Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്ന് ദിവസം തുടർച്ചയായി അഞ്ച് ഷട്ടറുകളിലൂടെ വെള്ളം ഒഴുക്കിയിട്ടും ഇടുക്കിയിലെ ജലനിരപ്പ് 2400 അടിയിൽ താന്നില്ല; തുറന്നിരിക്കുന്ന ഷട്ടറുകളിലൂടെ നിലയ്ക്കാതെ പ്രവഹിച്ചു വെള്ളം; മരണം 33ൽ ഒതുങ്ങി; 60,622 പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ; മിക്ക അണക്കെട്ടിലേയും ഷട്ടർ തുറന്നും താഴ്‌ത്തിയും വെള്ളം നിയന്ത്രിച്ച് അധികൃതർ; നഷ്ടപ്പെട്ടവർക്ക് നഷ്ടമായത് തിരിച്ചു നിൽകുമെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി

മൂന്ന് ദിവസം തുടർച്ചയായി അഞ്ച് ഷട്ടറുകളിലൂടെ വെള്ളം ഒഴുക്കിയിട്ടും ഇടുക്കിയിലെ ജലനിരപ്പ് 2400 അടിയിൽ താന്നില്ല; തുറന്നിരിക്കുന്ന ഷട്ടറുകളിലൂടെ നിലയ്ക്കാതെ പ്രവഹിച്ചു വെള്ളം; മരണം 33ൽ ഒതുങ്ങി; 60,622 പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ; മിക്ക അണക്കെട്ടിലേയും ഷട്ടർ തുറന്നും താഴ്‌ത്തിയും വെള്ളം നിയന്ത്രിച്ച് അധികൃതർ; നഷ്ടപ്പെട്ടവർക്ക് നഷ്ടമായത് തിരിച്ചു നിൽകുമെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇടുക്കിയിൽ മഴ കുറയുകയാണ്. നീരൊഴുക്കും ഡാമിലേക്ക് കുറഞ്ഞു. എന്നാൽ എപ്പോൾ വേണമെങ്കിലും മഴ അതിശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. അതുകൊണ്ട് തന്നെ കരുതലോടെയാണ് സർക്കാരിന്റെ നീക്കങ്ങൾ. ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നത് ആശങ്കയാണ്. നിലവിൽ 5,75,000 ലീറ്റർ (575 ക്യുമെക്‌സ്) വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തുറന്ന അഞ്ചു ഷട്ടറുകൾ വഴി 7,50,000 ലീറ്റർ (750 ക്യുമെക്‌സ്) വെള്ളം പുറത്തേക്ക് വിടുന്നുണ്ട്. 1,15,000 ലീറ്റർ (115 ക്യുമെക്‌സ്) വെള്ളം വൈദ്യുതി ഉൽപാദിപ്പിക്കാനും ഉപയോഗിക്കുന്നു. നീരൊഴുക്ക് 120 ക്യുമെക്‌സ് എത്തുന്നതുവരെ അണക്കെട്ട് തുറക്കാനാണു നിലവിൽ തീരുമാനം. കനത്ത മഴ ഇനി ഉണ്ടായില്ലെങ്കിൽ നാലോ അഞ്ചോ ദിവസത്തിനകം സാഹചര്യങ്ങൾ പൂർവ സ്ഥിതിയിലാകുമെന്നാണു പ്രതീക്ഷ.

വയനാട് ജില്ലയിൽ ബാണാസുരസാഗർ, കാരാപ്പുഴ അണക്കെട്ടുകളിൽ സംഭരണശേഷിയുടെ നൂറുശതമാനവും വെള്ളമുണ്ട്. പത്തനംതിട്ട ജില്ലയിലെ പമ്പ, കക്കി ഡാമുകളിലെ വെള്ളം ഒഴുകിയെത്തിയതോടെ അപ്പർ കുട്ടനാട്ടിൽ വീണ്ടും പ്രളയം. ഇടുക്കി ചെറുതോണി അണക്കെട്ടിൽ ജലനിരപ്പു കുറഞ്ഞെങ്കിലും വൃഷ്ടിപ്രദേശങ്ങളിൽ ഉച്ചയ്ക്കു ശേഷം പെയ്ത മഴ ആശങ്ക സൃഷ്ടിക്കുന്നു. ഷട്ടറുകൾ ഉടൻ താഴ്‌ത്തില്ല. നീരൊഴുക്കു കുറഞ്ഞ മുല്ലപ്പെരിയാർ അണക്കെട്ടിൽ 135.1 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. നിലവിലെ സാഹചര്യത്തിൽ ഇതു 136 അടിയിലേറാതെ നിയന്ത്രിക്കാനാകും. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിവായി. ഇതേസമയം, മഴക്കെടുതികളിൽ നാലുപേർ കൂടി മരിച്ചു. ഇതുവരെ 31 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്കെങ്കിലും അനൗദ്യോഗിക വിവരങ്ങൾ പ്രകാരം ഇതു 33 ആണ്. ചങ്ങനാശേരി പായിപ്പാട് സ്വദേശിയായ വിദ്യാർത്ഥിയടക്കം ആറു പേരെ കാണാതായി.

ഇടുക്കിയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന അളവായ 2401.76 അടിയിൽ വെള്ളമെത്തിയ ശേഷം ജലനിരപ്പ് കുറയുകയാണ്. ഒഴുകിയെത്തുന്നതിനേക്കാൾ കൂടുതൽ വെള്ളം പുറത്തേക്കു കൊണ്ടുപോവുന്നുണ്ട്. അതുകൊണ്ട് തന്നെ ജലനിരപ്പ് കുറയുകയാണ്. രാത്രി 11 മണിക്ക് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.02 അടി. ചെറുതോണി ബസ് സ്റ്റാന്റിനും പാലത്തിനുമുണ്ടായ നാശങ്ങളൊഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങളില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഇടുക്കിയിലെ സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് രാവിലെ ഹെലികോപ്റ്റർ ഇറക്കാനായില്ല. ഇടുക്കിയുടെ മറ്റ് പ്രദേശങ്ങളിൽ മഴ മാറിയതോടെ ജനജീവിതം പതിയെ സാധാരണ നിലയിലേക്ക് വരികയാണ്. അതിനിടെ വയനാട്ടിലെ മഴ സർക്കാരിന് കടുത്ത വെല്ലുവിളിയായി തുടരുകയാണ്. ഇവിടെ ഇന്ന് പുലർച്ചെയും ശക്തമായ മഴയാണ് പെയ്തത്.

സംസ്ഥാനത്ത് 513 ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നത് 60,622 പേർ. പ്രളയക്കെടുതിയിൽ സംസ്ഥാനത്താകെ 1501 വീടുകൾ ഭാഗികമായും 101 എണ്ണം പൂർണമായും തകർന്നു. ഇവർക്കെല്ലാം എല്ലാ സഹയാവും സർക്കാർ വ്ഗ്ദാനം ചെയ്യുന്നുണ്ട്. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, ആലുവ എന്നിവിടങ്ങളിലാണ് ഇപ്പോൾ കരസേനയെ വിന്യസിച്ചിട്ടുള്ളത്. വയനാട്, ആലുവ, കൊച്ചി എന്നിവിടങ്ങളിൽ നാവികസേനാ ഉദ്യോഗസ്ഥർ ക്യാംപ് ചെയ്യുന്നു.

മഴ തുടരുമെന്ന് മുന്നറിയിപ്പ്

കേരളം ഉൾപ്പെടെയുള്ള പതിനാറു സംസ്ഥാനങ്ങളിൽ അടുത്ത രണ്ടുദിവസം കനത്തമഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി ദേശീയ ദുരന്തനിവാരണ അഥോറിറ്റി (എൻ ഡി എം എ). ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്തമഴയ്ക്ക് സാധ്യതയുണ്ട്. അറബിക്കടലിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് തൊഴിലാളികൾക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിനു സമാന്തരമായ പ്രദേശങ്ങളിലും കനത്തമഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിനെ ഉദ്ധരിച്ച് എൻ ഡി എം എ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഓഗസ്റ്റ് 15 വരെ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് അതീവ ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണത്തിലും ദുരിതാശ്വാസത്തിലും ഏർപ്പെട്ടിരിക്കുന്ന എല്ലാ സർക്കാർ ഏജൻസികളോടും ജില്ലാകലക്ടർമാരോടും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.

കേരളം, തമിഴ്‌നാട്, കർണാടകയുടെ തീരമേഖല, ആന്ധ്രാപ്രദേശിന്റെ തീരമേഖല, മേഘാലയ, അസ്സം, അരുണാചൽ പ്രദേശ്, ഒഡിഷ, ജാർഖണ്ഡ്, ബിഹാർ, ഛത്തീസ്‌ഗഢ്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, സിക്കിം, പശ്ചിമ ബെംഗാൾ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് കനത്തമഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളത്. ഏഴുസംസ്ഥാനങ്ങളിലെ മഴക്കെടുതികളിൽ ഇതിനോടകം 718 പേർക്കാണ് ജീവൻ നഷ്ടമായത്. ഓഗസ്റ്റ് 15 വരെ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ഇടുക്കി, ഇടമലയാർ അണക്കെട്ടുകളിൽ ജലനിരപ്പ് താഴാൻ തുടങ്ങിയത് ആശ്വാസകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ശനിയാഴ്ചത്തെ വൈകുന്നേരത്തെ കണക്കനുസരിച്ച് 57,000 ത്തിലധികം പേർ സംസ്ഥാനത്തെ 457 ക്യാമ്പുകളിലായി കഴിയുന്നുണ്ട്. എല്ലാ ക്യാമ്പുകളിലും ഭക്ഷണവും ശദ്ധജലവും വെള്ളവും ലഭ്യമാക്കിയിട്ടുള്ളതായും ക്യാമ്പുകളിൽ കഴിയുന്നവർ പൂർണസംതൃപ്തരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ ഇടുക്കി, ഇടമലയാർ അണക്കെട്ടുകളിൽ ജലനിരപ്പ് താഴാൻ തുടങ്ങിയത് ആശ്വാസകരമാണെന്നാണ് സർക്കാർ വിലയിരുത്തൽ. രണ്ടുമൂന്നുദിവസം കൂടി മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് ഗൗരവമായി കണക്കിലെടുത്ത് നടപടി സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. മഴയുടെ തോതിൽ കുറവു വന്നിട്ടുണ്ട്. ഈ നില തുടർന്നാൽ ദുരിതാശ്വാസ കേമ്പുകളിലുള്ളവർക്ക് അടുത്ത ദിവസങ്ങളിൽ തിരിച്ചുപോകാൻ കഴിഞ്ഞേക്കും.

മുന്നറിയിപ്പുമായി ദുരന്തനിവാരണ അഥോറിറ്റിയും

കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പനുസരിച്ച് ഓഗസ്റ്റ് 12 ഞായറാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ചില സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ഇടുക്കിയിലും വയനാട്ടിലും ചില സ്ഥലങ്ങളിൽ 14-ാം തിയതി വരെ കനത്ത മഴ തുടരും. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയുണ്ടാവുമെന്നും അറിയിപ്പിൽ വ്യക്തമാക്കി.

സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ നിർദ്ദേശങ്ങൾ ഇങ്ങനെ

1. ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് (7 പി എം 7 എ എം) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം
2. ബീച്ചുകളിൽ കടലിൽ ഇറങ്ങാതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം
3. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം
4. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാധ്യതയുണ്ട് എന്നതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനനങ്ങൾ നിർത്താതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം
5. മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യാതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം
6. ഉരുൾപൊട്ടൽ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങൾ ജാഗരൂകരായിരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു
7. ഉദ്യോഗസ്ഥർ അവശ്യപ്പെട്ടാൽ മാറി താമസിക്കുവാൻ അമാന്തം കാണിക്കരുത് എന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു
8. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവർത്തകർ അല്ലാതെയുള്ളവർ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കുക
9. കുട്ടികൾ പുഴകളിലും തോടുകളിലും വെള്ളക്കെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കൾ ഉറപ്പ് വരുത്തണം.

ഡാമുകൾ നിറഞ്ഞു കവിഞ്ഞു തന്നെ

കൊല്ലത്ത് തെന്മല പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് 385.36 അടിയിൽ നിന്നു 383.99 അടിയായി കുറഞ്ഞതിനെത്തുടർന്ന് ഷട്ടറുകൾ 15 സെന്റീമീറ്റർ താഴ്‌ത്തി. രണ്ടര അടിയാണ് ഇപ്പോൾ ഉയർത്തിവച്ചിരിക്കുന്നത്. പത്തനംതിട്ട പമ്പാ ഡാമിൽ തുറന്നിരുന്ന ആറു ഷട്ടറുകളിൽ രണ്ടെണ്ണം താഴ്‌ത്തി. ഒരടി ഉയർത്തിയിരുന്ന ആനത്തോട് ഡാമിലെ ഷട്ടർ അരയടിയായി താഴ്‌ത്തി. ഇവിടെ 981 മീറ്ററായി ജലനിരപ്പ് നിലനിർത്തുന്നു. മൂഴിയാറിലെ രണ്ടു ഷട്ടറുകൾ തുറന്നിട്ടിരിക്കുകയാണ്. നീരൊഴുക്കു കുറഞ്ഞതിനെ തുടർന്ന് ഇടമലയാർ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ അടച്ചെങ്കിലും രാത്രി എട്ടുമണിയോടെ ഒരെണ്ണം ഉയർത്തി. ഭൂതത്താൻകെട്ടിലെ ജലനിരപ്പ് 31 മീറ്ററിൽനിന്ന് ഇന്നലെ വൈകിട്ട് 29 മീറ്ററായി കുറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇടുക്കി-ചെറുതോണി അണക്കെട്ടിലെ വെള്ളമെത്തിയാലും പെരിയാർ കര കവിയില്ല.

തൃശൂർ പീച്ചി ഡാമിൽ നാലു ഷട്ടറുകളും രണ്ട് ഇഞ്ച് വീതം തുറന്നുവച്ചിരിക്കുന്നു. ചിമ്മിനി ഡാമിൽ നാലുഷട്ടറുകളും അഞ്ചു സെന്റീമീറ്റർ വീതവും വാഴാനി ഡാമിൽ നാലു ഷട്ടറുകൾ മൂന്നു സെന്റീമീറ്റർ വീതവും ഉയർത്തിവച്ചിരിക്കുന്നു. കോഴിക്കോട് കക്കയം ഡാം ജലനിരപ്പ് മാറ്റമില്ലാതെ 2487 അടിയായി തുടരുന്നു. രണ്ടു ഷട്ടറുകൾ അരയടി വീതം തുറന്നുവിട്ടിരുന്നു. പെരുവണ്ണാമുഴി ഡാമിൽ ജലനിരപ്പ് 0.31 മീറ്റർ കൂടി 39.90 മീറ്ററായി. നാലു ഷട്ടറും തുറന്നിട്ടിരിക്കുകയാണ്. വയനാട് ബാണാസുര സാഗർ അണക്കെട്ടിന്റെ നാലു ഷട്ടറുകളിൽ ഒരെണ്ണം ഇന്നലെ അടച്ചു. മറ്റു ഷട്ടറുകൾ തുറന്നത് 80 സെന്റിമീറ്ററായി നിജപ്പെടുത്തിരുന്നെയെങ്കിലും രാത്രിയിൽ വീണ്ടും 10 സെന്റിമീറ്റർ കൂടി ഉയർത്തി. വൃഷ്ടി പ്രദേശത്ത് മഴ ശക്തമാകുകയാണെങ്കിൽ ഇനിയും 10 - 20 സെന്റിമീറ്റർ ഉയർത്തേണ്ടി വരും. കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.

പാലക്കാട് മലമ്പുഴയിൽ നാലുഷട്ടറുകളും ഒൻപത് സെന്റീമീറ്റർ ഉയർത്തിയിരിക്കുകയാണ്. വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടില്ല. ഈ സ്ഥിതി തുടർന്നാൽ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യതയുണ്ട്.

രാജ്നാഥ് സിങ് ഇന്ന് കേരളത്തിലെത്തും

മഴക്കെടുതി വിലയിരുത്താനും പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഇന്ന് (ഓഗസ്റ്റ് 12) ഉച്ചയ്ക്ക് 12.50ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. ഇവിടെ നിന്ന് ഒരു മണിക്ക് ഹെലികോപ്റ്ററിൽ പുറപ്പെട്ട് പ്രളയബാധിത പ്രദേശങ്ങൾ വീക്ഷിക്കും.

ചെറുതോണി, ഇടുക്കി ഡാം, പരിസരപ്രദേശങ്ങൾ, തടിയമ്പാട്, അടിമാലി, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങൾ, ആലുവ, പറവൂർ താലൂക്കുകളിലെ പ്രളയ ബാധിത പ്രദേശങ്ങൾക്കു മുകളിലൂടെയും സഞ്ചരിക്കും. ഉച്ചയ്ക്ക് 2.30ന് തിരിച്ച് വിമാനത്താവളത്തിലെത്തും. 2.35 ന് പറവൂർ താലൂക്കിലെ ക്യാമ്പിലേക്ക് റോഡ് മാർഗം പോകും. നാലു മണി വരെ ക്യാമ്പുകൾ സന്ദർശിക്കും. 4.25ന് സിയാൽ ഓഫീസിലെത്തുന്ന കേന്ദ്ര മന്ത്രി മുഖ്യമന്ത്രി, മന്ത്രിമാർ, എം. പിമാർ, എംഎൽഎമാർ, സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുമായി അഞ്ചിന് ചർച്ച നടത്തും. വൈകിട്ട് 6.10ന് കൊച്ചി എയർപോർട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP