Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202229Tuesday

ജൂനിയർ വിദ്യാർത്ഥിയുടെ മുടി മുറിച്ചു ചെരിപ്പുമാല അണിയിച്ച് കാട്ടാള ആചാരം; നവാഗതരെ വരവേൽക്കുന്നത് ശിലായുഗത്തിലെ പ്രാകൃത മനുഷ്യരെപ്പോലെ; റാഗിങ്ങിന്റെ പേരിൽ തെമ്മാടിത്തം സ്‌കൂളുകളിലേക്ക്; കാസർകോട് സ്‌കൂൾ റാഗിങ്ങിൽ പ്രതിഷേധം അലയടിക്കുമ്പോൾ

ജൂനിയർ വിദ്യാർത്ഥിയുടെ മുടി മുറിച്ചു ചെരിപ്പുമാല അണിയിച്ച് കാട്ടാള ആചാരം; നവാഗതരെ വരവേൽക്കുന്നത് ശിലായുഗത്തിലെ പ്രാകൃത മനുഷ്യരെപ്പോലെ; റാഗിങ്ങിന്റെ പേരിൽ തെമ്മാടിത്തം സ്‌കൂളുകളിലേക്ക്; കാസർകോട് സ്‌കൂൾ റാഗിങ്ങിൽ പ്രതിഷേധം അലയടിക്കുമ്പോൾ

ബുർഹാൻ തളങ്കര

കാസർകോട് :കുട്ടികളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും വേണ്ടി നിരവധി നിയമങ്ങൾ ഉള്ള നാടാണ് നമ്മുടെ നാട്. അദ്ധ്യാപകർ കുട്ടിയെ ഒന്ന് ശാസിച്ചാലും ചെറിയ ശിക്ഷാനടപടികൾ എടുത്താലും പോക്‌സോ കേസുകളിൽ പെട്ടുപോകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത് . അതുകൊണ്ടുതന്നെ ഗുരുശിഷ്യ ബന്ധങ്ങൾക്ക് പഴയ വിലയൊന്നും ഇപ്പോളില്ല. എന്തു വേണമെങ്കിലും ആയിക്കോട്ടെ ഞങ്ങൾക്ക് ശമ്പളം കിട്ടിയാൽ മതിയെന്ന് മനോഭാവത്തിലേക്ക് അദ്ധ്യാപകരും തങ്ങളെ ചോദ്യം ചെയ്യാൻ ആർക്കും സാധിക്കില്ലെന്നും എങ്ങിനെയും ഞങ്ങൾക്ക് ജീവിക്കാമെന്ന് മനോഭാവത്തിലെക്കും വിദ്യാർത്ഥികളും എത്തിക്കഴിഞ്ഞു.

ഈയൊരു സാഹചര്യത്തിലേക്ക് അ നമ്മുടെ വിദ്യാഭ്യാസ മേഖലയെ കൊണ്ടെത്തിച്ചതിൽ ഈ സമൂഹത്തിന് വലിയ ഉത്തരവാദിത്വമുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഒന്നും ഇല്ലാത്ത ഒരു പ്രത്യേകതരം നിയമസംരക്ഷണം ആണ് കേരളത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഒന്നര വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌കൂളുകൾ തുറന്നതോടെ വളരെ ആവേശത്തോടെ സ്‌കൂളിലേക്ക് എത്തിയ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ വരവേൽക്കുന്ന കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു.

കാസർകോട് ജില്ലയിലെ ചില സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടന്ന റാഗിങ്ങ് ആണ് വലിയ ചർച്ചാവിഷയമായി മാറിയത്. പ്രവേശനം നേടിയ ജൂനിയർ വിദ്യാർത്ഥിയുടെ മുടി മുറിച്ചു ചെരിപ്പുമാല അണിയിച്ചുമാണ് വിദ്യാർത്ഥികൾ റാഗിങ്ങെന്ന കാട്ടാള ആചാരം നടപ്പിലാക്കിയത്. ജില്ലയ്ക്ക് തന്നെ അപമാനമാകുന്ന വിധത്തിലാണ് ഉപ്പളയിലെ സ്‌കൂളിൽ റാഗിങ്ങ് നടന്നതെന്നതിൽ യാതൊരു സംശയവുമില്ല.

പുതുതായി സ്‌കൂളിലെത്തുന്ന വിദ്യാർത്ഥികളെ റാഗിങ്ങിന്റെ പേരിൽ പീഡിപ്പിക്കുന്ന ദുരാചാരം കേരളത്തിൽ പണ്ട് മുതലേ നിലവിലുണ്ട്. റാഗിങ്ങിനിരയായി വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്ത സംഭവം വരെ കേരളത്തിലുണ്ടായിട്ടുണ്ട്. ജൂനിയർ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്യുന്നതിന് യാതൊരു ന്യായീകരണവുമില്ലെങ്കിലും, ഈ ദുരാചാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പതിറ്റാണ്ടുകളായി നിർവിഘ്‌നം തുടരുന്നുണ്ട്. പണ്ടുകാലങ്ങളിൽ കോളേജുകൾ കേന്ദ്രീകരിച്ച് നടന്ന റാഗിങ്ങ് പതിയെ സ്‌കൂളുകളിലേക്കും കടന്നുവന്നത് ഏറെ ഭയപ്പെടുത്തുന്ന കാര്യമാണ്.

പത്താംതരം വരെ സ്‌കൂളുകളിൽ പഠിച്ച വിദ്യാർത്ഥികൾ പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് പ്ലസ് വൺ പ്രവേശനം നേടി സ്‌കൂളുകളിലെത്തുന്നത്. ഈ പ്രതീക്ഷകളെയെല്ലാം തല്ലിക്കെടുത്തുന്ന വിധത്തിലാണ് സീനിയർ വിദ്യാർത്ഥികൾ നവാഗതരെ വരവേൽക്കുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പരിഷ്‌കൃത ജീവിത ക്രമങ്ങൾക്ക് ചേരാത്ത വിധത്തിലാണ് ചില സ്‌കൂളുകളിലെ റാഗിങ്ങ്. ഇത്തരം റാഗിങ്ങിനിരയാകുന്ന വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തെയും ഈ സമൂഹത്തെയും അതിലുപരി സ്വന്തം ജീവിതത്തെയും വെറുത്ത് മറ്റു വഴികളിലേക്ക് തിരിയുന്നത് വരെ നമ്മുടെ ഉറക്കം വിട്ടുമാറില്ല .

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം റാഗിങ്ങുണ്ടെന്നത് വസ്തുതയാണെങ്കിലും കാസർകോട് ജില്ലയിൽ റാഗിങ്ങിന്റെ പേരിൽ നടക്കുന്ന തോന്ന്യാസങ്ങൾ സംസ്ഥാനത്ത് മറ്റൊരിടത്തും കാണാത്തതാണ്. നവാഗതരെ വിദ്യാഭ്യാസത്തിന്റെ പുതിയ ലോകത്തേക്ക് പുഞ്ചിരിയോടെ കൈപിടിച്ച് വരവേൽക്കേണ്ടതിന് പകരം കാസർകോട് ജില്ലയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ നവാഗതരെ വരവേൽക്കുന്നത് ശിലായുഗത്തിലെ പ്രാകൃത മനുഷ്യരെപ്പോലെയാണ്.

റാഗിങ്ങെന്ന ദുരാചാരം സ്‌കൂളുകളിലും കോളേജുകളിലും ഇനിയും തുടരേണ്ടതുണ്ടോയെന്ന് വിദ്യാർത്ഥി സംഘടനകളാണ് ആത്മ പരിശോധന നടത്തേണ്ടത്. റാഗിങ് പോലെ മനുഷ്യത്വരഹിതവും പ്രാകൃതവുമായ നടപടി വേറൊന്നില്ല. അതിനാൽ റാഗിങ്ങിന് നേതൃത്വം നൽകുന്നവരെ പരസ്യമായി തള്ളിപ്പറയാൻ വിദ്യാർത്ഥി സംഘടനകൾ തയ്യാറാകുക തന്നെ വേണം. എന്നാൽ വിദ്യാർത്ഥി സംഘടനകൾ അതിനെ തയ്യാറാവാൻ സാധ്യതയില്ല കാരണം ഇത്തരം നദികൾ നടത്തിയാണ് ഇവർ നേതാക്കന്മാരായത്.

സഹപാഠികളെ റാഗ് ചെയ്ത് രസിക്കുന്നവർ സാഡിസ്റ്റ് മനോഭാവമുള്ളവരാണെന്നതിൽ തർക്കമില്ല. സഹജീവിയോട് ക്രൂരത കാണിച്ച് അതിൽ മനോനിർവൃതി കൊള്ളുന്ന ഒരു തലമുറ വളർന്നുവന്നാൽ നാട്ടിലെ സാമൂഹ്യ വ്യവസ്ഥയുടെ പരിണതി എന്നായിരിക്കുമെന്ന് ഗൗരവതരമായ ചർച്ചകൾ നടക്കേണ്ടിയിരിക്കുന്നു.

അപരനോട് ക്രൂരത കാണിക്കുന്ന മനസ്ഥിതി കൗമാരപ്രായത്തിൽ വളർത്തിയെടുക്കുന്നവർ മുതിർന്ന് കഴിഞ്ഞാൽ എന്നും ചെയ്യാൻ ധൈര്യമുള്ളവരായിത്തീരും. ഇത്തരമൊരു തലമുറയെ വളർത്തിയെടുക്കില്ലെന്ന ദൃഢനിശ്ചയം വീടുകളിൽ നിന്ന് തന്നെ ആരംഭിക്കേണ്ടിയിരിക്കുന്നു. റാഗിങ്ങിനെതിരെ കർശന നിയമമുണ്ടായിട്ടും ഇപ്പോഴും റാഗിങ്ങ് നടക്കുന്നുണ്ടെങ്കിൽ അത് നിയമം നടപ്പാക്കുന്നതിലെ വീഴ്ച തന്നെയാണ്. സഹപാഠികളെ റാഗിങ്ങിന്റെ പേരിൽ പരസ്യമായി ക്രൂരവിനോദങ്ങൾക്കിരയാക്കുന്ന വിദ്യാർത്ഥികളോട് സാരോപദേശകഥകൾ പറഞ്ഞ് ബോധവൽക്കരണം നടത്തുന്നതിന് പകരം നിയമപരമായി നേരിടുക തന്നെ വേണം.

കുടുംബമെന്നത് സമൂഹത്തിന്റെ ചെറിയ യൂണിറ്റാണ്. സമൂഹം നന്നാക്കിയെടുക്കണമെങ്കിൽ കുടുംബങ്ങളിൽ തന്നെ അഴിച്ചുപണി വേണ്ടിവരും. റാഗിങ്ങ് ക്രൂരതയാണെന്ന് മക്കളെ ബോധ്യപ്പെടുത്താൻ രക്ഷിതാക്കളും തയ്യാറാകണം. റാഗിങ്ങിന്റെ പേരിൽ തെമ്മാടിത്തം കാണിക്കുന്നവർക്ക് ചൂടാക്കിയ ചൂരൽ കൊണ്ടുള്ള സമ്മാനം തന്നെയാണ് അഭികാമ്യം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP