Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

പെണ്ണ് ബാങ്കുവിളിച്ചതിന് കിതാബ് നാടകം കീറിയെറിഞ്ഞ മത മൗലിക വാദികളോട് ഇത് റഫീഖിന്റെ മധുരപ്രതികാരം; രോഹിത് വെമുലയുടേയും ഫാത്തിമാ ലത്തീഫിന്റെയുമൊക്കെ മരണം ഉയർത്തിയ ചോദ്യങ്ങളുമായി പുതിയ നാടകത്തിന് നിറഞ്ഞ കൈയടി; മേമുണ്ട എച്ച് എസ് എസ് അവതരിപ്പിച്ച നാടകം ചോദ്യം ചെയ്യുന്നത് ജാതി-മത വെറിയന്മാരെ മാത്രമല്ല പരോക്ഷമായി അവർക്ക് പിന്തുണ നൽകുന്ന ഇടതുപക്ഷ നിലപാടുകളെയും; സ്‌കൂൾ കലോത്സവ നാടക വേദിയിൽ വീണ്ടും താരമായി റഫീക്ക് മംഗലശ്ശേരി

പെണ്ണ് ബാങ്കുവിളിച്ചതിന് കിതാബ് നാടകം കീറിയെറിഞ്ഞ മത മൗലിക വാദികളോട് ഇത് റഫീഖിന്റെ മധുരപ്രതികാരം; രോഹിത് വെമുലയുടേയും ഫാത്തിമാ ലത്തീഫിന്റെയുമൊക്കെ മരണം ഉയർത്തിയ ചോദ്യങ്ങളുമായി പുതിയ നാടകത്തിന് നിറഞ്ഞ കൈയടി; മേമുണ്ട എച്ച് എസ് എസ് അവതരിപ്പിച്ച നാടകം ചോദ്യം ചെയ്യുന്നത് ജാതി-മത വെറിയന്മാരെ മാത്രമല്ല പരോക്ഷമായി അവർക്ക് പിന്തുണ നൽകുന്ന ഇടതുപക്ഷ നിലപാടുകളെയും; സ്‌കൂൾ കലോത്സവ നാടക വേദിയിൽ വീണ്ടും താരമായി റഫീക്ക് മംഗലശ്ശേരി

കെ വി നിരഞ്ജൻ

കാഞ്ഞങ്ങാട്: പോരാളിയായൊരു നാടക കലാകാരനാണ് റഫീഖ് മംഗലശ്ശേരി. സമൂഹത്തിലെ നെറികേടുകളെ നാടകങ്ങളിലൂടെ ചോദ്യം ചെയ്ത, അപ്രിയ സത്യങ്ങൾ അരങ്ങിലൂടെ വിളിച്ചുപറഞ്ഞ ഈ കലാകാരൻ പല തവണ വർഗ്ഗീയ-യാഥാസ്ഥിതിക ശക്തികളുടെ വേട്ടയ്ക്ക് ഇരയായിട്ടുണ്ട്. കഴിഞ്ഞ തവണ ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടും റഫീഖ് ഒരുക്കിയ നാടകത്തിന് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. മേമുണ്ട ഹൈസ്‌കൂളിന് വേണ്ടി ഉണ്ണി ആറിന്റെ കഥയെ അടിസ്ഥാനപ്പെടുത്തി റഫീഖ് ഒരുക്കിയ കിത്താബിനെതിരെ മുസ്ലിം വർഗ്ഗീയ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. സ്ത്രീകൾ തങ്ങൾക്ക് ബാങ്ക് വിളിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നതാണ് ആ നാടകത്തെ വലിയ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത്.

കോഴിക്കോട് ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഈ നാടകത്തിൽ വേഷമിട്ട റിയ പർവീൻ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നാടക പ്രേമികൾ നിറഞ്ഞ കയ്യടികളോടെ വരവേറ്റ നാടകത്തിനെതിരെ വർഗ്ഗീയ ശക്തികൾ ഒറ്റക്കെട്ടായ് രംഗത്ത് വന്നതോടെ സംസ്ഥാന കലോത്സവത്തിൽ മത്സരിക്കാനുള്ള വഴി അടയുകയായിരുന്നു. ഇസ്ലാമിക പ്രത്യയശാസ്ത്രത്തെ വികലമായാണ് നാടകം ചിത്രീകരിക്കുന്നതെന്ന് പറഞ്ഞ് രംഗത്ത് വന്നവരിൽ എസ് ഡി പി ഐയും പോപ്പുലർ ഫ്രണ്ടും മാത്രമല്ല മുസ്ലിം ലീഗും ഉണ്ടായിരുന്നു.

ഇത്തവണ നാടകമൊരുക്കാൻ തീരുമാനിച്ചപ്പോൾ മേമുണ്ട ഹയർ സെക്കണ്ടറി സ്‌കൂൾ അധികൃതർ കിതാബിന്റെ അതേ അണിയറ പ്രവർത്തകരെ തന്നെ വിളിക്കുകയായിരുന്നു. അങ്ങിനെയാണ് പേര് എന്ന നാടകം രൂപപ്പെടുന്നത്. കിതാബിനെപോലെ തന്നെ വർത്തമാനകാല നെറികേടുകൾക്കെതിരെ ശബ്ദമുയർത്തുകയാണ് പേരും. പേര് വെറുമൊരു പേരല്ല എന്ന വ്യക്തമാക്കുകയാണ് ഈ നാടകം. രോഹിത് വെമുലയുടേയും ഫാത്തിമാ ലത്തീഫിന്റെയുമൊക്കെ മരണം പേരിന്റെ രാഷ്ട്രീയത്തെ വെളിപ്പെടുത്തുന്നു. ജാതിയും മതവും വർണ്ണ വിവേചനവും മാത്രമല്ല ഒരു പേരുപോലും എങ്ങിനെ മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ തകർത്തെറിയുന്നുവെന്ന് ഈ നാടകം വ്യക്തമാക്കുന്നു. ജാതീയതയും വംശീയതയും അസഹിഷ്ണുതയും നിറഞ്ഞു നിൽക്കുന്ന വർത്തമാനകാല ഇന്ത്യൻ അവസ്ഥയെയാണ് ഈ നാടകം ചിത്രീകരിക്കുന്നത്.

തീട്ടപ്പറമ്പിൽ അഭി എന്ന ദലിത് യുവാവിന്റെ ജീവിതമാണ് നാടകം. ടിക് ടോക്ക് താരമായ അഭി സമൂഹമാധ്യമങ്ങളിൽ അംഗീകാരം വാരിക്കൂട്ടുമ്പോൾ സമൂഹത്തിലെ ഉന്നതർക്ക് അത് ഉൾക്കൊള്ളാൻ പറ്റുന്നില്ല. ഇതിനിടെ നാട്ടിലെ ഉത്സവത്തിന്റെ ഭാഗമായി നാട്ടിലെ ക്ലബ് ചിത്രീകരിക്കുന്ന വീഡിയോയിൽ കറുത്തവാനായതുകൊണ്ട് അഭിയെ ആനയായി വേഷമിടീക്കുന്നു. കറുത്തവനായതുകൊണ്ട് മാത്രം കോമരത്തിന്റെയും പൂജാരിയുടെയുമെല്ലാം വേഷം നഷ്ടപ്പെടുന്ന അഭി ആനയായി എത്തുമ്പോൾ അതിക്രൂരമായി പീഡിപ്പിക്കുകയാണ് സമൂഹം. ഒടുവിൽ ഗത്യന്തരമില്ലാതാവുന്ന ആന തിരിഞ്ഞുനിന്ന് തിരിച്ചടിക്കുമ്പോൾ എതിരാളികളെല്ലാം പതറിപ്പോകുന്നു. എല്ലാവരും തങ്ങളുടെ കാൽക്കീഴിലാണെന്ന സവർണ്ണ മേധാവിത്വത്തിന്റെ വിശ്വാസത്തെ അഭിയെന്ന കൊച്ചുപയ്യൻ ആനയായി വേഷമിട്ട് മദമിളകി പൊളിച്ചടുക്കുകയായിരുന്നു. ആനയായി മാറുന്ന അഭി ഓരോ ആവശ്യം ഉന്നയിക്കുമ്പോഴും ദേവി കോപിക്കുമെന്ന് പറഞ്ഞാണ് എല്ലാവരും അഭിയെ നിശബ്ദനാക്കുന്നത്. ഒടുവിൽ ഇത്തരമൊരു ദേവിയെ തനിക്ക് വേണ്ടെന്നും താൻ ചാത്തനാണ്.. കുട്ടിച്ചാത്തനാണെന്ന് പറഞ്ഞ് അഭി ഇളകിയാടുമ്പോൾ സദസ്സ് കയ്യടികളോടെ ഇളകി മറയുകയായിരുന്നു.

ഇടതുപക്ഷത്തെയും ഈ നാടകം വിമർശന വിധേയമാക്കുന്നുണ്ട്. ഉത്സവത്തിന്റെ വീഡിയോ ചിത്രീകരിക്കുന്ന ക്ലബിന്റെ പേര് ചെന്താര എന്നാണ്. പുരോഗമന വാദിയായ ബാബുവേട്ടനാണ് അതിന്റെ തലപ്പത്തുള്ളത്. മറ്റുള്ളവർ അഭിയെ പ്രത്യക്ഷമായി അപമാനിക്കുമ്പോൾ, താൻ അഭിക്കൊപ്പമാണെന്ന തോന്നൽ സൃഷ്ടിച്ചുകൊണ്ട് പരോക്ഷമായി അവനെ അപമാനിക്കുന്നവർക്കൊപ്പം നിൽക്കുകയാണ് ചെന്താരയുടെ ബാബുവേട്ടൻ. ഇടതുപക്ഷത്തെ വിശ്വസിച്ച് ശബരിമലയ്ക്ക് പോയ ബിന്ദുവിനെ ഉൾപ്പെടെ ഇടതുപക്ഷം തന്നെ വർഗ്ഗീയവാദിയും മാവോയിസ്റ്റുമായി ചിത്രീകരിക്കുന്ന കാലത്ത് പേര് ഉയർത്തുന്ന ഇടതുപക്ഷ വിമർശത്തിന് പ്രസക്തി ഏറെയുണ്ട്.

കുറുമ്പനെന്ന് മുദ്രചാർത്തപ്പെട്ട ഞാനെന്ന ആന വെറും അഞ്ചു മിനിട്ട് ഒന്നിളകിയപ്പോൾ നിങ്ങൾ എത്ര വിറച്ചു. അപ്പോ കാലങ്ങളായി നിങ്ങളെല്ലാം ഞങ്ങൾക്ക് നേരെ മദമിളകി ആക്രോശിച്ചപ്പോൾ ഞങ്ങളെത്ര സഹിച്ചിട്ടുണ്ടാവുമെന്ന അഭിയുടെ ചോദ്യത്തിന് മുമ്പിൽ നിശബ്ദരാകുന്ന സമൂഹത്തിന് മുന്നിലാണ് നാടകം അവസാനിക്കുന്നത്. ഭയം കൊണ്ടും മറ്റു പല കാരണങ്ങൾ കൊണ്ടും എല്ലാവരും ചോദിക്കാൻ മടിക്കുന്നത് ശക്തമായ ഭാഷയിൽ ചോദിച്ചുകൊണ്ടാണ് നാടകം പ്രേക്ഷക പ്രീതി സ്വന്തമാക്കിയത്. വർത്തമാനകാല ഇന്ത്യയിൽ ജാതിയുടെയും മതത്തിന്റെയും എന്തിന് പേരിന്റെ പേരിൽ പോലും അവഗണന നേരിടുന്ന ഒരു വിഭാഗത്തിന്റെ ജീവിതം. . അവരുടെ അതിജീവനത്തിന്റെ പോരാട്ടങ്ങൾ ലളിതവും എന്നാൽ ശക്തമായതുമായ രംഗഭാഷയുടെ കരുത്തിൽ ഏറെ ആസ്വാദ്യകരമായി പ്രേക്ഷകരിലേക്കെത്തിക്കുകയാണ് ഈ നാടകം.

കാഞ്ഞങ്ങാട്ടെ വേദിയിൽ പേരിന് ലഭിച്ച അംഗീകാരം മധുരപ്രതികാരണമാണെന്ന് സംവിധായകൻ റഫീഖ് മംഗലശ്ശേരി പറയുന്നു. കഴിഞ്ഞ തവണ ജില്ലയിൽ മികച്ച നാടകമായി കിതാബ് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും വർഗ്ഗീയ ശക്തികളുടെ എതിർപ്പുകാരണം സംസ്ഥാന തലത്തിൽ കളിക്കാൻ സാധിച്ചില്ല. എങ്കിലും യാതൊരു ഒത്തുതീർപ്പുമില്ലാതെ ശക്തമായ പ്രമേയം തന്നെ അവതരണത്തിനായി തെരരഞ്ഞെടുക്കുകയായിരുന്നു. സമൂഹത്തിൽ ജാതി-മത ശക്തികൾ വീണ്ടും ശക്തമായ വേരോട്ടം ഉണ്ടാക്കുകയാണ്. കൊച്ചു കുട്ടികളുടെ മനസ്സിൽ പോലും വർഗ്ഗീയത നിറയ്ക്കുകയാണ് അവർ. ഇത്തരമൊരു കാലത്ത് പേരിന് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന്റെ പല നിലപാടുകളും വർഗ്ഗീയ ശക്തികളെ സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇടതുപക്ഷവും വിമർശനം അർഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ചെന്താരയും ബാബുവേട്ടനുമെല്ലാം നാടകത്തിൽ കടന്നുവന്നതെന്നും റഫീഖ് വ്യക്തമാക്കി.

പേരും ഇനി വിവാദമാകുമോ എന്ന ചോദ്യത്തിന് നിരവധി തവണ വർഗ്ഗീയ സംഘടനകളുടെ ഭീഷണി നേരിട്ട റഫീഖ് മംഗലശ്ശേരി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. നേരത്തെ നൃത്തം പഠിച്ചതിന് മത മൗലികവാദികളുടെ വേട്ടയ്ക്കിരയായ മലപ്പുറം മൊറയൂർ സ്വദേശിനി വി പി റൂബിയയുടെ ജീവിതം റാബിയ എന്ന പേരിൽ റഫീഖ് നാടകമാക്കിയിരുന്നു. മലപ്പുറം മൊറയൂർ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന റൂബിയ വിലക്ക് ലംഘിച്ച് നൃത്തരംഗത്തേക്ക് കടന്നുവരുന്ന സംഭവമാണ് നാടകത്തിലൂടെ റഫീഖ് പറഞ്ഞത്. പർദ്ദ അഴിച്ച് മാറ്റിക്കൊണ്ട് ചിലങ്കയുടെ താളത്തിൽ ചുവടുവെക്കുന്ന നായികയുടെ ദൃശ്യം മതമൗലിക വാദികളെ അസ്വസ്ഥപ്പെടുത്തുകയും അവർ സംവിധായകന് നേരെ വാളോങ്ങുകയും ചെയ്തു. ഒരു ദലിതൻ നമ്മോട് പറയുന്നത്, അതിരുകൾക്കപ്പുറത്ത് ഒരു സുഹൃത്ത്, ചാലക്കൂട്ടുകളിൽ ഒരു മൈമൂന തുടങ്ങിയ നാടകങ്ങളെല്ലാം കത്തുന്ന യാഥാർത്ഥ്യങ്ങളായിരുന്നു. മനുഷ്യ ദൈവങ്ങൾക്കൊരു ചരമഗീതം എന്ന നാടകം ചേകന്നൂർ മൗലവിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി രചിച്ചതായിരുന്നു.ഒരുപാട് ജീവിതപ്രയാസങ്ങൾക്കിടയിലും കലയുടെ ലോകത്ത് സജീവമാണ് റഫീഖ് മംഗലശ്ശേരി. എന്നാൽ ആർക്കു മുമ്പിലും തോറ്റുകൊടുക്കാതെ കലാരംഗത്ത് ഈ യുവാവ് മുന്നോട്ട് കുതിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP