Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടനാട് വീണ്ടും പ്രളയ ഭീതിയിൽ; ഇന്നലെ ഉരുൾ പൊട്ടിയത് ആറു ജില്ലകളിൽ; കൂടുതൽ മരണവും ഇടുക്കിയിലും മലപ്പുറത്തും; ഇതുവരെ സ്ഥിരീകരിച്ചത് 23 പേരുടെ മരണം; കൊച്ചി കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക്; ഇന്നലെ നിലമ്പൂരിൽ മാത്രം പെയ്തത് 40 സെന്റീമീറ്റർ മഴ; പെരുമഴക്ക് കാരണം ഒരേ സമയം ന്യൂനമർദ്ദവും ചുഴലിക്കാറ്റും രൂപപ്പെട്ടത്; ഇന്ന് മഴ നിലച്ചില്ലെങ്കിൽ കേരളം അതിവ പ്രതിസന്ധിയിലാകും

കുട്ടനാട് വീണ്ടും പ്രളയ ഭീതിയിൽ; ഇന്നലെ ഉരുൾ പൊട്ടിയത് ആറു ജില്ലകളിൽ; കൂടുതൽ മരണവും ഇടുക്കിയിലും മലപ്പുറത്തും; ഇതുവരെ സ്ഥിരീകരിച്ചത് 23 പേരുടെ മരണം; കൊച്ചി കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക്; ഇന്നലെ നിലമ്പൂരിൽ മാത്രം പെയ്തത് 40 സെന്റീമീറ്റർ മഴ; പെരുമഴക്ക് കാരണം ഒരേ സമയം ന്യൂനമർദ്ദവും ചുഴലിക്കാറ്റും രൂപപ്പെട്ടത്; ഇന്ന് മഴ നിലച്ചില്ലെങ്കിൽ കേരളം അതിവ പ്രതിസന്ധിയിലാകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളം അതീവ ഗുരുതര പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മഴ കുറയുമെന്ന സർക്കാരിന്റെ പ്രതീക്ഷകൾ അസ്ഥാനമാകുന്നതോടെ കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിലാണ്. മധ്യ കേരളവും വടക്കൻ കേരളവും വലിയ പ്രതിസന്ധിയിലേക്ക് പോവുകയാണ്. മഴ ഉടൻ കുറയാത്ത പക്ഷം വലിയ വെള്ളപ്പൊക്കത്തിലേക്ക് കേരളം നീങ്ങും. എന്നാൽ കാലാവസ്ഥാ പ്രവചനങ്ങൾ ആശങ്ക കൂട്ടുന്നതാണ്. രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് പറയുന്നു. ഇടുക്കിയിൽ മഴ തുടരുമ്പോൾ ഇടുക്കി ഡാം ഇനിയും തുറക്കേണ്ടി വരും. അങ്ങനെ കൊച്ചിയെ വെള്ളത്തിൽ മുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറും. ആലുവ ഇപ്പോൾ തന്നെ വെള്ളത്തിലാണ്. നെടുമ്പാശ്ശേരിയിലെ വിമാന ഗതാഗതത്തേയും വെള്ളപ്പൊക്കം ബാധിക്കും.

കോരിച്ചൊരിയുന്ന മഴയ്ക്കും ഇരച്ചെത്തുന്ന മലവെള്ളത്തിനും ഒപ്പം വിവിധ സ്ഥലങ്ങളിലെ ഉരുൾപൊട്ടലിലും മഴക്കെടുതികളിലുമായി 23 പേർ മരിച്ചു. നാലു പേരെ കാണാതായി. ഇടുക്കിയും (ചെറുതോണി) ലോവർ പെരിയാറും ഇടമലയാറും മലമ്പുഴയും കക്കിയും ഉൾപ്പെടെ സംസ്ഥാനത്തെ 24 അണക്കെട്ടുകൾ തുറന്നതോടെ നദികൾ പലതും കരകവിഞ്ഞു. പാലക്കാട് നഗരവും ആലുവയും വെള്ളത്തിനടിയിലായി. ആലുവ ശിവക്ഷേത്രം മുങ്ങി. വയനാട് ജില്ലയും നിലമ്പൂരും ഇടുക്കി ജില്ലയിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. ഇടുക്കി ജില്ലയിൽ അഞ്ചിടത്തും മലപ്പുറത്ത് പത്തിടത്തും ഉരുൾപൊട്ടി. വയനാട്ടിലും കണ്ണൂരും പത്തനംതിട്ടയിലും പാലക്കാടും ഉരുൾപൊട്ടൽ ഉണ്ടായി. അങ്ങനെ പ്രകൃതിയുടെ കലിതുള്ളതൽ തുടരുമ്പോൾ പകച്ചു നിൽക്കുകയാണ് കേരളം. റോഡ്-റെയിൽ ഗതാഗതങ്ങളേയും താറുമാറാക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ പോകുന്നുണ്ട്.

രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ കൂടുതൽ തീവ്രമായ മഴയ്ക്കും സാധ്യതയുണ്ട്. ഇടുക്കി, പാലക്കാട്, വയനാട് തുടങ്ങിയ മലയോര മേഖലകളിൽ കനത്ത മഴ തുടരുന്നത് ഉരുൾപൊട്ടൽ ഉൾപ്പെടെ അപകടങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു. മഴക്കെടുതിയിൽ ഇന്നലെ ഏറ്റവുമധികം പേർ മരിച്ചത് ഇടുക്കി ജില്ലയിൽ 11 പേർ. മലപ്പുറം (അഞ്ചു പേർ), വയനാട് (മൂന്ന്), എറണാകളും (രണ്ട്), കോഴിക്കോട്, പാലക്കാട് (ഒരാൾ വീതം) എന്നീ ജില്ലകളിലാണ് മറ്റു മരണങ്ങൾ. വിവിധ ജില്ലകളിലായി നാലു പേരെ കാണാതായിട്ടുമുണ്ട്.

കൊച്ചി രാജ്യാന്തരവിമാനത്താവളത്തിൽ വിമാനങ്ങൾ ഇറങ്ങുന്നത് രണ്ടു മണിക്കൂർ നിർത്തിവച്ചു. ഇടമയലയാർ അണക്കെട്ട് തുറന്നതിനെത്തുടർന്ന് പെരിയാറിൽ വെള്ളം ഉയർന്ന് വിമാനത്താവളത്തിൽ കയറിയതിനെത്തുടർന്നാണിത്. ചുരത്തിലെ മണ്ണിടിച്ചിൽ കാരണം വയനാട് കലക്ടർ, കോഴിക്കോട് ജില്ലയിലെ താമരശേരിയിൽ കുടുങ്ങി. കലക്ടറെ വൈകിട്ട് ഹെലികോപ്റ്ററിൽ വയനാട്ടിലെത്തിച്ചു. താമരശേരിക്കു സമീപം കണ്ണപ്പൻകുണ്ടിൽ പുഴ ഗതിമാറിയൊഴുകി ഇരുപതോളം വീടുകൾ ഒലിച്ചുപോയി. കണ്ണൂർ ജില്ലയിൽ 29 ഇടത്ത് ഉരുൾപൊട്ടൽ ഉണ്ടായി.

ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിൽ സൈന്യം

വയനാട്ടിൽ ദുരന്തനിവാരണ അഥോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാനിർദ്ദേശമാണു പുറപ്പെടുവിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനങ്ങൾക്ക് നാവികസേനയുടെ മൂന്നു സംഘവും ഹെലിക്കോപ്റ്ററും രംഗത്തുണ്ട്. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ മൂന്നാമത്തെ ജലസംഭരണിയായ പമ്പ ഡാം തുറക്കുന്നതിനു മുന്നോടിയായി റെഡ് അലർട് പ്രഖ്യാപിച്ചു.

ജലനിരപ്പ് 986 മീറ്റർ കടന്നതിനെ തുടർന്നാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മലമ്പുഴ അണക്കെട്ടിനു സമീപം ഉരുൾപൊട്ടിയതിനു പിന്നാലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിൽ സൈന്യത്തിന്റെ സേവനം തേടി. ദേശീയ ദുരന്തനിവാരണസേന കോഴിക്കോട്ടെത്തി.

കുട്ടനാട് വീണ്ടും പ്രളയഭീതിയിൽ

ഇക്കുറി അപ്പർ കുട്ടനാട് മേഖലയിലാണ് ജലനിരപ്പ് കൂടുതൽ ഉയർന്നത്. പത്തനതിട്ട ജില്ലയിലെ കക്കി, ശബരിഗിരി പദ്ധതിയുടെ ആനത്തോട് അണക്കെട്ടുകൾ തുറന്നതാണ് സ്ഥിതി രൂക്ഷമാക്കിയത്. ഇതിനുപുറമേ പമ്പ, അച്ചൻകോവിൽ, മണിമലയാർ, മീനച്ചിൽ എന്നീ നദികൾ നിറഞ്ഞുകവിഞ്ഞതും ജലനിരപ്പുയർത്തി.

വീയപുരം, ചെറുതന, പള്ളിപ്പാട്, കരുവാറ്റ, ചേപ്പാട്, തൃക്കുന്നപ്പുഴ, കുമാരപുരം, തകഴി, പുളിങ്കുന്ന്, കൈനകരി, എടത്വ, തലവടി, നിരണം, ചമ്പക്കുളം, രാമങ്കരി, മുട്ടാർ, നെടുമ്പ്രം, കടപ്ര, എടനാട്, മുണ്ടങ്കാവ്, മംഗലം, പാണ്ടനാട്, തിരുവൻവണ്ടൂർ, കരട്ടിശ്ശേരി, മാന്നാർ എന്നിവിടങ്ങളിൽ ജലനിരപ്പുയരാൻ സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യോഗം വിലയിരുത്തി. ഈ പ്രദേശങ്ങളിലെ നിവാസികൾ ജാഗ്രതപാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പകർച്ചവ്യാധികൾ പിടിക്കാതിരിക്കാൻ ആവശ്യമായ മരുന്നുകൾ എല്ലാം ശേഖരിച്ചുവയ്ക്കാൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി.

ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. ആലപ്പുഴ ചങ്ങാനാശ്ശേരി റോഡിൽ വെള്ളം വറ്റിച്ച് ഗതാഗതമൊരുക്കുന്ന ശ്രമം അന്തിമഘട്ടത്തിലായിരുന്നു. എന്നാൽ, വീണ്ടുമെത്തിയ മലവെള്ളപ്പാച്ചിൽ പ്രതീക്ഷ തകർത്തു. 24 കിലോമീറ്റർ നീളമുള്ള റോഡിന്റെ രണ്ടു കിലോമീറ്റർ ഭാഗം വെള്ളത്തിനടിയിലാണ്. കൂടുതൽ സ്ഥലങ്ങളിലേക്ക് വെള്ളം കയറാനുള്ള സാധ്യതയുമുണ്ട്. 

കൊച്ചിയിൽ കുടിവെള്ളം മുട്ടും

കനത്ത മഴയുടെ ദുരിതങ്ങൾക്കിടെ പെരിയാറിൽ ചെളിയുടെ അളവു ക്രമാതീതമായി വർധിച്ചതിനെ തുടർന്നു കൊച്ചി കോർപറേഷൻ പ്രദേശത്തു വെള്ളം എത്തിക്കുന്ന രണ്ടു പമ്പ് ഹൗസുകളിൽ ഒന്നിന്റെ പ്രവർത്തനം നിർത്തി. ഇതോടെ കുടിവെള്ളത്തിനും കൊച്ചിയിൽ ക്ഷാമമുണ്ടാകും. നേരത്തെ പാലക്കാട് ജലവിതരണ പൈപ്പ് പൊട്ടിയത് പ്രതിസന്ധിയായിരുന്നു. അതിന് അപ്പുറത്തേക്കാണ് കൊച്ചിയിലെ പ്രശ്‌നങ്ങൾ.

പുഴവെള്ളത്തിൽ ചെളി 400 എൻടിയു (നെഫ്‌ളോമാറ്റിക് ടർബിഡിറ്റി യൂണിറ്റ്) വരെ ഉയർന്നു. ജലശുദ്ധീകരണശാലയിലെ ശുദ്ധജല ഉത്പാദനം പകുതിയായി കുറഞ്ഞു. 290 എംഎൽഡിയാണ് പ്രതിദിന ഉത്പാദന ശേഷി. 2013ൽ ഇടമലയാർ അണക്കെട്ടു തുറന്നപ്പോൾ ചെളി 220 എൻടിയു വരെ എത്തിയിരുന്നു. അന്നു പക്ഷേ, കൂടിയ പോലെ പെട്ടെന്നു ചെളി കുറയുകയും ചെയ്തു. ഇത്തവണ കുറയുന്നില്ല. ചെളി കുറഞ്ഞില്ലെങ്കിൽ മറ്റു രണ്ടു പമ്പ് ഹൗസുകളുടെ പ്രവർത്തനവും നിർത്തേണ്ടിവരും.

അല്ലെങ്കിൽ വാട്ടർ ബെഡുകളും മോട്ടോറുകളും തകരാറിലാകും. ചെളി എത്ര കൂടിയാലും ആലവും കുമ്മായവും കലർത്തി അഞ്ച് എൻടിയുവിലേക്കു താഴ്‌ത്തിയാണു വിതരണം ചെയ്യുക. ജലശുദ്ധീകരണശാലയിൽ ഇപ്പോൾ ആലം വേണ്ടത്ര സ്റ്റോക്കില്ല എന്നതും പ്രശ്‌നമാണ്. അങ്ങനെ ഗുരുതരമാണ് പ്രശ്‌നം.

നിലമ്പൂരിൽ റെക്കോർഡ് മഴ

ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്ത് റെക്കോർഡ് മഴ പെയ്തത് നിലമ്പൂരിൽ 40 സെന്റീമീറ്റർ. മാനന്തവാടിയിൽ 30 സെന്റീമീറ്ററും മൂന്നാറിൽ 25 സെന്റീമീറ്ററും രേഖപ്പെടുത്തി. പാലക്കാട്ടും ഇടുക്കിയിലെ മൈലാടുംപാറയിലും 21 സെന്റീമീറ്ററാണ് പേമാരിയുടെ കണക്ക്. മണ്ണാർക്കാട് (17 സെമീ), ചിറ്റൂർ (15), അമ്പലവയൽ (11), ഇടുക്കി (9), കുറ്റ്യാടി (9), കോന്നി (8) എന്നിങ്ങനെയാണു മറ്റിടങ്ങളിലെ മഴ.

1961 ഒക്ടോബറിലെ ഒരു ദിവസം. വൈത്തിരിയിൽ പെയ്ത 91 സെന്റിമീറ്റർ മഴ കേരളചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ്. 1941 ജൂണിലെ ഒരു ദിവസം പെയ്ത 32 സെന്റീമീറ്ററാണ് ഇതിനു മുമ്പ് നിലമ്പൂരിൽ ലഭിച്ച റെക്കോർഡ് മഴ. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴയും പ്രകൃതിക്ഷോഭവും തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും ദുരന്തനിവാരണത്തിന് സജ്ജമാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. പൊലീസ് സ്വീകരിക്കുന്ന സുരക്ഷാ നടപടികൾക്ക് എല്ലാ പിന്തുണയും നൽകണമെന്നും സോഷ്യൽ മീഡിയ വഴിയും മറ്റും വ്യാജവാർത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നും അത്തരം വ്യാജ വാർത്തകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സ്റ്റേറ്റ് പൊലീസ് മോണിറ്ററിങ് റൂം കൺട്രോൾ റൂമായി പ്രവർത്തിക്കും. ആവശ്യമായ സ്ഥലങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കുന്നതിനുള്ള നടപടികൾ മേഖലാ റേഞ്ച് ഐജി മാരുടേയും ജില്ലാ പൊലീസ് മേധാവിമാരുടേയും നേതൃത്വത്തിൽ ചെയ്യണമെന്ന് നിർദ്ദേശിച്ചു. പുതുതായി പാസിങ് ഔട്ട് കഴിഞ്ഞ വനിതാ കമാൻഡോകളും ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കെടുക്കും.

പട്ടാമ്പി പാലം അടച്ചു

ഭാരതപ്പുഴയിൽ ജലനിരപ്പുയർന്നതിനെത്തുടർന്ന് പട്ടാമ്പി പാലത്തിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചു. പൊതുമരാമത്ത് വകുപ്പ് എക്‌സി. എൻജിനീയറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പാലത്തിന്റെ രണ്ട് ഭാഗത്തും പൊലീസ് കയർ കെട്ടിയാണ് നിരോധനമേർപ്പെടുത്തിയത്.

പാലം കടന്നു പോകേണ്ട വാഹനങ്ങൾ മറ്റ് വഴികളിലൂടെ തിരിച്ചുവിട്ടു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. നിരോധനത്തിന് കാലയളവ് തീരുമാനിച്ചിട്ടില്ലെന്നും ഒഴുക്ക് കുറയുന്നതിനനുസരിച്ച് നിരോധനം നീക്കുമെന്നും പൊലീസ് അറിയിച്ചു. 

സ്‌കൂളുകൾക്കും അവധി തുടരും

കനത്ത മഴയെത്തുടർന്ന് പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വയനാട് ജില്ലയിലെ പ്രഫഷനൽ കോളജുകളും എംആർഎസുകളും ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. മറ്റു ജില്ലകളിൽ ചില താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയുണ്ട്. കണ്ണൂർ, എംജി, ആരോഗ്യ സർവകലാശാലകളിലെ പരീക്ഷകൾ മാറ്റി.

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വെള്ളിയാഴ്ചത്തേക്കു പ്രഖ്യാപിച്ച അവധി പ്രഫഷനൽ കോളജ്, മോഡൽ റസിഡൻഷ്യൽ സ്‌കൂൾ(എംആർഎസ്) എന്നിവ ഒഴികെയുള്ള സ്ഥാപനങ്ങൾക്കായി കലക്ടർ പരിമിതപ്പെടുത്തി. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾക്കും അങ്കണവാടികൾക്കും അവധിയുണ്ട്. ഐടിഐകളിൽ നടത്താനിരുന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റും മാറ്റിവച്ചു മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്ക്, ഏറനാട് താലൂക്കിലെ അഞ്ച് പഞ്ചായത്തുകൾ(എടവണ്ണ, ഊർങ്ങാട്ടിരി, അരീക്കോട്, കീഴുപറമ്പ് , പാണ്ടിക്കാട്) കൊണ്ടോട്ടി താലൂക്കിലെ നാലു പഞ്ചായത്തുകൾ (വാഴക്കാട്, വാഴയൂർ, മുതുവല്ലൂർ, ചീക്കോട്) എന്നിവിടങ്ങളിലെ പ്രഷനൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്നു കലക്ടർ അറിയിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾക്കും അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിലെയും നാദാപുരം, കുന്നുമേൽ, ബാലുശ്ശേരി, മുക്കം, പേരാമ്പ്ര വിദ്യാഭ്യാസ ഉപജില്ലകളിലെയും പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കു അവധി ബാധകമാണ്.

എറണാകുളത്ത് കോതമംഗലം, കുന്നത്തുനാട്, ആലുവ, പറവൂർ താലൂക്കുകളിലെ പ്രഫഷനൽ കോളജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. കടമക്കുടി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങൾക്കും അവധിയായിരിക്കും. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്‌കൂളുകൾ, കേന്ദ്രീയവിദ്യാലയങ്ങൾ, അംഗനവാടികൾ എന്നിവയ്‌ക്കെല്ലാം അവധി ബാധകമാണ്. കളമശ്ശേരി നഗരസഭ, ചേരാനല്ലൂർ ഗ്രാമപഞ്ചായത്തുകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയുണ്ട്.

തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. അങ്കണവാടികൾക്കും അവധി ബാധകമാണ്. ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന മറ്റു സ്‌കൂളുകൾക്കും അവധി ബാധകമാണ്. കണ്ണൂർ സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. ആരോഗ്യ സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന അവസാന വർഷ ബിഎസ്എംഎസ് ബിരുദ സപ്ലിമെന്ററി പരീക്ഷ ഒഴികെയുള്ള എല്ലാ തിയറി പരീക്ഷകളും മാറ്റിവെച്ചു. പ്രായോഗിക പരീക്ഷകൾക്കു മാറ്റമില്ല. പുതുക്കിയ പരീക്ഷാ തീയതി പിന്നീട്.

എംജി സർവകലാശാല വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം നടത്താനിരുന്ന പരീക്ഷകളും ശനിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട്. എറണാകുളം, ഇടുക്കി ജില്ലകളിലെ ഐടിഐകളിൽ 10നും 11നും നടത്താനിരുന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് മാറ്റിവച്ചു.

ഇത് അപ്രതീക്ഷിത മഴ

ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് ഒമ്പതുവരെ സംസ്ഥാനത്ത് ലഭിച്ചത് 1805.31 മില്ലീമീറ്റർ മഴ. സാധാരണയിലും 18.61 ശതമാനം അധികം. ഇക്കാലയളവിൽ 1522 മില്ലീമീറ്റർ മഴ ലഭിക്കണമെന്നാണ് കണക്ക്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 30 ശതമാനം മഴ കുറവാണ് ലഭിച്ചത്.

2013-നുശേഷം ആദ്യമായാണ് ജൂൺ-ജൂലായ് മാസങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നത്. സാധാരണയിലും 20 ശതമാനത്തിൽ കൂടുതൽ മഴ 2013-ൽ ലഭിച്ചിരുന്നു. എന്നാൽ, ഇതിനുശേഷം കുറച്ചുവർഷങ്ങളായി ജൂൺ-ജൂലായ് മാസങ്ങളിൽ ലഭിക്കുന്ന മഴ കുറവായിരുന്നു. ഓഗസ്റ്റ് പകുതിമുതൽ സെപ്റ്റംബർവരെയായിരുന്നു മൺസൂൺ ശക്തിപ്രാപിച്ചിരുന്നത്.

സംസ്ഥാനത്തെ റെക്കോഡ് മഴ വ്യാഴാഴ്ച നിലമ്പൂരിലാണ് രേഖപ്പെടുത്തിയത്. 398 മില്ലീമീറ്റർ മഴയാണ് ഒരുദിവസംകൊണ്ട് ഇവിടെ പെയ്തത്. മാനന്തവാടിയിലും ശക്തമായ മഴ ലഭിച്ചു. 321.6 മില്ലീമീറ്റർ. 1941-നുശേഷം മാനന്തവാടിയിൽ ലഭിക്കുന്ന ശക്തമായ മഴയാണ് ഇതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. ഇടുക്കിയിലും 50 ശതമാനത്തിലധികം മഴ ലഭിച്ചു.

സംസ്ഥാനത്ത് നിലവിൽ ചെറിയ ഇടവേളകളിൽ കൂടുതൽ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. ന്യൂനമർദം, അന്തരീക്ഷച്ചുഴി, പടിഞ്ഞാറൻകാറ്റിന്റെ ശക്തി എന്നിവയും പ്രാദേശിക ഘടകങ്ങളും മൺസൂൺ കനക്കാൻ കാരണമായതായി വിലയിരുത്തുന്നു. അതേസമയം കാസർകോട് ഇപ്പോഴും 20 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തൃശ്ശൂരിൽ 7.8 ശതമാനം കുറവും രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP