Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

സ്വപ്‌നത്തിൽ പോലും കരുതിയിട്ടില്ലാത്ത അപൂർവ്വ ഭാഗ്യം; വേദിയിലേക്ക് ഓടിക്കയറാൻ പ്രചോദനമായത് സഹപാഠികളുടെ നിർബന്ധം; പ്രസംഗം സൂപ്പറായപ്പോൾ കൂട്ടുകാരികൾ എടുത്തുയർത്തിയ ഫോട്ടോയും വൈറൽ; വീഡിയോ ഒറ്റ ദിവസം കൊണ്ട് കണ്ടത് എട്ടരലക്ഷത്തോളം പേർ; രാഹുൽ ഗാന്ധിയുടെ പ്രസംഗം പൂജയ്ക്ക് നൽകുന്നത് പേരും പെരുമയും; സഫാ ഫെബിൻ സോഷ്യൽ മീഡിയയുടെ പ്രിയ താരമാകുമ്പോൾ

സ്വപ്‌നത്തിൽ പോലും കരുതിയിട്ടില്ലാത്ത അപൂർവ്വ ഭാഗ്യം; വേദിയിലേക്ക് ഓടിക്കയറാൻ പ്രചോദനമായത് സഹപാഠികളുടെ നിർബന്ധം; പ്രസംഗം സൂപ്പറായപ്പോൾ കൂട്ടുകാരികൾ എടുത്തുയർത്തിയ ഫോട്ടോയും വൈറൽ; വീഡിയോ ഒറ്റ ദിവസം കൊണ്ട് കണ്ടത് എട്ടരലക്ഷത്തോളം പേർ; രാഹുൽ ഗാന്ധിയുടെ പ്രസംഗം പൂജയ്ക്ക് നൽകുന്നത് പേരും പെരുമയും; സഫാ ഫെബിൻ സോഷ്യൽ മീഡിയയുടെ പ്രിയ താരമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കരുവാരക്കുണ്ട്: രാഹുൽഗാന്ധിയുടെ പ്രഭാഷണം പരിഭാഷപ്പെടുത്തിയതിലൂടെ ദേശീയതലത്തിലും നവമാധ്യമങ്ങളിലും വൈറലാവുകയാണ് സഫ ഫെബിൻ. സഫ പ്രസംഗം പരിഭാഷപ്പെടുത്തുന്ന വീഡിയോ രാഹുൽഗാന്ധി ഫെയ്‌സ് ബുക്കിലിട്ടതോടെയാണ് ദേശീയതലത്തിലും മാധ്യമങ്ങളിലും സഫ നിറഞ്ഞുനിന്നത്. വീഡിയോ ഒരുദിവസം കൊണ്ട് എട്ടരലക്ഷത്തോളം ആളുകളാണ് കണ്ടത്. 93,000 ലൈക്കും പതിനായിരം ഷെയറും. കരുവാരക്കുണ്ട് ജി.എച്ച്.എസ്. സ്‌കൂളിലെ പ്‌ളസ്ടു സയൻസ് വിദ്യാർത്ഥിനിയാണ് സഫ. സ്‌കൂളിലെ ശാസ്ത്രലാബ് ഉദ്ഘാടനംചെയ്യാൻ എത്തിയതായിരുന്നു രാഹുൽഗാന്ധി.

മലപ്പുറം വിദ്യാഭ്യാസപ്പെരുമയുടെ പ്രതീകമായി ഈ മിടുക്കിയെ പരിചയപ്പെടുത്തിയ വി.ടി. ബൽറാം എംഎ‍ൽഎയുടെ പോസ്റ്റും വൈറലായി. ആയിരക്കണക്കിനു പേരുടെ പ്രൊഫൈൽ ചിത്രത്തിൽ ഈ മുഖ മക്കനക്കാരി ചിരിതൂകി നിന്നു. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ, അഡ്വ. എം. ഉമ്മർ എംഎ‍ൽഎ. എന്നിവർ ഫോണിൽ നേരിട്ടുവിളിച്ച് അഭിനന്ദനം അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മേൽനോട്ട സമിതി അംഗം എ. വിനോദ്, യൂത്ത് ലീഗ്, എം.എസ്.എഫ്. ഭാരവാഹികളും സഫയുടെ വീട്ടിലെത്തി ഉപഹാരം കൈമാറി.

രാഹുൽഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ സഫ ഫെബിന് പ്രചോദനമായത് കൂടെയിരുന്ന സഹപാഠികളുടെ നിർബന്ധമായിരുന്നു. സഫയുടെ പരിഭാഷ ശ്രദ്ധനേടുകയും രാഹുൽഗാന്ധിയുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തതോടെ സ്‌കൂളിലെ സഹപാഠികളായ റഷ, മുർഷിദ, നഹ്ല, ഖദീജ, സ്‌നേഹ, ദിൽഷ, ജാസിൽ തുടങ്ങിയവർ ഓടിയെത്തി സഫയെ ഉയർത്തിയെടുത്ത് ആഹ്ലാദപ്രകടനം നടത്തി. ഈ ഫോട്ടോയും വൈറലാണ്. സഫ ഫെബിന് കെ.എസ്.ടി.യു. ശിഹാബ്തങ്ങൾ പ്രതിഭാപുരസ്‌കാരവും ലഭിക്കും. 5001 രൂപയും പ്രശസ്തിഫലകവും ഉൾപ്പെടുന്ന പുരസ്‌കാരം ഞായറാഴ്ച പെരിന്തൽമണ്ണയിൽ നടക്കുന്ന സംസ്ഥാന വനിതാസമ്മേളനത്തിൽ സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ മികവാർന്ന പ്രകടനത്തിന്റെ സാക്ഷ്യമാണ് സഫ ഫെബിന്റേതെന്ന് കെ.എസ്.ടി.യു. അഭിപ്രായപ്പെട്ടു.

പരിഭാഷയിലൂടെ ശ്രദ്ധനേടിയ സഫ ഫെബിൻ നാടിനും വിദ്യാലയത്തിനും അഭിമാനമായതായി പ്രിൻസിപ്പൽ എം. സുബൈറും ക്ലാസ് അദ്ധ്യാപിക ഡോ. വിജയലക്ഷ്മിയും പറഞ്ഞു. ശാസ്ത്രലാബ് ഉദ്ഘാടനംചെയ്യാൻ രാഹുൽഗാന്ധി വരുന്ന സന്തോഷത്തിലാണ് സഫ രാവിലെ എത്തിയത്. വേദിയിൽ അദ്ദേഹത്തിന്റെ പ്രസംഗം പരിഭാഷപ്പെടുത്താൻ അവസരം ലഭിക്കുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ല. ഞാൻ ഇഷ്ടപ്പെടുന്ന നേതാവാണ് രാഹുൽഗാന്ധി. ലോക്സഭാ തിരഞ്ഞെടുപ്പുസമയത്ത് അദ്ദേഹം കാളികാവിൽ എത്തിയപ്പോൾ കാണാൻ പോയിരുന്നു. നിർഭാഗ്യവശാൽ കാണാൻ സാധിച്ചില്ല. ഈ അനുഭവം വലിയ ഭാഗ്യമായി മാറിയെന്ന് സഫ പറയുന്നു.

ഒന്നാം ക്ലാസ് മുതൽ മുതൽ പൊതുവിദ്യാലയത്തിൽ തന്നെയാണ് പഠനം. അഞ്ചാംക്ലാസ് മുതൽ കരുവാരക്കുണ്ട് ഗവ. ഹൈസ്‌കൂളിലെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്നു. ഇംഗ്ലീഷ് ഭാഷ ബുദ്ധിമുട്ടുള്ളതായി ഇതുവരെ തോന്നിയിട്ടില്ലെന്ന് സഫ പറയുന്നു. രാഹുൽഗാന്ധി ഓരോ വരി പറഞ്ഞുനിർത്തുമ്പോഴും ആലോചിക്കാൻ സമയമെടുക്കാതെ സഫയുടെ പരിഭാഷയെത്തി. ഇതിനെല്ലാം സദസ്സിന്റെ നിറഞ്ഞ കൈയടി. ശാസ്ത്രലാബിന്റെ ഉദ്ഘാടനമായതിനാൽ ശാസ്ത്രത്തിന്റെ പങ്കായിരുന്നു പ്രസംഗത്തിലുടനീളം.

തന്റെ എംപി. ഫണ്ട് കുറവാണെന്നും പരമാവധി ഫണ്ട് എ.പി. അനിൽകുമാറിൽനിന്ന് വാങ്ങണമെന്നുമുള്ള രാഹുൽഗാന്ധിയുടെ വാക്കുകൾ മൊഴിമാറ്റിയപ്പോഴായിരുന്നു കൂടുതൽ കൈയടി. ഏതായാലും പ്രസംഗം വൈറലാകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP