Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സീനിയർ വിദ്യാർത്ഥികൾക്ക് വഴങ്ങാത്ത ജൂനിയറെ ടോയിലറ്റ് ക്ലീനർ കുടിപ്പിച്ചു; റാംഗിംങ് പുറത്തുപറയാതിരിക്കാൻ പീഡനം വേറെ; ദളിത് പെൺകുട്ടി ഗുൽബർഗയിലെ കോളേജിൽ നേരിട്ടതുകൊടുംക്രൂരത; ഭക്ഷണം പോലും കഴിക്കാനാവാതെ ഗുരുതരാവസ്ഥയിൽ അശ്വതി

സീനിയർ വിദ്യാർത്ഥികൾക്ക് വഴങ്ങാത്ത ജൂനിയറെ ടോയിലറ്റ് ക്ലീനർ കുടിപ്പിച്ചു; റാംഗിംങ് പുറത്തുപറയാതിരിക്കാൻ പീഡനം വേറെ; ദളിത് പെൺകുട്ടി ഗുൽബർഗയിലെ കോളേജിൽ നേരിട്ടതുകൊടുംക്രൂരത; ഭക്ഷണം പോലും കഴിക്കാനാവാതെ ഗുരുതരാവസ്ഥയിൽ അശ്വതി

എം പി റാഫി

കോഴിക്കോട്: ക്രൂരമായ റാഗിംങിന് വിധേയമാകേണ്ടിവന്ന ദളിത് നേഴ്‌സിംങ് വിദ്യാർത്ഥിനി അശ്വതി നീതി ലഭിക്കാതെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തുടരുന്നു.

നൂറുകണക്കിന് സാമൂഹ്യ സന്നദ്ധ സംഘനടനകളും ദളിത് സംഘടനകളും ഉള്ള കേരള നാട്ടിൽ സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും നിർധനരായ ദളിത് കുടുംബം നീതിക്കായി അലയുകയാണ്. അശ്വതിയുടെ ദുരനുഭവം മാദ്ധ്യമങ്ങളിൽ ഇടം പിടിക്കാതിരുന്നതോടെ ശബ്ദമുയർത്താൻ ആരെയും രംഗത്തു കണ്ടതുമില്ല. മെയ് ഒമ്പതിന് രാത്രിയിലായിരുന്നു മലപ്പുറം എടപ്പാൾ സ്വദേശിനിയായ അശ്വതി കർണാടക ഗുൽബർഗയിലെ അൽ ഖമർ നേഴ്‌സിംങ് കോളേജിൽ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമായ റാഗിംങിന് വിധേയയാക്കപ്പെട്ടത്. ടോയ്‌ലറ്റ് ക്ലീനർ ബലം പ്രയോഗിച്ച് അശ്വതിയെ കൊണ്ട് കുടിപ്പിക്കുകയും ഇതിൽ ആനന്ദം കണ്ടെത്തി മൊബൈലിൽ പകർത്തിയുമാണ് മുതിർന്ന വിദ്യാർത്ഥികൾ ക്രൂര കൃത്യം നടത്തിയത്.

എടപ്പാളിനടുത്ത കാലടി കളരിക്കൽ പറമ്പിൽ ജാനകിയുടെ മകൾ അശ്വതി (19)യാണ് ക്രൂര റാഗിംങിന് ഇരയാക്കപ്പെട്ടത്. ഒന്നാം വർഷ നേഴ്‌സിംങ് വിദ്യാർത്ഥിയായ അശ്വതി കോളേജിൽ പ്രവേശനം നേടിയതു മുതൽ നിരന്തരമായ റാഗിംങിന് വിധേയമാക്കപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും പുറത്തുപറയാതെ സഹിച്ചും ക്ഷമിച്ചും ഇവിടത്തെ ഓരോ ദിനങ്ങളും തള്ളിനീക്കി. അമ്മയുടെയും സഹോദരിമാരുടെയും ഏക പ്രതീക്ഷ അശ്വതിയിലായിരുന്നു. ഇതുകൊണ്ടു തന്നെ അമ്മ കൂലിവേല ചെയ്തും ഗ്രാമീണ ബാങ്കിൽ നിന്നും ലോണെടുത്ത മൂന്ന് ലക്ഷം രൂപയും എല്ലാം ഉപയോഗിച്ച് മകളെ കർണാടകയിലേക്ക് നേഴ്‌സിംങിന് പഠിക്കാൻ അയക്കുകയായിരുന്നു.

എന്നാൽ കോളേജ് ഹോസ്റ്റലിൽ അശ്വതിക്ക് ഏൽക്കേണ്ടി വന്ന പീഡനങ്ങൾ ഒരു കുടുംബത്തിന്റെ എല്ലാ സ്വപ്‌നങ്ങളെയും തകിടം മറിക്കുകയായി. ഹോസ്റ്റൽ മുറിയിൽ വച്ച് റാഗിംങിന് വിധേയമാക്കിയ വിദ്യാർത്ഥിനികൾ അശ്വതിയെ ബലം പ്രയോഗിച്ച് ടോയ്‌ലെറ്റ് ക്ലീനർ കുടിപ്പിക്കുകയായിരുന്നു. സംഭവം നടന്നയുടനെ കരച്ചിൽ കേട്ട് ഓടിയെത്തിയ ഹോസ്റ്റലിലെ മറ്റ് വിദ്യാർത്ഥിനികൾ അശ്വതിയെ ഗുൽബർഗയിലെ സ്വകാര്യ ആശുപത്യിൽ പ്രവേശിപ്പിക്കുകയായിരുന്നു. നാലു ദിവസം ഐ.സി.യുവിലും ഒരു ദിവസം കാഷ്വാലിറ്റിയിലും ചികിത്സയിൽ കഴിഞ്ഞ അശ്വതിയുടെ അടുത്ത് ഒരിക്കൽ കർണാടകാ പൊലീസ് മൊഴിയെടുക്കാൻ എത്തിയെങ്കിലും സംസാരിക്കാൻ കഴിയാത്തതു മൂലം ഇതിന് സാധിച്ചിരുന്നില്ല.

അതിനിടെ, സംഭവം പുറത്തു പറയരുതെന്നാവശ്യപ്പെട്ട് അശ്വതിയെ ആശുപത്രിയിലെത്തിച്ച വിദ്യാർത്ഥികളെയടക്കം ഭീഷണിപ്പെടുത്തുകയുണ്ടായി. പൊലീസ് വീണ്ടും മൊഴിയെടുക്കാൻ വരുമെന്നറിഞ്ഞതോടെ ഗുരുതരാവസ്ഥയിലുള്ള അശ്വതിയെ സീനിയർ വിദ്യാർത്ഥികൾ ആശുപത്രിയുടെ അനുവാദമില്ലാതെ ഡിസ്ചാർജ് ചെയ്യുകയും സഹതാമസക്കാരികളായ വിദ്യാർത്ഥിനികൾക്കൊപ്പം നാട്ടിലേക്ക് പറഞ്ഞു വിടുകയും ചെയ്തു. തുടർന്ന് വീട്ടുകാർ എടപ്പാൾ ആശുപത്രിയിലും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കാര്യമായ മാറ്റം ഉണ്ടാകാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥയിലുള്ള അശ്വതിക്ക് ദ്രാവക രൂപത്തിലുള്ള ഭക്ഷണം ട്യൂബ് വഴി നൽകിയാണ് ജീവൻ നിലനിർത്തുന്നത്.

നിർധനയും ദളിത് വിഭാഗക്കാരിയുമായ അശ്വതിക്കെതിരെ ക്രൂര റാഗിംങ് നടത്തിയത് മലയാളി വിദ്യാർത്ഥിനികൾ തന്നെയാണെന്നതാണ് മറ്റൊരു യാഥാർത്ഥ്യം. ഇവിടെ ഇത്തരത്തിലുള്ള ക്രൂര ക്രിത്യങ്ങൾ പതിവായിരുന്നു. എന്നാൽ ആരും പുറത്തു പറയാനോ പരാതിപ്പെടാനോ തയ്യാറാകുകയില്ല. വിലിയ തോതിൽ ഫീസ് ഈടാക്കി നേഴ്‌സിംങ് പഠിപ്പിക്കുന്ന ഈ സ്ഥാപനത്തിലേക്ക് പലപ്പോഴും ഇടനിലക്കാർ മുഖേനയാണ് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളെ എത്തിച്ചിരുന്നത്. റാഗിംങിനെതിരെ നിയമങ്ങൾ കർശനമാണെങ്കിലും കോളേജ് അധികൃതരും ഇക്കാര്യങ്ങളിൽ ഇടപെടില്ല. അശ്വതി റാഗിംങിന്റെ ഒരു ഇര മാത്രമായിരുന്നു. റാഗിംങിന് വിധേയമാക്കപ്പെട്ടവർ ഭാവി ഓർത്ത് മാത്രമാണ് പുറത്ത് പറയാതിരുന്നത്. അതിക്രൂരമായ റാഗിംങിന്റെ വിവിധ രംഗങ്ങൾ ഈ വിദ്യാർത്ഥിനികൾ തന്നെ മൊബൈലിൽ പകർത്തി രസിക്കുകയും അശ്വതിയുടെ വായയിലേക്ക് ടോയ്‌ലെറ്റ് ക്ലീൻ ചെയ്യുന്ന ദ്രാവകം ഒഴിക്കുകയുമായിരുന്നു.

ഗുരുതരാവസ്ഥയിലുള്ള മകളുടെ ആരോഗ്യാവസ്ഥയിൽ തകർന്ന നിർധന കുടുംബം ഏത് രീതിയിലുള്ള നിയമ നടപടി സ്വീകരിക്കണമെന്നോ എങ്ങിനെ മുന്നോട്ടു പോകണമെന്നാ അറിയാത്ത അവസ്ഥയിലായിരുന്നു. ഈ കുടുംബത്തെ സഹായിക്കാൻ ആരും രംഗത്ത് വരാതിരുന്നതോടെ നിയമ നടപടിയും നീണ്ടു. വിവരമറിഞ്ഞെത്തിയ എടപ്പാളിലെ മനുഷ്യാവകാശ പരിസ്ഥിതി പ്രവർത്തകനായ അഡ്വ. കെ.പി മുഹമ്മദ് ഷാഫി വിഷയത്തിൽ ഇടപെട്ടു. സംഭവത്തിന്റെ യഥാർത്ഥ വശം അശ്വതിയിൽ നിന്നും എഴുതി വാങ്ങിയ ശേഷം ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേരള, കർണാടക മുഖ്യമന്ത്രിമാർ, ഡി.ജി.പിമാർ, വകുപ്പ് മന്ത്രിമാർ എന്നിവർക്ക് അഡ്വ.മുഹമ്മദ് ഷാഫി പരാതി നൽകി.

സംഭവം നടന്നതിനു ശേഷം പരാതി എങ്ങിനെ നൽകണമെന്നോ എന്ത് ചെയ്യണമെന്നോ കുടുംബത്തിന് അറിവുണ്ടായിരുന്നില്ലെന്നും, വിഷയം ഗൗരവമാണ് ഇതിനാൽ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും അഡ്വ.ഷാഫി മറുനാടൻ മലയാളിയോടു പറഞ്ഞു.

അതിനിടെ, മലയാളി വിദ്യാർത്ഥിനി റാഗിംഗിന് ഇരയായ സംഭവം നിഷേധിച്ച് കോളജ് അധികൃതർ രംഗത്തെത്തി. പെൺകുട്ടി നടത്തിയത് ആത്മഹത്യാ ശ്രമമാണെന്ന് അൽ ഖമർ നേഴ്സിങ് കോളജ് പ്രിൻസിപ്പൽ പറഞ്ഞു. കോളജിൽ റാഗിങ് നടന്നിട്ടില്ലെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു. മെയ് 5ന് ആണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെൺകുട്ടിയെ കേരളത്തിലേക്ക് കൊണ്ടു പോന്നു. കുടുംബ പ്രശ്നങ്ങൾ മൂലമാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും പ്രിൻസിപ്പൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP