Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിഗ്നൽ കിട്ടുംമുമ്പ് മുന്നോട്ടെടുത്ത എൻജിൻ അബദ്ധം മനസ്സിലായപ്പോൾ പിന്നോട്ടുനീക്കി; പോയിന്റ് മെഷീൻ കടന്ന എൻജിൻ പിന്നോട്ട് മാറ്റിയതോടെ പാടെ തകരാറിലായത് പ്രധാന സിഗ്നൽ സംവിധാനം; ലോക്കോ പൈലറ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായ ഗുരുതര വീഴ്ചയെന്ന നിഗമനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവെ; തമ്പാനൂരിൽ ഇന്നലെ മണിക്കൂറുകളോളം ട്രെയിനുകൾ വൈകിയത് ഇങ്ങനെ

സിഗ്നൽ കിട്ടുംമുമ്പ് മുന്നോട്ടെടുത്ത എൻജിൻ അബദ്ധം മനസ്സിലായപ്പോൾ പിന്നോട്ടുനീക്കി; പോയിന്റ് മെഷീൻ കടന്ന എൻജിൻ പിന്നോട്ട് മാറ്റിയതോടെ പാടെ തകരാറിലായത് പ്രധാന സിഗ്നൽ സംവിധാനം; ലോക്കോ പൈലറ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായ ഗുരുതര വീഴ്ചയെന്ന നിഗമനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവെ; തമ്പാനൂരിൽ ഇന്നലെ മണിക്കൂറുകളോളം ട്രെയിനുകൾ വൈകിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിഗ്നൽ നൽകുന്നതിന് മുമ്പ് ലോക്കോപൈലറ്റ് എൻജിൻ മുന്നോട്ടു നീക്കുകകയും പിശകുപറ്റിയെന്് തോന്നിയപ്പോൾ എൻജിൻ പിന്നോട്ടെടുക്കുകയും ചെയ്തതോടെ പ്രധാന സിഗ്നൽ സംവിധാനം ആകെ താറുമാറായതാണ് ഇന്നലെ തലസ്ഥാനത്ത് ട്രെയിൻഗതാഗതം പാടെ താറുമാറാവാൻ കാരണമായതെന്ന് റെയിൽവെ സ്ഥിരീകരിച്ചു. ഇതോടെ ഇന്നലെ രാവിലെ മണിക്കൂറുകളോളം വിവിധ ട്രെയിനുകൾ പല സ്റ്റേഷനുകളിലായി പിടിച്ചിടേണ്ടിവരികയും യാത്രക്കാർ ഏറെ വലയുകയും ചെയ്തിരുന്നു.

സിഗ്‌നൽ തെറ്റിച്ചു നീങ്ങിയ ട്രെയിൻ എൻജിൻ തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സിഗ്‌നൽ പാടെ തകരാറിലാക്കുകയായിരുന്നു. രാവിലെ 9.30നു സിഗ്‌നൽ സംവിധാനം തകർന്നതോടെ, ഇവിടേക്ക് എത്തിയ ട്രെയിനുകളെ മുരുക്കുംപുഴ വരെയുള്ള വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടേണ്ടിവന്നു. മൂന്നു പ്ലാറ്റ്ഫോമുകളിലേക്കുള്ള സിഗ്‌നൽ പൂർണമായും നഷ്ടമാവുകയും ചെയ്തു. ഇതോടെ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് റെയിൽവെ.

റെയിൽവേ പൊലീസ് സ്റ്റേഷനു സമീപത്തു ലോക്കോ എൻജിനുകൾ നിർത്തിയിടുന്ന ലേ ബൈ ലൈനിലാണ് ലോക്കോ പൈലറ്റ് എൻജിൻ സിഗ്നൽ തെറ്റിച്ച് മുന്നോട്ടും പിന്നീട് പിന്നോട്ടും നീക്കിയത്. യാത്ര കഴിഞ്ഞെത്തിയ എൻജിന് 200 മീറ്റർ നീളമുള്ള പാളത്തിലേക്കു കടക്കാൻ സിഗ്‌നൽ നൽകിയിരുന്നില്ല. ഇതു ശ്രദ്ധിക്കാതെ ലോക്കോ പൈലറ്റ് എൻജിൻ മുന്നോട്ടു നീക്കി. പാളങ്ങൾ യോജിക്കുന്ന ഭാഗത്ത് എത്തിയപ്പോഴേക്കും സിഗ്‌നൽ ലഭിച്ചിരുന്നു. എന്നാൽ ഇതു മനസ്സിലാക്കാതെ, റെഡ് സിഗ്‌നലാണെന്ന ധാരണയിൽ ലോക്കോപൈലറ്റ് എൻജിൻ പിന്നോട്ടു നീക്കിയതോടെ സ്റ്റേഷനിലേക്കു തീവണ്ടികളെ സ്വീകരിക്കുന്ന പ്രധാന സിഗ്‌നൽ സംവിധാനം പൂർണമായും തകരാറിലാവുകയായിരുന്നു.

ഇതുകാരണം ഇന്റർസിറ്റി, വഞ്ചിനാട്, കന്യാകുമാരി മെമു, ട്രിവാൻഡ്രം മെയിൽ തുടങ്ങിയ തീവണ്ടികൾ വിവിധ സ്റ്റേഷനുകളിൽ നിർത്തിയിട്ടു. 11 മണിക്കു ശേഷമാണു സെൻട്രൽ സ്റ്റേഷനിൽ ട്രെയിനുകൾ എത്തിയത്. സിഗ്‌നൽ ക്യാബിനിൽ നിന്നുള്ള റിസീവിങ് സിഗ്‌നൽ പേട്ട മുതലാണു സജ്ജീകരിച്ചിട്ടുള്ളത്. ഒരോ തീവണ്ടിക്കും സ്റ്റേഷന്മാസ്റ്റർമാർ നേരിട്ടു സിഗ്‌നൽ നൽകി സ്വീകരിക്കേണ്ടിവന്നു. ഇത്തരത്തിൽ ഒരു തീവണ്ടി സ്റ്റേഷനിൽ എത്തിക്കാൻ ഏകദേശം 45 മിനിറ്റ് വേണ്ടിവന്നു.

അപ്രതീക്ഷിതമായി ഉണ്ടായ പ്രശ്‌നത്തിൽ യാത്രക്കാർ ശരിക്കും വലഞ്ഞു. പിടിച്ചിട്ട തീവണ്ടികളിൽ ഏറെപ്പേരും വെള്ളം പോലും ലഭിക്കാതെ മണിക്കൂറുകൾ കഴിയേണ്ടിവന്നു. ഇത്തരമൊരു സ്ഥിതിയുണ്ടായ കാര്യവും സിഗ്‌നൽ തകരാർ പരിഹരിക്കാൻ വൈകുമെന്ന വിവരവും യാത്രക്കാരെ അറിയിക്കാൻ റെയിൽവേക്ക് കഴിഞ്ഞതുമില്ല.

ഏതായാലും ഇത്തരമൊരു സംഭവം ഉണ്ടാവുകയും സിഗ്നൽ സംവിധാനം തകരുകയും ചെയ്തതിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് റെയിൽവെ. ലോക്കോപൈലറ്റിന്റെ വീഴ്ചയെന്നാണു പ്രാഥമിക നിഗമനം. ലോക്കോ എൻജിനുകൾ നിർത്തിയിടുന്ന ട്രാക്കിൽ സിഗ്‌നൽ തിരിച്ചറിയുന്നതിലുള്ള ആശയക്കുഴപ്പമാണു പ്രശ്‌നമായത്.

ട്രാക്കുകൾ വിഭജിക്കുന്ന സ്ഥലത്തു സിഗ്‌നൽ സംവിധാനത്തിന്റെ ഭാഗമായുള്ള പോയിന്റ് മെഷീൻ കടന്നാണ് എൻജിൻ മുന്നോട്ട് നീങ്ങിയത്. പോയിന്റ് മെഷീൻ കടന്നാൽ ട്രാക്കിൽ എൻജിനില്ല എന്നു സിഗ്‌നൽ സംവിധാനത്തിൽ ഓട്ടോമാറ്റിക് ആയി രേഖപ്പെടുത്തും. ഈ സ്ഥിതി വന്നാൽ പിന്നെ ട്രെയിൻ പിന്നോട്ടു നീക്കാൻ അനുവാദമില്ല. എന്നാൽ പിശകുപറ്റിയെന്ന് തോന്നി ലോക്കോ പൈലറ്റ് എൻജിൻ പിന്നോട്ടെടുക്കുകയും അതോടെ പ്രശ്‌നമാവുകയുമായിരുന്നു.

ഇങ്ങനെ സംഭവിച്ചാൽ അസ്വാഭാവിക ചലനമെന്ന രീതിയിൽ പോയിന്റ് മെഷീൻ വഴി യാർഡിലെ മുഴുവൻ സിഗ്‌നൽ സംവിധാനവും പ്രവർത്തരഹിതമാകും. ഇതു സുരക്ഷാ മുൻകരുതലെന്ന നിലയിലുള്ള നടപടിയാണ്. സിഗ്‌നൽ പ്രവർത്തന രഹിതമായില്ലെങ്കിൽ അപകടങ്ങൾക്കു വഴിവെക്കും എന്നതിനാലാണ് ഇത്തരമൊരു മുൻകരുതൽ. എന്നാൽ പിന്നീട് പോയിന്റ് മെഷീൻ പൂർവസ്ഥിതിയിലാക്കുക വളരെ ശ്രമകരമാണ്. ഇതിന് കാലതാമസം വന്നതുകൊണ്ടാണ് ഇന്നലെ മണിക്കൂറുകൾ ട്രെയിനുകൾ സ്റ്റേഷനിലേക്ക് എത്തിക്കാൻ ബുദ്ധിമുട്ട് നേരിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP