Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ഇന്നലെ തെക്കൻ കേരളത്തിൽ കനത്ത മഴ പെയ്തു; തുലാവർഷത്തേക്കാൾ കടുപ്പത്തിൽ ഇടിവെട്ടി പെയ്ത മഴയിൽ നനഞ്ഞ് പത്തനംതിട്ട അടക്കമുള്ള ജില്ലകൾ; അനേകം സ്ഥലങ്ങളിൽ മിന്നലേറ്റ് അപകടം; മരങ്ങൾ കഴപുഴകി വീണും ഗതാഗതം തടസ്സപ്പെട്ടും മഴക്കാലത്തെ ഓർമിക്കുന്ന ദുരന്തങ്ങൾ നൽകി വേനൽ മഴ; വരുന്ന മൂന്ന് ദിവസം രൂക്ഷമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; വേനലിൽ ചുട്ടുപൊള്ളിയ കേരളത്തിൽ ആശ്വാസമായി കുളിർ മഴ പെയ്തിറങ്ങുമ്പോൾ

ഇന്നലെ തെക്കൻ കേരളത്തിൽ കനത്ത മഴ പെയ്തു; തുലാവർഷത്തേക്കാൾ കടുപ്പത്തിൽ ഇടിവെട്ടി പെയ്ത മഴയിൽ നനഞ്ഞ് പത്തനംതിട്ട അടക്കമുള്ള ജില്ലകൾ; അനേകം സ്ഥലങ്ങളിൽ മിന്നലേറ്റ് അപകടം; മരങ്ങൾ കഴപുഴകി വീണും ഗതാഗതം തടസ്സപ്പെട്ടും മഴക്കാലത്തെ ഓർമിക്കുന്ന ദുരന്തങ്ങൾ നൽകി വേനൽ മഴ; വരുന്ന മൂന്ന് ദിവസം രൂക്ഷമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; വേനലിൽ ചുട്ടുപൊള്ളിയ കേരളത്തിൽ ആശ്വാസമായി കുളിർ മഴ പെയ്തിറങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തെ തണുപ്പിക്കാൻ വേനൽ മഴ ഒടുവിലെത്തി. തെക്കൻ കേരളത്തിലാണ് വേനൽ മഴ സജീവമായത്. വരും ദിനങ്ങളിൽ മലബാറിലും മഴയെത്തുമെന്നാണ് വിലയിരുത്തൽ. തുലാവർഷത്തേക്കാൾ കടുപ്പത്തിൽ ഇടിവെട്ടി പെയ്ത മഴയിൽ നനഞ്ഞ് പത്തനംതിട്ട അടക്കമുള്ള ജില്ലകളും ആശ്വാസം കണ്ടെത്തുകയാണ്. അനേകം സ്ഥലങ്ങളിൽ മിന്നലേറ്റ് അപകടവുമുണ്ടായി. മരങ്ങൾ കഴപുഴകി വീണും ഗതാഗതം തടസ്സപ്പെട്ടും മഴക്കാലത്തെ ഓർമിക്കുന്ന ദുരന്തങ്ങൾ നൽകി വേനൽ മഴും നൽകി. വരുന്ന മൂന്ന് ദിവസം രൂക്ഷമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഏതായാലും വേനലിൽ ചുട്ടുപൊള്ളിയ കേരളത്തിൽ ആശ്വാസമാണ് ഈ മഴ.

ഈ മാസം 23 വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടിമിന്നലും ശക്തമായിരിക്കും. മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് അമ്മയ്ക്കും മകനും പരിക്ക്. വേങ്ങത്താനം തടത്തിൽ മഞ്ജു, മകൻ 15 വയസുകാരൻ അരവിന്ദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 42 വയസുകാരിയായ മഞ്ജുവിന്റെയും മകന്റെയും പരിക്ക് ഗുരുതരമല്ല. സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി നേരത്തെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു. പാലക്കാട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചേർത്തലയിൽ ചുഴലിക്കാറ്റ്

ചുഴലിക്കാറ്റിൽ ചേർത്തല ചെങ്ങണ്ട മേഖലയിൽ വ്യാപക നാശമുണ്ടായി. ചേർത്തല നഗരസഭയിലെ 5,6,7 വാർഡുകളിലായി പതിനഞ്ചോളം വീടുകൾ ഭാഗികമായി തകർന്നു. എല്ലായിടത്തും വൃക്ഷങ്ങൾ വീണാണു നാശമുണ്ടായത്. ചേർത്തല - അരൂക്കുറ്റി റോഡിൽ ഓംകാരോശ്വരത്ത് ഓടിക്കൊണ്ടിരുന്ന ലോറിക്കു മുകളിലേക്കു റോഡരികിലെ മരം വീണു.

ആറാം വാർഡിൽ സുധീറിന്റെ ഉടമസ്ഥതയിലുള്ള വർക് ഷോപ്പിൽ കാറിനു മുകളിലേക്കു വൃക്ഷം വീണും കേടുപാടുണ്ടായി. വർക്ഷോപ്പ് ജീവനക്കാർ ഓടിമാറിയതിനാൽ ആളപായമില്ല. ചേർത്തല അരൂക്കുറ്റി റോഡിലും, ചെങ്ങണ്ട - കാളികുളം റോഡിലും ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി വിതരണ സംവിധാനങ്ങൾ തകർന്നു മേഖലയിൽ വൈദ്യുതി മുടങ്ങി.

രാജു എബ്രഹാമും കുടുംബവും രക്ഷപ്പെട്ട് അത്ഭുതകരമായി

വീടിനടുത്തു നിന്ന കൂറ്റൻ തേക്ക് കാറ്റിൽ പിഴുതു വീണപ്പോൾ രാജു ഏബ്രഹാം എംഎൽഎയും കുടുംബവും രക്ഷപ്പെട്ടത് അത്ഭുതകരമായാണ്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം വീശിയടിച്ച കാറ്റിലാണ് എംഎൽഎയുടെ അങ്ങാടി കണ്ടനാട്ടു വീടിനടുത്തു നിന്നിരുന്ന തേക്കുമരം കടപുഴകി വീണത്. 3 മണിയോടെയാണ് ശക്തമായ കാറ്റ് ആരംഭിച്ചത്.

പെരുനാട്ടിലേക്ക് പോകാനിറങ്ങിയ എംഎൽഎ യാത്ര നീട്ടിവച്ച് മഴ ശമിക്കുന്നതു കാത്തിരുന്നു. വടക്കു ഭാഗത്ത് നിന്നു പടിഞ്ഞാറേക്ക് അടിച്ച കാറ്റിലാണ് 45 വർഷം പഴക്കമുള്ള 50 ഇഞ്ചോളം വണ്ണമുള്ള തേക്കുമരം വീണത്. ഇതു വലതുവശത്തേക്കാണു വീണിരുന്നെങ്കിൽ എംഎൽഎയുടെ വീടു തകർന്നേനെ. എംഎൽഎയെ കൂടാതെ ഭാര്യയും മക്കളും ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നു.

തിരുവനന്തപുരത്തും കനത്ത മഴ

തിരുവനന്തപുരത്ത് ഇന്നലെ ഉച്ചയ്ക്ക് ഒന്നര മണിക്ക് തുടങ്ങിയ മഴ മൂന്നര വരെ നീണ്ടു. മാസങ്ങൾക്കു ശേഷം നഗരത്തിലെ പല സ്ഥലങ്ങളും വെള്ളത്തിൽ മുങ്ങി. പ്ലാസ്റ്റിക് ഉൾപ്പെടെ നിറഞ്ഞു കിടന്ന തോടുകളിലെ മാലിന്യം ഒലിച്ചു പോയി. കാറ്റിൽ നഗരത്തിൽ പലയിടങ്ങളിലും മരം വീണു. ജില്ലയിൽ ഭൂരിഭാഗം സ്ഥലത്തും മഴ പെയ്തു. കനത്ത മഴ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാഴ്‌ത്തി. പാടശേഖരങ്ങളിലും ആറുകൾക്കും തോടുകൾക്കു സമീപ പ്രദേശങ്ങളിലും വെള്ളം കയറി.

പിടിപി നഗറിൽ മഴയെ തുടർന്നു വീണ വന്മരം ചെങ്കൽചൂളയിൽ നിന്നുള്ള അഗ്‌നിശമനസേന എത്തി മുറിച്ചു മാറ്റി . വൈകിട്ടാണു കൂറ്റൻ തണൽ മരം റോഡിലേക്കു വീണത്. റോഡിൽ വാഹനങ്ങളില്ലാതിരുന്നതിനാൽ ആളാപായമുണ്ടായില്ല. സ്റ്റേഷൻ ഓഫിസർ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒരു മണിക്കൂറോളം പരിശ്രമിച്ചു മരം മുറിച്ചു നീക്കിയത്. മരുതം കുഴി , പാപ്പനംകോട് ഗോവിന്ദ് നഗർ, കവടിയാർ, തമലം, കുടപ്പനക്കുന്ന്, വേട്ടമുക്ക് എന്നിവിടങ്ങളിലും മരങ്ങൾ വീണു. അഗ്‌നിശമനസേന ഇവ നീക്കം ചെയ്തു.

ആറ്റുകാൽ, മണക്കാട്, കമലേശ്വരം, മരുതംകുഴി, വഞ്ചിയൂർ പരിസരം, പേട്ട ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായി. തമ്പാനൂർ എസ് എസ് കോവിൽ റോഡ്, മോഡൽ സ്‌കൂൾ ജംക്ഷൻ റോഡ്, കിഴക്കേകോട്ട പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു സമീപം, സെൻട്രൽ തിയറ്റർ റോഡ് തുടങ്ങിയിടങ്ങളിലും ചെളിയും വെള്ളക്കെട്ടും ഉണ്ടായി. മഴ ശക്തമായതോടെ വാഹനക്കുരുക്കും ഉണ്ടായി. തമ്പാനൂർ മനോരമ റോഡ് , തമ്പാനൂർ കിള്ളിപ്പാലം റോഡ്, കിള്ളിപ്പാലം അട്ടകുളങ്ങര റോഡ്, കിഴക്കേകോട്ട, കരമന, പൂജപ്പുര, തുടങ്ങിയ സ്ഥലങ്ങളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്.

കുറവിലങ്ങാട് ഉണ്ടായത് വൻ നാശം

കുറവിലങ്ങാട് മേഖലയിൽ തുടർച്ചയായി രണ്ടാം ദിവസവും തിമർത്തു പെയ്ത വേനൽമഴയ്‌ക്കൊപ്പം എത്തിയ കാറ്റിൽ വ്യാപക കൃഷി നാശം. മരം വീണു 2 വീടുകൾ ഭാഗികമായി തകർന്നു. കുറവിലങ്ങാട് കെഎസ്ഇബി സെക്ഷനു കീഴിൽ 30 സ്ഥലത്തു വൈദ്യുതി കമ്പികളിലേക്കു മരങ്ങളും വലിയ ശിഖരങ്ങളും വീണു വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഇന്നലെ വൈകിട്ടാണ് കനത്ത മഴയ്‌ക്കൊപ്പം കാറ്റ് വീശിയത്. കഴിഞ്ഞ ദിവസം വെളിയന്നൂർ, അരീക്കര പ്രദേശങ്ങളിലായിരുന്നു കാറ്റ്. ഇന്നലത്തെ കാറ്റിൽ കുറവിലങ്ങാട്, തോട്ടുവാ, നസ്രത്ത്ഹിൽ, പള്ളിയമ്പ്. ഗൈക്കോ, കുടുക്കമറ്റം, ചിറയ്ക്കൽഭാഗം തുടങ്ങിയ സ്ഥലങ്ങളിലാണ് നാശനഷ്ടം ഉണ്ടായത്.

എംസി റോഡിൽ കുറവിലങ്ങാട് പള്ളിക്കവലയിലും പഞ്ചായത്ത് ബസ് സ്റ്റാൻഡിനു മുന്നിലും വെള്ളക്കെട്ടുണ്ടായി. കാളികാവ് കുര്യം പാറയ്ക്കൽ ജോസഫിന്റെ വീട് മരം വീണു ഭാഗികമായി തകർന്നു. കുടുക്കമറ്റം ചിറയ്ക്കൽ ഭാഗത്തും വീടുകൾക്കു കേടുപാടുണ്ടായിട്ടുണ്ട്. കാറ്റിൽ വ്യാപക കൃഷിനാശമാണുണ്ടായിരിക്കുന്നത്. കുലച്ച ഏത്തവാഴകളാണ് മിക്കയിടത്തും നിലം പൊത്തിയത്, കടുത്ത വേനലിൽ ജലാംശം കുറഞ്ഞ വാഴകൾ ചെറിയൊരു കാറ്റ് വന്നാൽ പോലും ഒടിയുന്ന സ്ഥിതിയായിരുന്നു.

കോട്ടയം എറണാകുളം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു

കനത്ത കാറ്റിലും മഴയിൽ റോഡരികിൽ നിന്നിരുന്ന തണൽ മരത്തിന്റെ കൂറ്റൻ ശിഖരം ഒടിഞ്ഞ് വീണ് ഗതാഗത തടസ്സം. വൈദ്യുതി ലൈനുകളും തകർന്നു. കോട്ടയം എറണാകുളം റോഡിൽ മുട്ടുചിറ ജംക്ഷനു സമീപം റോഡരികിൽ നിൽക്കുന്ന ബദാം മരത്തിന്റെ ശിഖരമാണ് ഒടിഞ്ഞ് വീണത്. ഇതോടെ കോട്ടയം എറണാകുളം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുത ലൈനുകളിൽ മരം കിടന്നതിനാൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടിരിക്കുകയാണ്.

പഞ്ചായത്തംഗം ജിൻസി എലിസബത്ത് അറിയിച്ചതിനെ തുടർന്ന് അഗ്‌നിശമന സേനയെത്തിയാണ് മരം വെട്ടി നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടാവസ്ഥയിൽ നിൽക്കുന്ന മരം വെട്ടി നീക്കണമെന്നാവശ്യപ്പെട്ട് പല തവണ പരാതി നൽകിയെങ്കിലും പൊതുമരാമത്ത് അധികൃതർ നിസംഗത തുടരുകയാണ്.കുറുപ്പന്തറ പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപം റോഡരികിൽ നിന്നിരുന്ന ബദാം മരം ഒടിഞ്ഞ് ലോറിക്ക് മുകളിൽ വീണ് അപകടം. ഇന്നലെ വൈകുന്നേരം 4.30 നാണ് ശക്തമായ കാറ്റിൽ ബദാം മരം ഒടിഞ്ഞ് വീണത്.

വൈദ്യുത ലൈനുകൾ പൊട്ടി വീണു

ഇരവിമംഗലത്ത് കനത്ത കാറ്റിൽ മാഞ്ഞൂർ പഞ്ചായത്തിലെ ഇരവിമംഗലം പ്രദേശത്ത് വൈദ്യുതി ലൈനുകളുടെ മുകളിലേക്ക് മരങ്ങൾ വീണ് പലയിടത്തും വൈദ്യുതി ലൈനുകൾ പൊട്ടി വീണു. പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചു. കക്കത്തുമലയിലും ഇരവിമംഗലത്തും അപ്പൻകവലയ്ക്കു സമീപവും ലൈനിൽ മരങ്ങൾ വീണു. പൊട്ടി വീണ ലൈനുകൾ റോഡിലാകെ ചിതറി കിടക്കുകയാണ

കടുത്തുരത്തിയിൽ വേനൽ മഴയ്‌ക്കൊപ്പം വീശിയടിച്ച ചുഴലി കാറ്റിൽ പാഴുത്തുരുത്ത്, കീഴൂർ, മേട്ടുംപാറ, വാലാച്ചിറ, ഇരവിമംഗലം പ്രദേശങ്ങളിൽ വ്യാപക കൃഷി നാശം. നൂറ് കണക്കിന് കുലച്ച ഏത്തവാഴകളും, കുലയ്ക്കാറായ വാഴകളും ഒടിഞ്ഞ് നശിച്ചു. ഞീഴൂർ പഞ്ചായത്ത് പാഴുത്തുരുത്ത് വാഴത്തറ പീറ്ററിന്റെ കുലച്ച 50 ഏത്തവാഴകളും മുളക്കുളം പഞ്ചായത്ത് കീഴൂരിൽ നടുവിലേടത്ത് എൻപി സോയിയുടെ 300 ഏത്തവാഴകളും കടുത്തുരുത്തി പഞ്ചായത്ത് വാലാച്ചിറയിൽ മാറാം കുന്നേൽ ബേബിയുടെ 50 ഏത്തവാഴകളും മാഞ്ഞൂർ പഞ്ചായത്ത് ഇരവിമംഗലം വടക്കേ ഉപ്പൂട്ടിൽ കുര്യാക്കോസ് സൈമന്റെ 150 ഏത്തവാഴകളും കാറ്റിൽ ഒടിഞ്ഞു നശിച്ചു.

തൊടുപുഴയിലും മഴ

തൊടുപുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലും ശക്തമായ വേനൽമഴ ഉണ്ടായി. ഇന്നലെ വൈകിട്ട് മൂന്നരയോടെ ആരംഭിച്ച മഴ മുക്കാൽ മണിക്കൂറോളം നീണ്ടു. മഴയോടൊപ്പം ശക്തമായ ഇടിയും മിന്നലും ആഞ്ഞുവീശിയ കാറ്റും ഏറെ നേരം ഭീതിയിലാക്കിയെങ്കിലും വേനൽ ചൂടിൽ നിന്നു മുക്തി നേടിയതിന്റെ ആശ്വാസത്തിലാണ് ജനങ്ങൾ. ഇതിനിടെ തൊടുപുഴ നഗരത്തിൽ പാലാ റോഡിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം റോഡിൽ വെള്ളം ഉയർന്നത് ഗതാഗതം താറുമാറാക്കി.

ഇവിടത്തെ കടകളിലും വെള്ളം കയറി. മണക്കാട് ജംക്ഷനിലുള്ള സ്വകാര്യ കെട്ടിട സമുച്ചയത്തിന്റെ മുൻ ഭാഗത്ത് വച്ചിരുന്ന ഗ്ലാസുകളും ബോർഡും മറ്റും താഴേക്ക് പതിച്ചു. ആർക്കും പരുക്കില്ല. ഫയർഫോഴ്‌സ് സംഘം എത്തിയാണ് റോഡിലേക്ക് വീണ തടസ്സം നീക്കിയത്. വൈക്കം റോഡിൽ പാറക്കടവിലും നെടിയശാലയിലും മരങ്ങൾ റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്‌സ് എത്തിയാണ് ഇവ നീക്കി.

ശുദ്ധജല ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ വേനൽമഴ ചെറിയ ആശ്വാസമായി. ശക്തമായ വേനലിൽ കരിഞ്ഞുണങ്ങിയിരുന്ന കൃഷിക്ക് മഴ ഉണർവാകും.

ദുരന്ത നിവാരണ അതോറിററി നൽകുന്ന മുന്നറിയിപ്പ്

കേരളത്തിൽ ഒറ്റപെട്ട സ്ഥലങ്ങളിൽ 19/04/2019, 21/04/2019 & 23/04/2109 ദിവസങ്ങളിൽ ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്കും കാറ്റിനും (കാറ്റിന്റെ വേഗത മണിക്കൂറിൽ 30-40 kmph) സാധ്യത.
കേരളത്തിൽ ഒറ്റപെട്ട സ്ഥലങ്ങളിൽ 20/04/2019& 22/04/2109 ദിവസങ്ങളിൽ ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്കും കാറ്റിനും (കാറ്റിന്റെ വേഗത മണിക്കൂറിൽ 40-50 kmph) സാധ്യത.
*കേരളത്തിൽ ചില സ്ഥലങ്ങളിൽ 2019 ഏപ്രിൽ 19, 20 തീയതികളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും 20/04 /2019 ന് പാലക്കാട് (ശക്തമായ മഴ),ജില്ലയിൽ മഞ്ഞ അലേർട്ട് (Yellow Alert) പ്രഖ്യാപിച്ചിരിക്കുന്നതായും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മഴ പ്രവചനം സൂചിപ്പിക്കുന്നു.ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം,ഉരുള്പൊട്ടല്, മണ്ണിടിച്ചില് എന്നിവക്കു കാരണമാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തില് ചുവടെ പ്രതിബാധിക്കുന്ന നടപടികള് ഉടനടി നടപ്പാക്കുവാന് നിര്ദേശിക്കുന്നു:

1.പാലക്കാട് ,മലപ്പുറം, തൃശ്ശൂർ എന്നി ജില്ലകളിൽ ഉരുള്പൊട്ടല് സാധ്യത ഉള്ളതിനാല് രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴുവാക്കണമെന്നു പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു .

2. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന് സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം എന്ന് പ്രചാരണം നടത്തുക.

3. മരങ്ങള്ക്ക് താഴെ വാഹനം പാര്ക്ക് ചെയ്യാതിരിക്കുവാന് ശ്രദ്ധിക്കണം എന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു.

4. കുട്ടികൾ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴുവാക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

*ഇടിമിന്നൽ - ജാഗ്രത നിർദ്ദേശങ്ങൾ*

കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന വേനൽ മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണിവരെയുള്ള സമയം സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

- ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കുന്നതിൽനിന്നും വിലക്കുക.

- മഴക്കാർ കാണുമ്പോൾ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കാൻ മുറ്റത്തേക്കോ ടെറസിലേക്കോ പോകാതിരിക്കുക.

-മുൻ അനുഭവങ്ങളിൽ, മഴക്കാറ് കണ്ട് വളർത്തു മൃഗങ്ങളെ മാറ്റി കെട്ടാനും ടെറസിൽ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കാനും പോയ വീട്ടമ്മമാരിൽ കൂടുതലായി ഇടിമിന്നൽ ഏറ്റതായി കാണുന്നു. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന വീട്ടമ്മമാർ പ്രത്യേകമായി ശ്രദ്ധിക്കുക.

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപെട്ട പ്രസംഗ വേദികളിൽ ഇടിമിന്നൽ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കുക. പ്രാസംഗികർ ഉയർന്ന വേദികളിൽ ഇത്തരം സമയങ്ങളിൽ നിൽക്കാതിരിക്കുകയും, മൈക്ക് ഉപയോഗിക്കാതിരിക്കുകയും ചെയ്യുക.

പൊതു നിർദ്ദേശങ്ങൾ

- ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.

- ഗൃഹോപകരണങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

- ജനലും വാതിലും അടച്ചിടുക.

- ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

- ഫോൺ ഉപയോഗിക്കരുത്.

- ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.

- കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.

- ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

- വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.

- വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.

- ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.

- പട്ടം പറത്തുവാൻ പാടില്ല.

- തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.

- ഇടിമിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.

- ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രോട്ടക്ടർ ഘടിപ്പിക്കാം.
- മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്‌ച്ച്ചയോ കേഴ്‌വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കന്റ് സുരക്ഷക്കായിട്ടുള്ള സുവർണ്ണ നിമിഷങ്ങളാണ്.
- വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോൾ തുറസായ സ്ഥലത്തെക്ക് പോകരുത്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP