Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുല്ലപ്പള്ളി അധ്യക്ഷ പ്രസംഗത്തിൽ കാടുകയറിയപ്പോൾ രാഹുലിന് അതൃപ്തി; സംഗതി പന്തിയല്ലെന്ന് തോന്നിയ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ടി. സിദ്ദിഖ് മുല്ലപ്പള്ളിയുടെ പുറത്ത് തട്ടി എന്തോ പറഞ്ഞതോടെ പ്രസംഗം പൊടുന്നനെ നിന്നു; ആവശത്തിര തള്ളലിൽ പരിഭാഷ തീരുംമുമ്പെ തന്നെ പ്രസംഗം തുടങ്ങി; പരിഭാഷ മുറിഞ്ഞപ്പോൾ സമദാനിയോട് സോറിയും; അറബിക്കടലിനെ ചൂണ്ടി കുറിക്കുകൊള്ളുന്ന ഉപമകൾ; കോഴിക്കോട്ടെ ജനമഹായാത്രയിലെ ചില രാഹുൽ നമ്പറുകൾ ഇങ്ങനെ

മുല്ലപ്പള്ളി അധ്യക്ഷ പ്രസംഗത്തിൽ കാടുകയറിയപ്പോൾ രാഹുലിന് അതൃപ്തി; സംഗതി പന്തിയല്ലെന്ന് തോന്നിയ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ടി. സിദ്ദിഖ് മുല്ലപ്പള്ളിയുടെ പുറത്ത് തട്ടി എന്തോ പറഞ്ഞതോടെ പ്രസംഗം പൊടുന്നനെ നിന്നു; ആവശത്തിര തള്ളലിൽ പരിഭാഷ തീരുംമുമ്പെ തന്നെ പ്രസംഗം തുടങ്ങി; പരിഭാഷ മുറിഞ്ഞപ്പോൾ സമദാനിയോട്  സോറിയും; അറബിക്കടലിനെ ചൂണ്ടി കുറിക്കുകൊള്ളുന്ന ഉപമകൾ; കോഴിക്കോട്ടെ ജനമഹായാത്രയിലെ ചില രാഹുൽ നമ്പറുകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് കണ്ട 'പപ്പുമോൻ' ഇമേജുള്ള രാഹുൽ ഗാന്ധിയെ അല്ല ഇപ്പോൾ പൊതുവേദികളിൽ കാണുന്നത്. തേജസ്സും ഓജസ്സുമുള്ള ഒന്നാന്തരം വാക്ചാതുരിയുള്ള, കാന്തമലയിലേക്ക് ഇരുമ്പെന്നപോലെ ജനക്കൂട്ടത്തെ തന്നിലേക്ക് അടുപ്പിക്കാൻ കഴിയുന്ന ഒരു നേതാവ്. ഇന്ന് കോഴിക്കോട്ട് നടന്ന ജനമഹായാത്രിൽ തീർത്തും പ്രോഫഷണനലായി പ്രസംഗിക്കാനും ആൾക്കൂട്ടത്തെ നയിക്കാനും കഴിയുന്ന രാഹുലിനെയാണ് കണ്ടത്.

മോദിയുടെ ഏകാധിപത്യവും അഴിമതിയും, സിപിഎമ്മിന്റെ അക്രമരാഷ്ട്രീയവും ചൂണ്ടിക്കാട്ടി 45 മിനുട്ട് നീണ്ട പ്രംസഗത്തിൽ പലയിടത്തും ജനം കൈയടികൾ ഉയർത്തി. ആവേശത്തിന്റെ തിരതള്ളൽ പ്രസംഗത്തിൽ പ്രകടമായിരുന്നു. ചിലപ്പോൾ പരിഭാഷപ്പെടുത്തൽ തീരുംമുമ്പെ തന്നെയും രാഹുൽ പറഞ്ഞു തുടങ്ങി. ഇതേത്തുടർന്ന് പരിഭാഷപ്പെടുത്തൽ രണ്ടു തവണ മുറിഞ്ഞപ്പോൾ രാഹുൽ പരിഭാഷകനായ മുസ്ലീലീഗ് നേതാവ് അബ്ദുസമദ് സമദാനിയോട് സോറി പറയുകയും ചെയ്തു

മുല്ലപ്പള്ളി അധ്യക്ഷ പ്രസംഗത്തിൽ കാടുകയറിയപ്പോൾ അതൃപ്തിയും അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നു. മുല്ലപ്പള്ളിയുടെ പ്രസംഗം നീളവെ കൈകൊണ്ട് മുഖം താങ്ങി ഏറെ നേരം നോക്കി. പിന്നെയും പ്രസംഗം നീണ്ടു പോകുന്നു. അതും കാലിക പ്രസക്തിയില്ലാത്ത വിഷയങ്ങളുമായി. രാഹുലിന്റെ ശരീരഭാഷയിൽനിന്ന് സംഗതി പന്തിയല്ലെന്ന് തോന്നിയ ജില്ലാ കോൺഗ്രസ് കമ്മറ്റി അധ്യക്ഷൻ ടി. സിദ്ദിഖ് മുല്ലപ്പള്ളിയുടെ പുറത്ത് തട്ടി എന്തോ പറഞ്ഞു. അതോടെ മുല്ലപ്പള്ളി പൊടുന്നനെ പ്രസംഗവും നിർത്തി.

ഇന്ദിരാഗാന്ധിയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഏത് സാധാരണക്കാരനും മനസ്സിലാവുന്ന ഉപമകളിലുടെയായിരുന്നു രാഹുലിന്റെ പ്രസംഗം.കടലിനെ ഉപമയാക്കിയായിരുന്നു കോൺഗ്രസ് അധ്യക്ഷൻ നരേന്ദ്ര മോദിയെ കണക്കറ്റ് വിമർശിച്ചത്. കടപ്പുറത്തെ വേദിയിൽ നിന്ന് അറബിക്കടലിനെ ചൂണ്ടി രാഹുൽ പറഞ്ഞു, 'ഇന്ത്യ ഈ മഹാസാഗരം പോലെയാണ്. കടൽക്കരയിൽ നിൽക്കുന്ന ഒരു മനുഷ്യനെപ്പോലെയാണ് കോൺഗ്രസ് പാർട്ടി.' ഇന്ത്യയെന്ന ജനമഹാസാഗരത്തിന്റെ ശബ്ദം കോൺഗ്രസ് ശ്രദ്ധിക്കുന്നുവെന്നും സ്വന്തം ആശയം ഇന്ത്യയെന്ന ആശയത്തേക്കാൾ വലുതാണെന്ന് കോൺഗ്രസ് കരുതുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാഷ്ട്രസാഗരത്തിന്റെ ശബ്ദത്തിന് ചെവിയോർത്ത്, അത് ഉൾക്കൊണ്ടാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. കോൺഗ്രസ് ഒരു വ്യക്തിയുടേയോ സമുദായത്തിന്റെയോ ശബ്ദമല്ലെന്നും രാജ്യത്തിനുമേൽ ഒന്നും അടിച്ചേൽപ്പിക്കാനോ രാജ്യത്തിന് മേൽ ആധിപത്യം സ്ഥാപിക്കാനോ കോൺഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം, ബിജെപിയും ആർഎസ്എസും അവരുടെ ആശയം രാഷ്ട്രത്തേക്കാൾ വലുതാണെന്നാണ് കരുതുന്നത്. സഹസ്രാബ്ധങ്ങളുടെ പാരമ്പര്യമുള്ള ഈ രാജ്യത്തിന്റെ വൈവിദ്ധ്യം പരിഗണിക്കാതെ സ്വന്തം മനസിന്റെ കാര്യം മാത്രമാണ് നരേന്ദ്ര മോദി പറയുന്നത്. കടലിന് മുന്നിൽ നിന്ന് നരേന്ദ്ര മോദി സ്വന്തം വമ്പത്തം പറയുകയാണെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. കടലിനേക്കാൾ വലുതാണ് താൻ എന്നാണ് മോദിയുടെ ഭാവം.

എല്ലാ ആഴ്ചയും താൻ മാധ്യമങ്ങളെ കാണുന്നുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അപ്പോഴെല്ലാം മാധ്യമപ്രവർത്തകർ അവർക്കിഷ്ടമുള്ള ചോദ്യങ്ങൾ തന്നോട് ചോദിക്കും. അതിന് താൻ മറുപടിയും കൊടുക്കും. പക്ഷേ ഇവിടെ ഒരു പ്രധാനമന്ത്രിയുണ്ട്, താനെന്താണ് ചെയ്യാനുള്ളതെന്ന് മാത്രമാണ് അദ്ദേഹം പറയുന്നതെന്ന് പ്രധാനമന്ത്രിയുടെ 'മൻ കി ബാത്തി'നെ പരാമർശിച്ചുകൊണ്ട് രാഹുൽ ഗാന്ധി പരിഹസിച്ചു. ചോദ്യങ്ങൾ കേൾക്കാൻ തയ്യാറാകാത്ത പ്രധാനമന്ത്രിയാണ് ഇന്ത്യയുടേത്.

കടലിനോട് നീയെന്താണ് ചെയ്യേണ്ടത് എന്ന് ആജ്ഞാപിക്കുന്നതുപോലെയാണ് പ്രധാനമന്ത്രിയുടെ പ്രവർത്തനം. ഒരാളുടെ മാത്രം മനസിന്റെ ആവിഷ്‌കാരമാണ് കഴിഞ്ഞ അഞ്ച് വർഷക്കാലം രാജ്യം കണ്ടത്. നോട്ട് നിരോധനം, ജിഎസ്ടി ഇവയെല്ലാം മോദി രാജ്യത്ത് അടിച്ചേൽപ്പിച്ചു. അതിന്റെ ദുരിതങ്ങളിൽ നിന്ന് രാജ്യം ഇനിയും കരകയറിയിട്ടില്ല. രാജ്യമെന്ന കടലിന്റെ ആശയങ്ങളെ ഉൾക്കൊള്ളാൻ മോദിക്ക് പറ്റില്ല. ജനമഹാസാഗരത്തെ തിരിച്ചറിയാൻ നരേന്ദ്ര മോദിക്ക് കഴിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സ്വന്തം മനസിലുള്ളത് പറയുകയല്ല പ്രധാനമന്ത്രി ചെയ്യേണ്ടത്. ജനങ്ങളുടെ മനസ് തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പ്രവർത്തിക്കുകയാണ് വേണ്ടത്.

എന്നാൽ മോദിയെപ്പോലെ ധാർഷ്ട്യത്തിൽ നിന്നല്ല, വിനയത്തിൽ നിന്നാണ് കോൺഗ്രസിന്റെ പ്രവർത്തനം തുടങ്ങുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നതിന് മുമ്പ് കോൺഗ്രസ് രാജ്യത്തെ നമിക്കുകയാണ്. ജനങ്ങളുടെ വിവേകവും സൽബുദ്ധിയും അനുസരിച്ചാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. ജനങ്ങളാണ് യജമാനന്മാരെന്നും ജനങ്ങൾ പറയുന്നതുപോലെ പ്രവർത്തിക്കുമെന്നും കോഴിക്കോട് ബീച്ചിലെ ജനക്കൂട്ടത്തിന് രാഹുൽ ഗാന്ധി പ്രസംഗത്തിനിടെ ഉറപ്പുനൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP