Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഉണ്ടായപ്പോൾ സംഘത്തോടൊപ്പം ഓടിയെത്തി തുണയായി; ബന്ദിപ്പൂർ റോഡ് വിഷയത്തിൽ തെരുവിൽ ഇറങ്ങിയപ്പോൾ ഒപ്പം ഇരിക്കാൻ ഓടിയെത്തി; വയനാടിന്റെ അതിർത്തികൾക്കിടയിൽ ഒടുങ്ങേണ്ട വിഷയങ്ങൾ ദേശീയശ്രദ്ധ നേടുന്നു; ആത്മവിശ്വാസത്തോടെ ഞങ്ങൾക്ക് ഒരു എംപിയുണ്ടെന്ന് പറഞ്ഞു വയനാട്ടുകാർ; രാഹുൽ ഗാന്ധി ഇടപെടൽ വയനാട്ടുകാരുടെ പ്രതീക്ഷ കാക്കുമ്പോൾ

വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഉണ്ടായപ്പോൾ സംഘത്തോടൊപ്പം ഓടിയെത്തി തുണയായി; ബന്ദിപ്പൂർ റോഡ് വിഷയത്തിൽ തെരുവിൽ ഇറങ്ങിയപ്പോൾ ഒപ്പം ഇരിക്കാൻ ഓടിയെത്തി; വയനാടിന്റെ അതിർത്തികൾക്കിടയിൽ ഒടുങ്ങേണ്ട വിഷയങ്ങൾ ദേശീയശ്രദ്ധ നേടുന്നു; ആത്മവിശ്വാസത്തോടെ ഞങ്ങൾക്ക് ഒരു എംപിയുണ്ടെന്ന് പറഞ്ഞു വയനാട്ടുകാർ; രാഹുൽ ഗാന്ധി ഇടപെടൽ വയനാട്ടുകാരുടെ പ്രതീക്ഷ കാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

സുൽത്താൻ ബത്തേരി: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തിയപ്പോൾ എതിർക്യാമ്പിൽ പ്രചരണം നടന്നത് രാഹുൽ വിജയിച്ചു പോയാൽ പിന്നെ സ്വന്തം മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കില്ല എന്നതായിരുന്നു. ഡൽഹിയിൽ മാത്രം കേന്ദ്രീകരിച്ച് അദ്ദേഹം പ്രവർത്തിക്കുമെന്നും മറ്റുമായിരുന്നു. എന്നാൽ, അദ്ദേഹം കോൺഗ്രസിന്റെ അധ്യക്ഷ പദവിയും ഒഴിഞ്ഞതോടെ വയനാട്ടുകാർക്ക് വേണ്ടി കൂടുതൽ സമയം ചെലവഴിച്ചു. ഇപ്പോൾ മണ്ഡലത്തിന് എന്ത് ആവശ്യമുണ്ടെങ്കിലും വിളിപ്പുറത്തുള്ള നേതാവായി രാഹുൽ മാറിക്കഴിഞ്ഞു. കനത്ത മഴയെ തുടർന്ന് വയനാട് ദുരിതത്തിൽ ആയ വേളയിൽ ഓടിയെത്തിയത് രാഹുൽ ഗാന്ധിയായിരുന്നു. അന്ന് കോൺഗ്രസ് പ്രവർത്തകരോട് മണ്ഡലത്തിൽ സജീവമാകാൻ നിർദ്ദേശിച്ച രാഹുൽ ദുരിതത്തിൽ പെട്ടവരെ സഹായിക്കാൻ വേണ്ടിയും സജീവമായി രംഗത്തെത്തിയിരുന്നു.

ഇപ്പോൾ ബന്ദിപ്പൂർ വിഷയത്തിലും വയനാടൻ ജനത തെരുവിൽ ഇറങ്ങിയതോടെ ആദ്യ ഘട്ടത്തിൽ ഡൽഹിയിൽ ഇടപെടൽ നടത്തിയത് രാഹുൽ ആയിരുന്നു. ഈ വിഷയം അഖിലേന്ത്യാ തലത്തിലേക്ക് ശ്രദ്ധിക്കപ്പെട്ടത് രാഹുൽ വിഷയത്തിൽ ട്വീറ്റ് ചെയ്തതോടെയായിരുന്നു. തുടർന്ന് വയനാട് എംപിയെന്ന നിലയിൽ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. അവിടം കൊണ്ടും രാഹുൽ തന്റെ ഇടപെടൽ നിർത്തിയില്ല. ഈ കേസിൽ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെ ഏർപ്പാടാക്കുകയും ചെയ്തു അദ്ദേഹം.

ഒക്ടോബർ 14 കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോളാവും കോഴിക്കോട് എംപി എംകെ രാഘവന് വേണ്ടി കപിൽ സിബൽ സുപ്രീംകോടതിയിൽ ഹാജരാവുക. കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലൂടെയുള്ള രാത്രിയാത്രയ്ക്ക് കഴിഞ്ഞ പത്ത് വർഷമായി നിരോധനം നിലനിൽക്കുകയാണ്. യാത്രനിയന്ത്രണം പകൽ സമയത്തേക്ക് നീട്ടാനുമുള്ള സാധ്യത സുപ്രീംകോടതി ആരാഞ്ഞതോടെയാണ് വിഷയം വീണ്ടും ചൂടുപിടിച്ചത്. പകൽ കൂടി യാത്രാനിരോധനം വന്നാൽ അത് സാരമായി തന്നെ വയനാടൻ ജനതയെ ബാധിക്കുമെന്ന് രാഹുലിന് ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം വയനാട്ടിൽ സമരപന്തലിൽ എത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ചതും.

എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നായി ചേർന്ന് പോകുന്ന ഈ വിഷയത്തിൽ ബുദ്ധിപരമായി ഇടപെട്ട് നടപടി സ്വീകരിക്കുമെന്നാണ് രാഹുൽ ഗാന്ധി ഇന്ന് സുൽത്താൻ ബത്തേരിയിൽ വെച്ച് പറഞ്ഞത്. കോഴിക്കോട്-കൊല്ലഗൽ 766 ദേശീയപാതയിലെ സഞ്ചാരസ്വാതന്ത്ര്യം തടയരുതെന്നും രാഹുൽ ആവശ്യപ്പെട്ടു. 'എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ വിഷയത്തിൽ ഒന്നായി ചേർന്നിരിക്കുകയാണ്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസം ഈ വിഷയത്തിലില്ല. ഈ പ്രശ്നം കാര്യക്ഷമമായി പരിഹരിക്കണം. ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഒഴിവാക്കപ്പെടേണ്ടതാണ്. രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ ഇത് സാധ്യമായിട്ടുണ്ട്. അതിവിടെയും സംഭവിക്കേണ്ടതുണ്ട്. വയനാട്ടിലെ ജനങ്ങളോട് അനുഭാവപൂർവ്വമായ ഇടപെടൽ ആവശ്യമാണ്', രാഹുൽ പറഞ്ഞു.

പാർട്ടിയുടെ നിയമവിദഗ്ധരുമായി സംസാരിച്ചിട്ടുണ്ട്. ആവശ്യമായ ഇടപെടൽ വേണമെന്ന് പറഞ്ഞിട്ടുണ്ട്. ഈ രാജ്യത്തേറ്റവും പ്രഗത്ഭനായ അഭിഭാഷകനെ ഈ വിഷയം കൈകാര്യം ചെയ്യാൻ നിയോഗിക്കുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു. വിഷയം പാർലമെന്റിൽ ഉന്നയിച്ച് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. മുഖ്യമന്ത്രി ഈ വിഷയത്തിൽ വയനാട്ടിലെ ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിക്കൊപ്പം കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരും സമരപന്തലിലെത്തിയിരുന്നു. രാഹുലിന്റെ സാന്നിധ്യം സമരക്കാർക്കും ആവേശം പകർന്നിട്ടുണ്ട്.

രാത്രിയാത്രാനിരോധനം പിൻവലിക്കുക, പാത പൂർണമായി അടച്ചിടാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ വിഷയങ്ങളുന്നയിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയും നഗരസഭാകൗൺസിലറുമായ റിനു ജോൺ, ഡിവൈഎഫ്ഐ. ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ഫെബിൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, വ്യാപാരി-വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ബത്തേരി യൂണിറ്റ് പ്രസിഡന്റ് പി. സംഷാദ് എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യം ഈ വിഷയത്തിൽ തനിക്കില്ലെന്നും രാഹുൽ വ്യക്തമാക്കിയത് എംപിയെന്ന നിലയിലാണ്.

ദേശീയപാത സമര വേദിയിലേക്ക് രാത്രിയിലും പിന്തുണയുമായെത്തിയത് നൂറുകണക്കിനാളുകളാണ്. ദേശീയപാത 766 അടച്ചിടരുതെന്നാവശ്യപ്പെട്ട് സുൽത്താൻ ബത്തേരി സ്വതന്ത്ര മൈതാനിയിൽ നടക്കുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി രാവും പകലുമെത്തുന്നത്. നൂറുകണക്കിന് കൂട്ടായ്മകളാണ്. നേരമിരുട്ടുന്നതോടെ പന്തം കൊളുത്തി പ്രകടനങ്ങളുമായാണ് ഗ്രാമീണരെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രി യുവാക്കൾ നടത്തിയ മൊബൈൽഫ്‌ളാഷ് ലൈറ്റ് പ്രകടത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. കുടുംബശ്രി ജില്ലാ മിഷന്റെ നേതൃത്വത്തിൽ വനിതകൾ നടത്തിയ പ്രകടനം കനത്ത മഴയിലും നഗരത്തെ അക്ഷരാർത്ഥത്തിൽ സ്തംഭിപ്പിച്ചു.

രാഹുൽ വയനാട്ടിലെ വിഷയങ്ങളിൽ ഇടപെടുന്നതോടെ ദേശീയ തലത്തിലേക്ക് ശ്രദ്ധ എത്തിക്കാൻ സാധിക്കുന്നുണ്ട്. വയനാട്ടിലെ വെള്ളപ്പൊക്കവും മണ്ണിടിച്ചൽ വിഷയവും ഇത്തരത്തിൽ ദേശീയ മാധ്യമശ്രദ്ധ നേടിയത് രാഹുലിന്റെ ട്വീറ്റ് വഴിയും മറ്റുമായിരുന്നു. രാഹുലിന്റെ ഇടപെടലോടെ വയനാട്ടുകാർക്ക് ഒരു എംപിയുണ്ട് എന്ന ബോധ്യം വന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP