Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒറ്റമുറിയിൽ ആരും അറിയാതെ 10 വർഷം; കാത്തിരിപ്പ് അവസാനിച്ച് പ്രണയത്തിന് സാഫല്യം; റഹ്‌മാനും സജിതയും ഇനി നിയമപരമായി വിവാഹിതർ; ഇനിയുള്ളത് സ്വന്തമായി ഒരു കൊച്ചു വീടെന്ന സ്വപ്‌നമെന്ന് 'നവ'ദമ്പതികൾ

ഒറ്റമുറിയിൽ ആരും അറിയാതെ 10 വർഷം; കാത്തിരിപ്പ് അവസാനിച്ച് പ്രണയത്തിന് സാഫല്യം; റഹ്‌മാനും സജിതയും ഇനി നിയമപരമായി വിവാഹിതർ; ഇനിയുള്ളത് സ്വന്തമായി ഒരു കൊച്ചു വീടെന്ന സ്വപ്‌നമെന്ന് 'നവ'ദമ്പതികൾ

മറുനാടൻ മലയാളി ബ്യൂറോ

നെന്മാറ: പത്ത് വർഷത്തെ ഒറ്റമുറി ജീവിതത്തിൽ നിന്ന് പുറത്ത് വന്ന റഹ്‌മാനും സജിതയും ഇനി നിയമപരമായി വിവാഹിതർ. അയിലൂർ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്‌മാനും, സജിതയുമാണ് 10 വർഷത്തെ അവിശ്വസനീയ പ്രണയത്തിനുശേഷം സ്‌പെഷൽ മാരേജ് ആക്ട് പ്രകാരം വിവാഹിതരായത്. സ്വന്തമായി ഒരു കൊച്ചു വീടെന്ന സ്വപ്നമാണ് ഇനിയുള്ളതെന്ന് ഇരുവരും പ്രതികരിച്ചു.

സെപ്റ്റംബർ 15 നാണ് ഇരുവരും വിവാഹിതരാകുന്നതിനായി നെന്മാറ സബ്ബ് രജിസ്ട്രാർ മുൻപാകെ അപേക്ഷ സമർപ്പിച്ചത്. അപേക്ഷയിൽ ആക്ഷേപങ്ങളൊന്നും ലഭിക്കാത്തതിനാൽ ഇരുവർക്കും നെന്മാറ സബ്ബ് രജിസ്ട്രാർ കെ.അജയകുമാർ വ്യാഴാഴ്ച വിവാഹ സർട്ടിഫിക്കറ്റ് അനുവദിച്ചു.സബ്ബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ കെ.ബാബു എംഎ‍ൽഎ. ഇരുവർക്കും വിവാഹ സർട്ടിഫക്കറ്റ് കൈമാറി.

2010 ഫെബ്രുവരിയിലാണ് റഹ്‌മാനോടൊപ്പം ജീവിക്കാൻ 18 കാരിയായ സജിത വീട് വിട്ടിറങ്ങിയത്. ഇലക്ട്രിക്കൽ ജോലിയും പെയിന്റിങും ചെയ്യുന്ന റഹ്‌മാനോടൊപ്പം കഴിയുന്നതിനായി ഇറങ്ങിത്തിരിച്ച സജിതയെ റഹ്‌മാൻ ആരുമറിയാതെ വീട്ടിലെ മുറിയിൽ താമസിപ്പിക്കുകയായിരുന്നു.

പുറത്ത് സ്വതന്ത്രമായി ജീവിക്കണമെന്ന മോഹത്തിൽ 2021 മാർച്ചിൽ ഇരുവരും വീട് വിട്ടിറങ്ങി വിത്തനശ്ശേരിക്ക് സമീപം വാടക വീട്ടിലേക്ക് താമസം മാറുകയായിരുന്നു. റഹ്‌മാനെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെ സഹോദരൻ റഹ്‌മാനെ നെന്മാറയിൽ വെച്ച് കാണുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രണയ ജിവിതത്തിന്റെ 10 വർഷത്തെ ചരിത്രം പുറം ലോകമറിഞ്ഞത്.

കഴിഞ്ഞ ഏഴ് മാസമായി ഒരുമിച്ച് കഴിഞ്ഞുവരുന്ന ഇരുവർക്കും പുരോഗമന കലാ സാഹിത്യ സംഘം കൊല്ലങ്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിവാഹതിരാകുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. അപേക്ഷ നൽകി ഒരു മാസം പൂർത്തിയായതോടെ വിവാഹം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു. രജിസ്‌ട്രേഷൻ തുക പുരോഗമന കലാ സാഹിത്യ സംഘം കൊല്ലങ്കോട് മേഖല കമ്മിറ്റിയാണ് നൽകിയത്.

തന്റെ വീട്ടിലെ ഒറ്റമുറിയിൽ റഹ്‌മാൻ ആരുമറിയാതെ പത്തുകൊല്ലം സജിതയെ ഒളിവിൽ പാർപ്പിച്ച സംഭവം വലിയ ചർച്ചയായിരുന്നു. വിവരം പുറത്ത് വന്നതോടെ വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടു. സ്വന്തം ഇഷ്ടപ്രകാരമാണ് റഹ്‌മാനൊപ്പം ഒളിവിൽ താമസിച്ചതെന്നായിരുന്നു സജിതയുടെ മൊഴി. കാണാതായ റഹ്‌മാനെ പത്ത് വർഷങ്ങൾക്ക് ശേഷം വഴിയിൽ വച്ച് ബന്ധുക്കൾ കണ്ടതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.

പാലക്കാട് ജില്ലയിലെ നെന്മാറയിലെ അരിയൂരിനടുത്തുള്ള കാരയ്ക്കാട്ടുപറമ്പ് എന്ന ഉൾഗ്രാമത്തിലാണ് കേരളത്തെയാകെ അമ്പരിപ്പിച്ച സംഭവം നടക്കുന്നത്. സജിതയെ കാണാതാകുമ്പോൾ 19 വയസ്സാണ് പ്രായം. പൊലീസ് ഏറെ അന്വേഷിച്ചെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. അന്ന് റഹ്‌മാനെയും യുവാവിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അവസാനം, പൊലീസും വീട്ടുകാരും അന്വേഷണം അവസാനിപ്പിച്ചു. വർഷങ്ങൾ പിന്നിട്ട് പെൺകുട്ടിയെക്കുറിച്ചുള്ള ഓർമകൾ വീട്ടുകാരടക്കം മറക്കുന്നതിനിടെയാണ് സംഭവത്തിൽ സിനിമാ ക്ലൈമാക്സിനെ വെല്ലുന്ന ട്വിസ്റ്റ് ഉണ്ടാകുന്നത്.

യുവാവും യുവതിയും രണ്ട് മത വിഭാഗത്തിൽപ്പെട്ടതായിരുന്നു. അന്ന് സജിതയ്ക്ക് 19 വയസ്സ്. റഹ്‌മാന് 24ഉം. ഇരുവരും അയൽവാസികൾ. യുവാവിന്റെ വീട്ടിൽ നിന്ന് ഏകദേശം നൂറുമീറ്റർ അകലെയാണ് യുവതിയുടെ വീട്. പ്രണയം വീട്ടിൽ പറയാനുള്ള ധൈര്യം ഇരുവർക്കുമുണ്ടായില്ല. അങ്ങനെയാണ് പെൺകുട്ടിയെ ഇയാൾ ആരുമറിയാതെ വീട്ടിനുള്ളിലെ മുറിയിൽ എത്തിക്കുന്നത്.

തുടക്കത്തിൽ യുവാവും മുറിവിട്ട് പുറത്തിറങ്ങിയില്ല. തന്റെ മുറിയിലേക്ക് ആരെയും പ്രവേശിപ്പിച്ചതുമില്ല. മുറിയിലേക്ക് വീട്ടുകാർ കടക്കുന്നത് തടയാനായി ഇലക്ട്രിക് ജോലി അറിഞ്ഞിരുന്ന റഹ്‌മാൻ ചില പൊടിക്കൈകളും ചെയ്തിരുന്നു. ഒടുവിൽ റഹ്‌മാനെ വീട്ടിൽ നിന്ന് കാണാതാവുകയും പിന്നീട് റോഡിൽ വച്ച് ബന്ധുക്കള് കണ്ടെത്തുകയും ചെയ്തതോടെയാണ് 10 വർഷത്തെ ഒറ്റമുറിയിലെ രഹസ്യ ജീവിതത്തിന്റെ ചുരുളഴിഞ്ഞത്.

പൊലീസെത്തി നടത്തിയ അന്വേഷണത്തിൽ റഹ്‌മാനൊപ്പം സജിതയെയും ഉണ്ടെന്ന് തിരിച്ചറിഞ്ഞു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇരുവരും പത്തു കൊല്ലം തറവാട് വീട്ടിലെ ഒറ്റമുറിയിൽ താമസിച്ചെന്ന വിവരം പുറത്തു വരുന്നത്. 10 വർഷത്തോളം സ്വന്തം വീട്ടിൽ യുവതിയെ ഒളിപ്പിച്ചു താമസിപ്പിച്ച യുവാവിന്റെ കഥ അവിശ്വസനീയതോടെയാണ് കേരളം കേട്ടത്. സ്വന്തം വീട്ടുകാരോ തൊട്ടയൽവാസികളോ അറിയാതെ ഇത്രയും നീണ്ട കാലയളവ് ഒരു സ്ത്രീയെ എങ്ങനെ ഒരു ചെറിയ മുറിക്കുള്ളിൽ ഇയാൾ ഒളിച്ചുതാമസിപ്പിച്ചു എന്ന് നാല് കോണുകളിൽ നിന്നും ചോദ്യവും സംശയവുമുയർന്നു. പക്ഷേ ഇവർ പറയുന്ന കഥ വിശ്വസിക്കുകയല്ലാതെ മറ്റുമാർഗമൊന്നുമില്ലെന്നാണ് സംഭവം അന്വേഷിച്ച പൊലീസും പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP