Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാർ ആലഞ്ചേരിക്കെതിരെ വ്യാജരേഖകൾ ലഭിച്ചത് ഇ മെയിൽ വഴിയാണെന്ന മൊഴിക്ക് പിന്നാലെ ഫാ. പോൾ തേലക്കാട്ടിന്റെ ഓഫീസിൽ റെയ്ഡ്; കലൂരിലെ സത്യദീപം ഓഫീസിൽ അന്വേഷണ സംഘം നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് ഫാ.തേലക്കാട്ടിന്റെ കമ്പ്യൂട്ടർ അടക്കമുള്ളവ; വ്യാജരേഖാ കേസിൽ വൈദിക സമിതി യോഗത്തിന്റെ മിനിട്ട്‌സ് ഹാജരാക്കാൻ സംഘം ആവശ്യപ്പെടുമെന്നും സൂചന

മാർ ആലഞ്ചേരിക്കെതിരെ വ്യാജരേഖകൾ ലഭിച്ചത് ഇ മെയിൽ വഴിയാണെന്ന മൊഴിക്ക് പിന്നാലെ ഫാ. പോൾ തേലക്കാട്ടിന്റെ ഓഫീസിൽ റെയ്ഡ്; കലൂരിലെ സത്യദീപം ഓഫീസിൽ അന്വേഷണ സംഘം നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് ഫാ.തേലക്കാട്ടിന്റെ കമ്പ്യൂട്ടർ അടക്കമുള്ളവ; വ്യാജരേഖാ കേസിൽ വൈദിക സമിതി യോഗത്തിന്റെ മിനിട്ട്‌സ് ഹാജരാക്കാൻ സംഘം ആവശ്യപ്പെടുമെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ സൃഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് പുത്തൻ നീക്കങ്ങളുമായി അന്വേഷണ സംഘം. സഭാ സിനഡിൽ മാർ ആലഞ്ചേരിക്കെതിരെ ഹാജരാക്കിയ ബാങ്ക് രേഖകൾ വ്യാജമാണെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് ഫാ. പോൾ തേലക്കാട്ടിന്റെ കലൂരിലെ ഓഫീസിലും ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. സത്യദീപം ഓഫീസിൽ നടത്തിയ റെയ്ഡിൽ തേലക്കാടിന്റെ കമ്പ്യൂട്ടർ പിടിച്ചെടുത്തിട്ടുണ്ട്. തനിക്ക് വ്യാജ രേഖകൾ ലഭിച്ചത് ഇ-മെയിൽ വഴിയാണെന്ന തേലക്കാട്ടിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പരിശോധനയ്ക്കു കംപ്യൂട്ടർ പിടിച്ചെടുത്തത്. വ്യാജ രേഖക്കേസിൽ വൈദിക സമിതി യോഗത്തിന്റെ മിനിട്സ് ഹാജരാക്കാൻ അന്വേഷണ സംഘം ആവശ്യപ്പെടുമെന്നും സൂചനയുണ്ട്.

ആലഞ്ചേരിക്കെതിരെ സിനഡിൽ ഹാജരാക്കിയ ബാങ്ക് രേഖകൾ വ്യാജമെന്ന് നേരത്തെ തന്നെ തെളിഞ്ഞിരുന്നു. കർദിനാളിന്റെ പേരിൽ ഇത്തരമൊരു അക്കൗണ്ട് ഇല്ലെന്ന് പൊലീസ് കണ്ടെത്തി. ഫാദർ പോൾ തേലക്കാട്ട് തന്നെയാണ് സിനഡിൽ ബാങ്ക് രേഖകൾ കൈമാറിയത്. എന്നാൽ സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് കർദിനാൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിനഡിന്റെ നിർദ്ദേശ പ്രകാരം പൊലീസിൽ പരാതി നൽകിയത്. ഈ അന്വേഷണത്തിൽ നടത്തിയ അന്വേഷണത്തിലാണ് കർദിനാളിനെതിരെ സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് വ്യക്തമായത്. ആലുവ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴിയെടുത്തിരുന്നു. സിനഡിനായി പരാതി നല്കിയ സഭാ ഐ.ടി. വിഭാഗം മേധാവി ഫാദർ ജോബി മാപ്രക്കാവിലിന്റെ രഹസ്യ മൊഴിയും അന്ന് സംഘം രേഖപ്പെടുത്തിയിരുന്നു.

2019 ജനുവരി 7 മുതൽ കാക്കനാട് മൗണ്ട് സെന്റ് തോമസ് എന്ന സ്ഥാപനത്തിൽ നടന്ന സിനഡിൽ മാർ ആലഞ്ചേരിയുടെ പേരിലുള്ള വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ സമർപ്പിച്ച് മാർ ആലഞ്ചേരിയെ അഴിമതിക്കാരനാക്കി അപമാനിക്കാൻ ശ്രമിച്ചു എന്നാണ്, സിറോ മലബാർ സഭ ഇന്റർനെറ്റ് മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോബി മപ്രകാവിൽ ഫാ. പോൾ തേലക്കാട്ടിലിനെതിരേ നൽകിയ പരാതി. ഈ പരാതി പ്രകാരമാണ് തൃക്കാക്കര പൊലീസ് ഫാ. തേലക്കാട്ടിനെതിരേ കേസ് എടുത്തത്. എന്റെ കൈവശം കിട്ടിയ ചില രേഖകൾ ഞാൻ ചട്ടപ്രകാരം എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്റ്റോലിക് അഡ്‌മിനിസ്ട്രേറ്റീവ് ബിഷപ്പ് ജേക്കബ് മാനത്തോടത്തിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും ഈ രേഖകളുടെ നിജസ്ഥിതി അന്വേഷിച്ച് അറിയുകയെന്നു മാത്രമാണ് പറഞ്ഞതെന്നും ഫാ. തേലക്കാട്ട് പറയുന്നു.

സിനഡിൽ ഈ രേഖകൾ കൊണ്ടുപോയത് ഞാനല്ല. അത് ബിഷപ്പ് ജേക്കബ് മനത്തോടത്ത് ആയിരിക്കണം കൊടുത്തത്. എന്തായാലും ഞാൻ എന്റെ അഭിഭാഷകനെ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം കൂടുതൽ കാര്യങ്ങൾ മാധ്യമങ്ങളോട് പങ്കുവയ്ക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും ഏതാനും ദിവസം മുൻപ് ഫാ. തേലക്കാട്ട് പ്രതികരിച്ചിരുന്നു. ഫാ. പോൾ തേലക്കാട്ടിന് ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരിക്കെതിരായ രേഖകൾ ചില വൈദികർ കൈമാറുകയായിരുന്നുവെന്നാണ് ആദ്യം പുറത്ത് വന്ന വിവരം. എറണാകുളത്തെ ചില ബിസിനസുകാരുമായി ആലഞ്ചേരിക്ക് ബിസിനസ് ഇടപാടുകളുണ്ടെന്നും ഇതിന്റെ മറവിൽ അനധികൃതമായി കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും അവ തെളിയിക്കുന്ന ആലഞ്ചേരിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണെന്നും പറഞ്ഞാണ് രേഖകൾ ഫാ. തേലക്കാട്ടിന് കൈമാറിയതെന്നാണ് സൂചന.

ഈ രേഖകൾ പരസ്യപ്പെടുത്തണമെന്ന ആവശ്യവും നൽകിയവർ ഫാ. പോൾ തേലക്കാട്ടിനു മുന്നിൽ അവതരിപ്പിച്ചിരുന്നുവെന്നു കേൾക്കുന്നു. എന്നാൽ രേഖകൾ മാധ്യമങ്ങൾക്കോ മറ്റുള്ളവർക്കോ നൽകാതെ നേരിട്ട് അപ്പസ്റ്റോലിക് അഡ്‌മിനിസ്ട്രേർക്ക് കൈമാറി അവയുടെ ആധികാരിത പരിശോധിച്ചറിയാനായിരുന്നു ഫാ. പോൾ തേലക്കാട്ട് ആവശ്യപ്പെട്ടത്. ആർച്ച് ബിഷപ്പ് ആലഞ്ചേരിക്കെതിരേ കിട്ടിയ രേഖയുടെ നിജസ്ഥിതി അറിയണമെന്നാവശ്യപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്റ്റോലിക് അഡ്‌മിനിസ്ട്രേറ്റർ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്തിന് ഫാ. പോൾ തേലക്കാട്ട് സ്വകാര്യമായി കൈമാറിയ രേഖ കക്കനാട് സെന്റ്.തോമസ് മൗണ്ടിൽ ചേർന്ന സിനഡിൽ എത്തുകയാണുണ്ടായത്. ഫാ. തേലക്കാട്ട് തന്നെയാണ് സിനഡിൽ രേഖകൾ എത്തിച്ചതെന്നായിരുന്നു ആദ്യത്തെ ആരോപണം.

എന്നാൽ രേഖകൾ താൻ അപ്പസ്റ്റോലിക് അഡ്‌മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്തിന് കൈമാറുക മാത്രമാണ് ചെയ്തതെന്നു ഫാ. തേലക്കാട് പറയുമ്പോൾ, ആ രേഖകൾ ആര് സിനഡിൽ എത്തിച്ചെന്നുവെന്നതാണ് ചോദ്യം. ഇതോടൊപ്പം തന്നെ സഭാ വിശ്വാസിയും ഇന്ത്യൻ കാത്തലിക്ക് ഫോറത്തിന്റെ പ്രസിഡന്റുമായ ബിനു ചാക്കോ പൊലീസിന് മൊഴി നൽകിയത് ഏറ ശ്രദ്ധിക്കപ്പെട്ടിരുന്നു. സഭയുടെ പ്രാദേശികമായ അധികാരവും സഭാ ഭൂമി ഇചപാട് സംബന്ധിച്ചും മാർ ആലഞ്ചേരിയോട് ഫാ. പോൾ തേലക്കാടിന് ശത്രുതയുണ്ടെന്നും ആലഞ്ചേരി പിതാവും ലത്തീൻ സഭയിലെ മെത്രാന്മാരും മാരിയറ്റ് ഹോട്ടൽ ക്ലബിൽ അംഗത്വം നേടുന്നതിന് വേണ്ടി യോഗം ചേർന്നു എന്നുള്ളത് വ്യാജമായി സൃഷ്ടിച്ച ഒന്നാണെന്നും ബിനു മൊഴിയിൽ വ്യക്തമാക്കുന്നു.

സിനഡ് അംഗമായ മാർ ജേക്കബ് മനത്തോടത്തിനെ തെറ്റിധരിപ്പിച്ചാണ് സിനഡിൽ ഇക്കാര്യം അവതരിപ്പിച്ചതെന്നും സഭയിലെ ഒരു മുതിർന്ന വൈദികനും അഞ്ച് യുവ വൈദികരും ചേർന്നാണ് വ്യാജരേഖകൾ നിർമ്മിച്ചതായി തനിക്ക് അറിവുള്ളതെന്നും ബിനു മൊഴിയിൽ പറയുന്നു. ആലഞ്ചേരി പിതാവിനെ തേജോവധം ചെയ്ത് രാജിവയ്‌പ്പിക്കാൻ വേണ്ടിയാണ് ഫാ.പോൾ തേലക്കാടും സംഘവും ഇത്തരത്തിൽ വ്യാജ രേഖ സൃഷ്ടിച്ചതെന്നും ഇതിന് പിന്നിൽ സഭയിലെ ചില യുവ വൈദികരുണ്ടന്നും ബിനു വ്യക്തമാക്കി.

ആലുവ ഡിവൈഎസ്‌പിയാണ് കേസിൽ അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി മാർ ജോർജ് ആലഞ്ചേരിയുടെ മൊഴിയെടുത്തിരുന്നു. തുടർന്നാണ് ബാങ്ക് അക്കൗണ്ടുകൾ വ്യാജമാണെന്ന് പരിശോധനയിൽ വ്യക്തമായിരിക്കുന്നത്. കർദിനാളിന്റെ പേരിൽ പരാതിയിൽ പറയുന്ന ബാങ്ക് അക്കൗണ്ട് ഇല്ല എന്നും വ്യക്തമായിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP