Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

മഴക്കെടുതിയിൽ വലയുന്ന വയനാടിന് സഹായ ഹസ്തവുമായി രാഹുൽ ഗാന്ധി എംപി; ജില്ലയിലെത്തിച്ചത് 50,000 കിലോ അരി ഉൾപ്പടെയുള്ള ഭക്ഷണസാധനങ്ങൾ; സഹായത്തിന്റെ മൂന്നാം ഘട്ടത്തിൽ ക്ലീനിങ് സാമഗ്രികൾ എത്തിക്കുമെന്നും സൂചന; ഈ മാസം അവസാനം രാഹുൽ വീണ്ടുമെത്തുമെന്നും അറിയിപ്പ്

മഴക്കെടുതിയിൽ വലയുന്ന വയനാടിന് സഹായ ഹസ്തവുമായി രാഹുൽ ഗാന്ധി എംപി; ജില്ലയിലെത്തിച്ചത് 50,000 കിലോ അരി ഉൾപ്പടെയുള്ള ഭക്ഷണസാധനങ്ങൾ; സഹായത്തിന്റെ മൂന്നാം ഘട്ടത്തിൽ ക്ലീനിങ് സാമഗ്രികൾ എത്തിക്കുമെന്നും സൂചന; ഈ മാസം അവസാനം രാഹുൽ വീണ്ടുമെത്തുമെന്നും അറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

കൽപറ്റ: കേരളം വിറങ്ങലിച്ച പ്രളയക്കെടുതിക്ക് ഒരു വർഷത്തിന് ശേഷം വീണ്ടും ഇതാവർത്തിക്കുമ്പോൾ ദുരിതക്കയത്തിൽ വലയുകയാണ് കേരളം. പ്രത്യേകിച്ച് വയനാട് അടക്കമുള്ള ജില്ലയിൽ. മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും ഒട്ടേറെ നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയ വയനാട്ടിൽ സാഹ ഹസ്തവുമായി എത്തിയിരിക്കുകയാണ് രാഹുൽ ഗാന്ധി എംപി. അദ്ദേഹത്തിന്റെ ഓഫീസ് നിർദ്ദേശിച്ച പ്രകാരം 50,000 കിലോ അരി അടക്കമുള്ള ഭക്ഷ്യവസ്തുക്കളാണ് ഇപ്പോൾ ജില്ലയിലെത്തിച്ചിരിക്കുന്നത്. വയനാട്ടിൽ മഴക്കെടുതി രൂക്ഷമായിരുന്ന രണ്ട് ദിവസങ്ങൾ അദ്ദേഹം ഇവിടെ താമസിക്കുകയും വിവിധ ക്യാമ്പുകൾ സന്ദർശിക്കുകയും ചെയ്തിരുന്നു.

അദ്ദേഹത്തിന്റെ പ്രത്യേക നിർദ്ദശപ്രകാരമാണ് ടൺ കണക്കിന് വസ്തുക്കൾ ജില്ലയിലേക്ക് എത്തിച്ചിരിക്കുന്നത്. പായയും പുതപ്പുമടക്കമുള്ള വസ്തുക്കൾ ആദ്യം എത്തിച്ചതിന് പിന്നാലെയാണ് ഇപ്പോൾ അരിയും മറ്റ് അവശ്യ സാധനങ്ങളും എത്തിച്ചിരിക്കുന്നത്.പതിനായിരം കുടുംബങ്ങൾക്കായി അഞ്ചു കിലോ അരിയും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യാൻ പറ്റുന്ന തരത്തിലാണ് കിറ്റ് തയാറാക്കുന്നത്. കോൺഗ്രസ് പ്രാദേശിക ഘടകങ്ങളിലൂടെ ഇതിന്റെ വിതരണം ആരംഭിച്ചു. മൂന്നാം ഘട്ടത്തിൽ ക്ലീനിങ് സാധനങ്ങൾ ജില്ലയിലെത്തും.

അർഹരായ മുഴുവൻ കുടുംബങ്ങൾക്കും ബാത്ത്‌റൂം, ഫ്‌ളോർ ക്ലീനിങ് വസ്തുക്കളടങ്ങിയ കിറ്റും എത്തിക്കും. ഈ മാസം അവസാനം രാഹുൽ ഗാന്ധി വീണ്ടും മണ്ഡലം സന്ദർശിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. ജില്ലയിലെ പുത്തുമലയിലുണ്ടായത് ഉരുൾപൊട്ടലല്ല, സോയിൽ പൈപ്പിങ് മൂലമുണ്ടായ ഭീമൻ മണ്ണിടിച്ചിൽ. പ്രദേശത്ത് നടന്ന മരംമുറിയും ഏലം കൃഷിക്കായി നടത്തിയ മണ്ണിളക്കലും മണ്ണിടിച്ചിലിന് കാരണമായി. ദുരന്തമുണ്ടായ സ്ഥലത്ത് വിശദമായ പഠനം നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ജില്ലാ കളക്ടർക്ക് റിപോർട്ട് നൽകി.

ഒരു ഗ്രാമം മുഴുവൻ ഇല്ലാതാക്കിയ പുത്തുമല ദുരന്തത്തെ ഉരുൾപൊട്ടലെന്ന് വിളിക്കുന്നത് തെറ്റാണ്. ചെരിഞ്ഞ പ്രദേശങ്ങളിൽ സംഭരിക്കപ്പെടുന്ന വെള്ളം മർദ്ദംകൂടി ഒരു പ്രത്യേക ഭാഗത്തു കൂടി അതിശക്തമായി പുറത്തേക്കൊഴുകുന്നതാണ് ഉരുൾപൊട്ടൽ. വെള്ളം പുറത്തേക്കൊഴുകുന്ന ഭാഗത്തെ ഉരുൾപൊട്ടൽ നാഭിയെന്നാണ് വിളിക്കുക. എന്നാൽ പുത്തുമലയിൽ ഇതല്ല സംഭവിച്ചത്. വലിയ തോതിലുള്ള മണ്ണിടിച്ചിലാണ്. ഏകദേശം അഞ്ച് ലക്ഷം ടൺ മണ്ണും അത്രയും ഘനമീറ്റർ വെള്ളവുമാണ് ഇടിഞ്ഞുതാഴ്ന്ന് ഒഴുകി പരന്നത്.

മൂന്ന് പതിറ്റാണ്ട് മുമ്പ് നടന്ന മരം മുറിയും ഏലം കൃഷിക്കായി നടത്തിയ മണ്ണിളക്കലും മണ്ണിടിച്ചിലിന് കാരണമായതെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. പശ്ചിമഘട്ട മലനിരകളിൽ അതീവ പ്രാധാന്യമുള്ള മേപ്പാടി പുത്തുമലയിലുണ്ടായത് അതിഭയാനകമായ ദുരന്തമാണ്. 9 സ്ഥലങ്ങളിലുണ്ടായ മണ്ണിടിച്ചിൽ ഒരുമിച്ചു താഴേക്കു കുത്തിയൊലിച്ച് 20 ഹെക്ടർ ഭൂമിയാണ് ഒലിച്ചുപോയതെന്നും പഠനത്തിൽ കണ്ടെത്തി. പുത്തുമലയിലെ മേൽമണ്ണിന് 1.5 മീറ്റർ മാത്രമേ ആഴമുള്ളൂ. താഴെ ചെരിഞ്ഞുകിടക്കുന്ന വൻപാറക്കെട്ടും.

മേൽമണ്ണിനു 2.5 മീറ്റർ എങ്കിലും ആഴമില്ലാത്ത മലപ്രദേശങ്ങളിൽ വൻ പ്രകൃതിദുരന്തങ്ങൾക്കു സാധ്യത കൂടുതലാണ്. ചെറിയ ഇടവേളകളിൽ 2 തവണ പുത്തുമലയ്ക്കുമേൽ മണ്ണിടിച്ചിറങ്ങി. 5 ലക്ഷം ടൺ മണ്ണാണ് ഒറ്റയടിക്കു പുത്തുമലയിൽ വന്നുമൂടിയത്. ഒരാഴ്ചയോളം പുത്തുമലയിൽ അതിതീവ്രമഴ പെയ്തു. പാറക്കെട്ടുകൾക്കും വന്മരങ്ങൾക്കുമൊപ്പം 5 ലക്ഷം ഘനമീറ്റർ വെള്ളവും കുത്തിയൊലിച്ചു.

പ്രദേശത്ത് 1980കളിൽ വലിയതോതിൽ മരംമുറി നടന്നിരുന്നു. തേയിലത്തോട്ടങ്ങൾക്കായി നടത്തിയ മരംമുറിക്കൽ കാലാന്തരത്തിൽ സോയിൽ പൈപ്പിങ്ങിന് ഇടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. മലമുകളിൽ നടന്ന വ്യാപകമായ മരംമുറിയും മണ്ണിളക്കിയുള്ള കൃഷിയും കരിങ്കൽ ക്വാറിയുമൊക്കെയാണ് ഇതിന് കാരണം. ദുരന്തമുണ്ടായതിന് മുകളിൽ ചെങ്കുത്തായ കുന്നിൽ 50 ഏക്കറിലധികം ഭൂമി ഇടിഞ്ഞുതാഴ്ന്ന് അപകടകരമായ അവസ്ഥയിൽ നിൽക്കുന്നതായി സ്ഥലത്ത് പരിശോധന നടത്തിയ ഉദ്യോഗസ്ഥർ കണ്ടെത്തി.

വയനാട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി.യു. ദാസിന്റെ നേതൃത്വത്തിൽ ഞായറാഴ്ചയാണ് ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം സന്ദർശിച്ചത്. ശക്തമായ മഴ പെയ്താൽ മണ്ണിടിഞ്ഞ സ്ഥലം കുത്തിയൊലിച്ച് പാറയും മരങ്ങളും ചേർന്ന് മറ്റൊരു വൻ ഉരുൾപൊട്ടലായി രൂപപ്പെടും. ഇങ്ങനെ സംഭവിച്ചാൽ പുത്തുമല പ്രദേശം ഉണ്ടാവില്ലെന്നാണു സംഘത്തിന്റെ നിഗമനം. പുത്തുമല ഉൾപ്പെടുന്ന വെള്ളാർമല വില്ലേജ് മുഴുവൻ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലമായാണ് മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

പുത്തുമല പച്ചക്കാടിന്റെ മുകളിലുള്ള ചെങ്കുത്തായ കുന്നിലെ നാനൂറോളം ഏക്കർ വരുന്ന പ്ലാന്റേഷനിൽ 1980 കാലഘട്ടത്തിലാണ് മരംമുറി നടന്നത്. മരങ്ങൾ വെട്ടി വിറ്റ് തോട്ടം വെളുപ്പിച്ച് കാപ്പി, ഏലം കൃഷികളാണു ചെയ്തത്. മരങ്ങൾ വെട്ടിമാറ്റിയതോടെ മണ്ണിന് ഭൂമിയിലുള്ള ഉറപ്പ് നഷ്ടമായി. ഈ പ്രദേശത്ത് ഒന്നര മീറ്റർ മാത്രം കനത്തിലാണ് മണ്ണുള്ളത്. ബാക്കി ഭാഗം പാറയാണ്. ഇവിടെ മണ്ണിൽ വെള്ളമിറങ്ങി പൈപ്പിങ് പ്രതിഭാസമാണ് ഉണ്ടായി.

വന്മരങ്ങൾ വെട്ടിയെങ്കിലും അതിന്റെ വേരുകൾ വർഷങ്ങളോളം മണ്ണിനെ പാറയുടെ മുകളിൽ പിടിച്ചുനിറുത്തിയിരിക്കാം. കാലക്രമേണ വേരുകൾ നശിക്കുമ്പോൾ ഈ വിടവിലൂടെ കുടുതൽ വെള്ളം മണ്ണിലേക്കിറങ്ങുന്നത് പാറയുടെ മുകളിൽനിന്ന് മണ്ണൊലിച്ചുപോയി ഉരുൾപൊട്ടൽ പോലുള്ള പ്രതിഭാസങ്ങൾക്ക് വഴിതെളിക്കും. ഏലം അടക്കമുള്ള കൃഷികൾക്കായി മലമുകളിൽ മണ്ണിളക്കിയതുമൂലം മണ്ണിന്റെ ജല ആഗിരണ ശേഷി വർധിക്കാൻ സാധ്യത കൂടി. ഇതും ദുരന്തത്തിന് കാരണമായി.

ഉരുൾപൊട്ടലുണ്ടായ പച്ചക്കാട് പ്രദേശത്തിന്റെ തുടക്കത്തിൽ ഒരു വശത്തായാണു ക്വാറി സ്ഥിതി ചെയ്യുന്നത്. നിലവിൽ ഇതു പ്രവർത്തിക്കുന്നില്ല. പ്രവർത്തിച്ച സമയത്ത് മലനിരകളിലുണ്ടായ പ്രകമ്പനങ്ങളും ദുരന്തത്തിനു കാരണമായെന്നു നാട്ടുകാർ പറയുന്നു. ക്വാറിക്ക് സമീപത്ത് രണ്ടു വീടുകളിലായി രവീന്ദ്രൻ, ലീലാമണി എന്നിവരാണു താമസിച്ചിരുന്നത്. ശക്തമായ മഴയിൽ ബുധനാഴ്ച രാത്രി ഒരു മണിയോടെ മണ്ണിടിച്ചിലുണ്ടാവുകയും ഇവരുടെ വീട്ടിലേക്കു കല്ല് വീഴുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP