Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

എസ് എം കൃഷ്ണ ബിജെപി പക്ഷത്തേക്ക് ചാഞ്ഞപ്പോഴും സിദ്ധാർത്ഥ് അടുപ്പം തുടർന്നത് ഡി കെ ശിവകുമാറുമായി; അമിത്ഷായുടെ കണ്ണിൽ കരടായ ഡികെഎസിനെ പൂട്ടാൻ ആദായനികുതി റെയ്ഡുകൾ തുടർച്ചയായി എത്തിയതോടെ കഫേ കോഫി ഡേയിലേക്കും അന്വേഷണമെത്തി; ഉന്നമിട്ടത് ശിവകുമാറിനെയെങ്കിലും പരിക്കേറ്റത് സിദ്ധാർത്ഥിന്; മൈൻഡ് ട്രീയിലെ ഷെയറുകൾ വിറ്റ് ബാധ്യത തീർക്കാനുള്ള ശ്രമവും പൊളിഞ്ഞത് ഇൻകംടാക്സ് ഉദ്യോഗസ്ഥർ അസാധാരണ തിടുക്കത്തിൽ: സിദ്ധാർത്ഥയുടെ പതനത്തിലേക്ക് നയിച്ചത് ഡികെഎസുമായുള്ള സൗഹൃദം

എസ് എം കൃഷ്ണ ബിജെപി പക്ഷത്തേക്ക് ചാഞ്ഞപ്പോഴും സിദ്ധാർത്ഥ് അടുപ്പം തുടർന്നത് ഡി കെ ശിവകുമാറുമായി; അമിത്ഷായുടെ കണ്ണിൽ കരടായ ഡികെഎസിനെ പൂട്ടാൻ ആദായനികുതി റെയ്ഡുകൾ തുടർച്ചയായി എത്തിയതോടെ കഫേ കോഫി ഡേയിലേക്കും അന്വേഷണമെത്തി; ഉന്നമിട്ടത് ശിവകുമാറിനെയെങ്കിലും പരിക്കേറ്റത് സിദ്ധാർത്ഥിന്; മൈൻഡ് ട്രീയിലെ ഷെയറുകൾ വിറ്റ് ബാധ്യത തീർക്കാനുള്ള ശ്രമവും പൊളിഞ്ഞത് ഇൻകംടാക്സ് ഉദ്യോഗസ്ഥർ അസാധാരണ തിടുക്കത്തിൽ: സിദ്ധാർത്ഥയുടെ പതനത്തിലേക്ക് നയിച്ചത് ഡികെഎസുമായുള്ള സൗഹൃദം

മറുനാടൻ ഡെസ്‌ക്‌

ബെഗളൂരു: കോഫി കിങ് എന്നറിയപ്പെട്ട കഫേ കോഫിഡേ ഉടമസ്ഥൻ വി.ജി സിദ്ധാർത്ഥ ജീവനൊടുക്കിയതിന് പിന്നിൽ കർണാടകത്തിലെ പവർ പൊളിട്ടിക്‌സുമുണ്ടെന്ന ആക്ഷേപം ശക്തമാകുന്നു. കോൺഗ്രസ് -ജെഡിഎസ് സർക്കാർ താഴെ വീണതിന് പിന്നാലെയാണ് സിദ്ധാർത്ഥ് ആത്മഹത്യ ചെയ്യുന്നത് എന്നതാണ് ആരോപണങ്ങളുടെ മൂർച്ച കൂട്ടുന്നത്. കർണാടകത്തിലെ ബിജെപിയുടെ ഒന്നാം നമ്പർശത്രുവായ കോൺഗ്രസ്സ് നേതാവ് ഡികെ ശിവകുമാറുമായുണ്ടായിരുന്ന അടുത്ത ബന്ധമാണ് സിദ്ധാർത്ഥിന്റെ പതനത്തിലേക്ക് നയിച്ചത് എന്നാണ് ബെഗളൂരുവിലെ രാഷ്ട്രീയ വലയങ്ങളിൽ സംസാരം.

സംസ്ഥാനത്തെ കോൺഗ്രസ്സിന്റെ ഏറ്റവും ശക്തരായ നേതാക്കളിലൊരാളാണ് ഡികെ ശിവകുമാർ. സിദ്ധാർത്ഥയുടെ ഭാര്യാപിതാവും മുൻ മുഖ്യമന്ത്രിയുമായ എസ് എം കൃഷ്ണയുടെ അരുമശിഷ്യനായിരുന്നു ഡികെഎസ്. എസ് എം കൃഷണ പിന്നീട് ബിജെപിയിൽ ചേർന്നെങ്കിലും സിദ്ധാർത്ഥയും ഡികെഎസും തമ്മിലുള്ള വ്യക്തിബന്ധം തുടർന്നു. കോൺഗ്രസ് പക്ഷത്തു നിലയുറപ്പിച്ച സിദ്ധാർത്ഥ് ഫണ്ടിടപാടുകൾ നടത്തിയിരുന്നു എന്നാണ് സൂചന. സിദ്ധാർത്ഥയുടെ കടബാധ്യത എല്ലാവർക്കും അറിയാമായിരുന്നു. പക്ഷേ ശിവകുമാറിനെ ലക്ഷ്യം വെച്ചുള്ള ബിജെപി നീക്കങ്ങൾക്ക് ഇരയാകേണ്ടി വന്നത് സിദ്ധാർത്ഥായിരുന്നു എന്നു മാത്രം. ശിവകുമാറിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം ഉയർത്തി ആദായനികുതി വകുപ്പ് വേട്ടയാടിയപ്പോൾ ഈ കുരുക്കിലേക്ക് സിദ്ധാർത്ഥയെയും വീഴുകയായിരുന്നു.

സിദ്ധാർത്ഥയ്ക്കെതിരെ ഇൻകം ടാക്സ് തുടക്കമിട്ട അന്വേഷണങ്ങൾ യഥാർഥത്തിൽ ലക്ഷ്യം വച്ചത് ഡികെ ശിവകുമാറിനെയാണെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഇരുവരും തമ്മിലുള്ള സൗഹൃദവും കോൺഗ്രസിനോടുള്ള അടുപ്പവുമാണ് സിദ്ധാർത്ഥിന് വിനയായത്. അഴിമതി ആരോപണങ്ങൾ നേരിടുന്ന ഡികെഎസ് കർണാടകയിലെ ഏറ്റവും സമ്പന്നരായ രാഷ്ട്രീയ നേതാക്കളിലൊരാൾ കൂടെയാണ്. 2017 ൽ രാജ്യസഭയിലേക്ക് അഹ്മദ് പട്ടിലേൽ വീണ്ടും തിരഞ്ഞെടുക്കപ്പെടാൻ ബെംഗളൂരുവിലെ റിസോർട്ടിൽ ഗുജറാത്തിൽ നിന്നുമുള്ള 44 കോൺഗ്രസ്സ് എംഎൽഎമാരെ സൂക്ഷിച്ചത് ശിവകുമാറാണ്. കഴിഞ്ഞ വർഷം നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രതീക്ഷകളെ തകർത്ത് കോൺഗ്രസ്സ് - ജെഡിഎസ് സംഖ്യം അധികാരത്തിൽ വന്നതിനു പിന്നിലും ശിവകുമാറിന്റെ ചാണക്യതന്ത്രങ്ങളായിരുന്നു.

ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിനെ സിദ്ധാർത്ഥയിലേക്ക് വഴി തിരിച്ചുവിട്ടത് ഡികെഎസിന്റെ സാമ്പത്തിക ഉപദേഷ്ടാവ് എൻ ചന്ദ്രശേഖർ സുകാപുരിയെക്കെതിരെ ആരംഭിച്ച അന്വേഷണങ്ങളായിരുന്നു. ഒരു വ്യക്തിയിൽ തുടങ്ങുന്ന അന്വേഷണം മറ്റൊരാളിലേക്കു നീളുന്നത് സാധാരണമാണ്, അത്തരമൊരു സന്ദർഭമായിരുന്നു ഇതെന്നാണ് ബുധനാഴ്ച വിരമിച്ച കർണാടക-ഗോവ മേഖലയിലെ ആദായനികുതി പ്രിൻസിപ്പൽ കമ്മീഷണർ ബി ആർ ബാലകൃഷ്ണൻ പറയുന്നത്. താൻ എഴുതിയ ആത്മഹത്യക്കുറിപ്പിൽ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് മുൻ ഡിറക്ടർ ജെനറൽ തന്നെ നിരന്തരം ഉപദ്രവിക്കുകയാരുന്നവെന്ന് സിദ്ധാർത്ഥ പറയുന്നുണ്ട്.

കോൺഗ്രസിന്റെ സാമ്പത്തിക സ്‌ത്രോതസ്സുകളെ അടയ്ക്കാൻ ലക്ഷ്യമിട്ടാണ് ബിജെപി ഡി കെ ശിവകുമാറിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ, ഇതിലെ അന്വേഷണം നീങ്ങിയത് സിദ്ധാർത്ഥയിലേക്കുമായിരുന്നു. അതുകൊണ്ടൊണ് ബിജെപി നേതാവ് എസ്എം കൃഷ്ണയുടെ മരുമകനായിട്ടും സിദ്ധാർത്ഥയെ ആദായനികുതി വകുപ്പ് വേട്ടയാടിയത്. ഇതിന് പിന്നിൽ ബിജെപി ദേശീയ രാഷ്ട്രീയത്തിലെ അതികായൻ അമിത്ഷായാണെന്ന ആക്ഷേപവും ഉയർന്നിരുന്നു. ബി ആർ ബാലകൃഷ്ണൻ ആയിരുന്നു സിദ്ധാർത്ഥയ്ക്കെതിരെയുള്ള അന്വേഷണങ്ങൾക്ക് നേതൃത്വം കൊടുത്ത മുൻ ഡിജി. സിദ്ധാർത്ഥയുടെ ബിസിനസ് ഇടപാടുകൾ സംബന്ധിച്ച് താൻ നടത്തിയ അന്വേഷണം ന്യായീകരിച്ച ബാലകൃഷ്ണൻ സിദ്ധാർത്ഥയെ താൻ ഉപദ്രവിക്കുകയായിരുന്നെന്ന ആരോപണം നിഷേധിച്ചു. സിദ്ധാർത്ഥ് ആത്മഹത്യാ കുറിപ്പിൽ കുറിച്ചത് ആദായ നികുതി വകുപ്പിനെതിരായായിരുന്നു.

2017 ഓഗസ്റ്റ് 2 നാണ് ഡികെഎസിന്റെയും സുകാപുരിയുടെയും ഓഫീസുകളിൽ ഒരേസമയം ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് തിരച്ചിൽ നടത്തുന്നത്. സുകാപുരി കഫേ കോഫി ഡേ ലിമിറ്റഡുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ പുറത്തു വരുന്നത് അങ്ങനെയായിരുന്നെന്ന് ഇൻകം ടാക്സ് ഉദ്യോഗസ്ഥർ പറയുന്നു. അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ മൈൻഡ്ട്രീ എന്ന ഐടി കമ്പനിയിടെ സിദ്ധാർത്ഥയുടെ 20% ഷെയറുകൾക്കെതിരെ നടപടി സ്വീകരിക്കാൻ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് തിടുക്കം കാണിക്കുകയായിരുന്നുവെന്ന് കോൺഗ്രസ്സ് എംപിയും ശിവകുമാറിന്റെ സഹോദരനുമായ ഡികെ സുരേഷ് ആരോപിക്കുന്നു.

്അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ സ്വത്തുവകകൾ കണ്ടുകെട്ടരുതെന്നാണ് നിയമം. ശരിയായ നിയമക്രമങ്ങൾ പാലിക്കാതെയാണ് മൈൻഡ്ട്രീയിൽ സിദ്ധാർത്ഥയ്ക്കുണ്ടായിരുന്ന ഷെയർ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് കണ്ടുകെട്ടുന്നത്. തന്റെ വൻ കടബാധ്യതയിൽ നിന്നും രക്ഷപെടാൻ ഈ ഷെയറുകൾ വിറ്റു പണം കണ്ടെത്താൻ പദ്ധതിയിട്ടിരുന്ന സിദ്ധാർത്ഥയ്ക്ക് ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ നടപടി വൻ തിരിച്ചടിയായി. ഡികെഎസിനും മറ്റു നാലു പേർക്കുമെതിരെ ഡിപ്പാർട്ട്മെന്റ് ഫയൽ ചെയ്ത കേസ് കോടതിയിലാണ്.

ശിവകുമാറിന്റെ കേസുമായി സിദ്ധാർത്ഥയെ പങ്കു ചേർക്കാനായിരുന്നു ഇൻകം ടാക്സ ഉദ്യോഗസ്ഥരുടെ ശ്രമം. പക്ഷേ സിദ്ധാർത്ഥയെ വിചാരണ ചെയ്യാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല്. സിദ്ധാർത്ഥയെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത് ജനുവരിയിൽ മൈൻഡ്ട്രീയുടെ 74.9 ലക്ഷം ഷെയറുകൾ ഇൻകം ടാക്സ് കണ്ടുകെട്ടിയതായിരുന്നു. ഇത് തന്റെ ഷെയറുകൾ വിൽക്കുന്നതിൽ നിന്നും സിദ്ധാർത്ഥയെ തടഞ്ഞു. ഇതാണ് സിദ്ധാർത്ഥിന്റെ സാമ്പത്തിക നില വീണ്ടും പരുങ്ങലിലാക്കിയത്.

480 കോടിയോളം കണക്കിൽ പെടാത്ത വരുമാനം ഉണ്ടാക്കിയെന്ന് സിദ്ധാർഥ ആദായനികുതി വകുപ്പിന് മുന്നിൽ സമ്മതിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ചത്തെ (ജൂലൈ 27) തീയതിയിൽ കഫേ കോഫി ഡേയിലെ ജീവനക്കാർക്കായി സിദ്ധാർഥ എഴുതിയ സന്ദേശമെന്ന രീതിയിൽ പ്രചരിക്കുന്ന കത്തിന്റെ ആധികാരികതയിൽ സംശയമുണ്ടെന്നും നേരത്തെ സമർപ്പിച്ചിട്ടുള്ള വാർഷിക റിപ്പോർട്ടിലെ സിദ്ധാർഥയുടെ ഒപ്പും കമ്പനി ജീവനക്കാർക്ക് അയച്ച കത്തിലെ ഒപ്പും തമ്മിൽ വ്യത്യാസമുണ്ടെന്നും ആദായ നികുതി വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP