Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

തെക്കു പടിഞ്ഞാറൻ കാലവർഷം കരയിലേക്ക് ആദ്യം കടക്കുക കേരളത്തിൽ; അന്തമാൻ കടലിൽ മെയ്‌ 22-ന് കാലവർഷം എത്തും; അംഫാൻ ചുഴലിക്കാറ്റും കാലവർഷത്തിന്റെ കടന്നുവരവിന് അനുയോജ്യം; മഴ തിമിർത്തു പെയ്താൽ ഇടുക്കിയും ഇടമലയാറും ബാണാസുര സാഗറും തുറക്കേണ്ടി വരുമെന്ന് കെ എസ് ഇ ബി; പേമാരിയെ നേരിടാൻ കേരളം ഒരുങ്ങുമ്പോൾ; വേനൽ മഴയ്ക്ക് പിന്നാലെ ഇടവപ്പാതിയും എത്തുമ്പോൾ

തെക്കു പടിഞ്ഞാറൻ കാലവർഷം കരയിലേക്ക് ആദ്യം കടക്കുക കേരളത്തിൽ; അന്തമാൻ കടലിൽ മെയ്‌ 22-ന് കാലവർഷം എത്തും; അംഫാൻ ചുഴലിക്കാറ്റും കാലവർഷത്തിന്റെ കടന്നുവരവിന് അനുയോജ്യം; മഴ തിമിർത്തു പെയ്താൽ ഇടുക്കിയും ഇടമലയാറും ബാണാസുര സാഗറും തുറക്കേണ്ടി വരുമെന്ന് കെ എസ് ഇ ബി; പേമാരിയെ നേരിടാൻ കേരളം ഒരുങ്ങുമ്പോൾ; വേനൽ മഴയ്ക്ക് പിന്നാലെ ഇടവപ്പാതിയും എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ കാലവർഷം ജൂൺ അഞ്ചിന് എത്തുമെന്ന് കാലാവസ്ഥാനിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നൽകുമ്പോൾ ഒരുക്കങ്ങളുമായി വൈദ്യുത ബോർഡും. നാലുദിവസം നേരത്തേയാകാനോ വൈകാനോ സാധ്യതയുണ്ട്. ജൂൺ ഒന്നിനാണ് തെക്കുപടിഞ്ഞാറൻ കാലവർഷം സാധാരണ തുടങ്ങാറ്. കാലവർഷം സാധാരണ തോതിൽ ഒതുങ്ങിയാൽ വലിയ അണക്കെട്ടുകൾ തുറക്കേണ്ടി വരില്ല. എന്നാൽ അതിവർഷം പെയ്താൽ ഇടുക്കി, ശബരിഗിരി, ഇടമലയാർ, ബാണാസുരസാഗർ അണക്കെട്ടുകൾ തുറക്കേണ്ടി വരും. ഈ വർഷം കാലവർഷം കനക്കുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ കെ എസ് ഇ ബി മുന്നൊരുക്കത്തിലാണ്.

അണക്കെട്ടുകൾ തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട നടപടികൾ കെഎസ്ഇബി തയാറാക്കി. ഡാം സുരക്ഷാ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് ഓരോ മേഖലയ്ക്കും ദുരന്ത നിവാരണ പദ്ധതി തയാറാക്കി. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ സ്വീകരിക്കേണ്ട മുൻകരുതൽ സംബന്ധിച്ചു ലഘുലേഖ വിതരണം ചെയ്യും. പ്രധാന അണക്കെട്ടുകളിലെ ഷട്ടറുകൾ പരിശോധിച്ചു തുടങ്ങി. വൈദ്യുതി മുടങ്ങിയാലും ഷട്ടറുകൾ പ്രവർത്തിപ്പിക്കാൻ ജനറേറ്ററുകൾ അടക്കം സജ്ജമാക്കി. മുൻ വർഷങ്ങളിൽ ആശയവിനിമയം തകരാറിലായതു കണക്കിലെടുത്ത് അണക്കെട്ടുകളുടെ ഓഫിസിൽ സാറ്റലൈറ്റ് ഫോൺ സജ്ജമാക്കി. മഴക്കാലത്തിനു മുൻപു പ്രധാന അണക്കെട്ടുകളിൽ ട്രയൽ നടത്തും.

Stories you may Like

സംസ്ഥാനത്തിനു പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതിയിൽ കുറവു വരുത്തിയിട്ടുമുണ്ട്. പുറംവൈദ്യുതി കുറച്ച്, ജലവൈദ്യുത പദ്ധതികൾ പരമാവധി പ്രവർത്തിപ്പിച്ച് അണക്കെട്ടുകളിലെ ജലനിരപ്പു കുറച്ചു കൊണ്ടു വരുന്നതിനാണിത്. ഇങ്ങനെ വേണ്ടെന്നു വയ്ക്കുമ്പോൾ ഫിക്‌സഡ് കോസ്റ്റായി നിശ്ചിത തുക സ്വകാര്യ ഉൽപാദകർക്കു നൽകേണ്ടി വരും. എങ്കിലും പ്രളയ സാധ്യത കുറയും. അണക്കെട്ടിൽ ജലം സംഭരിച്ച് നിർത്തുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. കഴിഞ്ഞ രണ്ട് വർഷവും കേരളം അതിന് സാക്ഷിയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കങ്ങൾ.

കഴിഞ്ഞവർഷം ജൂൺ ആറിന് എത്തുമെന്നായിരുന്നു പ്രവചനം. എന്നാൽ, എട്ടിനാണെത്തിയത്. ഇത്തവണ കാലവർഷം സാധാരണ തോതിലായിരിക്കുമെന്ന് നേരത്തേ കാലാവസ്ഥാവകുപ്പ് പ്രവചിച്ചിരുന്നു. ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) കരയിലേക്ക് ആദ്യം കടക്കുന്നത് കേരളത്തിലാണ്. അന്തമാൻ കടലിൽ മെയ്‌ 22-ന് കാലവർഷം എത്തണം. ഇപ്പോൾ അവിടെ ശക്തമായ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. ശനിയാഴ്ചയോടെ അത് അംഫാൻ ചുഴലിക്കാറ്റായി മാറും. ഈ മാറ്റം കാലവർഷത്തിന്റെ കടന്നുവരവിന് അനുയോജ്യമാണെന്നും കാലാവസ്ഥാവകുപ്പ് വിലയിരുത്തുന്നു. പുതിയ സ്ഥിതിവിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്ത് പലയിടത്തും കാലവർഷം വ്യാപിക്കുന്ന തീയതികൾ കാലാവസ്ഥാവകുപ്പ് നേരത്തേ പുതുക്കിയിരുന്നു.

എന്നാൽ കാലവർഷം നേരത്തേ എത്തുമെന്ന് സ്വകാര്യ ഏജൻസികൾ പ്രവചിക്കുന്നു. കാലവർഷം മെയ്‌ 28-ന് കേരളത്തിലെത്തുമെന്നാണ് സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ 'സ്‌കൈമെറ്റ്' വിലയിരുത്തുന്നത്. രണ്ടുദിവസം മുന്നോട്ടോ പിന്നോട്ടോ ആകാം. മറ്റൊരു ഏജൻസിയായ വെതർചാനലിന്റെ പ്രവചനം 31-ന് എത്തുമെന്നാണ്. ദീർഘകാല ശരാശരിയുടെ 105 ശതമാനംവരെ മഴ ലഭിക്കാമെന്നും വെതർചാനൽ വിലയിരുത്തുന്നു.

ആശങ്ക വേണ്ടെന്ന് കെ എസ് ഇ ബി

സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കക്ക് വകയില്ലെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ് പിള്ള. കാലവർഷവും അതിവർഷവും മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. ഇടുക്കിയിൽ ഇപ്പോൾ ഷട്ടർ തുറക്കാൻ വേണ്ട ജലനിരപ്പ് പോലും ഇല്ലെന്നും എൻ.എസ് പിള്ള മീഡിയവണിനോട് പറഞ്ഞു.

സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ആശങ്കപ്പെടുന്നതല്ലെന്ന് കെ.എസ്.ഇ.ബി ചെയർമാൻ പറഞ്ഞു. ഇടുക്കി ഡാമിൽ സാധാരണ നിലയിലെക്കാൾ 10 അടി കൂടിയിട്ടുണ്ട് എന്നാൽ ഷട്ടർ തുറന്നാൽ വെള്ളം ഒഴുകിപ്പോകാനുള്ള അളവു പോലും ആയിട്ടില്ല. കാലവർഷം കനക്കുന്ന സാഹചര്യമുണ്ടായാൽ ഷട്ടർ തുറക്കുന്നതിന് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും ചെയ്തിട്ടുണ്ട്.

കോവിഡ് കാലത്ത് വൈദ്യുതി ഉപഭോഗത്തിൽ ഉണ്ടായ കുറവാണ് ഇടുക്കിയിൽ ജലനിരപ്പ് ഉയർന്നു നിൽക്കാൻ കാരണമായതെന്നും മുൻകാലങ്ങളിലും ഈ രീതിയിൽ ജലനിരപ്പ് ഉണ്ടായിരുന്നിട്ടുണ്ടെന്നും കെ.എസ്.ഇ.ബി ചെയർമാൻ സൂചിപ്പിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP