന്ധപ്പെടണം. വെള്ളപ്പൊക്കത്തിന്റെ തീവ്രതയും ജലത്തിന്റെ ഒഴുക്കും ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറുകയും ചർച്ച ചെയ്യണമെന്നും കത്തിൽ അഭ്യർത്ഥിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP