Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202118Friday

ഇരട്ട പോർമുഖം ഉൾപ്പടെ സാധ്യതയുള്ള ഏത് ഏറ്റുമുട്ടലിനും ഇന്ത്യൻ വ്യോമസേന തയ്യാറാണെന്ന് എയർ ചീഫ് മാർഷൽ പറഞ്ഞത് വെറുതെയല്ല; ചൈനയെയും പാക്കിസ്ഥാനും ഉയർത്തുന്ന ഭീഷണി നേരിടുന്നതിനുള്ള 'ബിആർ' പ്ലാനിന് കരുത്ത് പകരാൻ ഉടൻ കൂടുതൽ റഫാൽ വിമാനങ്ങളെത്തും; അതിർത്തിയിലെ യുദ്ധ സാധ്യത തിരിച്ചറിഞ്ഞ് ഫ്രാൻസിന്റെ അതിവേഗ ഇടപെടൽ; അഞ്ച് റഫാൽ കൂടി ഉടനെത്തും

ഇരട്ട പോർമുഖം ഉൾപ്പടെ സാധ്യതയുള്ള ഏത് ഏറ്റുമുട്ടലിനും ഇന്ത്യൻ വ്യോമസേന തയ്യാറാണെന്ന് എയർ ചീഫ് മാർഷൽ പറഞ്ഞത് വെറുതെയല്ല; ചൈനയെയും പാക്കിസ്ഥാനും ഉയർത്തുന്ന ഭീഷണി നേരിടുന്നതിനുള്ള 'ബിആർ' പ്ലാനിന് കരുത്ത് പകരാൻ ഉടൻ കൂടുതൽ റഫാൽ വിമാനങ്ങളെത്തും; അതിർത്തിയിലെ യുദ്ധ സാധ്യത തിരിച്ചറിഞ്ഞ് ഫ്രാൻസിന്റെ അതിവേഗ ഇടപെടൽ; അഞ്ച് റഫാൽ കൂടി ഉടനെത്തും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റഫാൽ യുദ്ധവിമാനങ്ങളുടെ കരുത്തിൽ ചൈനീസ് വെല്ലുവിളിയെ നേരിടാൻ ഇന്ത്യ. ഇന്ത്യൻ വ്യോമസേനയുടെ കരുത്തു കൂട്ടാൻ അടുത്ത ബാച്ച് നവംബറിൽ ഇന്ത്യയിലെത്തും. രണ്ടാംഘട്ടത്തിൽ എത്തുന്ന റഫാൽ വിമാനങ്ങളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ഇന്ത്യൻ വ്യോമസേന തുടങ്ങിക്കഴിഞ്ഞു. അഞ്ച് റഫാൽ വിമാനങ്ങൾ ഉൾപ്പെട്ട ആദ്യബാച്ച് ജൂലായ് 29-നാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. സെപ്റ്റംബർ പത്തിന് അവ അംബാല വ്യോമത്താവളത്തിലുള്ള 17 സ്‌ക്വാഡ്രന്റെ ഭാഗമായി. മാസങ്ങൾക്കകമാണ് രണ്ടാമത്തെ ബാച്ചും എത്തുന്നത്. ഇത് ഫ്രാൻസ് വാക്കു പാലിക്കുന്നതിന്റെ സൂചനയുമാണ്.

യുദ്ധവിമാനങ്ങൾ ഏറ്റുവാങ്ങുന്നതിനായി അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫിന്റെ നേതൃത്വത്തിലുള്ള വിദഗ്ധരുടെ സംഘത്തെ വ്യോമസേന ഫ്രാൻസിലേക്ക് അയച്ചിട്ടുണ്ട്. അഞ്ച് വിമാനങ്ങളാണ് എത്തുകയെന്നാണ് സൂചന. ഫ്രഞ്ച് കമ്പനിയായ ദസ്സോ ഏവിയേഷൻ നിർമ്മിക്കുന്ന 36 റഫാൽ യുദ്ധവിമാനങ്ങൾ കൈമാറുന്നതിനുള്ള 59,000 കോടിയുടെ കരാറിലാണ് ഇന്ത്യയും ഫ്രാൻസും തമ്മിൽ ഏർപ്പെട്ടിരിക്കുന്നത്. റഫാൽ യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ പ്രഹരശേഷി വൻതോതിൽ വർധിപ്പിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. 36 വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. റഫാൽ വിമാനങ്ങൾ വേഗത്തിൽ ലഭ്യമാക്കണമെന്ന ഇന്ത്യയുടെ ആവശ്യം ഫ്രാൻസ് സ്വീകരിച്ചതോടെയാണ് അതിവേഗം രണ്ടാം ബാച്ചും എത്തുന്നത്.

ഇരട്ട പോർമുഖം ഉൾപ്പടെ സാധ്യതയുള്ള ഏത് ഏറ്റുമുട്ടലിനും ഇന്ത്യൻ വ്യോമസേന തയ്യാറാണെന്ന് എയർ ചീഫ് മാർഷൽ രാകേഷ് കുമാർ സിങ് ഭദൗരിയ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വ്യോമസേനയിലേക്ക് റഫാൽ വിമാനങ്ങളെത്തിയത് ഇന്ത്യക്ക് മറ്റുള്ളവരേക്കാൾ മുൻതൂക്കം നൽകും. തുടക്കത്തിലേ മാരകമായ പ്രത്യാക്രമണം നടത്താനും ഇന്ത്യക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ-ചൈന തമ്മിലുള്ള അതിർത്തി സംഘർഷം നിലനിൽക്കുന്നതിനിടയിലാണ് വ്യോമസേന മേധാവിയുടെ പ്രസ്താവന എത്തിയത്. ഇതിന് പിന്നാലെയാണ് കൂടുതൽ റഫാൽ വിമാനം എത്തുന്നുവെന്ന വാർത്തയും സജീവമാകുന്നത്.

ഇന്ത്യയും ചൈനയും തമ്മിൽ കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ അതിർത്തിയിൽ ചൈനയെയും പാക്കിസ്ഥാനും ഉയർത്തുന്ന ഭീഷണി നേരിടുന്നതിന് 'ബിആർ' പ്ലാനുമായി ഇന്ത്യൻ സേന രംഗത്ത് വന്നു കഴിഞ്ഞു. യഥാർഥ നിയന്ത്രണ രേഖയിലോ നിയന്ത്രണരേഖയിലോ ചൈനയും പാക്കിസ്ഥാനും അനാവശ്യ ഇടപെടൽ നടത്തിയാൽ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ സേന 'ബിആർ' പ്ലാൻ തയാറാക്കിയിരിക്കുന്നത്. ആക്രമണമുണ്ടായാൽ തിരിച്ചടിക്കാൻ കനത്ത പ്രഹരശേഷിയുള്ള ഭീഷ്മ ടാങ്കുകളും റഫാൽ വിമാനങ്ങളുമാണ് ഇന്ത്യ സജ്ജമാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ റഫാൽ കൂടുതലായി എത്തുന്നത് ഗുണം ചെയ്യും.

ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ അതിർത്തിയിൽ നിരീക്ഷണം തുടരുന്നത് ചൈനയ്ക്കും പാക്കിസ്ഥാനും കനത്ത ഭീഷണിയാണ്. റഫാൽ വിമാനങ്ങളുടെ പ്രഹരശേഷിയെ കുറിച്ചു പാക്കിസ്ഥാൻ കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ ഏതാനും ദിവസങ്ങൾക്കു മുൻപ് പ്രസ്താവന നടത്തിയിരുന്നു. പാക്കിസ്ഥാനെതിരെ റഫാൽ വിമാനങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്താൻ ഇന്ത്യ പദ്ധതിയിടുന്നതായി കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ വ്യോമസേനാ മേധാവിയും ആരോപിച്ചിരുന്നു. ഇതെല്ലാം റഫാലിനെ ശത്രുക്കൾ പേടിക്കുന്നതിന് തെളിവാണ്. അതുകൊണ്ട് കൂടിയാണ് ഫ്രാൻസിൽ സമ്മർദ്ദം ചെലുത്തി കൂടുതൽ വിമാനങ്ങൾ അതിവേഗം ഇന്ത്യ എത്തിക്കുന്നതും.

ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച പോർവിമാനമുള്ള, അത്യാധുനിക മിസൈലുകളുള്ള സേനയാണ് ഇന്ത്യൻ വ്യോമസേന. ഇന്ത്യയ്ക്കു സ്വാതന്ത്യ്‌രം കിട്ടുന്നതിനു മുൻപ് 1932 ഒക്ടോബർ 8 നാണു ഭാരതീയ വ്യോമസേന സ്ഥാപിതമായത്. 1932 ലെ ഇന്ത്യൻ എയർഫോഴ്‌സ് ആക്ട് അനുസരിച്ചാണ് വ്യോമസേന രൂപീകൃതമായത്. തുടക്കത്തിൽ 6 ഓഫിസർമാരും 19 ഭടന്മാരും മാത്രമേ ഉണ്ടായിരുന്നുള്ളു. തൊട്ടടുത്ത വർഷം ഏപ്രിൽ ഒന്നിനാണ് ഇന്ത്യൻ എയർഫോഴ്‌സിന്റെ ആദ്യ സ്‌ക്വാഡ്രൻ നിലവിൽ വരുന്നത്. നാല് വെസ്റ്റ്‌ലാന്റ് വപിറ്റി വിമാനങ്ങളും അഞ്ച് ഇന്ത്യൻ പൈലറ്റുമാരും അടങ്ങുന്നതാണ് ആദ്യത്തെ സ്‌ക്വാഡ്രൻ.

വെസ്റ്റ്‌ലാൻഡിന്റെ വപിറ്റി വിമാനമാണ് ഇന്ത്യൻ വ്യോമസനേയുടെ ആദ്യത്തെ ഫൈറ്റർ വിമാനം. 1937 - ൽ ബ്രിട്ടിഷ് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തിയിലും 1939 - ൽ ബർമാമുന്നണിയിൽ ഗോത്രവർഗങ്ങൾക്കെതിരായുമാണ് വ്യോമസേന ആദ്യമായി ആക്രണങ്ങൾ സംഘടിപ്പിച്ചത്. തുടർന്ന് രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ സേനക്കെതിരെയും വപിറ്റി വിമാനങ്ങൾ ഉപയോഗിച്ചു. യുദ്ധം അവസാനിക്കുമ്പോൾ ഭാരതീയ വ്യോമസേനക്ക് 9 സ്‌ക്വാഡ്രനുകൾ നിലവിൽ വന്നുകഴിഞ്ഞിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ വഹിച്ച പങ്കു കണക്കിലെടുത്ത് ഈ സേനയ്ക്ക് റോയൽ എന്ന ബഹുമതിപദം നൽകിയതോടെ ഇതിന്റെ പേര് റോയൽ ഇന്ത്യൻ എയർഫോഴ്‌സ് എന്നായി മാറി. എന്നാൽ സ്വാതന്ത്യ്‌രാനന്തരം ഇന്ത്യൻ എയർഫോഴ്‌സ് എന്നാക്കി മാറ്റുകയായിരുന്നു. ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങിയ റഫാൽ പോർവിമാനങ്ങൾ മികച്ചതാണെന്ന് പാക്കിസ്ഥാൻ പോലൂം സമ്മതിച്ചിട്ടുണ്ട്.

റഫാൽ യുദ്ധ വിമാനങ്ങളിൽ ഇനി ഉപയോഗിക്കാൻ പോകുന്ന അതിനൂതന സാങ്കേതികവിദ്യകളിൽ ഒന്ന് ഇന്ത്യൻ വ്യോമസേനയ്ക്ക് പരിചയപ്പെടുത്തി കൊടുത്തുവെന്ന് ഫ്രാൻസിന്റെ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. ഇന്ത്യൻ എയർ ഫോഴ്സ് പൈലറ്റിനാണ് ഇക്കാര്യത്തിൽ പരിശീലനം നൽകിയത്. സെപ്റ്റംബർ 22ന് ഒരു റഫാൽ എഫ്3ആർ ഫൈറ്ററിൽ വച്ചാണ് പൈലറ്റിനു പരിശീലനം നൽകിയതെന്ന് പ്രതിരോധ മന്ത്രാലയം അതിന്റെ വെബ്സൈറ്റിൽ പറയുന്നു. ടാർഗെറ്റിങ് ലോങ്-റെയ്ഞ്ച് ഐഡന്റിഫിക്കേഷൻ ഒപ്ട്രോണിക്സ് സിസ്റ്റം (Targeting Long-Range Identification Optronic System) അഥവാ ടാലിയോസ് എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വിധമാണ് പൈലറ്റിനു പഠിപ്പിച്ചു കൊടുത്തത്.

വിമാനത്തിന്റെ പുറത്ത് ഘടിപ്പിച്ചിരിക്കുന്ന ഒരു പോഡിലുള്ള സെൻസറുകളാണ് ടാലിയോസ്. ഇവയ്ക്ക് സാധാരണഗതിയിൽ ലേസർ മുനകളും, ഇൻഫ്രാറെഡ്, ഇലക്ട്രോ-ഒപ്ടിക്കൽ സെൻസറുകളും അടങ്ങിയിരിക്കും. ഭൂതലത്തിൽ അകലെയുള്ള ശത്രു സ്ഥാനങ്ങളും ലക്ഷ്യമാക്കി ബോംബുകളും മിസൈലുകളും തൊടുക്കാൻ ഉപകരിക്കുന്നതാണ് ഈ സിസ്റ്റം. ഫ്രഞ്ച് കമ്പനിയായ താലെസ് ആണ് ഇതു വികസിപ്പിച്ചെടുത്തത്. ഇത് ഫ്രാൻസിന്റെ നാവിക സേനയും വ്യോമസേനയും 2018 മുതൽ ഉപയോഗിക്കുന്നുണ്ട്. ഈ മാസം അത് പരിപൂർണമായി പ്രവർത്തനസജ്ജമാകുമെന്നാണ് കരുതുന്നതെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഇന്ത്യൻ പൈലറ്റിനെ ഈ സിസ്റ്റം ഉപയോഗിച്ച് എങ്ങനെ അന്തരീക്ഷത്തിലേക്കുള്ള (എയർ ടു എയർ) ലക്ഷ്യങ്ങളെയും, വിമാനത്തിൽ നിന്ന് കരയിലുള്ളതും കടലിലുള്ളതുമായ ലക്ഷ്യങ്ങൾക്കു നേരെയും ആക്രമണങ്ങൾ നടത്താൻ സാധിക്കും വിധമാണ് പഠിപ്പിച്ചുകൊടുത്തതെന്നാണ് മന്ത്രാലയം പറഞ്ഞത്. റഫാൽ വിമാനങ്ങളുടെ അധിക കരുത്തിനെക്കുറിച്ച് ഇന്ത്യൻ പൈലറ്റിനു മനസിലായെന്നും പറയുന്നു. ഇതും ഇന്ത്യ വാങ്ങാൻ സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP