Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇതുവരെ സ്ഥിരീകരിച്ചത് മൂന്ന് മരണം; പമ്പ, മീനച്ചൽ, മണിമലയാറുകൾ നിറഞ്ഞു കവിഞ്ഞ് തീരം വെള്ളത്തിനടിയിലായി; പെരിയാറിന്റെ തീരത്ത് വൻ മുൻകരുതലുകൾ; വ്യാപകമായ മണ്ണിടിച്ചിലിൽ അനേകം ഇടങ്ങളിൽ ഗതാഗതം മുടങ്ങി; വൻ കടൽക്ഷോഭത്തിൽ ഏഴു പേരെ കാണാതായി; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്; ദുരിതാശ്വാസ ക്യാമ്പിലേക്ക് ആളുകൾ നീങ്ങി തുടങ്ങി; രണ്ട് ദിവസമായി നിലയ്ക്കാതെ പെരുമഴ തുടരുന്നതോടെ കുടിവെള്ളം തേടി നടന്ന മലയാളികൾ പ്രളയം പേടിച്ച് ദൈവത്തെ വിളിക്കുന്നു

ഇതുവരെ സ്ഥിരീകരിച്ചത് മൂന്ന് മരണം; പമ്പ, മീനച്ചൽ, മണിമലയാറുകൾ നിറഞ്ഞു കവിഞ്ഞ് തീരം വെള്ളത്തിനടിയിലായി; പെരിയാറിന്റെ തീരത്ത് വൻ മുൻകരുതലുകൾ; വ്യാപകമായ മണ്ണിടിച്ചിലിൽ അനേകം ഇടങ്ങളിൽ ഗതാഗതം മുടങ്ങി; വൻ കടൽക്ഷോഭത്തിൽ ഏഴു പേരെ കാണാതായി; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്; ദുരിതാശ്വാസ ക്യാമ്പിലേക്ക് ആളുകൾ നീങ്ങി തുടങ്ങി; രണ്ട് ദിവസമായി നിലയ്ക്കാതെ പെരുമഴ തുടരുന്നതോടെ കുടിവെള്ളം തേടി നടന്ന മലയാളികൾ പ്രളയം പേടിച്ച് ദൈവത്തെ വിളിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളം വീണ്ടും പ്രളയ ഭീതിയിൽ. ചതിച്ച വേനൽ മഴയും ഇടവപ്പാതിയും കർക്കിടകത്തിൽ പെയ്തിറങ്ങുകയാണ്. വരൾച്ചയെ ഭയന്ന മലയാളികൾ ഇപ്പോൾ മുന്നിൽ കാണുന്നത് പ്രളയത്തെയാണ്. പുഴയുടെ തീരങ്ങളിൽ എല്ലാം ഭീതി അതിശക്തം. പെരിയാർ കരവിഞ്ഞൊഴുകുമെന്ന ആശങ്കയും ഉണ്ട്. അങ്ങനെ മാറിനിന്ന മഴ ഒടുവിൽ ശക്തമായപ്പോൾ സംസ്ഥാനത്ത് പലയിടത്തും നാശനഷ്ടം വിതയ്ക്കുകയാണ്. മഴക്കെടുതിയിൽ മൂന്നുപേർ മരിച്ചപ്പോൾ ഏഴ് പേരെ കാണാതായി. ശനിയാഴ്ച- കാസർകോട്, ഞായറാഴ്ച- കോഴിക്കോട്, വയനാട്, തിങ്കളാഴ്ച- ഇടുക്കി, കോഴിക്കോട്, വയനാട്. അതിതീവ്രമഴയാണ് ഈ ദിവസങ്ങളിൽ ഇവിടെ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ വടക്കൻ കേരളത്തിൽ കെടുതികൾ കൂടുമെന്നാണ് വിലയിരുത്തൽ.

23 വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനൽകി. കാറ്റും ശക്തമാവും. ചിലയിടങ്ങളിൽ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകരുത്. കണ്ണൂർ, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഓരോരുത്തർവീതം മരിച്ചത്. തലശ്ശേരിയിൽ വിദ്യാർത്ഥിയായ ചിറക്കര മോറക്കുന്ന് മോറാൽക്കാവിനു സമീപം സീനോത്ത് മനത്താനത്ത് ബദറുൽ അദ്നാൻ(17) കുളത്തിൽ മുങ്ങിമരിച്ചു. പത്തനംതിട്ടയിൽ മീൻ പിടിക്കാൻ പോയ തിരുവല്ല വള്ളംകുളം നന്നൂർ സ്വദേശി ടി.വി. കോശി(54) മണിമലയാറ്റിൽ വീണുമരിച്ചു. കൊല്ലത്ത് കാറ്റിൽ തെങ്ങുവീണ് പനയം ചോനംചിറ സ്വദേശി കുന്നിൽതൊടിയിൽ ദിലീപ്കുമാർ (54) മരിച്ചു. ശനിയാഴ്ച രാത്രി പതിനൊന്നരവരെ പൊഴിയൂർമുതൽ കാസർകോടുവരെയുള്ള കേരളതീരത്ത് 2.9 മുതൽ 3.3 മീറ്റർവരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന കേന്ദ്രം അറിയിച്ചു.

കോട്ടയം കിടങ്ങൂർ കാവാലിപ്പുഴ ഭാഗത്ത് മീനച്ചിലാറ്റിൽ ഒഴുകിവന്ന തടി പിടിക്കാനിറങ്ങിയ ഒരാളെ ഒഴുക്കിൽപ്പെട്ടു കാണാതായി. കൊല്ലം നീണ്ടകരയിൽ മീൻപിടിക്കാൻ പോയ വള്ളം കാറ്റിൽപ്പെട്ടുതകർന്ന് തമിഴ്‌നാട് സ്വദേശികളായ മൂന്നുപേരെ കാണാതായി. വിഴിഞ്ഞം തീരത്തുനിന്നു ബുധനാഴ്ച മീൻപിടിക്കാൻ പോയ നാലു മത്സ്യത്തൊഴിലാളികളെ വെള്ളിയാഴ്ചയും കണ്ടെത്താനായില്ല.

ഡാമുകളുടെ ഷട്ടർ ഉയർത്തി

മഴ കനത്തതോടെ കല്ലാർകുട്ടി, പാംബ്ല, ഭൂതത്താൻകെട്ട്, മലങ്കര അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി അണക്കെട്ടിന്റെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി. 10 ക്യുമെക്സ് വെള്ളമാണ് സെക്കൻഡിൽ പുറത്തേക്കൊഴുക്കുന്നത്. പാംബ്ല അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്ന് സെക്കൻഡിൽ 15 ക്യുമെക്സ് വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. ഭൂതത്താൻകെട്ട് ഡാമിന്റെ ഒന്പതുഷട്ടറുകൾ തുറന്നു. മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകൾ 30 സെന്റീമീറ്റർ ഉയർത്തി.

വലിയ അണക്കെട്ടുകളെ സംബന്ധിച്ച് ആശങ്ക വേണ്ടെന്നു വൈദ്യുതിബോർഡ് ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു. ഇവയിൽ ജലനിരപ്പ് കുറവാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വ്യാഴാഴ്ചത്തെക്കാൾ 0.78 അടി വർധിച്ച് 2304.4 അടിയിലെത്തി. കഴിഞ്ഞവർഷം 2380.42 അടിയായിരുന്നു. 76.02 അടി വെള്ളം കഴിഞ്ഞ വർഷത്തെക്കാൾ കുറവാണിപ്പോൾ.

കോട്ടയവും പത്തനംതിട്ടയും ഭീതിയിൽ

മഴ ശക്തമായതിനെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ ജാഗ്രതാനിർദ്ദേശം നൽകി. ഏഴു താലൂക്കുകളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. കോട്ടയം, ഇടുക്കി ജില്ലകളിൽ വ്യാഴാഴ്ച മുതൽ ശക്തമായ മഴയാണ്. കോട്ടയം ജില്ലയിലെ മീനച്ചിലാറും മണിമലയാറും കരകവിയുകയാണ്. മഴ ശക്തമായതോടെ ജില്ലയിലെ ഖനന പ്രവർത്തനങ്ങൾ കലക്ടർ നിർത്തിവച്ചു. മീനച്ചിലാറ്റിൽ വെള്ളം പൊങ്ങുന്നതിനാൽ പാലാ നഗരം വെള്ളപ്പൊക്ക ഭീഷണിയിലാണ്. വാഗമൺ തീക്കോയി റോഡിൽ മണ്ണിടിഞ്ഞു. ഇടുക്കിയിലും പലയിടത്തു മണ്ണിടിഞ്ഞു. പാംബ്ല അണക്കെട്ടിന്റെ ഒരു ഷട്ടർ ഉയർത്തി 15 ക്യുമെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.

ജലനിരപ്പ് ഉയർന്നാൽ മലങ്കര, കല്ലാർകുട്ടി ഡാമുകൾ ഇന്നുതന്നെ തുറന്നു വിടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പമ്പയിൽ ജലനിരപ്പുയർന്ന് മണൽപ്പുറത്തെ കടകളിൽ വെള്ളം കയറി. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിൽ നാളെയും അലർട്ട് തുടരും. കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ കൊച്ചി ചെല്ലാനം കമ്പനിപ്പടി ഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറി.

കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോര മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയിൽ കണ്ണൂർ നഗരത്തിലെ വിവിധ ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങി. നിരവധി വീടുകൾ വെള്ളത്തിനടിയിലായി. ഇരുപതോളം കുടുംബങ്ങളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. കോഴിക്കോട് നഗരത്തിൽ വെള്ളം കയറി. നെല്ലിയാമ്പതി, സൈലന്റുവാലി മലനിരകളിലും ഭേദപ്പെട്ട മഴ ലഭിച്ചു. മൂന്നുദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മലപ്പുറം പൊന്നാനി മുതൽ കാപ്പിരിക്കാട് വരെയുള്ള തീരത്ത് വീടുകളിൽ വെള്ളം കയറി.

പമ്പയിൽ പ്രളയത്തിന് സാധ്യത

പ്രളയത്തിൽ വന്നടിഞ്ഞ മണൽ മാറ്റാത്ത സാഹചര്യത്തിൽ പമ്പാനദിക്ക് ആഴം കുറഞ്ഞതാണ് ജലനിരപ്പ് ഉയരാൻ ഇടയാക്കിയത്. അതിനിടെ, ശബരിമല ഭക്തർക്ക് ബാരകിക്കേഡുകൾ കെട്ടി സ്‌നാനത്തിനുള്ള സാഹചര്യമൊരുക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. നടപ്പന്തലിൽ വെള്ളം കേറിയതിനാൽ ട്രാക്ടർ പോകുന്ന സർവീസ് റോഡ് വഴിയാണ് ഭക്തരെ കടത്തിവിടുന്നത്.

മണിയാർ ഡാമിന്റെ ഷട്ടർ പത്ത് സെന്റീമീറ്റർ തുറന്നതിനാൽ കക്കാട്, പമ്പ നദീതീരങ്ങളിൽ ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. എന്നാൽ ശബരിഗിരി പദ്ധതിയിലെ പമ്പ, കക്കി ഡാമുകളിൽ 24 ശതമാനം ജലം മാത്രമാണുള്ളത്. അതിനിടെ, മഴ കനത്ത സാഹചര്യത്തിൽ മലയോര പ്രദേശങ്ങളിൽ രാത്രിയാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിക്കഴിഞ്ഞു.

ഏഴ് മത്സ്യത്തൊഴിലാളികളെ കാണാനില്ല

തിരുവനന്തപുരം വിഴിഞ്ഞത്തുനിന്നും കൊല്ലം നീണ്ടകരയിൽനിന്നും മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി. ഇവർക്കുവേണ്ടി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. വിഴിഞ്ഞത്തുനിന്ന് കടലിൽപോയ ബെന്നി, ലൂയിസ്, ആന്റണി, യേശുദാസൻ എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് പോയ ഇവർ വെള്ളിയാഴ്ച രാവിലെ മടങ്ങിയെത്തേണ്ടതായിരുന്നു. ഉച്ചയ്ക്കും ഇവർ തിരികെ എത്താതിരുന്നതോടെയാണ് ബന്ധുക്കൾ അധികൃതരെ വിവരം അറിയിച്ചത്. ഇതോടെ ഇവർക്കുവേണ്ടി കടലിൽ തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. കോസ്റ്റ് ഗാർഡിന്റെ ഹെലിക്കോപ്റ്റർ കടലിൽ നീരീക്ഷണം നടത്തുന്നുണ്ട്. ജില്ലാ കളക്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് തിരച്ചിൽ.

നീണ്ടകരയിൽനിന്ന് മത്സ്യബന്ധനത്തിനുപോയ വള്ളം തകർന്നാണ് തമിഴ്‌നാട് സ്വദേശികളായ മൂന്നുപേരെ കാണാതായത്. വള്ളം തകർന്ന നിലയിൽ ശക്തികുളങ്ങരയ്ക്ക് സമീപം കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ചയാണ് ഇവർ നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയത്. ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് വള്ളം തകർന്നതോടെ തമിഴ്‌നാട് സ്വദേശികളായ നിക്കോളാസ്, സ്റ്റാലിൻ എന്നിവർ നീന്തി രക്ഷപ്പെട്ടു. രാജു, ഡോൺ ബോസ്‌കോ, സഹായരാജു എന്നിവരെയാണ് കാണാതായിട്ടുള്ളത്. ഇവർക്കുവേണ്ടി നാവികസേനയുടെ സംഘം തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. നീന്തി രക്ഷപ്പെട്ട രണ്ട് മത്സ്യബന്ധന തൊഴിലാളികളെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പും

കോഴിക്കോട് ജില്ലയിൽ വെള്ളിയാഴ്ച പെയ്ത കനത്തമഴയെ തുടർന്ന് വെള്ളം കയറിയതിനാൽ ചെറുവണ്ണൂർ-നല്ലളം ഭാഗത്തുള്ള 36 കുടുംബങ്ങളിൽ നിന്നായി 191 പേരെ നല്ലളം യു.പി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി. കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ക്യാമ്പുകൾ പ്രവർത്തിക്കാൻ സജ്ജമാണെന്ന് കോഴിക്കോട് തഹസിൽദാർ എൻ.പ്രേമചന്ദ്രൻ അറിയിച്ചു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നാല് താലൂക്കുകളിലും കൺട്രോൾ റൂം നമ്പറുകൾ സജ്ജമാക്കിയിട്ടുണ്ട്. കൺട്രോൾ റൂം നമ്പറുകൾ: 0495-2372966 (കോഴിക്കോട്) 0496-2620235 (കൊയിലാണ്ടി), 0495 2223088 (താമരശേരി), 04962522361 (വടകര), കളക്റ്റ്രേറ്റ് 1077.

എറണാകുളം ഭീതിയിൽ

യെല്ലൊ അലർട്ട് പ്രഖ്യാപിച്ച എറണാകളും ജില്ലയിൽ മഴ കനത്തു. ബുധനാഴ്ച ആരംഭിച്ച മഴ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ശക്തമായത്. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെള്ളം കയറിയതോടെ യാത്രക്കാർ ദുരിതത്തിലായി. സ്റ്റാൻഡിൽ യാത്രക്കാർക്കായുള്ള ഇരിപ്പിടത്തിലേക്കും വെള്ളമെത്തി. സമീപത്തെ കാനകളിൽനിന്നുള്ള മലിന ജലം പരന്നൊഴുകി. സൗത്ത് റെയിൽവേ സ്‌റ്റേഷൻ, എംജി റോഡ്, ഹൈക്കോടതി ജങ്ഷൻ, മേനക ജങ്ഷൻ, ഗാന്ധി നഗർ എന്നിവിടങ്ങളിലും വെള്ളം കയറി. നഗരത്തിൽ വെള്ളക്കെട്ടായതോടെ കാൽനടക്കാരും ഇരുചക്രവാഹനക്കാരും ദുരിതത്തിലായി.

വെള്ളിയാഴ്ച രാവിലെമുതൽ ചെല്ലാനത്ത് കടൽ ചെറിയ തോതിൽ കരയിലേക്ക് കയറിത്തുടങ്ങി. ഉച്ചയോടെ ശക്തിപ്രാപിച്ചു. കമ്പനിപ്പടി, ബസാർ, വേളാങ്കണ്ണി തുടങ്ങിയ പ്രദേശങ്ങളിലാണ് രൂക്ഷമായ കടലാക്രമണം. ചെളിയോടുകൂടി കലർന്ന വെള്ളമാണ് കരയിലേക്ക് ഇരച്ചുകയറുന്നത്. ചാലക്കുടി പുഴയിൽ വെള്ളം ഉയർന്ന് കണക്കൻകടവ് റഗുലേറ്റർ കം ബ്രിഡ്ജിലെ ബോട്ട് വേയുടെ ഷട്ടർ തകർന്നു. പുഴയിലെ ജലനിരപ്പ് താഴുമ്പോൾ ഓരുവെള്ളം കയറാതിരിക്കാനാണ് റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിച്ചത്. പുഴയിൽ ജലനിരപ്പുയർന്നിട്ടും അധികൃതർ ഷട്ടർ ഉയർത്താത്തതാണ് ബോട്ട് വേ തകരാനിടയായതെന്ന് നാട്ടുകാർ പറയുന്നു. വഞ്ചികൾക്ക് കടന്നുപോകാൻ സ്ഥാപിച്ചതാണ് ബോട്ട് വേ ഷട്ടർ. മേജർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരാണ് ഷട്ടർ നിയന്ത്രിക്കേണ്ടത്. കഴിഞ്ഞ മാസം റഗുലേറ്ററിലെ നാലാമത്തെ ഷട്ടർ വെള്ളപ്പാച്ചിലിൽ തകർന്നിരുന്നു.

പെരിയാറിൽ ഏലൂർ പാതാളം റഗുലേറ്റർ കം ബ്രിഡ്ജ് വെള്ളിയാഴ്ച രാവിലെ കവിഞ്ഞൊഴുകി. എല്ലാ ഷട്ടറുകളും ഈ സമയം അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് ജനങ്ങൾ അറിയിച്ചതനുസരിച്ച് ഇറിഗേഷൻ ഉദ്യോഗസ്ഥരെത്തി ആറു ഷട്ടറുകൾ തുറന്നു. ഇതോടെ വെള്ളമിറങ്ങി. എന്നാൽ, ജലനിരപ്പ് സാധാരണ ദിവസങ്ങളിൽ ഈ ഭാഗത്ത് ഉള്ളതിനേക്കാൾ ഒരടിയോളം ഉയർന്ന നിലയിലാണ്. നഗരസഭയിലെ താഴ്ന്ന പ്രദേശമായ 13---ാം വാർഡ് പ്രദേശത്തും രാവിലെ വെള്ളം ഉയർന്ന നിലയിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP