Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

വൈദ്യുതി ഉൽപാദനത്തെക്കാൾ മുൻഗണന ഡാം സുരക്ഷയ്ക്ക്; ഇടുക്കി ഡാമിലെ ജലനിരപ്പ് ജൂൺ 10നു പൂർണ റിസർവോയർ നിരപ്പിനെക്കാൾ 30 അടി താഴ്‌ത്തി നിർത്തണമെന്നു കേന്ദ്ര ജല കമ്മിഷൻ; ഇടമലയാർ, കക്കി, ബാണാസുരസാഗർ എന്നിവിടങ്ങളിലെ ജലനിരപ്പിലും നിയന്ത്രണം; ഇടപെടലുമായി ഹൈക്കോടതിയും; മഴ ശക്തിയാകുമ്പോൾ കൊച്ചിയെ മുക്കികൊല്ലാതിരിക്കാൻ എടുക്കുന്നത് അതീവ ജാഗ്രത; ഭയക്കേണ്ടതില്ലെന്ന് സർക്കാരും; ഇരട്ട ന്യൂനമർദ്ദം ഭീഷണിയാകുമ്പോൾ

വൈദ്യുതി ഉൽപാദനത്തെക്കാൾ മുൻഗണന ഡാം സുരക്ഷയ്ക്ക്; ഇടുക്കി ഡാമിലെ ജലനിരപ്പ് ജൂൺ 10നു പൂർണ റിസർവോയർ നിരപ്പിനെക്കാൾ 30 അടി താഴ്‌ത്തി നിർത്തണമെന്നു കേന്ദ്ര ജല കമ്മിഷൻ; ഇടമലയാർ, കക്കി, ബാണാസുരസാഗർ എന്നിവിടങ്ങളിലെ ജലനിരപ്പിലും നിയന്ത്രണം; ഇടപെടലുമായി ഹൈക്കോടതിയും; മഴ ശക്തിയാകുമ്പോൾ കൊച്ചിയെ മുക്കികൊല്ലാതിരിക്കാൻ എടുക്കുന്നത് അതീവ ജാഗ്രത; ഭയക്കേണ്ടതില്ലെന്ന് സർക്കാരും; ഇരട്ട ന്യൂനമർദ്ദം ഭീഷണിയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊച്ചിയെ മുക്കി കൊല്ലാതിരിക്കാൻ മുൻകരുതലുകളുമായി കേന്ദ്ര ജലകമ്മീഷനൊപ്പം ഹൈക്കോടതിയും. ഇടുക്കി ഡാമിലെ ജലനിരപ്പ് ജൂൺ 10നു പൂർണ റിസർവോയർ നിരപ്പിനെക്കാൾ 30 അടി താഴ്‌ത്തി നിർത്തണമെന്നു കേന്ദ്ര ജല കമ്മിഷൻ രേഖാമൂലം നിർദ്ദേശിച്ചു. ഇടമലയാർ, കക്കി, ബാണാസുരസാഗർ എന്നിവിടങ്ങളിലെ ജലനിരപ്പിലും നിയന്ത്രണം ഏർപ്പെടുത്തി. ഇതോടെ ഡാമുകളിൽ ജയം ഉയർന്നാൽ ഉടൻ തന്നെ ചെറിയ അളവിൽ അണക്കെട്ട് തുറക്കും. ഇതിലൂടെ പ്രളയ സാധ്യത കുറയ്ക്കാനാണ് ഇടപെടൽ.

സംസ്ഥാനത്തെ ഡാമുകളിലെ ജലവിതാനം നിയന്ത്രിക്കുന്നതു സംബന്ധിച്ചു ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശപ്രകാരമാണു പൊതുതാൽപര്യ ഹർജി നടപടി. സർക്കാരും കെഎസ്ഇബിയും വിശദീകരണം നൽകണമെന്നു ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ഡാമുകളിൽ ഉയർന്ന ജലനിരപ്പുണ്ടെന്ന മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണു ജഡ്ജിയുടെ കത്ത്. ഇതോടെ വിഷയം ഹൈക്കോടതിയുടേയും സജീവ ഇടപെടലിന് വിധേയമാകുകയാണ്.

ജലകമ്മീഷൻ നിർദ്ദേശം അനുസരിച്ച് ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ പെയ്താൽ വെള്ളം തുറന്നുവിടുകയോ വൈദ്യുതി ഉൽപാദനം വർധിപ്പിച്ചു ജലനിരപ്പു താഴ്‌ത്തുകയോ ചെയ്യേണ്ടി വരും. എന്നാൽ തുടർന്നുള്ള മാസങ്ങളിൽ മഴ ദുർബലമായാൽ ഡാമുകളിൽ വെള്ളമില്ലാത്ത അവസ്ഥ വരികയും വൈദ്യുതിക്ഷാമം ഉണ്ടാകുകയും ചെയ്യും. ഇത് വൈദ്യുത ബോർഡിനെ അലട്ടുന്നുണ്ട്. മഴ പെയ്യുമ്പോൾ ഡാമിന്റെ സംഭരണ ശേഷിയുടെ പരമാവധി സംഭരിക്കുന്ന രീതിയാണ് മുമ്പുണ്ടായിരുന്നത്. എന്നാൽ രണ്ട് വർഷം മുമ്പുണ്ടായ പ്രളയത്തിന് കാരണം ഇടുക്കി ഡാം തുറന്നു വിട്ടതാണെന്ന വാദങ്ങൾ ഉയർന്നു. ഈ സാഹചര്യത്തിലാണ് ജലകമ്മീഷന്റെ അസാധാരണ ഇടപെടൽ.

വൈദ്യുതി ഉൽപാദനത്തെക്കാൾ ഡാം സുരക്ഷയ്ക്കാണു മുൻഗണന എന്നതിനാലാണ് ഈ നിലപാട് ജല കമ്മിഷൻ സ്വീകരിച്ചത്. 20 കോടി ഘന മീറ്ററിലേറെ വെള്ളം സംഭരിക്കാവുന്ന ഡാമുകൾക്കാണു കമ്മിഷൻ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇവയെക്കാൾ ചെറിയ ഡാമുകളാണെങ്കിലും ഷോളയാർ, പെരിങ്ങൽക്കുത്ത്, മാട്ടുപ്പെട്ടി, പൊന്മുടി, കക്കയം, പമ്പ എന്നിവയ്ക്കു കെഎസ്ഇബി അടിയന്തര കർമപദ്ധതി തയാറാക്കി. വെള്ളപ്പൊക്കം ഉണ്ടായാൽ ഇതനുസരിച്ചാകും നടപടി.

ഇടുക്കിയിൽ ജൂൺ 10ന് 2373 അടി വെള്ളമാണു നിശ്ചയിച്ചിരിക്കുന്നത്. 2400 അടി വരെ ജലനിരപ്പ് ഉയരുമ്പോഴാണു ഡാം തുറക്കുന്നതിനെക്കുറിച്ചു മുൻപ് കെഎസ്ഇബി ആലോചിച്ചിരുന്നത്. ഇതാണ് ജലകമ്മീഷൻ ഇടപെടലോടെ മാറി മറിഞ്ഞത്. ഇതിനൊപ്പമാണ് ഹൈക്കോടതി ഇടപെടൽ. എന്നാൽ, വിഷയം അവലോകനം ചെയ്യാൻ ഉന്നത സമിതി യോഗം ചേർന്നുവെന്നും ആശങ്കയ്ക്കിടയില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അടിയന്തര കർമപദ്ധതി നടപ്പാക്കി വരികയാണ്. ഡാം ജലനിരപ്പു നിയന്ത്രിക്കാത്തതു മുൻവർഷങ്ങളിലെ വെള്ളപ്പൊക്കത്തിന്റെ കാരണങ്ങളിലൊന്നായി കണ്ടെത്തിയിട്ടില്ലെന്നും സർക്കാർ വിശദീകരിച്ചു.

കേസിൽ എതിർകക്ഷി ചേർത്തിരുന്ന ചീഫ് സെക്രട്ടറി, കെഎസ്ഇബി, ഡാം സുരക്ഷാ അഥോറിറ്റി എന്നിവർക്കു പുറമേ ദുരന്ത കൈകാര്യ അഥോറിറ്റിയെയും ഊർജ, ജലവിഭവ സെക്രട്ടറിമാരെയും കോടതി കക്ഷിചേർത്തു. ജൂൺ 5നു കേസ് വീണ്ടും പരിഗണിക്കും. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും കനത്തമഴ ഒരാഴ്ച കൂടി തുടരും. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ വരുന്ന മണിക്കൂറുകളിലും ശക്തമായ മഴകിട്ടുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം , കോഴിക്കോട് ജില്ലകളിലും കനത്തമഴക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. അറേബ്യൻസമുദ്രത്തിൽ ഇരട്ട ന്യൂനമർദ്ദം രൂപമെടുക്കാനിടയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഇന്ന് രാത്രിമുതൽ കടലിൽപോകരുതെന്ന് ദുരന്നിവാരണ അഥോറിറ്റി അറിയിച്ചു.

ജൂൺനാല് വരെ ഈ ജാഗ്രത തുടരണം. ആഴക്കടൽമത്സ്യബന്ധനത്തിനും പോകരുത്. കടലാക്രമണം രൂക്ഷമാകാനിടയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ശ്രദ്ധിക്കണം. കാലവർഷം ജൂൺ ഒന്നിന് തന്നെ കേരളത്തിലെത്തുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൺസൂൺ ഇപ്പോൾ കന്യാകുമാരി, മാലിദ്വീപ് കടലിലേ ക്ക് എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇടുക്കി ഡാമിലേക്കും കൂടുതൽ വെള്ളം ഒഴുകിയെത്തുമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP