Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വന്തം മണ്ഡലത്തിലെത്തി നേരേപോയത് ദുരിത ബാധിത പ്രദേശങ്ങളിലേക്ക്; പ്രളയബാധിതർ തങ്ങളുടെ ദുരിതങ്ങൾ വിവരിച്ചപ്പോൾ നൽകിയത് ഒപ്പമുണ്ടാകും എന്ന വാക്ക്; ദുരന്തത്തിന്റെ യഥാർത്ഥ മുഖം കേന്ദ്രസർക്കാരിനെ ധരിപ്പിക്കും എന്നും രാഹുൽ ഗാന്ധി; കവളപ്പാറയിലെ മരണത്തിന്റെ താഴ്‌വരയിൽ എത്തിയതോടെ നഷ്ടമായത് വാക്കുകളും; ആപത്തിൽ ജനതയെ ചേർത്ത് പിടിച്ച് വയനാട് എംപി

സ്വന്തം മണ്ഡലത്തിലെത്തി  നേരേപോയത് ദുരിത ബാധിത പ്രദേശങ്ങളിലേക്ക്; പ്രളയബാധിതർ തങ്ങളുടെ ദുരിതങ്ങൾ വിവരിച്ചപ്പോൾ നൽകിയത് ഒപ്പമുണ്ടാകും എന്ന വാക്ക്; ദുരന്തത്തിന്റെ യഥാർത്ഥ മുഖം കേന്ദ്രസർക്കാരിനെ ധരിപ്പിക്കും എന്നും രാഹുൽ ഗാന്ധി; കവളപ്പാറയിലെ മരണത്തിന്റെ താഴ്‌വരയിൽ എത്തിയതോടെ നഷ്ടമായത് വാക്കുകളും; ആപത്തിൽ ജനതയെ ചേർത്ത് പിടിച്ച് വയനാട് എംപി

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി വയനാട് എംപി രാഹുൽ ഗാന്ധി. പോത്തുകല്ല് ക്യാംപിലെത്തി ദുരിതബാധിതരെ കണ്ട ശേഷമാണ് രാഹുൽ കവളപ്പാറയിലെത്തിയത്. അൻപതോളം ഭൂമിക്കടിയിൽ കുടുങ്ങി പോയതെങ്ങനെയെന്ന് രാഹുലിന് പൊലീസ് ഉദ്യോഗസ്ഥരും കോൺഗ്രസ് നേതാക്കളും ചേർന്ന് വിശദീകരിച്ചു കൊടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും അടക്കം കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും രാഹുൽ ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്നു. കവളപ്പാറയിലെ സ്ഥിതി അങ്ങേയറ്റം ഗുരുതരമാണെന്ന് അദ്ദേഹം പിന്നീട് ട്വിറ്ററിൽ കുറിച്ചു.

ഉരുൾപൊട്ടൽ സാധ്യതയുള്ള അപകടമേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത് കൂടി കണക്കിലെടുത്ത് അദ്ദേഹം അഞ്ച് മിനിറ്റ് അവിടെ ചെലവിട്ട ശേഷം മടങ്ങി. തുടർന്ന് ദുരിതാശ്വാസക്യാംപായി പ്രവർത്തിക്കുന്ന മമ്പാട് എംഇഎസ് കോളേജിലും രാഹുൽ സന്ദർശനം നടത്തി. കനത്തമഴയും ഉരുൾപ്പൊട്ടലും നാശം വിതച്ച മലപ്പുറത്തെയും വയനാട്ടിലെയും ദുരിതബാധിതരെ ആശ്വസിപ്പിക്കാനായി ഇന്നു രാവിലെയാണ് സ്ഥലം എംപിയായ രാഹുൽഗാന്ധി എത്തിയത്. മലപ്പുറത്തെ പോത്തുകല്ല് ദുരിതാശ്വാസ ക്യാമ്പിലെത്തിയ രാഹുൽ ഗാന്ധി ദുരിതബാധിതരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.

മഴയിലും ഉരുൾപ്പൊട്ടലിലും വലിയ നാശനഷ്ടമുണ്ടായ കവളപ്പാറയോട് ചേർന്ന് തയ്യാറാക്കിയ ദുരിതാശ്വാസ ക്യാമ്പാണ് പോത്തുകല്ലിലുള്ളത്. സമാനതകളില്ലാത്ത ദുരന്തത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ഒട്ടേറെ പേർ ഇപ്പോഴും ക്യാമ്പിൽ കഴിയുന്നുണ്ട്. അവരെ എല്ലാം നേരിൽ കണ്ട രാഹുൽഗാന്ധി വിവരങ്ങൾ ചോദിച്ചറിയുകയും ക്യാമ്പിലെ സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. പുത്തുമലയും കവളപ്പാറയും അടക്കം വയനാട് മണ്ഡലത്തിലേയും വടക്കൻ കേരളത്തിലാകെയും നിലവിലുള്ള പ്രളയ സമാനമായ സാഹചര്യം കേന്ദ്രസർക്കാരിനെ ധരിപ്പിക്കുന്നതിനടക്കം മുൻകയ്യെടുക്കുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചിട്ടുണ്ട്.

രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തിയത്. വയനാട് ജില്ലയിൽ പെട്ട ദുരന്തമേഖലകളിൽ നാളെ രാഹുൽ ഗാന്ധി എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. വയനാട് ജനതക്ക് ഒപ്പമാണ് മനസ്സെന്ന് ദുരന്തം അറിഞ്ഞ ഉടനെ തന്നെ രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു.

പ്രളയ ദുരന്തം നാശം വിതച്ച മണ്ഡലത്തിലെ പ്രദേശങ്ങൾ നേരിൽ കാണുന്നതിനും പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ആശ്വാസം പകരുന്നതിനുമാണ് അദ്ദേഹം കേരളത്തിലെത്തിയത്. സുരക്ഷ സംബന്ധിച്ച് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നത്കൊണ്ടാണ് അദ്ദേഹം കേരളത്തിലേക്ക് എത്തുന്നത് വൈകിയത്. ഇക്കൊല്ലം മഴയിൽ ഏറ്റവും വലിയ നാശമുണ്ടായത് രാഹുലിന്റെ ലോക്സഭ മണ്ഡലമായ വയനാടിലാണ്. രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ച് രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു. നാളെ വിശദമായ അവലോകന യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും.

മഴക്കെടുതി ദുരിതം വിതച്ച വയനാട് മണ്ഡലത്തിൽ കൂടുതൽ ദിവസം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നുവെന്ന് കേരളത്തിലെ നേതാക്കളെ രാഹുൽ ഗാന്ധി അറിയിച്ചു. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർ ഉന്നയിച്ചതിനാൽ രാഹുൽ എത്ര ദിവസം മണ്ഡലത്തിൽ ഉണ്ടാവുമെന്ന് തീരുമാനിച്ചിട്ടില്ല. സുരക്ഷാ കാരണങ്ങളാലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടസ്സപ്പെടുമെന്നതിനാലും രാഹുൽ സന്ദർശനം മാറ്റിവെയ്ക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചിരുന്നെങ്കിലും രാഹുൽ ഗാന്ധി തന്റെ സന്ദർശനത്തിൽനിന്നും പിന്മാറിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP