Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാഹുലിനെ നിന്ന് തിരിയാൻ അനുവദിക്കാതെ എസ് പി ജി; എങ്ങോട്ട് പോകാൻ ശ്രമിച്ചാലും സുരക്ഷാ ഭീഷണി ഉയർത്തി തടസ്സം; രണ്ട് കിലോമീറ്റർ റോഡ് ഷോ 200 മീറ്ററാക്കി ചുരുക്കേണ്ടി വരും; ഇടുങ്ങിയ വഴിയെന്ന് ചൂണ്ടിക്കാട്ടി ഡിസിസി ഓഫീസിലും കയറ്റില്ല; സംസ്ഥാനത്ത് എമ്പാട് നിന്നും രാഹുലിനേയും പ്രിയങ്കയേയും ഒരു നോക്ക് കാണാൻ എത്തിയ പ്രവർത്തകർക്ക് കനത്ത നിരാശ; മാവോയിസ്റ്റ് ഭീഷണി ചൂണ്ടിക്കാട്ടി കേന്ദ്രം രാഹുലിനെ ജനത്തിൽ നിന്നും അകറ്റുന്നുവെന്ന ആരോപണം ഉയർത്തി പ്രവർത്തകർ

രാഹുലിനെ നിന്ന് തിരിയാൻ അനുവദിക്കാതെ എസ് പി ജി; എങ്ങോട്ട് പോകാൻ ശ്രമിച്ചാലും സുരക്ഷാ ഭീഷണി ഉയർത്തി തടസ്സം; രണ്ട് കിലോമീറ്റർ റോഡ് ഷോ 200 മീറ്ററാക്കി ചുരുക്കേണ്ടി വരും; ഇടുങ്ങിയ വഴിയെന്ന് ചൂണ്ടിക്കാട്ടി ഡിസിസി ഓഫീസിലും കയറ്റില്ല; സംസ്ഥാനത്ത് എമ്പാട് നിന്നും രാഹുലിനേയും പ്രിയങ്കയേയും ഒരു നോക്ക് കാണാൻ എത്തിയ പ്രവർത്തകർക്ക് കനത്ത നിരാശ; മാവോയിസ്റ്റ് ഭീഷണി ചൂണ്ടിക്കാട്ടി കേന്ദ്രം രാഹുലിനെ ജനത്തിൽ നിന്നും അകറ്റുന്നുവെന്ന ആരോപണം ഉയർത്തി പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

വയനാട് : എസ് പി ജിയുടെ നിയന്ത്രണം കേന്ദ്ര സർക്കാരിനാണ്. അതുകൊണ്ട് വയനാട്ടിൽ സുരക്ഷയുടെ പേരിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കടുത്ത നിയന്ത്രണങ്ങൾ എസ് പി ജി ഏറ്റെടുക്കുമ്പോൾ കേന്ദ്ര ഇടപെടൽ കാണുകയാണ് കോൺഗ്രസ് പ്രവർത്തകർ. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ റോഡ് ഷോയും പാർട്ടി പരിപാടിയും ചുരുക്കിയതാണ് ഈ സംശയത്തിന് കാരണം. പത്രികാ സമർപ്പണത്തിന് ജില്ലയിൽ എത്തുമ്പോൾ നഗരത്തിൽ റോഡ് ഷോ നടത്താനായിരുന്നു തീരുമാനം. ജനങ്ങളിൽ നിന്നും പാർട്ടി പ്രവർത്തകരിൽ നിന്നും രാഹുലിനെ അകറ്റാൻ എസ് പി ജി ശ്രമിക്കുന്നുവെന്നാണ് ആരോപണം.

എന്നാൽ സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാൻ തന്നെയാണ് രാഹുലിന്റെ തീരുമാനം. ഇത് കാരണം രണ്ട് കിലോമീറ്റർ റോഡ് ഷോ 200 മീറ്ററിലേക്ക് മാറുകയാണ്. ഇത് സുരക്ഷാ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് സുരക്ഷാ ഏജൻസി മുന്നറിയിപ്പ് നൽകിയതോടെ കുറഞ്ഞദൂരത്തേക്ക് ആക്കുകയായിരുന്നു. പത്രികാ സമർപ്പണത്തിനുശേഷം ഡിസിസി ഓഫീസിൽ പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുക്കാനുള്ള തീരുമാനവും റദ്ദാക്കി. വ്യാഴാഴ്ച കൽപറ്റ എസ്‌കെഎംജെ സ്‌കൂളിൽ ഹെലികോപ്ടറിലാണ് രാഹുൽ ഇറങ്ങുക. തുടർന്ന് കലക്ടറേറ്റിലേക്ക് പോകും.സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി കലക്ടറേറ്റ് മുതൽ പഴയ ബസ് സ്റ്റാൻഡ് വരെ ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്.

ബുധനാഴ്ച രാത്രി മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.മാവോയിസ്റ്റ് സാന്നിധ്യമുള്ള മേപ്പാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ, വൈത്തിരി, തലപ്പുഴ, തിരുനെല്ലി, തൊണ്ടർനാട് പൊലീസ് സ്‌റ്റേഷനുകളിൽ ആന്റി നക്‌സൽ സ്‌ക്വാഡിനെ നിയോഗിച്ചു. രാജ്യത്തെ എല്ലാ പ്രധാന സുരക്ഷാ ഏജൻസികളും വയനാട്ടിൽ എത്തിയിട്ടുണ്ട്. ഇരുപതിലധികം എസ്‌പിജി സംഘാംഗങ്ങളുണ്ട്. ഇതിന് പുറമേ കണ്ണൂർ റേഞ്ച് ഐജി സുരേഷ്‌കുമാർ, നാല് ജില്ലകളിലെ ജില്ലാ പൊലീസ് മേധാവികൾ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തെയും സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. പഴുതടച്ച സുരക്ഷയിലൂടെ ജനങ്ങളിൽ നിന്ന് രാഹുലിനെ അകറ്റുകയാണെന്നാണ് ഉയരുന്ന ആരോപണം.

വൈത്തിരി വെടിവയ്പിനു തിരിച്ചടിക്കുമെന്ന മാവോയിസ്റ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയുടെ റോഡ് ഷോ വെട്ടിച്ചുരുക്കുന്നതെന്നാണ് എസ്‌പി ജി പറയുന്നത്. കൽപറ്റ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് 2 കിലോമീറ്റർ ദൂരം പ്രിയങ്ക ഗാന്ധിക്കൊപ്പം റോഡ് ഷോ നടത്തി കലക്ടറേറ്റിൽ പത്രിക സമർപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ, സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാണിച്ച് റോഡ് ഷോയുടെ ദൂരം വെട്ടിച്ചുരുക്കി 200 മീറ്ററാക്കാൻ ഇടയുണ്ട്. അങ്ങനെയാണെങ്കിൽ ഹെലികോപ്ടർ ഇറങ്ങുന്ന എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽനിന്നു തന്നെ റോഡ് ഷോ ആരംഭിക്കും. റോഡ് ഷോയുടെ നീളം കൂട്ടാൻ ഇ്‌പ്പോഴും കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നുണ്ട്. ഇത് ഫലം കാണുമെന്നാണ് പ്രതീക്ഷ. രാഹുലിന്റെ പത്രികാ സമർപ്പണത്തിന് സാക്ഷിയാകാൻ പതിനായിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് വയനാട്ടിൽ എത്തിയത്. എസ്‌പി ജിയുടെ നിയന്ത്രണങ്ങളിൽ അവർ നിരാശരാണ്.

ഡിസിസി ഓഫിസിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന യോഗവും സുരക്ഷാഭീഷണിയെത്തുടർന്നാണ് റദ്ദാക്കിയത്. വീതികുറഞ്ഞ ഇടറോഡിലൂടെ ചെങ്കുത്തായ ഇറക്കമിറങ്ങി വേണം ഓഫിസിലെത്താൻ. ഈ റോഡിൽ തിങ്ങിനിറയുന്ന ജനങ്ങൾക്കിടയിലൂടെ രാഹുലിന്റെ വാഹനവ്യൂഹം കടന്നുപോകുന്നത് അപകടമുണ്ടാക്കുമെന്ന എസ്‌പിജി മുന്നറിയിപ്പിനെത്തുടർന്നാണു ഡിസിസി നേതൃത്വം യോഗം റദ്ദാക്കിയത്. റോഡ് ഷോ നീട്ടാൻ അനുമതി ലഭിച്ചാൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ബസ് സ്റ്റാൻഡിനു മുൻപിലെ വേദിയിൽ ജനങ്ങളോട് സംസാരിച്ചേക്കും. പത്രികാസമർപ്പണത്തിനെത്തുന്ന രാഹുൽ ഗാന്ധിയെ പ്രിയങ്കാ ഗാന്ധിയും വയനാട് ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ, മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ്, മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയംഗം സാദിഖലി ശിഹാബ് തങ്ങൾ എന്നിവരും കലക്ടറുടെ ചേംബറിലേക്ക് അനുഗമിക്കാനാണു തീരുമാനം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 6 ജില്ലകളിൽനിന്നായി ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥർ വയനാട്ടിലെത്തിയിട്ടുണ്ട്. തണ്ടർബോൾട്ട് സേനയും വയനാട്ടിൽ ക്യാംപ് ചെയ്യുന്നു.

ഇന്നലെ കോഴിക്കോട്ടെത്തിയ രാഹുൽ ഗാന്ധിക്കും സഹോദരി പ്രിയങ്ക ഗാന്ധിക്കുമായി വെസ്റ്റ്ഹിൽ ഗവ. ഗെസ്റ്റ് ഹൗസിലും നഗരത്തിലും ഇന്നലെ രാത്രി ഒരുക്കിയതു പഴുതടച്ച സുരക്ഷയായിരുന്നു. സ്‌പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെയും (എസ്‌പിജി) സിറ്റി പൊലീസിന്റെയും നേതൃത്വത്തിൽ 500ൽ അധികം പൊലീസുകാർ നഗരത്തിലും ഗസ്റ്റ് ഹൗസ് പരിസരത്തുമായി നിരന്നു. ഗസ്റ്റ് ഹൗസിലെ 2 വിവിഐപി മുറികളാണ് ഇരുവർക്കുമായി ഒരുക്കിയിരുന്നത്. ഇന്നു രാവിലെ 9നു വെസ്റ്റ്ഹിൽ വിക്രം മൈതാനത്തുനിന്ന് ഹെലികോപ്റ്റിലാകും ഇരുവരും വയനാട്ടിലേക്കു പറക്കുക. ഇന്നലെ ഉച്ചയ്ക്കു പരീക്ഷണപ്പറക്കൽ നടത്തി. മൈതാനത്തും ഗെസ്റ്റ് ഹൗസിലും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി.

വ്യാഴാഴ്ച കൽപറ്റയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. രാഹുൽ തിരികെ പോകുന്നതുവരെ കൈനാട്ടി ബൈപ്പാസ് ജങ്ഷൻ മുതൽ ഗൂഡലായി ജങ്ഷൻവരെ ഒരു വാഹനവും കടത്തിവിടില്ലെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഈ പ്രദേശത്ത് വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും നിർദ്ദേശമുണ്ട്. ജനമൈത്രി ജങ്ഷൻ മുതൽ കൈനാട്ടി ബൈപ്പാസ് ജങ്ഷൻ വരെ കല്പറ്റ ടൗണിലൂടെ വലിയ വാഹനങ്ങളും മർട്ടി ആക്‌സിൽ വാഹനങ്ങളും പ്രവേശിക്കാൻ അനുവദിക്കില്ല. കോഴിക്കോട് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ ജനമൈത്രി ജങ്ഷനിൽനിന്ന് ബൈപ്പാസ് വഴി കടന്നുപോകണം. അതുപോലെ ബത്തേരി- മാനന്തവാടി ഭാഗത്തുനിന്നുവരുന്ന വലിയ വാഹനങ്ങൾ കൈനാട്ടിയിൽനിന്ന് ബൈപ്പാസ് വഴി പോകണം. ബസുകളും ഇതേരീതിയിൽ പുതിയ സ്റ്റാൻഡിലെത്തി ബൈപ്പാസ് വഴിതന്നെ തിരകെപോകണം.

കോഴിക്കോട് ഭാഗത്തുനിന്നുള്ള ബസുകൾ പുതിയ സ്റ്റാൻഡിലെത്തി തിരികെ ജനമൈത്രി ജങ്ഷൻ വഴി ബൈപ്പാസിലേക്കും ബത്തേരി-മാനന്തവാടി ഭാഗത്തുനിന്നുള്ള ബസുകൾ കൈനാട്ടിയിൽനിന്ന് ബൈപ്പാസ് വഴി സ്റ്റാൻഡിലെത്തി തിരികെ ബൈപ്പാസിലേക്കും പോകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP